കേരളം നല്‍കിയത് മുക്കാനുള്ള ഫണ്ടല്ല

ഇയാസ് മുഹമ്മദ്

കാളവണ്ടിക്ക് ചരിത്രത്തിലൊരിടമുണ്ട്. ബാലരാമപുരത്തെ രാജപാതയില്‍ മഹാത്മ അയ്യങ്കാളി വില്ലുവണ്ടിയില്‍ യാത്രചെയ്ത് കാളകളെ തെളിച്ച് നീങ്ങിയത് നവോത്ഥാന കാലത്തെ ഉഴുതുമറിച്ച വിപ്ലവ പ്രവര്‍ത്തനമായിരുന്നു. അന്ന് തിരുവിതാംകൂറിലെ രണ്ട് ലക്ഷത്തോളം വരുന്ന അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നു അത്. ആ പോരാട്ടത്തിന് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തക്കേള്‍ 39 വയസ് കൂടുതലുണ്ട്. കാളവണ്ടിയില്‍ യാത്ര ചെയ്ത് അയ്യങ്കാളി ഒരുക്കിയ രാജപാതയിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം വഴിനടന്നത്.
ഇന്നത് ഓര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുന്നില്ലെന്നതിന് തെളിവാണ് എ.കെ ബാലന്റെ കാളവണ്ടി പ്രയോഗം. കാളവണ്ടി പോയ വഴികളില്‍ നിന്ന് ആകാശത്തോളം വളര്‍ന്നു തങ്ങളെന്ന മൗഢ്യമാണ് കേരളത്തിലെ സി.പി.എമ്മുകാര്‍ക്ക്. ആകാശയാത്ര നടത്തി പാര്‍ട്ടി സമ്മേളനത്തിനെത്താന്‍ മാത്രം സമ്പത്ത് കുന്നുകൂട്ടിയിട്ടുണ്ട് ആ പാര്‍ട്ടിക്ക്. 2015-16 സാമ്പത്തിക വര്‍ഷം ആദായനികുതി വകുപ്പിന് സി.പി.എം കൊടുത്ത കണക്കനുസരിച്ച് 437.78 കോടിയാണ് അവരുടെ ആസ്തി. പത്ത് വര്‍ഷം മുമ്പ് 100 കോടിയില്‍ താഴെയായിരുന്നു. ഒരു ദശകത്തിനിടെ ആസ്തി അഞ്ചിരട്ടിയാക്കിയ പാര്‍ട്ടിക്ക് കാളവണ്ടി യാത്രയെ പരിഹസിക്കാന്‍ ആവോളം വകയുണ്ട്. സി.പി.എമ്മിന്റെ കെട്ടിടങ്ങളും ഭൂമിയും വാങ്ങുന്ന കാലത്ത് ആധാരത്തില്‍ രേഖപ്പെടുത്തിയ കണക്കനുസരിച്ചാണ് ഇപ്പോള്‍ സി.പി.എം ആസ്തി പറയുന്നത്. ഇതനുസരിച്ച് വെളിപ്പെടുത്തിയതിലുമെത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ കണക്ക്. മാത്രമല്ല, സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളൊന്നും ഈ ആസ്തി കണക്കില്‍പെട്ടിട്ടുമില്ല. എന്തിന് എ.കെ.ജി ട്രസ്റ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റര്‍ പോലും ഈ ആസ്തി കണക്കില്‍ വരില്ല. ട്രസ്റ്റുകളുടെ പേരില്‍ സ്വത്ത് ഒളിച്ചുവെക്കുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥ സ്വത്ത് വിവരം അവര്‍ വെളിപ്പെടുത്തുമെന്ന് പാര്‍ട്ടി അണികള്‍ പോലും പ്രതീക്ഷിക്കുന്നില്ല. സി.പി. എമ്മിന് 437 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പറയുന്നത് ദേശീയാടിസ്ഥാനത്തിലാണ്. കേരളത്തിലെ കണക്ക് നിരവധി തവണ പത്രസമ്മേളനങ്ങളില്‍ ചോദ്യമായി ഉയര്‍ന്നെങ്കിലും മറുപടി ഉണ്ടായിട്ടില്ല. 25,000 കോടി രൂപയുടെ സ്വത്തുണ്ടെന്ന ആരോപണമുണ്ടായിട്ടും അതിനെ ഖണ്ഡിക്കാനായെങ്കിലും സ്വത്ത് വിവരം വെളുപ്പെടുത്തുമെന്ന് കരുതിയവര്‍ക്കു തെറ്റുപറ്റി. സി.പി.എമ്മിനെതിരെ ഉയരുന്ന ചെറിയ വിമര്‍ശനങ്ങള്‍ക്ക് പോലും കടുത്ത അസഹിഷ്ണുത കാട്ടുന്നവര്‍ സ്വത്ത് വിവരം സംബന്ധിച്ച വിമര്‍ശനങ്ങളോട് മൗനം പാലിച്ചു.
ഇപ്പോള്‍ സി.പി.എമ്മിന്റെ സ്വത്ത് ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്നാണ്. ദുരിതാശ്വാസ നിധിയില്‍ നിന്നും കോപ്ടര്‍ വാടക നല്‍കിയത് വിവാദമായതോടെ ഉത്തരവ് മരവിപ്പിക്കുകയും പാര്‍ട്ടി വാടക നല്‍കുമെന്ന തരത്തില്‍ സംസ്ഥാന സെക്രട്ടറി പ്രതികരണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടില്‍ നിന്നും പിന്നാക്കം പോയി. സര്‍ക്കാറിന്റെ പൊതുഫണ്ടില്‍ നിന്നു തന്നെ വാടക നല്‍കണമെന്ന നിര്‍ദ്ദേശമാണ് സെക്രട്ടറിയേറ്റ് സര്‍ക്കാരിന് നല്‍കിയത്.
തൃശൂരില്‍ സി.പി.എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. അതേ ഹെലികോപ്ടറില്‍തന്നെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തൃശൂരിലേക്ക് മടങ്ങുകയും ചെയ്തു. തിരുവനന്തപുരത്ത് കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തെങ്കിലും ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘവൂമായി അന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയില്ല. മറിച്ച് പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും അധിക സമയം വിട്ടുനില്‍ക്കാതെ തിരികെ മടങ്ങുകയായിരുന്നു. തിരുവനന്തപുരമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന കേന്ദ്രം. തിരുവനന്തപുരത്ത്് ഉണ്ടാകേണ്ട മുഖ്യമന്ത്രി തൃശൂരില്‍ തങ്ങിയത് സി.പി.എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ്. അതുകൊണ്ട് തന്നെ ഹെലികോപ്ടര്‍ യാത്ര നടത്തിയത് പാര്‍ട്ടി സമ്മേളനത്തിന് വേണ്ടിയാണെന്ന് വ്യക്തം. ഇങ്ങനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഉപയോഗിച്ച ഹെലികോപ്ടറിന് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റി എട്ട് ലക്ഷം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറിക്കുമ്പോള്‍ അത് വിവാദമാകുന്നത് സ്വാഭാവികമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമാണ്. കേരളത്തിലെ ഉന്നതനായ സി.പി.എം നേതാവും. അദ്ദേഹം മുഖ്യമന്ത്രിയായതു കൊണ്ടു മാത്രം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ശഠിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. എന്നാല്‍ പാര്‍ട്ടി സമ്മേളനത്തിന് പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്ന വാശി സി.പി. എം പുലര്‍ത്തുന്നത് ജനാധിപത്യ കേരളത്തെ സംബന്ധിച്ച് ഭൂഷണമല്ല. കാള വണ്ടിയിലായാലും ഹെലികോപ്ടറിലായാലും യാത്രാച്ചെലവ് വഹിക്കാനുള്ള ഉത്തരവാദിത്തം സി.പി.എമ്മിന് തന്നെയായിരുന്നു.
കോടികളുടെ സ്വത്തുടമയായ പാര്‍ട്ടി, കോപ്ടര്‍ വാടക നല്‍കിയിരുന്നെങ്കില്‍ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുവെന്ന് അഭിമാനിക്കാമായിരുന്നു. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ പൊതു സ്വത്ത് ധൂര്‍ത്തടിക്കുന്നു, അതില്‍ നിന്ന് വിഭിന്നമാണ് ഈ പാര്‍ട്ടിയെന്ന് പറയാന്‍ കഴിയുമായിരുന്നു. ജനപക്ഷത്താണ് തങ്ങളെന്ന് മാലോകരെ ഒരു വേള ബോധ്യപ്പെടുത്താനെങ്കിലും സാധിക്കുമായിരുന്നു. എന്നാല്‍ നിറംകെട്ട കാലത്തെ രാഷ്ട്രീയ അധാര്‍മികതയുടെ ആള്‍രൂപങ്ങളാണ് രക്തസാക്ഷി ക ളു ടെ സ്മരണയില്‍ ആവേശം കൊള്ളുന്ന സി.പി.എമ്മെന്ന് അതിന്റെ നേതാക്കള്‍ വിളിച്ചു കൂവുന്നതാണ് കേരളം കണ്ടത്. തെറ്റ് തിരുത്തുന്നവരെന്ന് സാക്ഷി പറയുന്നവര്‍, തെറ്റില്‍ നിന്ന് തെറ്റിന്റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരപശബ്ദം പോലും ഉയരാതിരുന്നത് സി.പി.എം എത്തി നില്‍ക്കുന്ന ഗതികേടിനെയാണ് അടയാളപ്പെടുത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഓഖി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തം. എന്നാല്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഇനിയും സര്‍ക്കാരിന് തിട്ടമില്ല. തീരദേശത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്ന സഭയുടെ കണക്ക് മുന്നൂറിലേറെ പേര്‍ ഇനിയും മടങ്ങിവരാനുണ്ടെന്നാണ്. സര്‍ക്കാര്‍ കണക്കില്‍ മടങ്ങിയെത്താനുള്ളവരുടെ സംഖ്യ ഇതിന്റെ പകുതി പോലുമില്ല. കാണാതായവര്‍ മടങ്ങിയെത്തുമെന്ന നേരിയ പ്രതീക്ഷ പോലും ഇപ്പോള്‍ തീരത്തില്ല. മടങ്ങിയെത്താനുള്ളവരെ സംബന്ധിച്ച സഭയുടെ കണക്ക് പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധത കാട്ടിയിട്ടില്ല. സര്‍ക്കാര്‍ തന്നെ വിഭിന്നമായ കണക്ക് പറയുമ്പോള്‍ സഭയെ വിശ്വാസത്തിലെടുക്കാന്‍ എന്തിനാണ് മടിക്കുന്നത്? ഓഖി ദുരിതാശ്വാസ ഫണ്ടായി വലിയ തുക സര്‍ക്കാര്‍ സ്വരൂപിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും വ്യക്തികളും ഒരു ജനതയുടെ ദുരിതത്തില്‍ സ്‌നേഹത്തിന്റെ കരുതലായി നല്‍കിയതാണ് ആ തുക. എത്ര കിട്ടിയെന്ന് സര്‍ക്കാര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സംശയത്തിന്റെ ഇരുട്ടിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. വെളിച്ചത്തിലേക്ക്, ജനങ്ങളിലേക്ക് സര്‍ക്കാറിന് മുഖം കാണിക്കണമെങ്കില്‍ ഓഖി ദുരിതാശ്വാസ നിധിയെക്കുറിച്ച് വെളിപ്പെടുത്തലുകളുണ്ടാകാതെ കഴിയില്ല. പ്രത്യേകിച്ചും ദുരിതാശ്വാസ ധനസഹായ വിതരണവും സംശയമുനമ്പില്‍ നില്‍ക്കുമ്പോള്‍.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക നല്‍കിയെന്നാണ് പ്രചാരവേല നടത്തുന്നത്. എന്നാല്‍ ഈ തുക ട്രഷറിയില്‍ നിക്ഷേപിച്ച ശേഷം അതിന്റെ നാമമാത്ര പലിശയാണ് ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. തുക നല്‍കുന്നതാകട്ടെ മരിച്ചുവെന്ന് സര്‍ക്കാര്‍ ഫയലില്‍ വന്നവര്‍ക്ക് മാത്രവും. ഇനിയും തിരിച്ചുവരാത്ത, അവസാന ചുംബനം പോലും ലഭിക്കാതെ കടലില്‍ അലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നീതി ഒരു പാട് അകലെയാണ്.
ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി നല്‍കിയ കോപ്ടര്‍ വാടകയായ എട്ടു ലക്ഷം പോലും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കാള വണ്ടിയെ കളിയാക്കുന്ന മന്ത്രി പുംഗവന്മാര്‍ മറുപടി പറയേണ്ടത് ദുരിതാശ്വാസത്തെക്കുറിച്ചാണ്. ബാലരാമപുരത്ത് നിന്ന് കാളവണ്ടിയില്‍ പടിഞ്ഞാറോട്ട് പോയാല്‍ ഒരു ജനത ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലെന്ന പോലെ ദുരിത ജീവിതം പേറി നില്‍ക്കുന്നത് കാണാം. കാളവണ്ടികള്‍ പോലും ചെല്ലാത്ത ഗല്ലികളില്‍, കുടുസ്സു വീടുകളില്‍ ഒരു ജനത ജീവിതം ജീവിച്ചുതീര്‍ക്കുന്നത് കാണാം. പരകോടികളുടെ ആസ്തിയുമായി സമ്മേളന മഹാമഹങ്ങള്‍ നടത്തി പൊലിമ കാട്ടുന്നവര്‍ പാവം ജീവിതങ്ങളുടെ ഗതി മറക്കരുത്. കാള വണ്ടികളുടെ താളത്തിലെങ്കിലും ആ ജീവിതങ്ങളെ മുന്നോട്ടുനയിക്കാന്‍ നിങ്ങള്‍ക്കാകില്ലെന്ന് കേരളത്തിന് ബോധ്യം വന്നിരിക്കുന്നു. കേരളം നല്‍കിയത് മുക്കുനുള്ള ഫണ്ടാണ്. മുക്കുവാനുള്ളതല്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്.

SHARE