അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍

എ.എ വഹാബ്
ഒരു നിശ്ചിത കാലത്തേക്ക് മനുഷ്യരെ ഈ ഭൂമിയിലേക്ക് ജീവിതത്തിനായി നിയോഗിച്ചത് അല്ലാഹുവാണ്. ജീവിതത്തിനാവശ്യമായ എല്ലാ വിഭവങ്ങളും അല്ലാഹു ഇവിടെ ഒരുക്കി. ആ വിഭവങ്ങളൊ ക്കെ ഉപയോഗിച്ച് അല്ലാഹുവിന് സാക്ഷിയായിക്കൊണ്ട് ഇവിടെ ജീവിക്കാനാണ് മനുഷ്യനോട് സ്രഷ്ടാവ് നിര്‍ദ്ദേശിച്ചത്. ഈ യാഥാര്‍ത്ഥ്യത്തില്‍ വിശ്വസിച്ച് ദൈവിക മാര്‍ഗദര്‍ശനം അനുസരിച്ച് ജീവിക്കുകയോ നിഷേധിച്ച് മനസ്സിന്റെ ജല്‍പനങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞുകൂടുകയോ ചെയ്യാന്‍ അല്ലാഹു മനുഷ്യന് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. സത്യവിശ്വാസം തെരഞ്ഞെടുത്താല്‍ അവര്‍ ഇവിടെ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. അക്കാര്യം ഖുര്‍ആന്‍ വിവിധ രൂപത്തില്‍ ഉണര്‍ത്തുന്നുണ്ട്. ‘മനുഷ്യ വംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു’ (3:110).
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു (4:135). അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം സത്യവിശ്വാസികള്‍ അവനില്‍ വിശ്വസിച്ചുകൊണ്ട് ധര്‍മം കല്‍പിക്കാനും അധര്‍മം വിലക്കാനും നീതിപാലിക്കാനും ശ്രമിക്കുമ്പോള്‍ പിശാചിനെ കൈകാര്യകര്‍ത്താവായി സ്വീകരിച്ച സത്യനിഷേധികള്‍ സത്യവിശ്വാസികളെ എതിര്‍ക്കാനും മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും കൊല്ലാനും നാടുകടത്താനുമൊക്കെ ശ്രമിക്കും. ലോക ചരിത്രം അതിനു സാക്ഷിയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക്‌വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച (22:38). അപ്രകാരം സത്യവിശ്വാസിക ളെ രക്ഷിക്കുകയെന്നത് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു (10:103). സത്യവിശ്വാസികളെ സഹായിക്കുക എന്നതും ആ ബാധ്യതയില്‍ അല്ലാഹു ഉള്‍പ്പെടുത്തുന്നു (30:47). സഹായം ലഭിക്കാന്‍ അല്ലാഹു നിശ്ചയിച്ച ഉപാധി: ‘സത്യവിശ്വാസികളേ,നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാ ണ്’ (47:7).
സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ അല്ലാഹു വിനെ അവന്റെ അടിമയായ മനുഷ്യന്‍ എങ്ങനെ സഹായിക്കാനാണ്? ഗൗരവമുള്ള ചോദ്യം തെന്നയാണിത്. ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും അല്ലാഹുവിനെ സഹായിക്കുക എന്ന കാര്യം എടുത്ത്പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിനെ സംസ്ഥാപിക്കാന്‍ വേണ്ടിയുള്ള പരിശ്രമത്തില്‍ പങ്കു ചേരുന്നതിനാണ് ‘അല്ലാഹുവിനെ സഹായിക്കുക’ എന്ന പ്രയോഗം ഖുര്‍ആന്‍ നടത്തുന്നത്. വിശ്വാസ കാര്യത്തില്‍ മനുഷ്യന് സ്വയം നിര്‍ണയാവകാശം അല്ലെങ്കില്‍ തെരെഞ്ഞെടുപ്പ് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സത്യവിശ്വാസമോ നിഷേധമോ അനുസരണമോ ധിക്കാരമോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യന് വിവേചനാധികാരം ഉണ്ടെന്ന് സാരം. അവിടെ അല്ലാഹു അവന്റെ ദിവ്യശക്തികൊണ്ട് ഏതെങ്കിലും ഒരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. അതോടൊപ്പംതന്നെ സ്രഷ്ടാവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മനുഷ്യ ജീവിതം സമര്‍പ്പിക്കലാണ് ശരിയായ വഴി എന്നും ജീവിത വിജയത്തിന്റെ ഏക മാര്‍ഗമെന്നും തെളിവുകളും ഉപദേശങ്ങളും താക്കീതുകളും ചരിത്ര പാഠങ്ങളും പ്രകൃതി ദൃഷ്ടാന്തങ്ങളും നല്‍കി മനുഷ്യ മനസ്സിനെ ബോധ്യപ്പെടുത്തുന്ന പ്രബോധന രീതിയാണ് അല്ലാഹു അവലംബിച്ചിട്ടുള്ളത്. ഈ പരിശ്രമത്തിന് മുന്നിട്ടിറങ്ങാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗി ച്ചത്. അക്കാര്യത്തില്‍ പ്രവാചകന്മാരെ സഹായിക്കുന്നവരെ അല്ലാഹു സ്വന്തം സഹായികളായി പരിഗണിക്കുന്നു. അല്ലാഹുവിന്റെ ഒരടിമക്ക് എത്താവുന്ന ഏറ്റവും ഉന്നതമായ പദവിയാണിത്.
നമസ്‌കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് മുതലായ സകല ആരാധനാകര്‍മങ്ങളിലും മനുഷ്യന്‍ കേവലം അല്ലാഹുവിന്റെ അടിമ മാത്രമാണ്. എന്നാല്‍, ദീനിന്റെ പ്രബോധനത്തിന്‌വേണ്ടിയുള്ള പരിശ്രമത്തില്‍ അടിമക്ക് ദൈവത്തിന്റെ സുഹൃത്തും സഹായിയുമെന്ന ബഹുമതിയാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. സത്യവിശ്വാസിക്ക് ഈ ലോകത്ത് ലഭിക്കുന്ന ആത്മീയ പുരോഗതിയുടെ ഏറ്റവും ഉന്നത സ്ഥാനമാണത്. ഹസ്രത് ഈസാ(അ)യുടെ ചരിത്രത്തിലൂടെ അല്ലാഹു അക്കാര്യം ചിത്രീകരിക്കുന്നു. അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിന്റെ സഹായി കളാകുവിന്‍, മര്‍യമിന്റെ പുത്രന്‍ ഈസാ, ഹവാരികളെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞതുപോലെ: ‘അല്ലാഹുവിലേക്ക് (ക്ഷണിക്കുന്നതില്‍) എനിക്ക് സഹായികളാരുണ്ട്?’ ഹവാരികള്‍ പ്രഖ്യാപിച്ചു: ‘ഞങ്ങളുണ്ട് അല്ലാഹുവിന്റെ സഹായികളായി’. അപ്പോള്‍ ഇസ്രാഈല്‍ വംശത്തില്‍നിന്ന് ഒരുപറ്റം വിശ്വസിക്കുകയും മറ്റൊരു പറ്റം നിഷേധിക്കുകയും ചെയ്തു. പിന്നെ വിശ്വാസികളെ നാം അവരുടെ ശത്രുക്കള്‍ക്കെതിരില്‍ ശക്തിപ്പെടുത്തി; അങ്ങനെ അവര്‍ വിജയികളാവുകയും ചെയ്തു’ (61:14). സത്യവിശ്വാസികളെ ശത്രുക്കള്‍ക്കെതിരില്‍ ശക്തിപ്പെടുത്തി വിജയിപ്പിക്കുക എന്നത് അല്ലാഹുവിന്റെ ചര്യയാണ്. മുഹമ്മദ് നബി (സ) യെയും അനുയായികളെയും ഖുറൈശികള്‍ പീഡിപ്പിക്കുകയും നാടുകടത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവന്റെ നടപടിക്രമം അവരെ ഉണര്‍ത്തിയിരുന്നു. എന്നിട്ടും അവര്‍ പിന്മാറിയില്ല. ഒടുവില്‍ അല്ലാഹു അവരോട് പറഞ്ഞു. ‘അവര്‍ ഭൂമിയില്‍കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. അല്ലാഹു അവരെ തകര്‍ത്തുകളഞ്ഞു. ഈ സത്യനിഷേധികള്‍ക്കു മുണ്ട് അതുപോലെയുള്ള (ശിക്ഷകള്‍). അതിന്റെ കാരണമെന്തെന്നാല്‍ അല്ലാഹു സത്യവിശ്വാസി കളുടെ രക്ഷാധികാരിയാണ്. സത്യനിഷേധികള്‍ക്കാകട്ടെ ഒരു രക്ഷാധികാരിയും ഇല്ല’ (47:10, 11). അതോടൊപ്പം പ്രവാചകനെ സാന്ത്വനിപ്പിച്ച്‌കൊണ്ട് അല്ലാഹു പറഞ്ഞു: ‘നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തേക്കാള്‍ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങള്‍! അവരെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നില്ല’ (47:13). പ്രവാചകനോട് ചെയ്ത വാഗ്ദാനം അല്ലാഹു നിറവേറ്റി. ദൈവീക സ്‌നേഹസന്ദേശമായ ഇസ്‌ലാം ജൈത്രയാത്ര തുടര്‍ന്നു. പ്രവാചകന ്‌ശേഷം ചരിത്രത്തില്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. സമകാലികത്തില്‍ നമ്മുടെ രാജ്യത്തും സത്യവിശ്വാസികളെയും അശരണരായ മറ്റു ജനതയെയും നാടുകടത്താന്‍ നിഗൂഢ പദ്ധതിയുമായി ഭരണക്കാര്‍ പണി തുടങ്ങിയിട്ടുണ്ട്. അല്ലാഹുവിന്റെ വാഗ്ദാനം നിലവിലുണ്ട്. അത് പ്രതീക്ഷയായി കണ്ട് എല്ലാ മനുഷ്യരുടെയും നീതിപൂര്‍വ്വമായ നിലനില്‍പ്പിനായി പോരാടേണ്ടത് സത്യവിശ്വാസ ബാധ്യതയാണ്.