അഡ്വ. കെ.എന്‍.എ ഖാദര്‍
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതും പരാജയപ്പെടുന്നതും അനേക കാരണങ്ങള്‍ ഒത്തുകൂടുമ്പോഴാണ്. അനുകൂലവും പ്രതികൂലവുമായ ഈ സാമൂഹ്യ ഘടകങ്ങള്‍ വിലയിരുത്തുന്നതില്‍ വസ്തുനിഷ്ഠ സമീപനങ്ങള്‍ ആവശ്യമാണ്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകള്‍, മത്സരിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഘടനാപരമായ ആരോഗ്യവും പ്രാപ്തിയും, രാഷ്ട്രീയ നയപരിപാടികള്‍, പൂര്‍വ്വകാല ചരിത്രം, ഭാവി സാധ്യതകള്‍ തുടങ്ങിയ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസും ഗോവയില്‍ ബി.ജെ.പിയും പഞ്ചാബില്‍ ബി.ജെ.പി – അകാലി സഖ്യവുമാണിപ്പോള്‍ ഭരിക്കുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇതര മതേതര കക്ഷികളോ അവരുടെ സഖ്യങ്ങളോ ജയിക്കുന്നതായാല്‍ അത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് താല്‍ക്കാലിക ശമനമെങ്കിലും ആകും. ബി.ജെ.പി നിലവിലുള്ള സീറ്റുകളും സംസ്ഥാനങ്ങളും നിലനിര്‍ത്തിയാല്‍ തന്നെ അത് മതേതര ജനാധിപത്യ കക്ഷികളുടെ പരാജയം അരക്കിട്ടുറപ്പിക്കുന്നതാകും.
യു.പിയിലെ സമാജ്വാദി പാര്‍ട്ടിയില്‍ രൂക്ഷമായിക്കഴിഞ്ഞ ഭിന്നതകളും പിളര്‍പ്പും കോണ്‍ഗ്രസ് കക്ഷിക്ക് അവരുടെ നില ഒട്ടും മെച്ചപ്പെടുത്താനാകാത്തതും ഉത്കണ്ഠയുളവാക്കുന്നു. ഫാസിസ്റ്റ് – വര്‍ഗീയ – ഏകാധിപത്യ ശക്തികളുടെ മേധാവിത്വപരമായ മുന്നേറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ വേണ്ടത്ര വിജയം വരിക്കാന്‍ ഇതുവരെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല. അഥവാ മതേതരത്വം – ബഹുസ്വരത – ജനാധിപത്യം ജനപക്ഷ രാഷ്ട്രീയം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ദേശീയ തലത്തിലും എല്ലാ സംസ്ഥാനങ്ങളിലും നടത്താന്‍ കാര്യമായ ഒരു പരിശ്രമവും ഉത്തരവാദപ്പെട്ട പാര്‍ട്ടികള്‍ ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് സത്യം. വിജയവും പരാജയവും വിലയിരുത്തണമെങ്കില്‍ അതിന് തക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണല്ലോ ആദ്യം വേണ്ടത്. ബോധപൂര്‍വം ഇന്ത്യയില്‍ ഒരു ശക്തമായ ബദല്‍ വളര്‍ത്തിയെടുക്കാന്‍ ഒരു പരിശ്രമവും നടന്നുകാണുന്നില്ല.
അവിടവിടെയായി ചില സ്ഥലങ്ങളിലും സംസ്ഥാനങ്ങളിലും ചില പാര്‍ട്ടികള്‍ ചിലപ്പോള്‍ നടത്തുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ തന്നെ വന്‍ തോതിലുള്ള ബഹുജന പങ്കാളിത്തം കാണപ്പെടാറില്ല. സമരം നടത്തുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെ പ്രധാന പ്രവര്‍ത്തകരും ഭാരവാഹികളും നടത്തി വരുന്ന വഴിപാടു സമരങ്ങളായി എല്ലാം ചുരുങ്ങുകയാണ്. ബഹുസ്വരതയോടും ജനാധിപത്യത്തോടും ഇന്ത്യന്‍ ജനതക്കുള്ള പ്രതിബദ്ധതയുടെ കുറവോ, ഫാസിസ്റ്റ് വിരുദ്ധതയുടെ അഭാവമോ അല്ല അതിന് കാരണം. മതേതര ശക്തികളുടെയും പാര്‍ട്ടികളുടെയും പരസ്പര ഭിന്നതയും പാര്‍ട്ടികള്‍ക്കകത്ത് നടക്കുന്ന ആഭ്യന്തര വഴക്കുകളുമാണ് മതേതര ശക്തികളുടെ ശാപം. മതേതര ജനകോടികളുടെ വികാര വിചാരങ്ങളെ ഏകോപിപ്പിക്കാനും ഒരുമിച്ച് നിര്‍ത്താനും സംയോജിതമായ ബഹുജന പ്രക്ഷോഭങ്ങളുടെ തീച്ചൂളയില്‍ അതിനെ ചുട്ടെടുത്ത് ശാക്തീകരിക്കാനും മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖ കക്ഷികള്‍ക്ക് പോലും ആവതില്ലാതായതാണ് കാരണം. ചിന്നിച്ചിതറിപ്പോയ മതേതര ജനവിഭാഗങ്ങളെ ഒരു ചരടില്‍ കോര്‍ത്തെടുക്കാന്‍ പ്രാപ്തരായ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന കഴിവുറ്റ നേതാക്കളുടെ അഭാവം മറ്റൊരു കാരണമാണ്. നരേന്ദ്ര മോദി, അമിത്ഷാ, രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമസ്വരാജ് തുടങ്ങിയ അനേകം പ്രഗത്ഭരായ നേതാക്കളുടെ നീണ്ടനിര ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നയിക്കുമ്പോള്‍ അതിന് പകരംവെക്കാന്‍ പ്രാപ്തരായ നേതാക്കളുടെ അഭാവം അധിക സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. ഐക്യവും ആരോഗ്യവും അച്ചടക്കവുമുള്ള പാര്‍ട്ടികളുടെയും ജനം ബഹുമാനിക്കുന്ന നേതാക്കളുടെയും കുറവും മതേതര പക്ഷത്തെ ക്ഷീണിപ്പിക്കുന്നു.
ദേശീയ തലത്തിലാണ് പ്രധാനമായും പ്രതിപക്ഷ നേതൃ ദാരിദ്ര്യം മുതലെടുക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നത്. ബംഗാള്‍, ബീഹാര്‍, യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ ശക്തരായ നേതാക്കളും ഏറെക്കുറെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാര്‍ട്ടികളും ബി.ജെ.പിയെ പകരം വെക്കാനുള്ളപ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഭരണ കക്ഷിയെയും മുഖ്യമന്ത്രിയെയും ബി.ജെ.പി ഭയപ്പെടുന്നില്ല. അവരുടെ കുതന്ത്രങ്ങള്‍ പയറ്റാന്‍ ഒരു ബുദ്ധിമുട്ടും അവര്‍ക്കിതുവരെ തോന്നിയിട്ടുമില്ല. ഒന്നാംതരം എഴുത്തുകാരുടെയും പ്രഭാഷകരുടെയും കലാ സാംസ്കാരിക പ്രവര്‍ത്തകരുടെയും നേരെ സംഘ്പരിവാര്‍ ശക്തികള്‍ ഭീഷണിയുയര്‍ത്തിയപ്പോഴും ചിലരെ കൊല ചെയ്തപ്പോഴും ആഹാര ശീലങ്ങളില്‍ ഇടപെട്ട് ബീഫിന്റെ പേരില്‍ ആക്രമങ്ങളും കൊലയും നടന്നപ്പോഴും ദലിതരെയും മത ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും നിരന്തരമായി പീഡിപ്പിച്ചപ്പോഴും സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയപ്പോഴും ഇന്ത്യയിലെ മതേതരകക്ഷികള്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തി അവസരം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയുണ്ടായില്ല. അപൂര്‍വമായി ഉയര്‍ന്നുവന്ന എതിര്‍പ്പുകള്‍ കെട്ടടങ്ങുകയും ചെയ്തു. കറന്‍സി അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കേല്‍പ്പിച്ച കനത്ത ആഘാതത്താല്‍ ജനകോടികള്‍ ഇപ്പോഴും വലയുകയാണ്. ഈ വിഷയത്തിലും അര്‍ഹിക്കുന്ന ഗൗരവത്തോടുകൂടി ദേശീയ തലത്തില്‍ ഒരു മഹാപ്രക്ഷോഭത്തിന് വഴിയുണ്ടായിരുന്നു. ഒറ്റയും തെറ്റയുമായി നടന്ന ചില സമരങ്ങളല്ലാതെ ബി.ജെ.പി സര്‍ക്കാരിനെ വിറപ്പിക്കാന്‍ കൈവന്ന അവസരം മതേതര ജനാധിപത്യ കക്ഷികള്‍ നഷ്ടപ്പെടുത്തി. കോര്‍പറേറ്റ് ഭീമന്മാര്ക്കെതിരെ ജനം ക്രുദ്ധരായപ്പോള്‍ സാധാരണക്കാരുടെ രക്തം പ്രതിഷേധത്താല്‍ തിളച്ചപ്പോള്‍ പാര്‍ലമെന്റിനകത്ത് മാത്രം ചിലതു ചെയ്യാനേ പ്രതിപക്ഷം മുതിര്‍ന്നുള്ളൂ. സാമൂഹ്യ മാധ്യമങ്ങളും മറ്റും ഉയര്‍ത്തിയ രോഷവും പ്രതിഷേധവും ഏറ്റെടുക്കാനും ഇന്ത്യയിലെ മഹാഭൂരിപക്ഷത്തെയും തെരുവിലിറക്കാനും കഴിയുമായിരുന്നു. ജനരോഷത്തിന്റെ ചെറിയൊരംശം പ്രയോജനപ്പെടുത്താനേ മതേതര ശക്തികള്‍ ശ്രമിച്ചുള്ളൂ. ഭരണത്തെ പ്രകമ്പനം കൊള്ളിക്കാന്‍ സാധിക്കുമായിരുന്ന ദിവസങ്ങള്‍ അങ്ങിനെ നഷ്ടമായി. ജനങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും കഷ്ടപ്പെടുത്തി വിധേയത്വമുള്ളവരാക്കാന്‍ കേന്ദ്രം നടത്തിയ ശ്രമങ്ങള്‍ ഏറെക്കുറെ ഫലിച്ച മട്ടാണ്. രാജ്യമാകെ വന്‍ തോതിലുള്ള പ്രക്ഷോഭങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കൊടുമ്പിരി കൊള്ളുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്ത് ചാടിയിരുന്നെങ്കില്‍ നല്ല വിജയം നേടാന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്ക് എല്ലാ സംസ്ഥാനങ്ങളിലും കഴിയുമായിരുന്നു. പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാന്‍ ഇനി കഴിയുമോ എന്ന് കണ്ടറിയണം.
ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (3) വകുപ്പ് പ്രകാരം മതം, ജാതി, വംശം തുടങ്ങിയവ പറഞ്ഞ് വോട്ടു പിടിക്കുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നിട്ടുണ്ട്. ഏഴില്‍ മൂന്ന് ന്യായാധിപന്മാര് അതിനോട് വിയോജിച്ചത് അവഗണിക്കാവുന്ന സംഗതിയുമല്ല. ഈ വകുപ്പും നിയമങ്ങളും നേരത്തെ ഇവിടെയുള്ളവ തന്നെയാണ്. സുപ്രീം കോടതി ആവര്‍ത്തിച്ച് പറയുകയേ ചെയ്തുള്ളൂ. ഭരിക്കുന്ന കക്ഷിക്ക് ആവശ്യമെങ്കില്‍ ദുരുപയോഗം ചെയ്യാന്‍ ഇതില്‍ പഴുതുണ്ട്. സാമ്പത്തിക നയവും മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ക്ക് ദാസ്യ വൃത്തി ചെയ്യുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനവിരുദ്ധത. നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതും മാന്ദ്യം സൃഷ്ടിക്കാന്‍ ഹേതുകവുമായ കേന്ദ്ര നയവും തിരുത്താനുള്ള വലിയ പരിശ്രമമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റുകയാണ് വേണ്ടത്. ജനാധിപത്യവും ബഹുസ്വരതയും മാത്രമല്ല നമ്മുടെ സമ്പദ്വ്യവസ്ഥയേയും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ടെന്ന പുതിയ പാഠം തെരഞ്ഞെടുപ്പ് വിഷയം തന്നെ.