ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ നിരവധി

എ.എ വഹാബ്
അല്ലാഹുവിന്റെ സമയബന്ധിതമായ ഒരാസൂത്രിത പദ്ധതിയാണ് ജീവിതം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള അടിസ്ഥാന ജ്ഞാനവും വിശ്വാസവും മനുഷ്യ മനസ്സിന്റെ പ്രകൃതത്തില്‍ ഉള്‍ഭൂതമാക്കിയിട്ടുണ്ട്. ഭൗതിക ജീവിതത്തിലെ പ്രായോഗികരംഗത്ത് ആ ജ്ഞാനം ഉറപ്പിക്കാനും വിശ്വാസം ദൃഢപ്പെടുത്താനും അല്ലാഹു നല്‍കുന്ന ദുഷ്ടാന്തങ്ങ(തെളിവുക)ളാണ് എല്ലാ സൃഷ്ടികളും. ‘വാനലോകങ്ങളെയും ഭൂമിയേയും സൃഷ്ടിക്കുകയും വാനില്‍നിന്ന് നിങ്ങള്‍ക്കായി ജലം വര്‍ഷിക്കുകയും അതുവഴി സുന്ദരമായ തോട്ടങ്ങള്‍ വളര്‍ത്തുകയും അതിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുകയും നിങ്ങളുടെ കഴിവില്‍പെട്ടതായിരുന്നില്ലല്ലോ. ചെയ്തവന്‍ ആരാണ്? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം (ഈ കാര്യങ്ങളില്‍ പങ്കാളിയായി) ഉണ്ടോ? (ഇല്ല) മറിച്ച്, ഈ ജനം സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവര്‍ തന്നെയാകുന്നു’ (27:60). മനുഷ്യന്റെ യുക്തിചിന്തയെ ഉണര്‍ത്തി സത്യബോധനത്തിന് പ്രകൃതി യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കുക ഖുര്‍ആന്റെ സ്ഥിരം ശൈലിയാണ്.
എല്ലാവര്‍ക്കും പരിചിതമായ മേല്‍വിവരിച്ച പ്രകൃതി പ്രതിഭാസങ്ങള്‍ എടുത്ത്കാണിച്ച് അവയുടെ സൃഷ്ടിപ്പില്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന ചോദ്യവും അതിന് ബഹുദൈവ വിശ്വാസികള്‍ പറയുന്ന മറുപടിയും അല്ലാഹു ഖുര്‍ആനില്‍ മറ്റു പലയിടത്തും ഉദ്ധരിക്കുന്നുണ്ട്. ‘അവരോടു ചോദിക്കുക: ആകാശ ഭൂമികളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നവനാരാകുന്നു? ശ്രവണ ദര്‍ശന ശക്തികള്‍ ആരുടെ അധീനത്തിലാകുന്നു? മൃതവസ്തുക്കളില്‍നിന്ന് സജീവ വസ്തുക്കളെയും സജീവ വസ്തുക്കളില്‍നിന്ന് മൃതവസ്തുക്കളെയും പുറപ്പെടുവിപ്പിക്കുന്നവനാരാകുന്നു? ഈ പ്രാപഞ്ചിക കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനാരാകുന്നു? തീര്‍ച്ചയായും അവര്‍ പറയും, അല്ലാഹുവാണെന്ന്’ (10:31). ഇതെല്ലാം വളരെ വ്യവസ്ഥാപിതമായി സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഏകനായ അതേ അല്ലാഹുതന്നയാണ് മനുഷ്യ ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നതും അവരെ മരിപ്പിച്ചശേഷം പുനര്‍ജീവിപ്പിച്ച് അവരുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്ത് രക്ഷാ ശിക്ഷാവിധി നല്‍കുന്നതും. പക്ഷേ അധിക ജനവും അതില്‍ വിശ്വസിക്കുന്നില്ല. കൂടാതെ ഭൗതിക ജീവിതത്തില്‍ തങ്ങളുടെ രക്ഷകരായി അല്ലാഹു അല്ലാത്ത പരദൈവങ്ങളുണ്ടെന്ന മിഥ്യാധാരണ വെച്ച്പുലര്‍ത്തുകയും ചെയ്യുന്നു. പ്രകൃതി യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്ന മനുഷ്യമനസ്സ് തന്നെയാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്. അവരെ അതില്‍നിന്ന് സത്യമാര്‍ഗത്തിലേക്ക് നയിക്കാനാണ് ഖുര്‍ആന്‍ ഈവിധം ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നത്. അത് ശരിയായി ഉള്‍ക്കൊണ്ട് ജീവിച്ചാലേ സംതൃപ്തമായ സമര്‍പ്പണത്തിന് സാധ്യമാവുകയുള്ളു. ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നു: ഭൂമിയെ അതിലെ ബഹുവിധ ജീവി വര്‍ഗങ്ങള്‍ക്ക് അധിവാസയോഗ്യമാക്കുക എന്നത് നിസ്സാരകാര്യമല്ല. അതിസമര്‍ഥമായ ആസൂത്രണവും അസാമാന്യമായ കഴിവും ശക്തിയും വിഭവങ്ങളും തുടങ്ങി പലതും അതിനാവശ്യമുണ്ട്. വായുവും വെള്ളവും വെളിച്ചവും കല്ലും മണ്ണും തുടങ്ങി ആ പട്ടിക അങ്ങനെ നീണ്ടു പോകുമെന്ന് സാധാരണബുദ്ധിക്ക് പോലും മനസ്സിലാക്കാനാവും. ആകാശത്ത് എങ്ങും തൊടാതെ അലയുകയോ ഉലയുകയോ ചെയ്യാതെ അനേക തരം ചലനങ്ങളില്‍ നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന ഭൂമിക്ക് മുകളിലാണ് നാം ശാന്തമായി അധിവസിക്കുന്നതെന്നത് കൃത്യമായി സങ്കല്‍പിക്കാന്‍ അസാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും പ്രയാസമാണ്. ഇങ്ങനെ നിരന്തര ചലനത്തിലുള്ള ഭൂമിയിലെ ഒരോ അണുവിന്റെ അസ്തിത്വവും അത്ഭുതകരം തന്നയല്ലേ? നദികളും പുഴകളും നങ്കൂരമടിച്ചപോലെ പര്‍വതങ്ങളും ഭൂമിക്ക് മുകളില്‍ പതിയിരിക്കുന്നത് നിത്യ പരിചയംകൊണ്ട് നമുക്ക് ആശ്ചര്യം നഷ്ടപ്പെട്ടുപോയ മഹാത്ഭുതങ്ങളാണ്. ഈ ഭൂമിയിലുള്ള ശുദ്ധജലത്തിന്റെയും ഉപ്പുജലത്തിന്റെയും നിക്ഷേപങ്ങള്‍ തമ്മില്‍ കൂടിക്കലരാതെ നില്‍ക്കുന്ന പ്രതിഭാസം സമുദ്രങ്ങളിലും പുഴകളിലും നദികളിലും ഭൂഗര്‍ഭത്തില്‍തന്നെയും പലയിടത്തുമുണ്ട്. കൃത്യമായി അതിന്റെ ശാസ്ത്ര കാരണങ്ങള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതൊന്നും യാദൃച്ഛികമായി ഉടലെടുത്തതോ പല ശക്തികള്‍ സൃഷ്ടിച്ചുണ്ടാക്കിയതോ അല്ലന്ന് ചിന്തിക്കുന്ന ഏതൊരു മനുഷ്യനും മനസ്സിലാക്കാം. മനസ്സും മനസ്സിലാക്കാനുള്ള ബുദ്ധിയും സൃഷ്ടിച്ച് തന്നതും ഏകനായ അതേ അല്ലാഹു തന്നയാണ്. പക്ഷെ അധിക മനുഷ്യരും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഭൗതിക ജീവിതാസ്വാദനത്തി ല്‍ മുഴുകിക്കഴിയുകയാണ്.
ഖുര്‍ആന്റെ വിവരണം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു: ‘പീഡിതന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം ചെയ്യുന്നതും അയാളുടെ പീഡയകറ്റുന്ന തും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുന്നതും ആരാണ്? (ഇതൊക്കെ ചെയ്യാന്‍) അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഉണ്ടോ? നിങ്ങള്‍ തുച്ഛമായേ ചിന്തിക്കുന്നുള്ളൂ’ (27:62). വിപത്തുകള്‍ വരുത്തുന്നതും മാറ്റുന്നതും അല്ലാഹു വാണന്ന് മക്കാ മുഷ്‌രിക്കുകള്‍ വിശ്വസിച്ചിരുന്നു. ഒരു വിപത്തു ബാധിക്കുമ്പോള്‍ അവര്‍ അല്ലാഹുവിനോടുതന്നെ ആവലാതിപ്പെടുന്നു. അവന്‍ അത് ദൂരീകരിച്ചാലോ അവര്‍ മറ്റുള്ളവരെ അവന്റെ പങ്കാളികളാക്കുന്നു. ഇക്കാര്യം ഖുര്‍ആന്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ഈ സ്വഭാവം അറേബ്യന്‍ ബഹുദൈവ വിശ്വാസികളില്‍ പരിമിതമല്ല. ലോകത്തെവിടെയുമുള്ള ബഹുദൈവാരാധകരുടെ സ്വഭാവം പൊതുവില്‍ ഇതുതന്നെയാണ്. ദുര്‍ബല വിശ്വാസികളും ഇതില്‍ പെട്ട്‌പോകാറുണ്ട്. മറ്റൊരു പ്രധാന കാര്യം ആപത്തുകളില്‍പെട്ട് കഷ്ട പ്പെടുന്നവന്റെ പ്രാര്‍ത്ഥനക്ക് പെെട്ടന്ന് ഉത്തരം ലഭിക്കുമെന്ന് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പല ഖുര്‍ആന്‍ വചനങ്ങളില്‍നിന്നും നബിവചനങ്ങളില്‍നിന്നും മനസ്സിലാക്കാവുന്നതാണിക്കാര്യം. രക്ഷാമാര്‍ഗം കാണാതെ കഷ്ടപ്പെട്ടു വലയുന്നവന്‍ മനസ്സാന്നിധ്യത്തോടും വിശ്വാസത്തോടുംകൂടി അവന്റെ സങ്കടം അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നപക്ഷം, നിശ്ചയമായും വിചാരിക്കാത്തവിധം അവന് അല്ലാഹുവില്‍നിന്ന് രക്ഷ ലഭിക്കുന്നതാകുന്നു, പ്രാര്‍ത്ഥിക്കുന്നവന്‍ പാപിയാണെങ്കില്‍ പോലും. സമുദായം ദുരിതമനുഭവിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഈ സൂക്തം പഠിച്ച് പ്രാവര്‍ത്തികമാക്കേണ്ടത് അനിവാര്യമാണ്. യാതനകളും കഷ്ടതകളും മാറിക്കിട്ടാന്നും ഭൂമിയില്‍ വ്യവഹാരവും ശാസനയും നടത്താന്‍ പ്രാതിനിധ്യാധികാരം ലഭിക്കാനും. അതെല്ലാം നല്‍കുന്നത് അല്ലാഹു മാത്രം. പ്രാര്‍ത്ഥിച്ചിട്ട് ഫലം കാണുന്നില്ലന്ന പരാതി പൊതുവെ കേള്‍ക്കാറുണ്ട്. പ്രാര്‍ത്ഥിക്കുന്നവന് ഉത്തമമായതാണ് അല്ലാഹു നല്‍കുക. ഉത്തമം ഏതെന്ന് സര്‍വജ്ഞനായ അല്ലാഹുവിനാണ് നന്നായി അറിയുക, അടിമക്കല്ല. പ്രത്യക്ഷത്തില്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കിലും പ്രാര്‍ത്ഥനയുടെ ഫലം പരലോകത്ത് കാണും. അതിനാല്‍ അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് നിരാശപ്പെട്ട് പ്രാര്‍ത്ഥന കൈവെടിയാതെ തികഞ്ഞ പ്രതീക്ഷയോടെ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാനാണ് അല്ലാഹു കല്‍പിക്കുന്നത്. അതവന് ഇഷ്ടമാണ്.
രാവും പകലും കരയിലും കടലിലും സഞ്ചാരവേളയില്‍ മനുഷ്യനെ വഴികാട്ടുന്നതിന് അല്ലാഹു ഒരുക്കിയ സംവിധാനങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവിധ ഇടങ്ങളില്‍ പറയുന്നു. അതെല്ലാം മനുഷ്യന് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളാണ്. അവന്റെ മഹത്തായ മറ്റൊരു കാരുണ്യമാണ് മഴ. മഴക്ക് മുമ്പ് കാറ്റിനെ ശുഭവാര്‍ത്തയായി അല്ലാഹു അയക്കുന്നു. അതും ഒരു കാരുണ്യം തന്നെ. ഇതെല്ലാം ചെയ്തുതരുന്നത് ഏകനായ അല്ലാഹു മാത്രമല്ലേ? അതിനൊക്കെ അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവങ്ങളോ ശക്തികളോ ഉണ്ടെന്ന് മനുഷ്യബുദ്ധി കാണുന്നുണ്ടോ? ഇല്ലന്നാണുത്തരം. ചിന്തിച്ചു മനസ്സിലാക്കാതെ അങ്ങനെ ആരെങ്കിലും ആരോപിക്കുന്നുണ്ടെങ്കില്‍ ആ ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങള്‍ക്കെല്ലാം അതീതനും അത്യുന്നതനുമായ അല്ലാഹു മനുഷ്യജീവിതത്തിനാവശ്യമായ മാര്‍ഗദര്‍ശനവും നല്‍കിയിട്ടുണ്ട്. ജീവിത വിജയത്തിന് അത് പിന്തുടരല്‍ അനിവാര്യമാണ്. ആധുനിക ശാസ്ത്രത്തിന് ഇനിയും കൃത്യമായി കണ്ടെത്താനോ വിശദീകരിക്കാനോ സാധിക്കാത്ത സൃഷ്ടി ഉത്പത്തിയെക്കുറിച്ചും ഇക്കൂട്ടത്തില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ പല വിശദാംശങ്ങ ളും ഖുര്‍ആനി ല്‍ പല സ്ഥല ത്തും കാണാം. അതിന്റെ അഗാധതയിലേക്ക് മനുഷ്യന്‍ എത്രത്തോളം ഇറങ്ങിച്ചെല്ലുന്നുവോ, അത്രത്തോളംതന്നെ അവന് അല്ലാഹുവിന്റെ അസ്തിത്വത്തിന്റെയും ഏകത്വത്തിന്റെ യും സാക്ഷ്യങ്ങള്‍ കണ്ടെത്താനാകും.
അല്ലാഹു അല്ലാതെ ഒന്നുമില്ലാത്ത ഒരവസ്ഥ. അത് നമുക്ക് സങ്കല്‍പിക്കാന്‍ പോലുമാവില്ല. ദൈവേച്ഛയില്‍നിന്ന് കല്‍പന, കല്‍പന വിസ്‌ഫോടനമാണന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആ ഊര്‍ജ വിസ്‌ഫോടനത്തില്‍ നിന്ന് പുക: ആദി നീഹാരിക, ഹൈഡ്രജന്‍, തുടര്‍ന്ന് ഓക്‌സിജന്‍, പിന്നെ സംയോജനം, ജലം, ഘരം സൃഷ്ടിയുടെ ക്രമാനുഗതമായ പട്ടിക നിരത്താന്‍ ആര്‍ക്കുമാവില്ല. ഊര്‍ജത്തില്‍നിന്ന് ദ്രവ്യവും ദ്രവ്യം ഊര്‍ജമാകുന്ന പരിണാമവും വസ്തുവിന്റെ നിലനില്‍പ്തന്നെ മഹാത്ഭുതമാണ്. സൃഷ്ടിയാരംഭവും ആവര്‍ത്തനവും. ഏറെ സങ്കീര്‍ണമാണ് വിഷയം. ഊര്‍ജവും ദ്രവ്യവും മാത്രം പോരല്ലോ, ജീവനും മനസ്സും ആത്മാവും അവയെയൊന്നും ആഴത്തില്‍ വിശദീകരിക്കാനാവില്ല. കോടാനുകോടി അചേതന സചേതന വസ്തുക്കള്‍ സസ്യങ്ങള്‍ ജന്തുക്കള്‍ മറ്റു ജീവജാല ങ്ങള്‍, നിറം, മണം, രുചി, ആകൃതി, പ്രകൃതി, ഭാരം, ഊഷ്മാവ്, സ്ഥാനം, കാലം, വികാരം, വിചാരം, ചിന്ത, ആശ, ആശയം, ഭാഷ, ബോധം, ശബ്ദം, രാഗം, മഴ, മഞ്ഞ്, ഇരുട്ട്, വെളിച്ചം തുടങ്ങി കോടാനുകോടി സൃഷ്ടി ഇനങ്ങള്‍ ഇവയുടെയൊക്കെ ആരംഭവും ആവര്‍ത്തനവും സംഹാരവും ഇതിനൊക്കെയും മണ്ണില്‍ നിന്നും വിണ്ണില്‍നിന്ന് ഉപജീവനവും ഇതൊക്കെ ചെയ്യാന്‍ അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും പങ്കാളി ഉണ്ടെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍തന്നെ കഴിയുമോ? അങ്ങനെ ചിന്തിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ സത്യവാന്മാരെങ്കില്‍ തെളിവ് ഹാജരാക്കാന്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു. അതാര്‍ക്കും കഴിയില്ല. കാര്യങ്ങള്‍ ഇത്രയും വ്യക്തമായിരിക്കെ മനുഷ്യര്‍ എന്തുകൊണ്ട് ബഹുദൈവ ചിന്ത വെടിഞ്ഞ് ഏകനായ അല്ലാഹുവിന് മാത്രം ജീവിതം സമര്‍പ്പിച്ച് വിജയം നേടാന്‍ ശ്രമിക്കുന്നില്ല എന്നതാണ് പ്രധാന ചോദ്യം. മനുഷ്യന്‍ കുറച്ചു മാത്രമേ ചിന്തിക്കുന്നുള്ളു. അതുകൊണ്ടാണ് പലര്‍ക്കും അവര്‍ സ്വയം വലുതാണെന്ന് തോന്നുന്നത്. അത്തരം ചിന്ത നന്മയല്ല നാശമാണ് വരുത്തുക.

SHARE