പൗരത്വഭേദഗതിക്കൊപ്പം രാജ്യം ബി.ജെ.പിയെയും തള്ളും

മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ ചന്ദ്രികക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുന്നു (ചിത്രം: സക്കീര്‍ ഹുസൈന്‍)

അഭിമുഖം: സി.പി സദക്കത്തുല്ല

മതന്യുനപക്ഷങ്ങളെ ഭയപ്പാടിന്റെ മുനയില്‍ നിര്‍ത്തിയുള്ള ഭരണം ഇന്ത്യയുടെ യശസ്സ് തകര്‍ക്കുകയും രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കുകയും ചെയ്യും. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണ കൂടം രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തച്ചുടക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഈ സാഹചര്യത്തില്‍ മതേതര ഭാരതത്തിലെ എല്ലാവരും ഒന്നിച്ചണിനിരന്നു പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുന്‍ പ്രധാന മന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ വാക്കുകള്‍. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സാര്‍ത്ഥം എത്തിയ ദേവഗൗഡ ചന്ദ്രികയോട് സംസാരിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജ്യത്തെ പൗരന്മാരോട് നുണ പറയുകയാണ്. പാര്‍ലമെന്റില്‍ മന്ത്രിമാര്‍ എന്‍.ആര്‍.സി വിഷയത്തിലും സി.എ.എ.വിഷയത്തിലും ഒന്ന് പറയുമ്പോള്‍ പാര്‍ട്ടി വേദികളില്‍ മറ്റൊന്ന് പ്രചരിപ്പിക്കുന്നു ഇത് ശുദ്ധ അസംബന്ധമാണ്. പൗരത്വ പട്ടികയും ജനസംഖ്യ രജിസ്റ്ററും സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. ഇതൊരു വിഭാഗത്തിന്റെ മാത്രം വിഷയമല്ല. പിന്നോക്ക അധസ്ഥിത വിഭാഗങ്ങള്‍ ആകമാനം ഭയവിഹ്വലരാണ്. രാജ്യത്തെ ജനത ഭരണഘടന വിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഉശിരോടെ തെരുവില്‍ പൊരുതുമ്പോള്‍ ഭരണകര്‍ത്താക്കളുടെ കൈകള്‍ വിറക്കുന്ന കാഴ്ചയാണ് നാടാകെ കാണാനാകുന്നത്.

നാല് കോടിയിലധികം വരുന്ന യുവത തൊഴിലില്ലാതെ അലയുമ്പോള്‍ മോദി അതൊന്നും കാണാന്‍ കൂട്ടാക്കുന്നില്ല. ബാംഗ്ലൂരില്‍ ഐടി മേഖലയില്‍ ഇന്‍ഫോസിസില്‍ മാത്രം പതിനായിരങ്ങള്‍ക്കാണ് എന്‍ ഡി.എ ഗവര്‍മെന്റിന്റെ കുത്തഴിഞ്ഞ സാമ്പത്തിക നയം മൂലം ജോലി നഷ്ട്ടപെട്ടിരിക്കുന്നത്. വസ്ത്ര നിര്‍മാണം പോലുള്ള കയറ്റുമതി മേഖല സ്തംഭനാവസ്ഥയിലാണ് . അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളിലെ ജി.ഡി.പി തുലനം ചെയുമ്പോള്‍ നമ്മുടെ സാമ്പത്തിക തകര്‍ച്ച ബോധ്യമാകും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അതൃപ്തരാണ്. കര്‍ഷക ആത്മഹത്യ പെരുകുന്നു. ഇതൊക്കെ മറച്ചുപിടിക്കാന്‍ വിവാദങ്ങള്‍ക്കു തുടക്കമിട്ടു. കശ്മീര്‍ വിഷയത്തില്‍ സംസ്ഥാനത്തെ ജനതയെ ബന്ദിയാക്കി കാര്യം നേടാന്‍ കള്ളം പറഞ്ഞു നിയമമുണ്ടാക്കി സാഹചര്യങ്ങള്‍ വഷളാക്കി. ജനങ്ങളുടെ മൗലിക സ്വാതന്ത്ര്യത്തിന്നു താഴിട്ടു കാര്യങ്ങള്‍ സാധിച്ചെടുത്തു. പക്ഷെ എല്ലാകാലവും ഇതൊന്നും നടക്കില്ല. രാജ്യത്തിന്റെ ഭരണഘടന അതി മഹത്തരവും ശക്തവുമാണ്. രണ്ടു പേര്‍ ആജ്ഞാപിച്ചാല്‍ അടിമകളെ പോലെ തലതാഴ്ത്തി സ്വീകരിക്കാന്‍ രാജ്യം രാജ ഭരണത്തിലല്ല. കെല്‍പ്പുള്ള ജനാധിപത്യ സംവിധാനമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഈ തെറ്റുകള്‍ തിരുത്തിക്കാന്‍ കെല്‍പും ത്രാണിയുമുള്ള വിദ്യാര്‍ത്ഥി യുവജന സമൂഹമാണ് പോര്‍മുഖത്തുള്ളത്. ഭരണഘടന വിഭാവനം ചെയുന്ന അവകാശങ്ങള്‍ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. സമര രംഗത്തുള്ളവരെ ഉന്‍മൂലനം ചെയ്യുന്ന പ്രാകൃത രീതി ജനാധിപത്യ ഇന്ത്യക്കു ചേര്‍ന്നതല്ല. മംഗലാപുരത്തു നടന്ന പോലീസ് തേര്‍വാഴ്ച അത്യന്തം അപലനീയമാണ്. മുഖ്യമന്ത്രി യെദിയൂരപ്പ അറിഞ്ഞു കൊണ്ടാണ് പൊലീസ് അതിക്രമം കാട്ടിയത്. കര്‍ണാടകത്തില്‍ എപ്പോള്‍ ബിജെപി അധികാരത്തില്‍ വന്നാലും മതന്യൂനപക്ഷങ്ങള്‍ അന്യവത്കരിക്കപ്പെടുന്നു. അക്രമത്തില്‍ ജീവന്‍ നഷ്ട്ടപെട്ട പാവപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ് നീതീകരിക്കാന്‍ പറ്റാത്ത രീതിയാണിത് . മംഗലാപുരം സംഭവത്തെ പറ്റി കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം അപര്യാപ്തമാണ്.

ജുഡീഷ്യല്‍ അന്വേഷണം നടത്താതെ ഇരകള്‍ക്ക് നീതി കിട്ടില്ല. ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മംഗലാപുരം അക്രമങ്ങള്‍ക്കു പിന്നില്‍ മലയാളികളാണെന്ന കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയുടെ പ്രസ്താവന അനവസരത്തിലുള്ളതാണ്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ മംഗലാപുരത്തു തടഞ്ഞത് ഫാസിസത്തിന്റെ പുതിയമുഖമാണ്. ലക്ഷകണക്കിന് വരുന്ന മലയാളി സമൂഹം കര്‍ണാടകത്തില്‍ വിവിധ മേഖലകളില്‍ കഠിനാധ്വാനം ചെയ്തു ഉപജീവനവും വിദ്യാഭ്യാസവും നേടുന്നവരാണ് . കര്‍ണാടകയുടെ അഭിവൃദ്ധിക്കായി നിലകൊള്ളുന്ന മലയാളി സമൂഹത്തെ ആക്ഷേപിച്ച മന്ത്രിയുടെ നിലപാട് തിരുത്തണം . ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പ്രക്ഷോഭ രംഗത്തുള്ളവര്‍ക്കെതിരെ ബിജെപി ഭരണകൂടം എടുത്ത നടപടികള്‍ കിരാതമാണ്. മതന്യൂനപക്ഷത്തെ ഭയപ്പാടിലാക്കി തളര്‍ത്തുക എന്ന ഫാസിസ്റ്റ് തന്ത്രമാണിത്. സ്വന്തം പാര്‍ട്ടിയും എന്‍.ഡി.എ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ നിയമങ്ങള്‍ നടപ്പിലാക്കില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ദുരഭിമാനം ഒഴിവാക്കി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നിലപാട് മാറ്റുകയാണ് രാജ്യനന്മക്കു ഗുണകരം. നിതീഷ് കുമാറും നവീന്‍ പട്‌നായികും ബി.ജെ.പിയുടെ ഗോവ മുഖ്യമന്ത്രി പോലും പൗരത്വ ബില്ലില്‍ നിലപാട് മാറ്റിക്കഴിഞ്ഞു. ജാര്‍ഖണ്ഡില്‍ ജനങ്ങള്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞത് തിരിച്ചറിയാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ രാജ്യത്തെ ജനത ആകമാനം ഫാസിസ്റ്റ് ശക്തികളെ തൂത്തെറിയുന്ന കാലം അതിവിദൂരമല്ല. പൗരത്വഭേദഗതി നിയമം പോലെ ബി.ജെ.പിയെയും രാജ്യം നിരാകരിച്ചുകഴിഞ്ഞിരിക്കുന്നു.

കര്‍ണാടകത്തില്‍ ന്യൂനപക്ഷങ്ങളെ നേതൃനിരയിലും ഭരണരംഗത്തും ഉയരത്തിലെത്തിക്കാന്‍ മതേതര ജനതാദള്‍ അനവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കര്‍ണാടക ഭരണം ബി.ജെ.പി യുടെ കയ്യിലെത്തിയത് കോണ്‍ഗ്രസിന്റെ ജാഗ്രതക്കുറവ് കൊണ്ടാണ്.
കേരളത്തിലെ വീരേന്ദ്ര കുമാര്‍ നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക് ജനതാദള്‍ ജനതാദള്‍ സെക്യുലറുമായി ലയിക്കുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ആശയ വിനിമയം നടത്തിയിട്ടുണ്ട്. തീരുമാനം ആയിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ടിന് ശേഷം നിലപാട് എടുക്കും. സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറുമായി നേരില്‍ സംസാരിച്ചിട്ടില്ല. ജനത പരിവാറുകള്‍ യോജിക്കുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. പ്രാദേശിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ ചികഞ്ഞ് മുന്‍ പ്രധാനമന്ത്രി ദീര്‍ഘനേരം സംസാരിച്ചു.

SHARE