അരുത്, കുട്ടികളോട് ക്രൂരതയരുത്

ടി.എച്ച് ദാരിമി

കുട്ടികളെ ഉപമിക്കാന്‍ ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും കെട്ടിന്റെയും ഉള്ളില്‍ പരിചരിക്കപ്പെടുമ്പോഴാണ് പൂക്കളും കുട്ടികളും ശ്രദ്ധയാകര്‍ഷിക്കുന്നത്. അതിനാല്‍ ഒരു പൂവിനെയെന്ന പോലെയാണ് കുട്ടികളെ കാണേണ്ടതും അവരോട് ഇടപഴകേണ്ടതും. ഒഴിഞ്ഞതും തെളിഞ്ഞതുമായ അവരുടെ കുഞ്ഞു മനസ്സുകള്‍ സ്‌നേഹത്തിന് കൊതിക്കുന്നവയാണ്. അക്രമവും വക്രതയുമറിയാത്ത അവരുടെ മനസ്സുകള്‍ കാരുണ്യത്തിനു കാത്തിരിക്കുകയാണ്. അതിനാല്‍ അവയില്‍ സ്‌നേഹവും കാരുണ്യവുമാണ് നിറയേണ്ടതും നിറയ്‌ക്കേണ്ടതും. വേണ്ടവര്‍ക്ക് വേണ്ടതു നല്‍കുകയാണ് മാന്യനായ മനുഷ്യന്റെ ധര്‍മ്മം. അതിനാല്‍, അവയല്ലാത്ത ഒന്ന് അവരോട് കാണിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നവനെ മാന്യനെന്നല്ല, മനുഷ്യനെന്ന് തന്നെ വിളിക്കാന്‍ കഴിയില്ല. മനുഷ്യരൂപം പൂണ്ട പിശാചുകള്‍ എന്നു വിളിക്കാം; പിശാചുകള്‍ക്ക് പ്രശ്‌നമില്ലെങ്കില്‍. പക്ഷേ, ഇരുട്ടിന്റെ ശക്തികള്‍ക്ക് ഈ വേദാന്തങ്ങളും തത്വങ്ങളും കേള്‍ക്കാനുള്ള മനസ്സില്ല എന്നിടത്താണ് നാം തോറ്റുപോകുന്നത്. സിറിയയിലെ പൊന്നുമക്കള്‍ മുതല്‍ കത്വയുടെ ബലിക്കല്ലില്‍ കൊത്തിനുറുക്കപ്പെട്ട കൊച്ചു പെണ്‍കുട്ടി വരെയുള്ളവരുടെ രോദനങ്ങള്‍ അതിനാല്‍ തന്നെ മനുഷ്യരെ മുഴുവനും വേട്ടയാടുകയാണ്.

മനുഷ്യനെ മാന്യനാക്കാന്‍ വേണ്ടി വന്നതാണ് മതങ്ങളെല്ലാം. കുട്ടികളുടെ കാര്യത്തിലും ഈ മതങ്ങളെല്ലാം അവനെ മാന്യമായ ഇടപെടലുകളുടെ രീതിശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിന്റെ മര്‍മ്മമറിഞ്ഞുകൊണ്ടുള്ള സമീപനമാണ് ഇസ്‌ലാമിന്റേത്. കുട്ടികളെ പൂക്കളെ പോലെ കാണാന്‍ ഇസ്‌ലാം മനുഷ്യനെ ഉദ്‌ബോധിപ്പിക്കുന്നു. കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്ന ഇസ്‌ലാം അതില്‍ പരാജയപ്പെടുന്നവനെ പരാജിത മനുഷ്യനായി എഴുതിത്തള്ളുന്നു. ഒരിക്കല്‍ നബി(സ) തന്റെ പേരമക്കളൊത്ത് കളിതമാശകളില്‍ മുഴുകിയിരിക്കുമ്പോള്‍ അങ്ങോട്ട് അഖ്‌റഅ് ബിന്‍ ഹാബിസ് (റ) എന്ന ഒരാള്‍ കടന്നുവന്നു. അദ്ദേഹം കടന്നുവന്നതും ദൃഷ്ടിയില്‍ പതിഞ്ഞത് നബി തിരുമേനി പേരക്കിടാവിനെ ഉമ്മവെക്കുന്നതായിരുന്നു. അതു കണ്ട അഖ്‌റഅ് ആശ്ചര്യഭരിതനായി. ‘എനിക്ക് പത്തു മക്കളുണ്ട്, പക്ഷെ, അവരില്‍ ഒരാളെയും ഞാനിതുവരേ ചുംബിച്ചിട്ടേയില്ല..’ എന്ന് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. മദീനയുടെ പ്രാന്തത്തിലായിരുന്നു ആ സ്വഹാബിയുടെ വീട്. അദ്ദേഹം ബനൂ തമീം എന്ന വലിയ കുടുംബത്തിലെ കാരണവരായിരുന്നുവെങ്കിലും നാഗരികതയുടെ രശ്മികള്‍ അങ്ങോട്ടൊക്കെ കടന്നുചെല്ലുന്നേയുണ്ടായിരുന്നുള്ളൂ. നബി(സ) തലയുയര്‍ത്തി അദ്ദേഹത്തെ നോക്കി പറഞ്ഞു: ‘നിങ്ങളുടെ മനസ്സില്‍ നിന്നും കാരുണ്യത്തെ അല്ലാഹു എടുത്തുകളഞ്ഞതിന് ഞാനെന്തു ചെയ്യാനാണ്?..’ ആയിഷാ (റ)യില്‍ നിന്ന് മുസ്തദ്‌റക് അബൂ ഹുറൈറ(റ) നിവേദനം ചെയ്ത ഇതേ ഹദീസില്‍ പറയുന്നത് ‘ഒരാള്‍ കരുണ കാണിച്ചില്ലെങ്കില്‍ അവനു കരുണ ലഭിക്കുകയുമില്ല’ എന്നാണ് (ബുഖാരി, മുസ്‌ലിം)
‘ചെറിയവരോട് കാരുണ്യം കാണിക്കാത്തവരും വലിയവരുടെ ശ്രേഷ്ഠത ഉള്‍ക്കൊള്ളാത്തവരും നമ്മില്‍പെട്ടവനല്ല’ എന്ന് നബി(സ) പറഞ്ഞു (അഹ്മദ്). നബി(സ)യുടെ ജീവിത പരിസരത്ത് കുട്ടികളോടുള്ള കാരുണ്യത്തിന്റെ ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. മണവാട്ടിയെങ്കിലും കുട്ടിയായിരുന്ന ആയിഷാ(റ)യോട് നബി(സ) കാണിച്ചിരുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ അവയിലൊന്നാണ്. ഒരിക്കല്‍ നബി(സ) കയറിവരുമ്പോള്‍ ഒരുതരം കളിക്കോപ്പുമായി കളിക്കുന്ന ആയിഷയെയായിരുന്നു നബി കണ്ടത്. ഒരു കൊച്ചുകുട്ടിയോടെന്ന പോലെ നബി(സ) അരികെ ചെന്നിരുന്ന് ചോദിച്ചു: ‘ഇതൊക്കെ എന്താ?..’. അവര്‍ നിഷ്‌കളങ്കയായി പറഞ്ഞു: ‘ഇതൊക്കെ സുലൈമാന്റെ കുതിരകളാ.., ചിറകുകളുള്ള.. ‘. അതുകേട്ട് നബി ചിരിക്കുകയുണ്ടായി (അബൂ ദാവൂദ്, നസാഈ).

നബി(സ)യുടെ വീട്ടില്‍ അനസ് എന്ന ഒരു പരിചാരകന്‍ കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ നബി (സ) അവനെ ഒരു കാര്യത്തിന് പറഞ്ഞയച്ചു. മടങ്ങിവരേണ്ട സമയമൊക്കെ കഴിഞ്ഞിട്ടും അനസിനെ കാണാതെ വന്നപ്പോള്‍ നബി(സ) അവനെയും തേടിയിറങ്ങി. അപ്പോള്‍ വഴിയില്‍ ഒരു കൂട്ടം കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അനസ് എല്ലാം മറന്ന് അവരുടെ കളിയില്‍ കൂടിയിരിക്കുകയാണ്. തന്നെ പറഞ്ഞയച്ചതും ഏല്‍പ്പിച്ചതുമൊക്കെ അവന്‍ മറന്നുപോയിരിക്കുന്നു. നബി(സ) അവന്റെ അടുക്കലെത്തി അവനെ കയ്യോടെ പിടികൂടി. ദേഷ്യപ്പെടാവുന്ന കാരണവും ന്യായവുമൊക്കെയുണ്ടായിട്ടും നബി(സ) അവനോട് ദേഷ്യപ്പെട്ടതേയില്ല. ഞാനിപ്പോള്‍ അതു ചെയ്തുവരാം എന്നും പറഞ്ഞ് അവന്‍ നബി പറഞ്ഞയച്ച കാര്യത്തിനായി ഓടുകയും ചെയ്തു. ഓടിയകലുന്ന അനസ് തിരിഞ്ഞുനോക്കവെ കൂട്ടിമുട്ടിയത് നബിതിരുമേനിയുടെ പുഞ്ചിരിയെയായിരുന്നു. (സ്വഹീഹ് മുസ്‌ലിമില്‍ നിന്ന്)

നബിയുടെ മുറ്റത്തു വളര്‍ന്ന കുട്ടികളില്‍ ഒരാളായിരുന്നു അബ്ദുല്ലാഹി ബിന്‍ ജഅ്ഫര്‍. ഒരിക്കല്‍ അബ്ദുല്ല വഴിയില്‍ കളിക്കച്ചവടം നടത്തുന്നത് നബി(സ) കണ്ടു. വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതായി അഭിനയിച്ച് കളിക്കുന്ന ഒരു കട. നബി(സ) കച്ചവടക്കാരനോട് ഹൃദ്യമായി പുഞ്ചിരിച്ചു. നബി(സ) പ്രാര്‍ഥിക്കുകയും ചെയ്തു: ‘അല്ലാഹുവേ, അവന്റെ കച്ചവടത്തില്‍ നീ ബര്‍ക്കത്ത് ചെയ്യേണമേ..’ (അല്‍ ഇത്ഹാഫ്).

ഇസ്‌ലാമിക കര്‍മ്മശാസ്ത്രം കുട്ടികളോട് കാരുണ്യം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ധാരാളമുണ്ട്. ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കും നോമ്പ് ഉപേക്ഷിക്കാനുള്ള അനുമതി കൊടുക്കുന്നത് ഇതിലൊന്നാണ്. കുട്ടിയുടെ കാര്യത്തിലുള്ള ഭയമുണ്ടെങ്കില്‍ അവള്‍ക്ക് അപ്പോള്‍ നോമ്പൊഴിക്കാവുന്നതും പകരമായി ഒരു മുദ്ദ് ഭക്ഷ്യധാന്യം അഗതികള്‍ക്ക് നല്‍കേണ്ടതുമാണ് എന്നാണ് കര്‍മ്മശാസ്ത്രം. ഈ പരിഗണന ശിക്ഷാവിധികളില്‍ വരെ എത്തുന്നുണ്ട്. ഗാമിദിയ്യ വംശജയായ ഒരു സ്ത്രീ വ്യഭിചാരത്തില്‍ ഗര്‍ഭിണിയായപ്പോള്‍ നബി(സ) നടത്തിയ സമീപനം ഇതിനു തെളിവാണ്. കുറ്റകൃത്യം നബി(സ)യുടെ കോടതിയില്‍ തെളിയിക്കപ്പെട്ടതോടെ അവളെ ശിക്ഷിക്കാതെ അവളുടെ ഉദരത്തിലുള്ള കുഞ്ഞിനോടുള്ള കാരുണ്യം എന്ന നിലക്ക് അവളോട് പോയി ‘പ്രസവിച്ചിട്ട് വരൂ’എന്നു പറഞ്ഞ് നബി(സ) ശിക്ഷ നീട്ടി. പ്രസവം കഴിഞ്ഞ് വന്നപ്പോഴും നബി(സ) അവളെ ശിക്ഷിച്ചില്ല. അവളുടെ കുഞ്ഞിന്റെ മുലകുടി മാറ്റുന്നതുവരേക്കും ഖരഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങുന്നതുവരേക്കും വീണ്ടും ശിക്ഷ നീട്ടിവെച്ചു. മതനിയമത്തിലുള്ള കാര്‍ക്കശ്യം എന്നതിനു പുറമെ കുട്ടികളോടുള്ള കാരുണ്യം എന്നതിനു കൂടി തെളിവാണ് ഈ സംഭവം.

ആപേക്ഷികമായി ഏറ്റവും അധികം കരുണ അര്‍ഹിക്കുന്നത് പെണ്‍കുട്ടികളാണ്. അവരുടെ ജൈവ പ്രത്യേകതയാണ് അതിനൊരു കാരണം. അവര്‍ സ്‌നേഹത്തിന് ആണ്‍കുട്ടികളേക്കാള്‍ ആശിക്കുന്നവരാണ്. കാഠിന്യങ്ങള്‍ താങ്ങാന്‍ അവര്‍ മാനസികമായും ശാരീരികമായും കഴിയാത്തവരാണ്. പൊതുവെ അവര്‍ ദുര്‍ബലരുമാണ്. അതുകൊണ്ടുതന്നെ മിക്ക പെണ്‍കുട്ടികളും മാതാപിതാക്കളോട് ഒട്ടിച്ചേര്‍ന്നാണ് കഴിഞ്ഞുകൂടുന്നത്. ഈ ജീവശാസ്ത്ര വ്യതിരിക്തത ഇസ്‌ലാം ഉള്‍ക്കൊള്ളുന്നുണ്ട്. ഇസ്‌ലാം കടന്നുവരുന്ന കാലം ആഭ്യന്തര യുദ്ധങ്ങളുടേതായിരുന്നു. യുദ്ധത്തിന് ഉപകാരപ്പെടാത്ത പെണ്‍മക്കളോട് അതിനാല്‍ തന്നെ അവര്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അവരെ തീറ്റിപ്പോറ്റുന്നത് വെറുതെയാണ് എന്ന് ആ യുഗം ധരിച്ചു. അതിനാല്‍ പെണ്‍കുഞ്ഞുങ്ങളെ അവര്‍ പലപ്പോഴും ജീവനോടെ കുഴിച്ചുമൂടുക വരെ ചെയ്യുമായിരുന്നു (നഹ്ല്‍: 58, 59). ഇങ്ങനെ ചെയ്യുന്നവരുടെ കൈക്ക് കടന്നുപിടിച്ച ഇസ്‌ലാം പെണ്‍കുട്ടികളെ പോറ്റുന്നത് പുണ്യമാണ് എന്നു വരെ പഠിപ്പിച്ചു. പെണ്‍കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നതും പോറ്റുന്നതും ശ്രേഷ്ഠമാണ് എന്നതിന്റെ ധ്വനി അവരോട് ക്രൂരത കാണിക്കുന്നത് ഒട്ടും നീതീകരിക്കാനാവാത്ത കാര്യമാണ് എന്നതാണ്. ‘രണ്ടു പെണ്‍മക്കളെ പ്രായപൂര്‍ത്തിവരേക്കും ഒരാള്‍ പോറ്റിവളര്‍ത്തിയാല്‍ അവനും ഞാനും ഇവ രണ്ടും പോലെയായിരിക്കും’ എന്ന് രണ്ടു വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച് നബി (സ) പറയുകയുണ്ടായി (മുസ്‌ലിം).

വര്‍ത്തമാന ലോകം പക്ഷേ, ഈ തത്വങ്ങള്‍ക്കു മുമ്പില്‍ തലകുനിച്ചുനില്‍ക്കേണ്ടിവരികയാണ്. ഇഷ്ടമുള്ള പ്രായപക്വത നേടിയ സ്ത്രീയെ വിവാഹം ചെയ്യുവാന്‍ മുതല്‍ ഉഭയകക്ഷി സമ്മതപ്രകാരം പരസ്ത്രീകളുമായി വ്യഭിചാരത്തില്‍ ഏല്‍പ്പെടാന്‍ വരേ നിയമ പരിരക്ഷയുള്ള നമ്മുടെ നാട്ടില്‍ ലൈംഗിക സഹകരണമോ പ്രതികരണമോ പോലും ചെയ്യാന്‍ പ്രായമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് പീഢിപ്പിക്കുന്നതും കൊന്നുകളയുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഈ കാമപ്പേക്കൂത്തിനെ പിടിച്ചുകെട്ടാന്‍ മതസംഹിതകള്‍ക്കു മാത്രമല്ല, ദേവസ്ഥാനങ്ങള്‍ക്കു പോലും കഴിയുന്നില്ല എന്നിടത്ത് നാം വീണ്ടും ഞെട്ടുകയാണ്. ചില മനുഷ്യന്മാര്‍ക്ക് ദര്‍ശനങ്ങളും തത്വങ്ങളുമല്ല തങ്ങളുടെ കാമം മാത്രമാണ് മതം എന്നിടത്ത് ഒരു നിശ്വാസം കൊണ്ട് ചിന്തക്ക് വിരാമമിടാനല്ലാതെ നമുക്കെന്തുകഴിയും?