പ്രവാചക വ്യക്തിത്വം: ഒരു കാലിക വായന

എ.എ വഹാബ്

ഒന്നര സഹസ്രാബ്ദം മുമ്പ് ഭൂമിയിലെ മനുഷ്യജീവിതത്തില്‍ പ്രഭ ചൊരിഞ്ഞശേഷം അരങ്ങൊഴിഞ്ഞ ഒരു മഹാ പ്രവാചകന്റെ വ്യക്തിത്വത്തെക്കുറിച്ച് ജീവിത പുരോഗതിയില്‍ ഏറെ നേട്ടം കൈവരിച്ച സമകാലികത്തിലും സജീവമായി ചര്‍ച്ച നടക്കുന്നു എന്നതുതന്നെ പ്രവാചകന്‍ (സ)യുടെ വ്യക്തിത്വത്തിന്റെ മഹത്വത്തിന് മുന്തിയ ഉദാഹരണമാണ്. ഭൂമിയിലെ മനുഷ്യന്‍ ഇഹത്തിലും പരത്തിലും വിജയത്തിന് എങ്ങനെ ജീവിക്കണമെന്ന് മുന്നില്‍ നടന്നു മാതൃക കാണിക്കാന്‍ സ്രഷ്ടാവായ രാജതമ്പുരാന്‍ നിയോഗിച്ചതായിരുന്നു ആ പ്രവാചകനെ. അളവറ്റ കാരുണ്യം തന്റെ പ്രവാചകനിലൂടെ ചൊരിഞ്ഞ് ഭൂമിയിലെ മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ അവസരമേകിയ അല്ലാഹു ആ പ്രവാചകനെ ലോകത്തിനാകമാനം കാരുണ്യത്തിന്റെ തിരുദൂതന്‍ എന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിലൂടെ ഒഴുകിയെത്തിയ മാര്‍ഗദര്‍ശനത്തെ കരുണയുടെ സന്ദേശം എന്നും വിശേഷിപ്പിച്ചു.

പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ ധാരാളമായി നമ്മോട് സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാണ് (68:4) ദൈവ ദൂതന്മാരില്‍പ്പെട്ടവന്‍, സ്പഷ്ടമായ നേര്‍മാര്‍ഗത്തില്‍ ചരിക്കുന്നവന്‍ (36: 3-4). ഒരിക്കല്‍ ഒരാള്‍ പ്രവാചക പത്‌നി ആയിശ (റ)യോട് ചോദിച്ചു. പ്രവാചകന്‍ എങ്ങനെയുള്ള വ്യക്തി ആയിരുന്നു എന്ന്. താങ്കള്‍ക്ക് ഖുര്‍ആന്‍ പരിചയമുണ്ടോ എന്നയാളോട് അവര്‍ തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു: ‘ഖുര്‍ആനായിരുന്നു പ്രവാചകരുടെ സ്വഭാവം’ എന്ന്. അതായത് മനുഷ്യസമൂഹത്തിന്റെ പൂര്‍ണ വിജയത്തിന് വേണ്ടി അല്ലാഹു നല്‍കിയ മാര്‍ഗദര്‍ശനമായ പരിശുദ്ധ ഖുര്‍ആനെ സ്വജീവിതത്തിലേക്ക് പകര്‍ത്തിക്കാണിച്ച വ്യക്തിത്വം എന്ന് സാരം. ഖുര്‍ആന്‍ പ്രവാചക ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു.

മനുഷ്യനില്‍നിന്ന് സ്രഷ്ടാവായ അല്ലാഹു എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനുഷ്യന് കണ്ടുപഠിക്കാന്‍ ഒരുത്തമ സമ്പൂര്‍ണ ജീവിതം പ്രവാചകനിലൂടെ പകര്‍ത്തിക്കാണിക്കുകയായിരുന്നു അല്ലാഹു. ഉന്നത സദാചാര സംഹിത പൂര്‍ത്തിയാക്കാനാണ് താന്‍ നിയോഗിതനായതെന്ന് ഒരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി. ആ പ്രവാചകനെ മാതൃകയാക്കാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്യുന്നവര്‍ക്ക് (33:21)’.

ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രവാചകന്‍ പുലര്‍ത്തിയ വ്യക്തിത്വം അതിമഹത്വവും ബൃഹത്തായതുമായിരുന്നുവെന്ന് നമുക്ക് വായിച്ചെടുക്കാന്‍കഴിയും. സമകാലികത്തില്‍ വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിത രംഗങ്ങളില്‍ ഏറെ കൈമോശം വന്നുകൊണ്ടിരിക്കുന്ന സ്വഭാവ വിശേഷണമാണ് വിശ്വസ്തതയും സത്യസന്ധതയും. ദിവ്യബോധനം ലഭിച്ച് പ്രവാചകനാകുന്നതിന് മുന്നേതന്നെ നബി (സ)യുടെ ജീവിതത്തില്‍ ഏറെ പ്രകടമായിരുന്ന ഒരു സ്വഭാവ സവിശേഷതയാണ് വിശ്വസ്തതയും സത്യസന്ധതയും. അതിനാല്‍ നാട്ടുകാര്‍ അദ്ദേഹത്തെ ‘അല്‍-അമീന്‍’ (വിശ്വസ്തന്‍) എന്ന് വിളിച്ചു. അദ്ദേഹം പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം സത്യമായിരിക്കും എന്ന് ആ ജനത ഉറച്ചുവിശ്വസിച്ചു. ആ നാവിലൂടെയാണ് അല്ലാഹു പിന്നീട് ഖുര്‍ആന്‍ പുറത്തുവിട്ടത്. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹം ഉരുവിടുന്ന ഖുര്‍ആനും പരമസത്യം മാത്രമാണെന്ന് ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു അല്ലാഹുവിന്റെ ആ നടപടി. എന്നിട്ടും അദ്ദേഹത്തെ നിഷേധിച്ച നിര്‍ഭാഗ്യവാന്മാരുണ്ടായി. അതിന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പ്രവാചക വ്യക്തിത്വ സവിശേഷതകള്‍ എന്നും എവിടെയും പ്രസക്തമായ നിലയിലാണ് അല്ലാഹു നെയ്‌തെടുത്തത്. ഒറ്റനോട്ടത്തില്‍ നിസ്സാരമെന്ന് തോന്നുന്ന ഒരു സംഭവകഥ പറയാം. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ജില്ലാ കലക്ടര്‍ ഭാര്യയും രണ്ടുമക്കളുമായി ഒരു സായാഹ്‌നത്തില്‍ കടപ്പുറത്ത് പോയി. അവരവിടെ ഇരുന്നപ്പോള്‍ കടല വില്‍പ്പനക്കാന്‍ വന്നു. എല്ലാവരും ഓരോ കുമ്പിള്‍ വാങ്ങി. തിരിച്ചു പോകുമ്പോള്‍ അവര്‍ ഒരു കടയില്‍ കയറി. പലതും വാങ്ങി. മക്കള്‍ക്ക് ഇഷ്ടമുള്ള ഒരു മധുര പലഹാരം അവിടെ കണ്ടു. പക്ഷേ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ പോയശേഷം പങ്കുവെച്ച് എടുത്തോളൂ എന്ന് നിര്‍ദേശിച്ച് പലഹാരം കലക്ടര്‍ ഏഴു വയസ്സായ മൂത്ത പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുത്തു. നാലു വയസ്സുകാരന്‍ അനുജന്‍ അതു നോക്കിനിന്നു. കാറില്‍ചെന്ന് കയറുമ്പോള്‍ കലക്ടര്‍ ഓര്‍ത്തു. ഇന്നു വീട്ടില്‍ ഒരു വഴക്കിനും അടിക്കുമുള്ള ചാന്‍സുണ്ടെന്ന്. പങ്കുവെക്കുന്നത് മകളായിരിക്കും. നാലു വയസ്സുകാരന്‍ അനുജന് വലിയ ഭാഗം കിട്ടണം. അവള്‍ കൊടുക്കില്ല. അതുമതിയാവും വഴക്കിന്.
വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വഴക്കും അടിയും ഒന്നും കാണാതിരുന്നപ്പോള്‍ കൗതുകംകൊണ്ട് അദ്ദേഹം മകളെ വിളിച്ചന്വേഷിച്ചു. മകളുടെ വര്‍ത്തമാനം കേട്ട് കലക്ടര്‍ ഏറെ നേരം മൗനമായിനിന്നു. ‘അച്ചാ നമ്മള്‍ വാങ്ങിയ കടല പൊതിഞ്ഞ പേപ്പറുണ്ടല്ലോ അത് അടുത്ത പള്ളിയില്‍ നബിദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു. അതില്‍ മുഹമ്മദ് നബിയുടെ ചില ഉപദേശങ്ങള്‍ അച്ചടിച്ചിരുന്നു. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് ‘പങ്കുവെക്കുമ്പോള്‍ നിങ്ങള്‍ വലിയ ഭാഗം അപരന് കൊടുക്കണം’ എന്നതായിരുന്നു. മധുര പലഹാരം പങ്കുവെച്ചപ്പോള്‍ ഇന്ന് ഞാന്‍ അങ്ങിനെ ചെയ്തു. അനുജന് എന്താ സന്തോഷം’ എന്നായിരുന്നു മകള്‍ പറഞ്ഞത്. അമുസ്‌ലിമായ ആ കലക്ടര്‍ അന്നത്തെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയതാണിക്കഥ.

പങ്കുവെക്കുമ്പോള്‍ തുല്യമാക്കി കൊടുത്താല്‍ മതി. എന്നാല്‍ ഒരല്‍പ്പം കൂടുതല്‍ അപരന് കൊടുക്കുന്നതില്‍ പരിഗണനയും സ്‌നേഹാദരവുകളും കാരുണ്യവും മുഴച്ചുനില്‍ക്കും. അത് മനുഷ്യബന്ധങ്ങളെ സുദൃഢമാക്കും. നിസ്സാരമെന്ന് തോന്നുന്ന ഈ ഒരൊറ്റ കാര്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യര്‍ പാലിച്ചിരുന്നെങ്കില്‍ അനേകം കുടുംബങ്ങളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വഴക്കും കേസും കോടതി നടപടികളും ജയില്‍വാസവും ഒക്കെ ഒഴിവാക്കാമായിരുന്നുവെന്ന് ഒരു കൗണ്‍സിലര്‍ എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. സ്‌നേഹവും കരുണയും ഒക്കെ അല്ലാഹുവുമായി ബന്ധിപ്പിച്ചാലേ അതു സാധിക്കുകയുള്ളു. അങ്ങനെയാണ് പ്രവാചകന്‍ ചെയ്തു കാണിച്ചത്.

വ്യക്തിത്വ വളര്‍ച്ചയെയും വികസനത്തെയും സംബന്ധിച്ച് ഏറെ ചര്‍ച്ചകളും പഠനങ്ങളും സെമിനാറുകളും ക്ലാസുകളും കോഴ്‌സുകളുമൊക്കെ സമകാലികത്തില്‍ ലോക വ്യാപകമായി ധാരാളം നടന്നുവരുന്നുണ്ട്. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പ്രകടിതമായി സല്‍ഫലം നല്‍കാത്ത വെറും സിദ്ധാന്തങ്ങളായി അവശേഷിക്കുകയാണവയിലധികവും. കാരണം വളരെ വ്യക്തം, ഭൗതിക വളര്‍ച്ചയും വികാസവും മാത്രമാണ് അവയൊക്കെ ലക്ഷ്യംവെക്കുന്നത്. സംരക്ഷകനായ അല്ലാഹുവിന് ഒരു പങ്കും നല്‍കുന്നില്ല. പ്രവാചകനിലൂടെ വികസിപ്പിച്ചെടുത്ത വ്യക്തിത്വം സര്‍വദാതാവായ അല്ലാഹുവുമായി ബന്ധിതമാണ്. മനുഷ്യമനസ്സിന്റെ പ്രകൃതവും താല്‍പര്യങ്ങളും നന്നായറിയാവുന്ന സ്രഷ്ടാവാണ് ജീവിത നടപടിക്രമങ്ങള്‍ നിശ്ചയിച്ചത്. അങ്ങനെയാണ് ഖുര്‍ആന്‍ പ്രവാചക വ്യക്തിത്വമായി പ്രത്യക്ഷപ്പെട്ടത്. ധര്‍മവും നീതിയും സ്‌നേഹവും കാരുണ്യവും പരിഗണനയും തുടങ്ങി ഉന്നത മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ് ഖുര്‍ആനിലൂടെ ജീവിതത്തിനായി നിര്‍ദ്ദേശിക്കുന്നത്. എല്ലാത്തിന്റെയും ദാതാവ് അല്ലാഹുവാണെന്നും ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ ദൈവിക വിചാരണയും രക്ഷാശിക്ഷാ വിധിയും ഉണ്ടാകുമെന്നും വിശ്വസിച്ച് പ്രവര്‍ത്തിക്കലാണ് മൂല്യങ്ങളെ നിലനിര്‍ത്തുന്നതിന് അനിവാര്യമായത് അല്ലാത്തതിലെല്ലാം ആര്‍ത്തിയും സ്വാര്‍ത്ഥതയും അതുവഴി അധര്‍മവും അനീതിയും പിശാച് കൂട്ടിക്കലര്‍ത്തും. സമകാലികത്തിലെ വിനാശകരമായ മനോരോഗവും അതു തന്നെയാണ്. പ്രവാചക വ്യക്തിത്വത്തെ കൂടുതലറിയാന്‍ ഗവേഷണ പഠനത്തിന് ഖുര്‍ആനിലൂം ഹദീസുകളിലും ഇനിയും ധാരാളം കാര്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. നബിദിന സ്മരണകളില്‍ അതും കൂടി ഉള്‍പ്പെടുത്തിയാല്‍ അത് ലോകര്‍ക്ക് അനുഗ്രഹമാവും.