ഈ മതേതര സഖാവിന് എന്തുപറ്റി-കെ.പി.എ മജീദ്

ജില്ലകളില്‍ ഇന്നു നടക്കുന്ന സംരക്ഷണ
പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി
പിണറായി വിജയന് മുസ്‌ലിംലീഗ് സംസ്ഥാന
ജനറല്‍ സെക്രട്ടറി എഴുതിയ തുറന്ന കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി,

അങ്ങയെ ഞങ്ങള്‍ മാന്യനായ രാഷ്ട്രീയ എതിരാളിയായാണ് കരുതിപ്പോന്നിരുന്നത്. സംഘി നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് അങ്ങയുടെ ജീവന്‍ എടുക്കുന്നവര്‍ക്ക് ഒരു കോടി ഇനാം പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ട് വന്നപ്പോള്‍ കേരളം മുഴുവന്‍ അതിനെതിരെ പ്രതിഷേധിച്ചു, മുഖ്യമന്ത്രിയോട് ഐക്യദാര്‍ഢ്യപെട്ടപ്പോള്‍ ഞങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങയെ ഭീഷണിപ്പെടുത്തുന്നതും കേരളത്തിന് പുറത്ത് സഞ്ചാര സ്വാതന്ത്ര്യം തടയുന്നതും വേട്ടയാടുന്നതും സംഘ്പരിവാര്‍ ശക്തികളാണെന്നത് അറിയാവുന്നതാണല്ലോ.
എന്നാല്‍ ആ ദുഷ്ടശക്തികള്‍ സമീപ കാലത്ത് കേരളത്തില്‍ ചെയ്ത നീച പ്രവൃത്തികള്‍ക്ക് എന്ത് പ്രതിരോധമാണ് താങ്കളുടെ സര്‍ക്കാര്‍ ചെയ്തതെന്നറിയാന്‍ താല്‍പര്യമുണ്ട്. കേരളത്തെ അശാന്തിയുടെ വിളനിലമാക്കാന്‍ സംഘി സംഘം ഇറങ്ങിപുറപ്പെടുമ്പോള്‍ സംരക്ഷണ ചുമതല നിറവേറ്റേണ്ട അങ്ങടക്കമുള്ളവര്‍ നിശ്ചേഷ്ടമായിരിക്കുന്നുവെന്ന് മാത്രമല്ല, അക്രമികള്‍ക്ക് സഹായകരമായ നിലപാട്കൂടി സ്വീകരിക്കുന്നുവെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്. സമീപ കാലത്തെ നിരവധി വിഷയങ്ങളില്‍ താങ്കളുടെ പൊലീസും ഭരണകൂടവും സംഘികള്‍ക്ക് ഇരകളെ വേട്ടയാടാന്‍ അനുകൂല സാഹചര്യമൊരുക്കുന്നതില്‍ പ്രതിഷേധിച്ചാണല്ലോ സഖ്യ കക്ഷി യോഗത്തില്‍ പോലും മുണ്ടുടുത്ത മോദിയെന്ന വിശേഷണം താങ്കളുടെ മേല്‍ ചാര്‍ത്തപ്പെട്ടത്.
പിഞ്ചു മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ പോലും ആര്‍.എസ്.എസ് അവരുടെ ആയുധ പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്നുവെന്ന് അങ്ങയുടെ പാര്‍ട്ടി സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടും എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ താങ്കള്‍ തയ്യാറായോ?. അങ്ങ് മേധാവിയായ കൈരളി ടി.വി തന്നെ ദൃശ്യങ്ങള്‍ സഹിതം തെളിവ് പുറത്ത് വിട്ടിട്ടും, പി. ജയരാജന്‍ താങ്കള്‍ക്ക് നേരിട്ട് പരാതി തന്നിട്ടും താങ്കളുടെ സര്‍ക്കാറും പൊലീസും സ്വീകരിച്ച നിഷേധാത്മക നിലപാട് ആശ്ചര്യകരമാണ്.
രാഷ്ട്രീയ ആക്രമണത്തിന് വിധേയരായി വധിക്കപ്പെടുന്ന ആര്‍.എസ്.എസ്സുകാര്‍ക്കടക്കം ലക്ഷങ്ങള്‍ ആശ്വാസമായി കൊടുത്ത താങ്കള്‍, ആര്‍.എസ്.എസ്സുകാരുടെ കൊലക്കത്തിക്കിരയായ കൊടിഞ്ഞിയിലെ ഫൈസലിനും കാസര്‍കോട്ടെ റിയാസ് മൗലവിക്കും പത്ത് പൈസ പോലും നിഷേധിച്ചത് ആര്‍.എസ്.എസ്സിനെ ഭയന്നിട്ടാണോ?.
ഫൈസലിനെ വകവരുത്തിയവര്‍ എന്താണോ ലക്ഷ്യമിട്ടത് അതു നേടിയെടുക്കാന്‍ ആ കൊലക്കേസില്‍ പെട്ട ഒരു പ്രതിയും ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നു. അപലപനീയമായ ഈ കൊലക്കേസ്സിലെ പ്രതികളെ നിയമത്തിന് മുമ്പിലെത്തിക്കാന്‍ ഞങ്ങളുടെ പിന്തുണ ഉറപ്പു നല്‍കുന്നു. ഫൈസല്‍ വധക്കേസിന് ശേഷം സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ ആവശ്യപ്രകാരം ആ നിരാലംബ കുടുംബത്തിന് ആശ്വാസ ധനം അനുവദിക്കാനുള്ള നീക്കമുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുപോലും ഒരു നയാ പൈസ അനുവദിക്കാന്‍ കൂട്ടാക്കിയില്ല. ഒട്ടേറെ തവണ അതുവഴി പോയിട്ടും ആ വീട്ടിലൊന്ന് പോകാനോ ആര്‍.എസ്.എസ് കൊലക്കത്തിക്ക് ഇരയായ വ്യക്തിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ എന്തേ മനസ്സുണ്ടായില്ല.
ഒരു പ്രാണിയെ പോലും ജീവിതത്തില്‍ ഹനിക്കാത്ത കാസര്‍ക്കോട്ടെ ഒരു പാവം പണ്ഡിതനെ അര്‍ധരാത്രി പള്ളിയില്‍ കയറി വെട്ടിക്കൊന്നപ്പോള്‍, അതിന്റെ ഗൂഢാലോചന നടന്ന ആര്‍.എസ്.എസ് കേന്ദ്രങ്ങളിലേക്ക് ഒന്ന് എത്തി നോക്കാന്‍ പോലും അങ്ങയുടെ പൊലീസ് മടി കാണിച്ചത് എന്തുകൊണ്ടാണ്?. സമാന സംഭവങ്ങള്‍ തന്നെയല്ലേ കൊടിഞ്ഞിയിലെ ഫൈസലിന്റെ കാര്യത്തിലും ഉണ്ടായത്. പ്രതികള്‍ പരസ്യമായി അങ്ങാടികളില്‍ ചുറ്റിക്കറങ്ങിയിട്ടും അവരെ പിടികൂടാന്‍ തയ്യാറാവാത്ത പൊലീസ് അവസാനം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സമരവുമായി തെരുവിലിറങ്ങിയതിന് ശേഷമല്ലേ പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിച്ചത്.
തലസ്ഥാന നഗരിയില്‍ ഒരു ബി.ജെ.പിക്കാരന്‍ വധിക്കപ്പെട്ടപ്പോള്‍ താങ്കളെ വിളിച്ച് വരുത്തി താക്കീത് നല്‍കാനും വേണ്ടത് ചെയ്യണമെന്ന് കല്‍പ്പിക്കാനും ഒരു ഗവര്‍ണ്ണറുണ്ടായി. അത് കൊണ്ട് ബി.ജെ.പിക്കാര്‍ക്ക് ആവശ്യമായ നീതികിട്ടി. വന്‍ തുക നഷ്ടപരിഹാരമായി കൊടുക്കാന്‍ രഹസ്യ ചര്‍ച്ചയില്‍ തീരുമാനമുണ്ടായെന്നും വര്‍ത്തയായതാണ്. എന്നാല്‍ റിയാസ് മൗലവിക്കും ഫൈസലിനും വേണ്ടി വിളിച്ച് വരുത്തി നിര്‍ദ്ദേശം നല്‍കാന്‍ ഒരു ഗവര്‍ണര്‍ ഇല്ലാത്തത് കൊണ്ടാണോ അവര്‍ക്ക് സഹായ ധനം നിഷേധിക്കുന്നത്?.
വിഷലിപ്തവും അതിവര്‍ഗീയതയും അടങ്ങിയ ശശികലയുടെ പ്രസംഗവും ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പ്രസംഗിച്ച ഒരു മുസ്‌ലിം പ്രഭാഷകനും എതിരെ കാസര്‍കോട്ടെ ഒരു അഭിഭാഷകന്‍ മത സ്പര്‍ധയുണ്ടാക്കുന്ന പ്രഭാഷണങ്ങളാണെന്ന് ആരോപിച്ച് പരാതി നല്‍കിയപ്പോള്‍ അങ്ങയുടെ പൊലീസ് എന്താണ് ചെയ്തതെന്ന് മത നിരപേക്ഷ കേരളം കണ്ടതല്ലേ. ശശികലക്ക് ജാമ്യം കിട്ടുന്ന നിസ്സാര വകുപ്പുമായി തലോടി വിട്ടപ്പോള്‍, മുസ്‌ലിം പ്രഭാഷകനെ ഉംറ നിര്‍വഹണത്തിന് പോകുന്ന വേളയില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടി കൊടും കുറ്റവാളിയെപ്പോലെ തടവറയിലിട്ടു. ഒരേ പരാതിയും ഒരേ കുറ്റവുമായിട്ടും ഇതെന്ത് നീതിയാണ് മുഖ്യമന്ത്രീ…?. മലപ്പുറത്തെ മുസ്്‌ലിം പെണ്ണുങ്ങള്‍ പന്നികളെ പോലെ പെറ്റു കൂട്ടുന്നുവെന്ന് പരസ്യമായി അധിക്ഷേപിച്ച് പ്രസംഗിച്ച ഡോ. ഗോപാലകൃഷ്ണന് നേരെ താങ്കളുടെ പൊലീസ് എന്തെങ്കിലും ചെയ്‌തോ?.
ജില്ലാ മജിസ്‌ട്രേറ്റ് നല്‍കിയ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ച് ആര്‍.എസ്.എസ്സ് തലവന്‍ മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തി ദേശീയ ഗാനത്തിന് പകരം വന്ദേമാതരം പാടി #ാഗ്‌കോഡും കേരളത്തിലെ നിയമ ഭരണ സംവിധാനത്തെയും പുച്ഛിച്ചപ്പോള്‍ താങ്കളുടെ ഭരണ സംവിധാനം എന്തു നടപടിയാണ് സ്വീകരിച്ചത്?. ഒന്നും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ചട്ടപ്രകാരം ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ കലക്ടറെ 24 മണിക്കൂര്‍ കൊണ്ട് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത് നാഗ്പൂരില്‍ നിന്നുമുള്ള നിര്‍ദ്ദേശം കൊണ്ടാണോ എന്നറിയാന്‍ കേരള ജനതക്ക് താല്‍പര്യമുണ്ട്. ലിംഗ നീതിയെക്കുറിച്ചും സ്ത്രീ സംരക്ഷണത്തെക്കുറിച്ചും പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന താങ്കള്‍ ഒരു സ്ത്രീയാണെന്ന പരിഗണന പോലും ആ പാവം കലക്ടര്‍ക്ക് നല്‍കിയില്ലല്ലോ.
ആലപ്പുഴയിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമരയുള്ള കൊടിമരത്തില്‍ ഒരു സ്‌റ്റേഷന്‍ മാസ്റ്റര്‍ ദേശീയപതാക നാട്ടിയത് വലിയ വാര്‍ത്തയായിട്ടും നടപടിയെടുക്കാത്ത താങ്കളുടെ പൊലീസ്, മുസ്‌ലിം ലീഗ് നേതാവ് ഐ.യു. എം.എല്‍ കൊടി മരത്തില്‍ ദേശീയ പതാക നാട്ടിയെന്ന് ആരോപിച്ച് ആര്‍.എസ്.എസ്സ് മുന്നോട്ട് വന്നപ്പോള്‍ #ാഗ് കോഡ് വയലേഷന്‍ എന്ന കുറ്റം ചുമത്താന്‍ എന്തൊരു ധൃതിയാണ് കാണിച്ചത്. വിഷം വമിപ്പിക്കുന്ന സംഘി പ്രഭാഷക ശശികല ടെലിവിഷന്‍ ചാനലിലൂടെ പരസ്യമായി ദേശീയ പതാകയെ അപമാനിച്ചില്ലേ?. ഇത് ദേശീയ ഗാനമല്ലെന്നും ബ്രിട്ടീഷ് പ്രഭുവിനെ സ്വീകരിക്കാനായി എഴുതിയ സ്വാഗത ഗാനമാണെന്നും ആക്ഷേപിച്ചിട്ട് എന്തെങ്കിലും നടപടിയെടുത്തോ?. ഇങ്ങിനെ ആക്ഷേപിച്ചത് മുസ്‌ലിം പ്രഭാഷകനായിരുന്നുവെങ്കില്‍ അയാള്‍ ഇപ്പോള്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് തടവറയിലാകുമായിരുന്നില്ലേ?.
ഡോ. ഹാദിയ കേസിലും താങ്കളുടെ നിയമസംവിധാനം കോടതികളില്‍ സ്വീകരിച്ച നിലപാടുകള്‍ ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തിലായിരുന്നില്ലേ?. ഇപ്പോള്‍ അങ്ങയെപ്പോലെ ആര്‍.എസ്.എസ് വലയത്തില്‍ ജീവിക്കുന്ന ഹാദിയയുടെ പിതാവ് അശോകന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അശോകന് വേണ്ടി കേസ് നടത്തുന്നത് ആര്‍.എസ്.എസുകാരാണെന്ന് താങ്കള്‍ക്കറിയാവുന്നതാണല്ലോ. ഈ കേസ് സങ്കീര്‍ണ്ണമാക്കണമെങ്കില്‍ എന്‍.ഐ.എയുടെ കൈകളിലേക്കെത്തിക്കണമെന്നത് ആര്‍.എസ്.എസിന്റെ മോഹമാണ്. ആ മോഹമാണ് അശോകന്‍ ഹരജിയിലൂടെ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിന്റെയടിസ്ഥാനത്തിലാണ് കോടതി ഈ കല്യാണക്കാര്യം എന്‍.ഐ.എ അന്വേഷിക്കണമോയെന്ന് കേരള സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചത്. ആവാം എന്ന മറുപടി, സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് അങ്ങയുടെ അറിവില്ലാതെ ആവില്ലല്ലോ?.
ഈ മതേതര സഖാവിന് എന്ത് പറ്റിയെന്ന് മതനിരപേക്ഷ കേരളം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനത്തിന്റെ പച്ചയായ പ്രതികരണം സോഷ്യല്‍ മീഡിയകളില്‍ വരുന്നത് അങ്ങയുടെ ഇന്‍ഫര്‍മേഷന്‍ വിഭാഗം അറിയിക്കാറില്ലേ?. ഇനി അവിടെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആര്‍.എസ്.എസുകാരാണോ?. കോടതിയുടെയും എന്‍.ഐ.എയുടേയും നിരീക്ഷണത്തിലുള്ള, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും വിലക്കുള്ള ഹാദിയയുടെ വീട്ടില്‍ കഴിഞ്ഞ മാസങ്ങളായി ആര്‍.എസ്.എസ് സംഘമായി കയറിയിറങ്ങുന്നു. ഇരുപതിലേറെ പൊലീസുകാര്‍ കാവലിരിക്കുന്ന ഈ വീട്ടില്‍ ആര്‍.എസ്.എസുകാര്‍ക്ക് നിര്‍ലോഭമായി കയറിയിറങ്ങാന്‍ ആരാണ് അധികാരം കൊടുക്കുന്നത്?.
ഡി.വൈ.എഫ്.ഐക്കാര്‍ക്ക് പോലും കയറാന്‍ കഴിയാത്തിടത്ത് ആര്‍.എസ്.എസുകാര്‍ക്ക് എങ്ങിനെ കയറാനും ഹാദിയയെ കൗണ്‍സിലിങ് ചെയ്യാനും കഴിയുന്നു?. ഇക്കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ ആ വീട്ടില്‍ പോയി അതിന്റെ വീഡിയോ അടക്കം പരസ്യപ്പെടുത്തിയിരുന്നത് അങ്ങയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു. താന്‍ നിരവധി തവണ അവിടെ പോയിട്ടുണ്ടെന്ന് രാഹുല്‍ തന്നെ പറയുന്നു. ഇതെങ്ങിനെ സാധിക്കുന്നു?. അങ്ങയുടെ ആഭ്യന്തര മന്ത്രാലയം ഇതിന് മറുപടി പറഞ്ഞേ പറ്റൂ. തനിക്ക് വരുന്ന രജിസ്റ്റര്‍ കത്ത് പോലും സ്വീകരിക്കാന്‍ പൊലീസ് വിസമ്മതിക്കുന്നുവെന്ന് ഹാദിയ പരിതപിക്കുമ്പോള്‍ ഈ സംഘിക്കൂട്ടത്തിന് എങ്ങിനെ പൊലീസ് സഹായം കിട്ടുന്നു.
അങ്ങയുടെ ഭരണത്തിനുകീഴില്‍ മുസ്്‌ലിം സംഘടനാ നേതാക്കളേയും പണ്ഡിതരേയും അവരുടെ സ്ഥാപനങ്ങളേയും നിരന്തരമായി വേട്ടയാടുന്നത് ആരെ പ്രീതിപ്പെടുത്താനാണ്?. കേന്ദ്ര സര്‍ക്കാറിന്റെ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്ത നടത്തിയ പ്രതിഷേധത്തെ അതിക്രൂരമായാണ് അങ്ങയുടെ പൊലീസ് കൈകാര്യം ചെയ്തത്. കാസര്‍കോട് ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ചാണ് മത പണ്ഡിതര്‍ക്കെതിരെ കേസെടുത്തത്. വയനാട് അടക്കം പല സ്ഥലത്തും നിരവധി സമസ്ത പണ്ഡിതര്‍ക്കെതിരെ കേസെടുത്തു. മത സ്വാതന്ത്ര്യം മാത്രമല്ല മനുഷ്യ സ്വാതന്ത്ര്യം കൂടി അങ്ങയുടെ ഭരണത്തില്‍ നിഷേധിക്കപ്പെടുന്നു.
പീസ് സ്‌കൂള്‍ നടത്തുന്ന എം.എം അക്ബറിനെതിരെപോലും അകാരണമായി എഫ്.ഐ. ആര്‍ ഇട്ടിരിക്കുകയാണ്. ആ സ്ഥാപനത്തിലെ പ്രധാന അധ്യാപികയടക്കം അമുസ്‌ലിംകളാണ്. അവരോട് അങ്ങയുടെ പൊലീസ് ചോദിച്ച സംശയം യു.പിയിലെ പി.എ.സിയും ബിഹാറിലെ ആര്‍.എം.പിയും പോലും ചോദിക്കാന്‍ അറക്കുന്നവയാണ്. നിങ്ങളോട് മതം മാറാന്‍ ഇവര്‍ പറയാറുണ്ടോ, നിര്‍ബന്ധിക്കാറുണ്ടോ തുടങ്ങിയ ചോദ്യം കേട്ട് ആശ്ചര്യം തോന്നിയ ഇവര്‍ ഇന്നുവരെ അത്തരത്തിലുള്ള യാതൊരു അനുഭവവും സ്ഥാപന മേധാവികളില്‍ നിന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിട്ടും മതവിദ്വേഷം ചുമത്തി കേസെടുത്തു. എന്തൊരു അനീതിയാണിത് മുഖ്യമന്ത്രീ.?
ഇപ്പോഴിതാ എറണാകുളത്ത് വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകരെ പേപ്പട്ടിയെ തല്ലുന്നത് പോലെ ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിക്കുന്നു. മര്‍ദ്ദകര്‍ക്ക് പേരിനൊരു കേസും സ്‌റ്റേഷനില്‍ നിന്ന് ജാമ്യവും. ഇരകള്‍ക്കാവട്ടെ തടവറയും 153 (എ) വകുപ്പ് പ്രകാരമുള്ള കേസും. ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ ആര്‍.എസ്.എസുകാര്‍ നല്‍കുന്ന വിശദീകരമെന്താണോ അതുതന്നെയാണ് മുഖ്യമന്ത്രിയായ അങ്ങ് നിയമ സഭയിലും ഏറ്റുപറയുന്നത്. ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചതിന് മതസ്പര്‍ധ ഉണ്ടാക്കിയെന്ന് ആരോപിച്ച് കേസെടുത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ദുര്‍ പദവിയിലേക്കാണ് ഈ മതനിരപേക്ഷ സംസ്ഥാനത്തെ താങ്കള്‍ എത്തിച്ചതെന്ന് പറയുന്നതില്‍ വേദനയുണ്ട്.
കള്ളപ്പണത്തിനെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ നയിച്ച സമരജാഥയിലെ മുന്‍ നിര നേതാവ് തന്നെ കള്ളനോട്ട് അച്ചടിച്ചത് പിടിക്കപ്പെട്ടെങ്കിലും എത്ര ലാഘവത്തോടെയാണ് താങ്കളുടെ പൊലീസ് അത് കൈകാര്യം ചെയ്തത്?. കള്ളനോട്ടടി സാമ്പത്തിക ഭീകരവാദമാണ്. രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്. ഏറ്റവും വലിയ രാജ്യദ്രോഹ പ്രവൃത്തിയാണ്. എന്നാല്‍, പിടിക്കപ്പെട്ടത് സംഘിയായപ്പോള്‍ യു.എ.പി.എ പോയിട്ട് കനമുള്ളൊരു വകുപ്പ് പോലും ചുമത്തിയില്ല. മത ന്യൂനപക്ഷക്കാരനെയാണ് പിടിച്ചതെങ്കില്‍ എന്താകുമായിരുന്നു പുകില്?. കേരള പൊലീസ് പാക്കിസ്താനിലേക്കും താലിബാനിലേക്കും അന്വേഷണം കൊണ്ട് പോകുമായിരുന്നു. അറിയാതെ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തുപോയി എന്ന മൃദു അവസ്ഥയിലേക്ക് അത് മാറ്റാന്‍ ആര്‍.എസ്.എസുകാര്‍ക്ക് എത്ര എളുപ്പമാണ് സാധിച്ചത്?.
സംസ്ഥാന ചരിത്രത്തില്‍ പൊലീസ് ഇത്രമാത്രം വര്‍ഗീയവത്കരിക്കപ്പെട്ട സന്ദര്‍ഭമുണ്ടായിട്ടില്ല. ആര്‍.എസ്.എസുകാര്‍ കൈയില്‍ എടുത്ത് അമ്മാനമാടുന്ന ഈ പൊലീസ് സേന അങ്ങയുടെ കീഴിലാണ് ഇത്രമാത്രം അധ:പതിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുകയാണ്. എല്ലാറ്റിനും ഒരു അതിരുണ്ട്. നീതി നിരന്തരമായി നിഷേധിക്കപ്പെടുമ്പോള്‍ ഏതൊരു സമൂഹത്തിലും സംഭവിക്കുന്ന ചില കെടുതികളുണ്ട്. അസ്വസ്ഥതകളാണ് സമൂഹത്തെ നിരാശരാക്കുന്നത്. സ്വസ്ഥത നഷ്ടപ്പെട്ടിടത്തൊക്കെ തല പോകുന്നത് തീവ്ര വാദമാണെന്നത് അങ്ങ് വിസ്മരിക്കരുത്.
മുഖ്യധാരയില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട ഒരു സമൂഹത്തെ ജനാധിപത്യത്തോടും മത നിരപേക്ഷതയോടും ചേര്‍ത്ത് നിര്‍ത്തി രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാക്കിയ ഒരു പ്രസ്ഥാനമാണ് മുസ്്‌ലിം ലീഗെന്നത് അങ്ങ് തന്നെ പരസ്യമായി പ്രസംഗിച്ചിട്ടുള്ളതാണ്. ജനസംരക്ഷണത്തിന് ജനാധിപത്യത്തിന്റെ മാര്‍ഗം അവലംബിച്ച് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രിയായ അങ്ങയോട് ഇക്കാര്യങ്ങള്‍ തുറന്നു പറയുകയാണ്. കേരള പൊലീസ് – സംഘ്പരിവാര്‍ കൂട്ടുകെട്ട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.