സത്യവിശ്വാസ സാക്ഷ്യങ്ങള്‍

എ.എ വഹാബ്

ഖുര്‍ആന്‍ മനുഷ്യര്‍ക്കാകമാനമുള്ള ഒരു ജീവിത സന്ദേശമാണ്. ജീവിതം കാരുണ്യവാനായ ഏക ദൈവത്തിന്റെ ഒരു സമയബന്ധിത സോദ്ദേശ പദ്ധതിയാണ്. നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞാല്‍ മനുഷ്യര്‍ ഉള്‍പ്പെടെ എല്ലാം ഈ ഭൗതിക ജീവിതത്തില്‍ നിന്ന് മടങ്ങും. നിലവിലുള്ള പ്രപഞ്ച സംവിധാനം നശിക്കും. പുതിയ ആകാശവും പുതിയ പ്രപഞ്ചങ്ങളുമായി മറ്റൊരു ലോകം നിലവില്‍ വരും. അത് അന്ത്യമില്ലാത്ത അനന്ത ലോകമായിരിക്കും. അവിടെ ജീവിതം അവസാനിക്കില്ല. അവിടെയുള്ള ജീവിതത്തിന്റെ ജയപരാജയങ്ങളും സുഖദുഃഖങ്ങളും തീരുമാനിക്കാനുള്ള ഒരു പരീക്ഷണ ഘട്ടമാണ് ഇന്നിവിടെ കാണുന്ന ഭൗതിക ജീവിതം. ഇവിടെ ആരെന്ത് നേടിയാലും അത് ശാശ്വതമായി നിലനില്‍ക്കില്ല. എല്ലാം സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിച്ച് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത് ഏകനായ സ്രഷ്ടാവ് മാത്രമാണ്. മനുഷ്യന്റെ ഭാഗ്യദൗര്‍ഭാഗ്യങ്ങളും ജയപരാജയങ്ങളും തുടങ്ങി എല്ലാം നിലനില്‍ക്കുന്നത് ആ ഏക സ്രഷ്ടാവിനെ ആശ്രയിച്ച് മാത്രമാണ്. ഇവിടുത്തെ ഹ്രസ്വകാല ജീവിതത്തിലും പരലോകത്തെ അനന്തജീവിതത്തിലും വിജയം വരിക്കാന്‍ മനുഷ്യന്‍ ദൈവീക വെളിപാടായ ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തി ജീവിക്കണമെന്ന് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവ് നിര്‍ദ്ദേശിക്കുന്നു.
പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നത് മുഴുവന്‍ സത്യമാണ്. ആ സത്യത്തില്‍ വിശ്വാസിക്കാതെ മനുഷ്യന് ജീവിത വിജയം കൈവരിക്കാനാവില്ലെന്ന കാര്യം ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നുണ്ട്. സത്യവിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന അല്‍ മുഅ്മിനൂന്‍ സൂറത്തിന്റെ പ്രാരംഭത്തില്‍, വിജയിക്കുന്ന സത്യവിശ്വാസികളുടെ ചില സ്വഭാവ സവിശേഷതകളെക്കുറിച്ച് പറഞ്ഞ തൊട്ടുടനെ സത്യവിശ്വാസത്തിന് സാക്ഷ്യങ്ങള്‍ നിരത്തുകയാണ് അല്ലാഹു. മറ്റു പലേ സൂറകളിലും ധാരാളമായി ഇത്തരം, സത്യവിശ്വാസ സാക്ഷ്യങ്ങള്‍, അടിക്കടി ഉണര്‍ത്തി മനുഷ്യനെ ജീവിത വിജയത്തിനായി സത്യത്തില്‍ ദൃഢമായി വിശ്വസിക്കാന്‍ നിരന്തരമായി പ്രേരിപ്പിക്കുന്നത് ഖുര്‍ആന്റെ ഒരു പതിവ് രീതിയാണ്. ഏക ദൈവ വിശ്വാസികളും, ബഹുദൈവത്വ ചിന്തകള്‍ക്കും നിരീശ്വരവാദികള്‍ക്കും ആഴത്തില്‍ ചിന്തിച്ച് സത്യം മനസ്സിലാക്കാന്‍ ഇവിടെ നല്‍കുന്ന സൂചനകള്‍. തനിക്ക് താന്‍ പോന്നവനാണെന്ന അഹന്തയോടെ സ്രഷ്ടാവിനെയും അവന്റെ നടപടി ക്രമങ്ങളെയും നിര്‍ദ്ദേശങ്ങളെയും നിരസിച്ചും അവഗണിച്ചും ജീവിതം നയിക്കുന്നവര്‍ക്ക് പുനര്‍വിചിന്തനത്തിന് അവസരം നല്‍കാനാണത്. ”തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമാക്കി അതിനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപാന്തരപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമാക്കി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ നാം അസ്തിക്കൂടമായി രൂപാന്തരപ്പെടുത്തി എന്നിട്ട് നാം ആ അസ്തിക്കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തി എടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു. പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ മരിക്കുന്നവരാകുന്നു. തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടുന്നതുമാണ്. (ഖു: 23:13-16).
മനുഷ്യന്റെ ഉല്‍പ്പത്തിയെയും പരിവര്‍ത്തനത്തിന്റെ പ്രാരംഭ പടവുകളെയും കുറിച്ചാണ് ഇവിടെ സൂചന. ചിന്തിക്കുന്നവര്‍ക്ക് ഏറെ ദൃഷ്ടാന്തങ്ങളും ആഴത്തിലുള്ള ഗുണപാഠങ്ങളും ഈ സൂക്തം ഉള്‍ക്കൊള്ളുന്നുണ്ട്. അധര്‍മിയും അക്രമിയുമായി ഭൂമുഖത്ത് തിമിര്‍ത്താടി ജീവിതം നയിക്കുന്ന മനുഷ്യന്‍ ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിയാല്‍ അവന് ജീവിതത്തെ സംബന്ധിച്ച് വീണ്ടുവിചാരവും ശരിയായ ബോധവും ലഭിക്കും. മനുഷ്യനോ പ്രപഞ്ചമോ ഇവിടെ ഇല്ലായിരുന്നു. ഇല്ലായ്മയില്‍ നിന്നാണ് പ്രപഞ്ചത്തെയും മനുഷ്യനെയും അല്ലാഹു സൃഷ്ടിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആ സത്യം അംഗീകരിക്കാന്‍ മനുഷ്യന് കഴിയും എന്നല്ലാതെ അതിന്റെ അതിസങ്കീര്‍ണമായ വിശദാംശങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മനുഷ്യ മനസ്സിനാവില്ല. മനുഷ്യോല്‍പ്പത്തിയുടെ ആദ്യ പാഠമാണ് കളിമണ്ണിന്റെ സത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന ആദ്യ പരാമര്‍ശം സൂചന നല്‍കുന്നത്. ഇത് സംബന്ധമായ ചില വിശദാംശങ്ങള്‍ ഖുര്‍ആനില്‍ മറ്റു പലേടത്തും പ്രവാചക വചനങ്ങളിലും ലഭ്യമാണ്. കളിമണ്ണ് കൊണ്ട് മനുഷ്യരൂപമുണ്ടാക്കി അതിന് പിന്നീട് ജീവന്‍ നല്‍കി തുടര്‍ന്ന് മനസ്സ് സംവിധാനിച്ചു, ഒടുവില്‍ അല്ലാഹുവിന്റെ ആത്മാവില്‍ നിന്ന് ഊതിയാണ് ആ സൃഷ്ടി പ്രക്രിയ അല്ലാഹു പൂര്‍ത്തീകരിച്ചത്. അത് ആദിമനുഷ്യന്‍ ആദം. ആദമില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചു. ചോരയും നീരും ഒക്കെയുള്ള ആദമിലും ഹവ്വയിലും അല്ലാഹു ബീജ സംവിധാനം സൃഷ്ടിച്ചു. അത് ആണും പെണ്ണുമാക്കി. അവര്‍ ഇണചേര്‍ന്ന് ബീജസങ്കലനത്തിലൂടെ പിന്‍ഗാമി. ലക്ഷക്കണക്കിന് പുരുഷ ബീജങ്ങളാണ് സ്ത്രീയുടെ അണ്ഡവുമായി ഒത്തുചേരാന്‍ മത്സരിച്ചോടുന്നത്. അതില്‍ ഒന്നുമാത്രം ലക്ഷ്യം കാണുന്നു. അതാണ് നമ്മുടെ ഓരോരുത്തരുടെയും പ്രാരംഭം. അന്ന് നമ്മുടെ കൂടെ ഓടിയ മറ്റെല്ലാ സഹോദരങ്ങളും അന്നവിടെത്തന്നെ മരിച്ചുപോയി.
തുടര്‍ന്ന് ഭ്രൂണത്തിന്റെയും മാംസപിണ്ഡത്തിന്റെയും അസ്തിക്കൂടത്തിന്റെ പൂര്‍ണ സൃഷ്ടിയുടെയും ഒക്കെ ഘട്ടങ്ങള്‍ വിവരിക്കുന്നു. ഇവയില്‍ എവിടെ എങ്കിലും ഒരു മനുഷ്യന് സ്വന്തം ജനനത്തില്‍ എന്തെങ്കിലും പങ്കുവഹിക്കാനാവുമോ? എല്ലാം അല്ലാഹു മാത്രം ചെയ്തുതന്നത്. പ്രസവവും തുടര്‍ന്ന് വളര്‍ച്ചയും ആദ്യത്തേതുപോലെ പൂര്‍ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തുവന്ന മനുഷ്യന്റെ ദുനിയാവിലെ ജീവിതത്തിന്റെ വിശദാംശങ്ങളെല്ലാം അപ്പടി ഒഴിവാക്കിക്കൊണ്ടാണ് മരണത്തെക്കുറിച്ചും തുടര്‍ന്ന് പുനരുദ്ധാരണ നാളിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചും അല്ലാഹു പരാമര്‍ശിക്കുന്നത്. ഏറെ ചിന്തനീയമാണ് അവതരണം. പരമ നിസ്സഹായതയില്‍ നിന്ന് ഉടലെടുത്ത് അല്ലാഹുവിന്റെ സംരക്ഷണം മാത്രം അവലംബിച്ച് വളര്‍ന്നവനാണ് മനുഷ്യന്‍. വളര്‍ച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ അല്ലാഹു അറിവും കഴിവും ശക്തിയും ശേഷിപ്പും ഒക്കെ നല്‍കിയപ്പോള്‍ സ്വന്തം ഉല്‍പ്പത്തി യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു അവന്‍.
ദുനിയാവിലെ ജീവിതത്തിലെ കഴിവും ശക്തിയും എല്ലാം ഒരുനാള്‍ അവസാനിക്കും. പരമ നിസ്സഹായനായിത്തന്നെ അവന്‍ മരണത്തിന് കീഴടങ്ങും. അവിടംകൊണ്ട് അവസാനിക്കുന്നില്ല. പുനരുദ്ധാനം വരും. അന്ന് എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. ദുനിയാവില്‍ ലഭിച്ചതിനെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടും എന്ന സൂചനയും ഇതിനോടൊപ്പം തന്നെ അല്ലാഹു നല്‍കുന്നു. താന്‍ കേമനാണെന്നും മറ്റു പലരെക്കാള്‍ മേലെയാണെന്നും തെറ്റായി ധരിച്ച് ഇവിടുത്തെ ജീവിതത്തില്‍ സത്യനിഷേധവും അധര്‍മ്മവും അക്രമവും തുടങ്ങി നീതിക്ക് വിരുദ്ധമായതെല്ലാം പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍ സ്വന്തം ഉല്‍പ്പത്തിയെക്കുറിച്ച് ചിന്തിച്ച് പഠിച്ച് നേരെയാവാനാണ് മേല്‍സൂക്തങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. ആരും ഇവിടെ സ്വയം കേമന്മാരല്ല. എല്ലാവരുടെയും എല്ലാത്തരം മൂലധനങ്ങളും ദൈവീക ദാനമാണ്. സ്വന്തം ജന്മംപോലും. സ്രഷ്ടാവ് പറഞ്ഞുതരുന്ന ഈ സത്യം വിശ്വസിച്ച് അംഗീകരിച്ച് ജീവിക്കുന്ന സത്യവിശ്വാസികള്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു.

SHARE