ഖുര്‍ആന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ച ആധുനിക ചിന്തകന്മാര്‍

പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യ വര്‍ഗത്തിന് സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബി മുഖേന നല്‍കിയ നിയമ പുസ്തകമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് റമസാനിലായത്‌കൊണ്ടാണ് ആ മാസത്തില്‍ നോമ്പ് നിശ്ചയിക്കപ്പെട്ടത്. അപ്പോള്‍ ഈ തത്വമനുസരിച്ച് വര്‍ഷംതോറും ആവര്‍ത്തിക്കപ്പെടുന്ന ഖുര്‍ആന്റെ വാര്‍ഷിക മഹോത്സവം എന്ന് റമസാന്‍ നോമ്പിനെ വിശേഷിപ്പിക്കാറുണ്ട്. വിശ്വാസികള്‍ റമസാനില്‍ ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. ഖുര്‍ആന് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് അത്ഭുതകരമാണ്. പ്രവാചകന്റെ കാലത്ത് അദ്ദേഹത്തെയും ഇസ്‌ലാമിനെയും ശക്തമായി എതിര്‍ത്തിരുന്ന ചിലര്‍ ഖുര്‍ആന്‍ പാരായണം കേട്ട് അതിനാല്‍ സ്വാധീനിക്കപ്പെട്ട നബിയുടെ അനുയായികളായി മാറിയ സംഭവം ചരിത്രം വിസ്മയത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബി ഭാഷയിലുള്ള ഖുര്‍ആന്റെ മാധുര്യം ശരിക്കും ആസ്വദിക്കാന്‍ കഴിവുള്ളവരായിരുന്നു അറബ് സമൂഹം. അതുകൊണ്ടായിരുന്നു അവര്‍ ഒളിച്ചിരുന്നു രാത്രി ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഔത്സുക്യം കാണിച്ചിരുന്നത്. കാലം ഏറെ മുന്നോട്ടുപോവുകയും എല്ലാ രംഗത്തും മാറ്റങ്ങള്‍ പലതും സംഭവിക്കുകയും ചെയ്‌തെങ്കിലും ഖുര്‍ആന്റെ ആ മാസ്മരികത ഇന്നും അതേപടി തുടരുന്നു. ധാരാളം പ്രകൃതി രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ ഖുര്‍ആനും ആധുനിക ശാസ്ത്രവുമായി എവിടെയും ഒരു ഏറ്റുമുട്ടലില്ല. പക്ഷേ, ഏറ്റവും വലിയ വിരോധാഭാസം ഖുര്‍ആന്റെ അനുയായികളില്‍ ഭൂരിഭാഗവും ഇതിന്റെ ആശയങ്ങള്‍ ഗ്രഹിക്കാതെ പുണ്യത്തിനുവേണ്ടി മാത്രം ഇത് പാരായണം നടത്തുന്നു എന്നതാണ്. ‘അവര്‍ക്ക് എന്ത്‌കൊണ്ട് ഖുര്‍ആന്‍ ചിന്തിച്ചുഗ്രഹിച്ചുകൂടാ. അതോ അവരുടെ മനസ്സുകള്‍ക്ക് താഴിട്ടിരിക്കുകയാണോ’- ഖുര്‍ആന്‍ തന്നെ ചോദിക്കുന്നു. എന്നാല്‍ ഖുര്‍ആന്‍ പഠിച്ച് അതിന്റെ ആശയ, വാചക സൗന്ദര്യത്തില്‍ ആകൃഷ്ടരായി നിരവധി ബുദ്ധിജീവികളും പണ്ഡിതന്മാരും ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവരില്‍ ചിലരെ പരിചയപ്പെടാം.

1974-ല്‍ നിര്യാതനായ പ്രസിദ്ധ ബ്രിട്ടീഷ് ചിന്തകന്‍ റോം ലിന്‍ഡോ ഇസ്‌ലാമിനെപ്പറ്റി ദീര്‍ഘകാലം പഠനം നടത്തി അവസാനം ഈ മതം ആശ്ലേഷിക്കുകയാണുണ്ടായത്. ഖുര്‍ആനും മുഹമ്മദ് നബിയുടെ വ്യക്തിത്വവുമാണ് അദ്ദേഹത്തെ ഏറ്റവും അധികം ആകര്‍ഷിച്ചത്. ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളിലെ വാക്യങ്ങള്‍ തമ്മിലുള്ള വിസ്മയകരമായ ചേര്‍ച്ച അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചു. അറബി ശൈലിയിലുള്ള ഖുര്‍ആന്‍ ഉറക്കെ പാരായണം ചെയ്യുമ്പോള്‍ എന്തൊരു കൗതുകമാണ് ഉള്ളില്‍ ഉളവാക്കുന്നത്- ലിന്‍ഡോ വിശദീകരിക്കുന്നു.
1970-ല്‍ ഇസ്‌ലാം ആശ്ലേഷിച്ച അമേരിക്കന്‍ ചിന്തകന്‍ ദൈബൂള്‍ ബോട്ടര്‍ പ്രസ്താവിക്കുന്നതിങ്ങനെ: മനുഷ്യന്റെ-പുരുഷന്റെയും സ്ത്രീയുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ഒരു മതം ഇസ്‌ലാമല്ലാതെ മറ്റൊന്നുമില്ല. ഖുര്‍ആന്‍ മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോള്‍ സൃഷ്ടിപ്പ് സംബന്ധിച്ച് മനുഷ്യന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന ഒരു സത്യമാണ് അതെന്ന് ബോധ്യമായി. സംഭവങ്ങളെ യുക്തി ന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് അത് അവതരിപ്പിക്കുന്നത്. മറ്റു മതഗ്രന്ഥങ്ങളിലെല്ലാം പരസ്പര വൈരുധ്യമുണ്ട്. ഖണ്ഡിതമായ ഒരു ശൈലിയും മനോഹരമായ ഘടനയുമാണ് ഖുര്‍ആന്റെത്. ജാഹിലിയ്യ ചുറ്റുപാടില്‍ നിരക്ഷരനായി വളര്‍ന്ന മുഹമ്മദിന് ഖുര്‍ആന്‍ വിവരിക്കുന്ന ഈ പ്രാപഞ്ചിക സത്യങ്ങള്‍ എങ്ങനെ സ്വയം അറിയാന്‍ കഴിയും? ഖുര്‍ആന്‍ പ്രഖ്യാപിച്ച ഈ സത്യങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രം ഇക്കാലം വരെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

1929-ല്‍ നിര്യാതനായ ഫ്രഞ്ച് ചിന്തകന്‍ ഡേനിയ അള്‍ജീരിയന്‍ പ്രവാസ ജീവിതത്തിന്റെ അവസാനത്തില്‍ ഇസ്‌ലാം ആശ്ലേഷിക്കുകയാണുണ്ടായത്. പിന്നെ ഇസ്‌ലാമിന് നേരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. പൂര്‍വകാല പ്രവാചകന്മാരുടെ ‘മുഅ്ജിസാത്ത്’- തങ്ങള്‍ ദൈവത്തിന്റെ പ്രവാചകന്മാരാണെന്ന് തെളിയിക്കാന്‍ അവന്‍ അവതരിപ്പിച്ച അമാനുഷികാത്ഭുതങ്ങള്‍-ആ കാലഘട്ടത്തേക്ക് മാത്രമായിരുന്നു. അവ വേഗം വിസ്മൃതിയിലാണ്ടുപോകും. എന്നാല്‍ ഖുര്‍ആനാകുന്ന മുഅ്ജിസത്ത് ശാശ്വത സ്വഭാവമുള്ളതാണ്. അതിന് എന്നും സ്വാധീനമുണ്ട്. ഏത് കാലഘട്ടത്തിലാകട്ടെ, സ്ഥലത്താവട്ടെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുകൊണ്ട് മാത്രം അത് കണ്ടെത്താന്‍ കഴിയും. ഈ മുഅ്ജിസത്താണ് ഇസ്‌ലാം ഇത്രവേഗത്തില്‍ ലോകത്ത് പ്രചരിക്കാന്‍ കാരണമായതും. എന്നാല്‍ ഈ കാരണം കണ്ടെത്താന്‍ പാശ്ചാത്യര്‍ക്ക് കഴിഞ്ഞില്ല. കാരണം അവര്‍ക്ക് ഖുര്‍ആന്‍ അറിഞ്ഞുകൂടാ. ജീവന്‍ തുടിക്കാത്ത, സൂക്ഷ്മത പാലിക്കാതെ രചിച്ച ചില പരിഭാഷകളിലൂടെ മാത്രമാണ് അവര്‍ ഖുര്‍ആനെ കണ്ടെത്തിയത്. ഖുര്‍ആന്റെ ആശയ സൗന്ദര്യത്തിലും സാഹിത്യ ഭംഗിയിലും ആകൃഷ്ടനായ അദ്ദേഹം പ്രതികരിക്കുന്നതിങ്ങനെ: അറബികളും മുസ്‌ലിംകളുമല്ലാത്തവരില്‍ ഈ ശൈലി ഇത്രമാത്രം സ്വാധീനം ചെലുത്തുമെങ്കില്‍ അത് അവതരിച്ച കാലഘട്ടത്തില്‍ അറബ് സമൂഹത്തില്‍ അത് എത്രമാത്രം ചലനം സൃഷ്ടിച്ചിട്ടുണ്ടാകും. ഖുര്‍ആന്‍ കേള്‍ക്കുമ്പോഴേക്കും അവരുടെ ഹൃദയങ്ങള്‍ വികാര വിജ്രംഭിതമാവുകയായിരുന്നു. എവിടെ വെച്ചാണോ അവര്‍ അത് കേള്‍ക്കുന്നതെങ്കില്‍ അവിടെ അവരെ ആണിയടിച്ച് നിര്‍ത്തിയത് പോലെ അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാകും. ഈ അമാനുഷിക വാക്യങ്ങളാണോ മുമ്പ് യാതൊരു അറിവും നേടാത്ത നിരക്ഷരനായ മുഹമ്മദിന്റെ രചനയാണെന്ന് പറയുന്നത്- ഈ ഫ്രഞ്ച് ചിന്തകന്‍ ചോദിക്കുന്നു.

1932-ല്‍ നിര്യാതനായ ബ്രിട്ടീഷ് ചിന്തകന്‍ ഹെന്റി വില്യം മുപ്പത്തി ഒന്നാം വയസ്സില്‍ അബ്ദുല്ല എന്ന പേര് സ്വീകരിച്ച് ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. ഈ പുതിയ മതത്തില്‍ പ്രവേശിച്ചതില്‍ ഊറ്റംകൊണ്ടിരുന്ന അദ്ദേഹം ബ്രിട്ടനില്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഖുര്‍ആനെപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ഇത് അവതരിച്ചിട്ട് 1320 വര്‍ഷമായെങ്കിലും ഈ കാലഘട്ടത്തില്‍ അവതീര്‍ണമായത് പോലെയാണ്. ലളിതമായ രസകരമായ ഒരു സാഹിത്യശൈലി. വളരെ ഹ്രസ്വമെങ്കിലും ആശയം പൂര്‍ണമായും പ്രതിഫലിക്കുന്നത്. അത് അവതരിച്ച കാലഘട്ടത്തിലെ ഭാഷക്കും ശൈലിക്കും അനുയോജ്യമായിരുന്നുവെങ്കില്‍ ഏത് കാലഘട്ടത്തിലെയും ഭാഷക്കും അനുയോജ്യമാണെന്ന് കാണാന്‍ കഴിയും. ഖുര്‍ആനിലെ നിയമങ്ങളും തത്വങ്ങളും ഏത് കാലത്തുള്ള മനുഷ്യരുടെയും ജീവിതത്തിന് മതിയായവയാണ്. മനുഷ്യ വര്‍ഗം അനുഭവങ്ങളിലൂടെ നീചമെന്ന് കണ്ടെത്തിയ കാര്യങ്ങളാണ് ഖുര്‍ആന്‍ നിരോധിച്ചവയത്രയും. മനുഷ്യര്‍ക്ക് സമാധാനവും സൗഖ്യവും ലഭിക്കുന്നതിന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന നിയമങ്ങളുടെ പ്രായോഗികത ലോകം അനുഭവിച്ചറിഞ്ഞതാണ്. ഖുര്‍ആന്റെ ഭാഷ അന്നും ഇന്നും ഒരുപോലെ ശുദ്ധവും സാഹിത്യഭംഗി തുടിക്കുന്നതുമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ചിന്തകളത്രയും സമുന്നതവും അന്യൂനവുമാണ്.
1998-ല്‍ നിര്യാതനായ മോറിസ് ബുക്കായ് ഫ്രാന്‍സിലെ വൈദ്യശാസ്ത്ര വിദഗ്ധനാണ്. ഫറോവ ചക്രവര്‍ത്തിയുടെ മമ്മിയെ അധികരിച്ച് അദ്ദേഹം നടത്തിയ പഠന ഗവേഷണങ്ങള്‍ അവസാനം അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് നയിക്കുകയാണുണ്ടായത്. മോറിസ് ബുക്കായ് രചിച്ച ‘തൗറാത്തും ഇന്‍ജീലും ഖുര്‍ആനും ശാസ്ത്രവും’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഖുര്‍ആന്റെ മഹത്വവും ശാസ്ത്ര സത്യങ്ങളുമായുള്ള അതിന്റെ യോജിപ്പും വ്യക്തമാക്കുന്നുണ്ട്: ‘യാതൊരു മുന്‍ ധാരണയുമില്ലാതെ വിഷയാധിഷ്ഠിതമായി ഞാന്‍ ഖുര്‍ആനെപ്പറ്റി പഠനം നടത്തി. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകള്‍ ഖുര്‍ആന്‍ ആശയങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചു. നേരത്തെ പരിഭാഷകള്‍ മുഖേന ഖുര്‍ആന്‍ ധാരാളം പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റി വിവരിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ അന്നത്തെ എന്റെ അറിവ് വളരെ പരിമിതമായിരുന്നു. പിന്നെ ഞാന്‍ അറബി ഭാഷ പഠിച്ചു. ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിമര്‍ശന വിധേയമായ ഒരു പരാമര്‍ശവും ഖുര്‍ആനിലില്ല. ഇതേ മാനദണ്ഡം വെച്ച് ബൈബിളിലും അന്വേഷണം നടത്തി. പലയിടത്തും ശാസ്ത്രവുമായി ഏറ്റുമുട്ടുന്നത് കണ്ടെത്തി’.

ഇവരെപ്പോലെ വിശുദ്ധ ഖുര്‍ആനെപ്പറ്റി നിഷ്പക്ഷമായി പഠന ഗവേഷണം നടത്തി പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയ നിരവധി ചിന്തകന്മാരുണ്ട്. അതേ അവസരം ഖുര്‍ആന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ സ്രഷ്ടാവ് അവര്‍ക്ക് നല്‍കിയ ഈ മാര്‍ഗദര്‍ശക മഹല്‍ഗ്രന്ഥം വായിക്കാനും പഠിക്കാനും തയ്യാറാവുന്നില്ല. അര്‍ത്ഥമറിയാതെ പാരായണം ചെയ്ത് പുണ്യം നേടുക എന്ന ലക്ഷ്യത്തിനല്ലല്ലോ ഈ നിയമ പുസ്തകം സ്രഷ്ടാവ് നല്‍കിയത്. ‘പടച്ചവനേ, എന്റെ ജനത ഈ ഖുര്‍ആനെ അവഗണിച്ച് പുറംതള്ളി’ എന്ന് നാളെ പ്രവാചകന്‍ അല്ലാഹുവിനോട് പരാതിപ്പെടുമെന്ന് ഈ ഗ്രന്ഥംതന്നെ താക്കീത് ചെയ്യുന്നു.