അറിയണം ഹൈന്ദവതയുടെ മഹത്വം

പി ഇസ്മായില്‍ വയനാട്

വന്യ ജീവി സങ്കേതത്തില്‍ കുരങ്ങന്മാരുടെ തണലില്‍ വളര്‍ന്ന 8 വയസുകാരിയെ കുറിച്ച് കഴിഞ്ഞ വര്‍ഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശിലെ കതാര്‍ നിയാഗഡ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള സംഭവമാണ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാനരന്മാരുടെ കൂട്ടത്തില്‍ കണ്ട പെണ്‍കുട്ടിയെ രക്ഷിക്കാനായി നാട്ടുകാര്‍ കാട്ടിലെത്തിയപ്പോള്‍ വാനരപ്പട സംഘം ചേര്‍ന്ന് നാട്ടുകാരെ നേരിട്ടു. പിന്തിരിഞ്ഞോടിയ നാട്ടുകാരില്‍ ചിലര്‍ വിവരം വനപാലകരെ അറിയിച്ചു. വനപാലകരുടെ തന്ത്രപ്രധാനമായ ഇടപെടലിലൂടെ കുട്ടിയെ മോചിപ്പിക്കുകയുണ്ടായി. ഹിംസ്ര ജന്തുക്കള്‍ക്ക് എറിഞ്ഞുകൊടുക്കാതെ കുരങ്ങന്മാര്‍ കാട്ടില്‍ പെണ്‍കുട്ടിയെ വളര്‍ത്തുകയും അവള്‍ക്ക് സുരക്ഷാവലയം ഒരുക്കുകയുമായിരുന്നു. എന്നാല്‍ കാശ്മീരിലെ 8 വയസ്സുകാരി പെണ്‍കുട്ടിയെ കാട്ടില്‍ നിന്നും തട്ടിയെടുക്കുകയും, മനുഷ്യരൂപം പൂണ്ട ഇരുകാലി മൃഗങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ അവളെ പിച്ചിചീന്തുകയുമായിരുന്നു. റിട്ടേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജിറാമും, മകന്‍ വിശാല്‍ജന്‍ഹോത്രയും, മരുമകനും, പൊലീസ് ഓഫീസര്‍മാരായ ഖജൂരിയ, സുരേന്ദ്രര്‍ വര്‍മ്മയും അവരുടെ സുഹൃത്ത് പര്‍വേശ് കുമാറുമാണ് ഹീനകൃത്യത്തിന് നേതൃത്വം നല്‍കിയത്.

രാസ്‌ന ഗ്രാമത്തില്‍ ബക്കര്‍വാള്‍ വിഭാഗത്തില്‍പ്പെട്ട നാടോടികളായ മുസ്‌ലിംങ്ങളുടെ എണ്ണം കൂടിവരുന്നതില്‍ വിറളിപൂണ്ടവര്‍ അവിടെ നിന്നും അവരെ ‘ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാന്‍ ആസൂത്രിതമായി നടത്തിയ നീക്കമാണ് ബലാല്‍സംഗത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്ത്യയിലേക്ക് വിരുന്നെത്തിയ മതങ്ങളെ ആട്ടിയോടിപ്പിക്കുന്നതിന് പകരം മുലയൂട്ടി വളര്‍ത്തിയ പൂര്‍വ്വികപാരമ്പര്യത്തിന് ഉടമകളാണ് ഹൈന്ദവ മതവിശ്വാസികള്‍. ആരാധനാലയങ്ങള്‍ പണിയുവാന്‍ പോലും യഥേഷ്ടം ‘ഭൂമി വിട്ടുകൊടുക്കുന്നതില്‍ ഹൈന്ദവര്‍ ഒട്ടും ലുബ്ധത കാട്ടിയിരുന്നില്ല. സ്വന്തംസഹോദരിമാരെ മതം മാറ്റി മംഗല്യം കഴിപ്പിക്കുവാന്‍ പോലും അവര്‍ വിശാലമനസ്‌കത പ്രകടിപ്പിച്ചു. ഹൈന്ദവര്‍ കാണിച്ച സഹിഷ്ണുതയുടെ ചിറകിലാണ് ഇന്ത്യയില്‍ ഇസ്‌ലാം, യഹൂദ, ക്രൈസ്തവ മതങ്ങള്‍ വളര്‍ന്ന് പരിലസിച്ചത്.

നാടോടിപെണ്‍കുട്ടിയെ മാറിമാറി ബലാല്‍സംഗം ചെയ്യുകയും അവസാനം അവളെ അറുകൊല നടത്തുകയും ചെയ്ത കാമഭ്രാന്തന്മാര്‍ ആര്‍ക്കും തന്നെ തങ്ങള്‍ പെറ്റുവീണ ഹൈന്ദവ മതത്തിന്റെ മഹത്വം അറിയാത്തവരാണ്. ഇന്ത്യയുടെ ചരിത്രം തിരിയാത്ത കൂപമണ്ഡൂപങ്ങള്‍ കൂടിയാണവര്‍. കാമകേളിക്കായി തന്റെ മകനെ ദൂരെദിക്കില്‍ നിന്നും വിളിച്ചുവരുത്തിയ സഞ്ജീവ് റാം എന്ന പിതാവ് സ്വന്തം മകനെ ധാര്‍മ്മിക ബോധമുള്ളവനാക്കി എങ്ങനെ വളര്‍ത്തണമെന്നറിയാത്ത അപരിഷ്‌കൃതനാണ്. പെണ്‍മക്കളോടും സഹോദരിമാരോടും ഏത് രീതിയില്‍ പെരുമാറണം എന്നറിയാത്ത കാമവെറിയന്മാരുടെ പ്രതിനിധികളാണവര്‍. ഞങ്ങള്‍ ക്ഷേത്രത്തിനകത്ത് മാത്രം കുട്ടിയെ തെരഞ്ഞ് ചെന്നില്ല. അതൊരു വിശുദ്ധ സ്ഥലമല്ലേ, അവിടെ കുഞ്ഞിന് അത്യാഹിതം സംഭവിക്കുമെന്ന് കരുതിയില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തറിന്റെ വാക്കുകള്‍ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ആരാധനാലയങ്ങളോട് വിശ്വാസികളും ദൈവ നിഷേധികളുമെല്ലാം വെച്ചുപുലര്‍ത്തുന്ന വിശ്വാസ ഗോപുരം തകര്‍ത്തെറിഞ്ഞ മഹാപാപികള്‍ കൂടിയാണവര്‍.

ഇന്ത്യയുടെ മതേതര ശരീരത്തിനേറ്റ മുറിവില്‍ രാജ്യത്താകമാനം തിളച്ചുമറിയുന്ന പ്രതിഷേധങ്ങളില്‍ ഇപ്പോഴും ലക്ഷങ്ങളാണ് പങ്കാളികളാവുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും, അവളെ കൊലചെയ്ത കൊലയാളികളുടെയും മതവിശ്വാസത്തെ ഉരക്കല്ലില്‍ ഉരച്ചുകൊണ്ടല്ല അവരാരും പ്രതിഷേധത്തില്‍ ‘ഭാഗവാക്കാവുന്നത്. കുട്ടികളുടെ ഇഷ്ടതോഴനായിരുന്ന പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി കൊണ്ടാടുന്ന രാഷ്ട്രമാണ് ഭാരതം. കുട്ടികള്‍ക്ക് പരിരക്ഷ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ലോകമാസകലം നാടിന്റെ അന്തസ്സുയര്‍ത്തിയ കൈലാഷ് സത്യാര്‍ത്ഥിയിലൂടെ നോബല്‍ സമ്മാനം നല്‍കി ആദരിക്കപ്പെട്ട രാജ്യം കൂടിയാണ് ഭാരതം. ഇന്ത്യയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചവര്‍ക്കെതിരായിട്ടാണ് ലക്ഷക്കണക്കിനാളുകള്‍ മെഴുകുതിരിയേന്തിയതും, പ്ലക്കാര്‍ഡ് ഉയര്‍ത്തിയതും.
രാമനാമം ജപിക്കുന്നവരും നെറ്റിയില്‍ ചന്ദനക്കുറി വരച്ചവരും ശിരസ്സില്‍ സിന്ദൂരപ്പൊട്ടണിഞ്ഞവരും കാഷായവസ്ത്രം ധരിച്ചവരും കുരിശുമാല കൈയ്യിലേന്തിയവരും തിരുവസ്ത്രമണിഞ്ഞ വൈദികരും ദൈവത്തിന്റെ മണവാട്ടികളെന്ന് വിളിക്കപ്പെടുന്ന കന്യാസ്ത്രീകള്‍ വരെയും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. വിശുദ്ധദേവാലയത്തിന്റെ തിരുമുറ്റം വരെയും പ്രതിഷേധത്തിന്റെ വേദിയായി തീര്‍ന്നതും അത്യപൂര്‍വ്വ സംഭവമാണ്. സോനംകപൂര്‍, കരീന കപൂര്‍, സ്വരഭാസ്‌കര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളീവുഡ് താരങ്ങളും സംഘ്പരിവാരങ്ങള്‍ക്കെതിരായി പ്രതിഷേധത്തിന്റെ കുന്തമുന തിരിച്ചുവെച്ചവരാണ്. ക്രിക്കറ്റ് ലോകത്തിലെ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും വീരാട്‌കോഹിലിയും, ടെന്നീസ് കോര്‍ട്ടിലെ അഭിമാന താരകം സാനിയ മിര്‍സ അടക്കമുള്ള കായികതാരങ്ങള്‍ രാജ്യ‘ഭരണം കൈയ്യാളുന്നവര്‍ക്കെതിരെ വാക്കുകളെ വെടിയുണ്ടാകളാക്കി തീര്‍ത്തതും, ചരിത്ര സംഭവമാണ്.

ബി.ജെ.പി.യോടും ആര്‍.എസ്.എസ്.നോടുമുള്ള വിരോധം നിഷ്‌കളങ്കന്മാരായ ഹൈന്ദവ മതവിശ്വാസികളോടും ആരാധനാലയങ്ങളോടും മതചിഹ്നങ്ങളോടും പ്രകടിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അത്തരം പ്രതിഷേധങ്ങളാണ് സംഘ്പരിവാരങ്ങള്‍ക്കിഷ്ടം. കുശാഗ്ര ബുദ്ധിക്കാരായ ആര്‍.എസ്.എസുകാര്‍ ഈ ലക്ഷ്യ സാധൂകരണത്തിന് വേണ്ടിയാണ് കാണാമറയത്തിരുന്ന് വാട്‌സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. വര്‍ഗീയതയുടെ വിളവെടുപ്പിലും അസഹിഷ്ണുതയുടെ വിതരണത്തിലും സമാനമനസ്‌ക്കരായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇതിനെ ധാര്‍മ്മികമായി പിന്തുണക്കുകയായിരുന്നു. അവര്‍ ആഗ്രഹിക്കുന്നതെന്താണോ അതായിരുന്നു വാട്‌സ്ആപ് ഹര്‍ത്താലിലൂടെ പ്രബുദ്ധമായ മലയാളക്കരയില്‍പോലും ചിലര്‍ സമ്മാനിച്ചത്.

കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകന്മാരെ രക്ഷിക്കാനായി ജയ്ശ്രീറാം വിളികളോടെ ദേശീയ പതാക കൈയ്യിലേന്തി പ്രകടനം നടത്തിയ ഹിന്ദു ഏക്താമഞ്ചിന്റെ പ്രവര്‍ത്തകരെയും, നേതൃത്വം നല്‍കിയ കാശ്മീരിലെ ബി.ജെ.പി. മന്ത്രിമാരായ ലാല്‍സിംഗിനെയും, ചന്ദ്രപ്രകാശ് വെങ്കയേയും മാത്രം കാണാനാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചത്. എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ കുറ്റബോധം ബി.ജെ.പി. സര്‍ക്കാരിന് വേണ്ടി വോട്ടുചെയ്തതാണ്. ഇനിയൊരിക്കലും ഞാനതാവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രിയദര്‍ശി ശുക്ലയെപോലുള്ളവരുടെ പോരാട്ടം ഇക്കൂട്ടര്‍ മനഃപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. ബേഠി ബച്ഛാവോ (പെണ്‍കുട്ടികളെ രക്ഷിക്കൂ) എന്ന മോദി സര്‍ക്കാരിന്റെ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട് ‘എന്റെ തെരുവ്, എന്റെ പ്രതിഷേധം’ എന്ന ബാനര്‍ കൈയ്യിലേന്തിയ ഹൈന്ദവ സ്ത്രീകളെ കാണാനും മതാന്ധത ബാധിച്ച ഇവരുടെ കണ്ണുകള്‍ക്ക് കഴിഞ്ഞില്ല.

ക്ഷേത്രത്തിലെ പടി ചവിട്ടുമ്പോള്‍ കേള്‍ക്കുന്നത് പെണ്‍കുട്ടിയുടെ നിലവിളിയാണ്. അവള്‍ക്ക് നീതി കിട്ടാതെ ഒരു ക്ഷേത്രത്തിലും ഞാന്‍ കടക്കില്ല, ഹൈന്ദവ മതവിശ്വാസം മുറുകെ പിടിക്കുന്ന ജെ.ദേവികയുടെ വാക്കുകള്‍ തീവ്രചിന്താഗതിക്കാര്‍ കേട്ടതായി ‘ഭാവിച്ചില്ല. പിഞ്ചുബാലികയുടെ രക്തം കൊണ്ട് ക്ഷേത്രം പാപപങ്കിലമായതിനാല്‍ അതിന് പാപപരിഹാരമെന്നോണം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ശുദ്ധികലശം നടത്താന്‍ ആഹ്വാനം ചെയ്ത ഹൈന്ദവ വിശ്വാസി കൂടിയായ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി. രാമനുണ്ണിയുടെ വരികള്‍ വായിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സമയം കണ്ടെത്തിയില്ല. കത്‌വാ സംഭവത്തിലെ പ്രതികളെ തൂക്കിക്കൊല്ലാനാണ് ന്യായാസനത്തിന്റെ വിധിയെങ്കില്‍ ഞാന്‍ ആരാച്ചാരായി മാറുമെന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ധീരമായ ശബ്ദത്തിന് മുന്നില്‍ അവര്‍ ചെവികള്‍ കൊട്ടിയടക്കുകയായിരുന്നു.

ഇവളെ ഇപ്പോഴെ കൊന്നത് നന്നായി അല്ലെങ്കില്‍ ‘ഭാവിയില്‍ ഇന്ത്യക്കെതിരായി ബോംബായി നിന്നേനെ. ആര്‍.എസ്.എസ്. കുടുംബത്തില്‍ പിറന്നുവീണ വിഷ്ണുകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, സോഷ്യല്‍മീഡിയകളില്‍ തരാതരം പോലെ പ്രചരിപ്പിക്കുന്നതിനിടയില്‍ സ്വന്തം മകള്‍ക്ക് കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടിയുടെ പേര് നല്‍കിയ രഞ്ജിത് റാം എന്ന മാധ്യമപ്രവര്‍ത്തകനെ കണ്ടതായി നടിച്ചില്ല. നോട്ടു കെട്ടുകള്‍ക്കും ‘ഭീഷണികള്‍ക്കും വശംവദനാവാതെ ഈ കൊലപാതകത്തില്‍ സത്യസന്ധമായി അന്വേഷണം പൂര്‍ത്തീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ രമേശ് കുമാര്‍ജല്ല ഉന്നതകുല ജാതനായ കാശ്മീര്‍ പണ്ഡിറ്റായിരുന്നു. നിയമ നടപടികള്‍ക്ക് സഹായ ഹസ്തവുമായി ഓടിയെത്തിയ ദീപികാസിംങ് രജാവത്ത് ഹൈന്ദവ സഹോദരിയാണെന്ന കാര്യം പലരും മറക്കുകയായിരുന്നു. ചാണകത്തില്‍ പുഴുക്കുന്ന പുഴുക്കളില്‍ നിന്ന് ആരും തന്നെ പട്ടുനൂല്‍ പ്രതീക്ഷിക്കാറില്ലെന്ന് തുറന്നെഴുതിയ ദീപാനിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യാനോ, അതിനൊന്ന് ലൈക്കടിക്കാനോ, കമന്റിടാനോ വാട്‌സ്ആപ്പ് ഹര്‍ത്താലിനായി ഇറങ്ങി തിരിച്ച സൈബര്‍ പോരാളികളെ ആരേയും കണ്ടില്ല.

ബി.ജെ.പിയും, ആര്‍.എസ്.എസും നടത്തുന്ന മുസ്‌ലിം വിരുദ്ധ ചെയ്തികളില്‍ പാവം ഹൈന്ദവര്‍ എന്തു പിഴച്ചുവെന്ന് മുസ്‌ലിം സമുദായത്തിലെ തീവ്രചിന്തഗതിക്കാര്‍ പുനര്‍വിചനം നടത്തണം. അയല്‍പക്കത്തെ ഹൈന്ദവനെ ആര്‍.എസ്.എസിന്റെ കാര്യാലയത്തിലെത്തിക്കാന്‍ അവരില്‍ നിന്നും നോക്കുകൂലി കൈപ്പറ്റുന്ന പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള വിഷബീജങ്ങളെ തിരിച്ചറിയാന്‍ കഴിയണം. ബാബരി മസ്ജിദിന്റെ താഴിക കുടങ്ങള്‍ തകരുമ്പോഴും ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ആഹ്വാനം നല്‍കിയ ശിഹാബ് തങ്ങളെ പോലുള്ളവര്‍ വെട്ടിതെളിച്ച വഴികളില്‍ നിന്നും തെന്നിമാറുമ്പോഴുണ്ടാകുന്ന കഷ്ടനഷ്ടങ്ങളെ കുറിച്ച് സമുദായം ആഴത്തില്‍ ചിന്തിക്കണം.