നജീബ് കാന്തപുരം
സ്വന്തം അധികാരം ഉറപ്പിച്ചു നിര്‍ത്താന്‍ മോദി – അമിത്ഷാ കൂട്ടുകെട്ട് ഈ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്. ഒരു രാജ്യത്തിനകത്ത് രണ്ട് രാജ്യം നടക്കില്ലെന്ന സവര്‍ക്കറുടെ പഴയ ആദര്‍ശമാണ് ഇരുവരെയും നയിക്കുന്നത് . അതിനു വേണ്ടി ഒരു ജനതക്കു മേല്‍ ഏത് നരകവും അവര്‍ കെട്ടിവെക്കും. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ കൊണ്ട് അവര്‍ വീര്‍പ്പു മുട്ടിക്കുന്നത് സ്വന്തം പൗരന്മാരെയാണ്. എന്‍. ആര്. സി. യും സി. എ. ബിയും ഒരേ വിഷച്ചെടിയില്‍ നിന്നുള്ള രണ്ട് വിത്തുകളാണ്. ഇന്ത്യയെ സ്നേഹിക്കുന്ന മനുഷ്യര്‍ അതിനെ ഒരുമിച്ച് വെറുക്കുകയാണ് വേണ്ടത്.
പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായിക്കഴിഞ്ഞു. ഇനി ബില്‍ നിയമമാകാനുള്ള നടപടി ക്രമങ്ങളാണുള്ളത്. ലോക്സഭയിലും രാജ്യസഭയിലും കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ചൂടേറിയ വാഗ്വാദങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ഏകാധിപതികളുടെ വിരട്ടലുകള്‍ക്കും മീതെ ധീരതയുടെ കൊടിപറത്തുന്ന രാജ്യസ്നേഹികള്‍ അവശേഷിക്കുന്നുണ്ട്.
സംഘ് പരിവാറിന്റെ ലക്ഷ്യം സ്പഷ്ടമാണ്. എതിര് ശബ്ദങ്ങളെല്ലാം അടിച്ചൊതുക്കിയ ഫാഷിസ്റ്റ് രാജ്യം. അതിനായി വി. ഡി. സവര്‍ക്കര്‍ ആഗ്രഹിച്ച ഒരു രാഷ്ട്ര സങ്കല്‍പ്പത്തിന്റെ ഏറ്റവും കര്‍ക്കശമായ പ്രയോഗവല്‍ക്കരണത്തിലേക്ക് രാജ്യം കടക്കുകയാണ്. മുസ്ലിംകളെ തുടച്ചു നീക്കിയുള്ള ഒരിന്ത്യ. അവരെ രണ്ടാംതരം പൗരന്മാരായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക്. രാജ്യത്തിന്റെ ഭരണഘടനയായിരുന്ന ഇത്രയും കാലം ഓരോ പൗരന്റെയും ജീവിത സുരക്ഷയെങ്കില്‍ ആ ഭരണഘടനക്ക് കടലാസ്സിന്റെ വിലപോലുമില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഇങ്ങനെ വിശദമാക്കുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. രാജ്യത്തിനകത്ത് എല്ലാവര്ക്കും ഒരു പോലെയുള്ള നിയമസുരക്ഷയുണ്ടാകും. നിയമത്തിനു മുമ്പിലുള്ള തുല്യവകാശം ഭരണഘടനയില്‍ നിലനില്‍ക്കെ, ഒരു മത വിഭാഗത്തെ മാറ്റി നിര്‍ത്തിയുള്ള നിയമ നിര്‍മ്മാണം തന്നെ ഭരണഘടനാ വിരുദ്ധമാണ്.
ഇന്ത്യ മതേതര രാജ്യമാണെന്നും ഏതെങ്കിലുമൊരു മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിയമനിര്‍മ്മാണം പാടില്ലെന്നും കൃത്യമായ വിവക്ഷ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിള്‍ 14 ന് എതിരായ കയ്യേറ്റവും ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞ മതേതരസങ്കല്പ്പത്തിന് വിരുദ്ധമായ ആശയവും ഉള്‍ക്കൊള്ളുന്ന ഒരു നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ് ശ്രമിക്കുന്നത് തന്നെ ഈ രാജ്യത്തിന്റെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
പൗരത്വഭേദഗതി ബില്‍ മുസ്ലിംകള്‍ക്കെതിരാണെന്ന് ചര്‍ച്ചക്കിടയില്‍ മുസ്ലിംലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി തുറന്നു കാണിച്ചപ്പോള്‍ പ്രകോപിതനായി ആഭ്യന്തര മന്ത്രി അമിത്ഷാ അത് തടസ്സപ്പെടുത്തിയ രംഗം പാര്‍ലമെന്റില്‍ അരങ്ങേറുകയുണ്ടായി. ഭരണഘടനാ വിരുദ്ധമായ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുക മാത്രമല്ല. അതിനെതിരെയുള്ള വിമര്‍ശനങ്ങളെപ്പോലും അസഹിഷ്ണതയോടെ നേരിടുന്ന സാഹചര്യമാണ് പാര്ലമെന്റിനകത്തുണ്ടായത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനിടയില്‍ ബി. ജെ. പി. പോലും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവ് സംഭവിച്ചു. അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം മനുഷ്യര്‍ പുറത്തായപ്പോള്‍ ബി. ജെ. പി. പ്രതീക്ഷിച്ചത് ഇതില്‍ ഭൂരിഭാഗവും മുസ്ലിംകളായിരിക്കുമെന്നായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ നുഴഞ്ഞു കയറ്റമോ അഭയാര്‍ത്ഥി പ്രശ്നമോ ആയിരുന്നില്ല ബി. ജെ. പി.യുടെ മുഖ്യ പ്രശ്നം. 80 ശതമാനത്തോളം വരുന്ന ഹൈന്ദവ സമുദായത്തിനകത്ത് വര്‍ഗീയമായ ഏകീകരണമുണ്ടാക്കാനും മുസ്ലിം വിരോധം ആളിക്കത്തിക്കാനുമുള്ള മറ്റൊരു നടപടി മാത്രമായിരുന്നു ഇത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പശ്ചിമ ബംഗാളില്‍ വെച്ച് അമിത്ഷാ പ്രഖ്യാപിച്ചത് ഇക്കാര്യമായിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ അനധികൃത കുടിയേറ്റക്കാരായ മുസ്ലിംകള് നിങ്ങളുടെ വിഭവങ്ങളും ജോലിയും തട്ടിയെടുക്കുകയാണ്. അതുകൊണ്ട് അവരെ പുറത്താക്കാനാണ് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നത്. പൗരത്വ പട്ടികക്ക് ഒരു മാനമേ ഉണ്ടായിരുന്നുള്ളു. മുസ്ലിംകള് രാജ്യത്തെ അനധികൃത കുടിയേറ്റക്കാരാണെന്ന് സ്ഥാപിക്കുക. അത് വഴി കൂടുതല്‍ വിഭാഗീയതും വിദ്വേഷവും പടര്‍ത്തുക. രാജ്യത്തെ രണ്ടായി പിളര്‍ക്കുക. എന്നാല്‍ എന്‍. ആര്. സി. പുറത്തു വന്നപ്പോള്‍ പൗരത്വമില്ലാതായവരില് ബഹു ഭൂരിപക്ഷവും അസമിലെ ഹിന്ദുക്കളായിരുന്നു. പന്ത്രണ്ട് ലക്ഷത്തോളം. എന്‍. ആര്. സി. തിരിച്ചടിയായെന്ന ബോധ്യമാണ് പിന്നീട് പൗരത്വഭേദഗതി ബില്‍ കൊണ്ടു വരാന്‍ പ്രേരിപ്പിച്ചത്.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആര്. എസ്. എസിന്റെ വാദത്തിന് പ്രകടമായ പിന്തുണ നല്‍കുക കൂടിയാണ് ഈ ബില്ലിന്റെ മറ്റൊരു ലക്ഷ്യം. മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് പീഢനം ഏറ്റുവാങ്ങി പാലായനം നടത്തുന്ന ഹിന്ദു, സിഖ്, ജൈന, പാര്‍സി, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് മാനദണ്ഡമില്ലാതെ പൗരത്വം നല്‍കുക എന്നതാണ് ബില്ലിന്റെ നിര്‍ദ്ദേശം. ഇതിന് രണ്ട് രാഷ്ട്രീയ ലക്ഷ്യമുണ്ട്. അയല്‍ രാജ്യങ്ങളും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളുമായ പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളെ ഹിന്ദു പീഢനം നടത്തുന്ന രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ശത്രുതാവികാരം ആളിക്കത്തിക്കുകയും ചെയ്യുക. രണ്ട് ലോകത്തെങ്ങുമുള്ള ഹിന്ദുവിന്റെ മാതൃരാജ്യമാണ് ഇന്ത്യയെന്നും അവര്‍ക്ക് അഭയം നല്കാന് ഹിന്ദുരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും പ്രഖ്യാപിക്കുക. ഈ രണ്ട് ലക്ഷ്യങ്ങളാണ് അമിത്ഷായുടെ ബില്ലിന് പിറകിലുള്ളതെന്ന ബോധ്യമുള്ളത് കൊണ്ടു തന്നെയാണ് ഈ നിയമം ഇന്ത്യ എന്ന ആശയത്തിന്റെ അടിവേരറുക്കുമെന്ന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയത്.
ആര്.എസ്.എസിനെ ഇപ്പോഴും നയിക്കുന്നത് വി. ഡി. സവര്‍ക്കറുടെ ദ്വിരാഷ്ട്രവാദമാണ്. 1923 ല്‍ സവര്ക്കെറെഴുതിയ ഒരു ലേഖനത്തിലാണ് ദ്വിരാഷ്ട്ര വാദം ഒരു ആശയമായി അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഹിന്ദു രാഷ്ട്രവും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ ഉള്‍പ്പെടുത്തി മുസ്ലിം രാഷ്ട്രവും നിര്‍മ്മിക്കുക എന്നതായിരുന്ന ആ വാദം. എന്നാല്‍ ഇന്ത്യയിലെ സ്വാതന്ത്ര്യസമരനായകര്‍ ഈ ആശയത്തോട് ഒട്ടും യോജിച്ചിരുന്നില്ല. ഇന്ത്യയുടെ വൈവിധ്യങ്ങളെ ആദരിക്കുന്ന ഒരു രാഷ്ട്ര സങ്കല്‍പ്പമായിരുന്ന സ്വാതന്ത്ര്യാനന്തര സ്വപനം. എന്നാല്‍ ആര്. എസ്. എസ്. മാതൃകയായി കണ്ടത് ജര്‍മ്മനിയെ ആയിരുന്നു. രാജ്യത്തിനകത്ത് ശത്രുക്കളെ നിര്‍മ്മിക്കുകയും അവര്‍ക്കെതിരെ ഭൂരിപക്ഷവികാരം ആളിക്കത്തിക്കുകയും അവരെ ആട്ടിയോടിക്കുകയും വംശശുദ്ധി നടപ്പാക്കുകയും ചെയ്യുന്ന ജര്‍മ്മന്‍ രീതിയായിരുന്നു അവരുടെ സ്വപ്നം.
1935 ല്‍ ഹൈദരാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ യോഗത്തില്‍ വെച്ച് വി. ഡി. സവര്‍ക്കര്‍ തന്റെ ദ്വിരാഷ്ട്രവാദത്തിന് അംഗീകാരം വാങ്ങി. സ്വാതന്ത്ര്യത്തോടൊപ്പം രാജ്യം രണ്ടായി പിളര്‍ന്നപ്പോഴും രാഷ്ട്ര ശില്‍പ്പികളായ നേതാക്കള്‍ ഈ രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനില്ക്കണമെന്ന് തീരുമാനിച്ചു. സ്വാതന്ത്ര്യം നേടി നാല് വര്‍ഷം കഴിഞ്ഞ ഇന്ത്യ, സ്വന്തമായി ഒരു ഭരണഘടനയുള്ള രാജ്യമായി മാറുമ്പോള്‍ ലോകത്തിന് തന്നെ മാതൃകയായ ഭരണഘടനസമ്മാനിക്കുകയും ചെയ്തു. ഒരു മതത്തിനും സ്റ്റേറ്റിനകത്ത് അപ്രമാദിത്വമില്ലെന്നും മതപരമായ യാതൊരു വിവേചനവും പാടില്ലെന്നതുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സ്സത്ത. ആര്. എസ്. എസ്. ഇതിനെതിരെ നിരന്തരമായി കലഹിച്ചുകൊണ്ടിരിക്കുന്നു. പകയും വെറുപ്പും പ്രചരിപ്പിച്ച് കലഹം സൃഷ്ടിച്ച വിരുദ്ധ മാനസികാവസ്ഥ വളര്‍ത്തി അധികാരത്തിലേക്കുളള വഴി തേടുകയായിരുന്നു അവര്‍. 1925 മുതല്‍ ആരംഭിച്ച ആകെ പ്രവര്‍ത്തനങ്ങളുടെ വിജയം കാണാന്‍ ഒരു നൂറ്റാണ്ടോളം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്ത്യയുടെ മതേതര മനസ്സിനുമേല്‍ ആധിപത്യം നേടാന്‍ പതിറ്റാണ്ടുകള്‍ അവര്‍ നടത്തിയ ശ്രമം വിജയം കണ്ടത് ഇപ്പോള്‍ മാത്രമാണ്.
2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരമേറ്റെങ്കിലും 2019 ലെ അമിത്ഷായുടെ നേരിട്ടുള്ള രണ്ടാമൂഴമാണ് ആര്. എസ്. എസ്. അജണ്ടകള്ക്കനുസരിച്ചുള്ള ദ്രുതഗതിയിലുളള നിയമനിര്‍മ്മാണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
രാജ്യസഭയില്‍ കപില്‍ സിബല്‍ പറഞ്ഞ വാക്കുകള്‍ നമുക്കാവര്‍ത്തിക്കാം. അമിത് ഷാ, നിങ്ങള്‍ നേരത്തെ പറഞ്ഞല്ലോ, മുസ്ലിംകള് ഭയപ്പെടേണ്ട ആവശ്യമില്ലെന്ന്. അതിന് ഇവിടെ ഏത് മുസ്ലിംകളാണ് നിങ്ങളെ ഭയപ്പെടുന്നത്? ഈ ഭാരതത്തിലെ ഒരു മുസല്‍മാനും നിങ്ങളെ ഭയപ്പെടുന്നില്ല. ഈ രാജ്യത്തെ ഒരു പൗരനും നിങ്ങളെ ഭയപ്പെടുന്നില്ല. ഞാനും ഇവിടത്തെ മുസല്മാന്മാരും ഭയപ്പെടുന്നത് ഈ രാജ്യത്തിന്റെ ഭരണഘടനയെയാണ്.
ഈ നിയമം ഭരണഘടന, വിരുദ്ധമാണ്. രാജ്യത്തിന്റെ പൗരന്മാര്ക്കെതിരാണ്. ഹിന്ദുവിനും മുസല്മാനുമെതിരാണ്. എല്ലാ മനുഷ്യര്ക്കുമെതിരാണ്. കാരണം കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ രജിസ്റ്ററിനു വേണ്ടി നട്ടെല്ലൊടിച്ചിരിക്കുന്നത് ഓരോ ഇന്ത്യക്കാരന്റെതുമാണ്.
എന്തുകൊണ്ടാണ് മതേതരവിശ്വാസികള്‍ ഒന്നടങ്കം ഈ ബില്ലിനെ എതിര്‍ക്കുന്നത്? ഈ ബില്ല് പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പ്രഖ്യാപിക്കുന്നു. ഈ നിലപാട് രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമാണ്. ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. ഇത് രാജ്യത്തെ വിഭജിക്കുകയും ആ വിഭജനം ഇന്ത്യയെ തകര്‍ക്കുകയും ചെയ്യും. ഇത് മുസ്ലിംകളെ വഴിയാധാരമാക്കാനും അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാനുമാണ് തയ്യാറാക്കപ്പെട്ടത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പൗരത്വം തെളിയിക്കാന്‍ വേണ്ടി രാജ്യമാകെ ഇനി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ വരി നില്‍ക്കേണ്ടി വരുന്നത് മുസ്ലിംകള് മാത്രമായിരിക്കില്ല. എല്ലാ മതവിശ്വാസികളുമായിരിക്കും.
പൗരത്വം എന്നത് ഭൂമിയിലെ ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. അതി വിശാലമായ ഈ പ്രപഞ്ചത്തില്‍ ഓരോ മനുഷ്യനും നിലകൊളളുന്ന ഒരു ഇടമുണ്ട്. ആ ഇടം അവന്ന്റെതുകൂടെയാണ് എന്ന ആത്മവിശ്വാസമാണ് പൗരത്വം. അത് നിഷേധിക്കപ്പെടുക എന്നതിനര്‍ത്ഥം അവന്റെ ഏറ്റവും അടിസ്ഥാനപരമായ പൗരാവകാശത്തെ കീറിയെറിയുന്നു എന്നാണ്. അത് കൊണ്ട് തന്നെ ഒരു വ്യക്തിയുടെ പൗരത്വം നിഷേധിക്കുക എന്നതിനര്‍ത്ഥം അവനെ കീറിയെറിയുന്നു എന്നാണ്. ഒരു സമൂഹത്തെ ആകെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കുകയെന്നാല്‍ ആ സമൂഹത്തെ നിങ്ങളീ നാട്ടില്‍ നിന്ന് കീറിയെറിയുന്നൂ എന്നാണ്. അത് അംഗീകരിക്കാന്‍ തയ്യാറല്ലാത്ത മനുഷ്യരാണ് രാജ്യ വ്യാപകമായി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
അസമില്‍ ഒരു ടെസ്റ്റ് ഡോസായിരുന്നു. അവിടെ ലക്ഷക്കണക്കിന് മനുഷ്യര്‍ പൗരത്വം തെളിയിക്കാന്‍ ക്യൂ നിന്നു. മുസ്ലിംകള് മാത്രമായിരുന്നില്ല. സംസ്ഥാനത്തുടനീളം പൗരത്വ രേഖകളുമായി എല്ലാ വിഭാഗമാളുകളും ക്യൂവിലായിരുന്നു. അസമില്‍ മാത്രം ഈ നടപടിക്ക് വേണ്ടി ചെലവഴിച്ചത് 1220 കോടിയാണ്. ഇന്ത്യയാകെ പൗരത്വ പട്ടിക തയ്യാറാക്കല്‍ പ്രതീക്ഷിക്കുന്ന ചെലവ് 60,000 കോടിയാണ്! ഒരു രാജ്യം അവരുടെ പൗരന്മാരെ പുറത്താക്കാന്‍ ചെലവഴിക്കുന്ന തുക!!
അത് കൊണ്ട് തന്നെ എന്‍.ആര്.സി. എന്നത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ആരും കരുതേണ്ടതില്ല. ഇത് രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. എന്നാല്‍ ദുരിതങ്ങളേറെ ഏറ്റു വാങ്ങേണ്ടി വരിക മുസ്ലിംകളാവുമെന്ന് മാത്രം.
പൗരത്വം തെളിയിക്കാന്‍ അസമിലെ പോലെ രാജ്യമാകെ ഇനി നമ്മള് ക്യൂ നില്‍ക്കണം. പണ്ട് നോട്ട് മാറാന്‍ ക്യൂ നിന്ന പോലെ. അതില്‍ ഹിന്ദുവെന്നോ മുസ്ലിം എന്നോ വ്യത്യാസമില്ല. ക്യൂവില്‍ നില്ക്കുന്ന ഹിന്ദുവിന് അവന്റെ പൗരത്വം തെളിയിക്കാനായില്ലെങ്കില്‍ അവന്റെ സംരക്ഷണത്തിന് പൗരത്വ ഭേദഗതി നിയമം രംഗത്തെത്തുമെന്നാണ് വാദം. തെളിയിക്കാന്‍ കഴിയാത്ത മുസ്ലിമിന്റെ യോഗം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുമാകും.
എന്നാല്‍ രേഖകളില്ലാത്ത ഹിന്ദുവിന്ന് എങ്ങിനെയാണ് പരിരക്ഷ ഉണ്ടാവുക? ഇക്കാലമത്രയും ഇന്ത്യയില്‍ കഴിയുന്ന ആ വ്യക്തി താന്‍ പാകിസ്താനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ കുടിയേറിയ വിദേശിയാണെന്ന് സമ്മതിക്കണം. ഇന്ത്യന്‍ പൗരനാണ് എന്ന് തെളിയിക്കാനുള്ള രേഖയില്ലാത്തതിനാല്‍ ഇനി ഇന്ത്യക്കാരനല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. ചുരുക്കത്തില്‍ ഈ നിയമം നട്ടെല്ലൊടിക്കുന്നത് ഓരോ ഇന്ത്യക്കാരനെയുമാണ്.
വിഭാഗീയത ഉണ്ടാക്കാന്‍ ആര്. എസ്. എസ്. മെനഞ്ഞെടുത്തതാണ് ഈ രണ്ട് പദ്ധതികളും. ഒരേ വിഷച്ചെടിയുടെ രണ്ട് വിത്തുകള്‍. എന്നാല്‍ എന്‍. ആര്. സി. യും സി. എ. ബി. യും ദുരിതത്തിലാക്കാന്‍ പോകുന്നത് ഓരോ ഇന്ത്യക്കാരനെയുമാണ്്.
ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള വലിയ പോരാട്ടങ്ങളാണ് രാഷ്ട്രീയമായി രൂപപ്പെടേണ്ടത്. ഇന്ത്യയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള കൂട്ടായ ശബ്ദമാണ് മുഴങ്ങേണ്ടത്. പാര്‍ലമെന്റില്‍ നാം കേട്ടത് ദുര്‍ബ്ബലമല്ലാത്ത ശബ്ദം തന്നെയാണ്. ചരിത്രം എന്നും ഒരേ ദിശയില്‍ സഞ്ചരിക്കില്ല. നെഞ്ചൂക്കോടെ നമുക്കീ ദുരിതകാലത്തെയും മറികടക്കാം.