കോടികളില്‍ കുരുങ്ങിയ കമ്മ്യൂണിസ്റ്റ് കാപട്യം

ദുബൈയില്‍ പതിമൂന്ന് കോടിയുടെ തട്ടിപ്പുകേസില്‍ കുരുങ്ങിയ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ നിയമസഭയില്‍ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ തൊലിക്കട്ടി കാണ്ടാമൃഗത്തെപ്പോലും നാണിപ്പിക്കുന്നതാണ്. ദുബൈ വ്യവസായി ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ആഞ്ഞുവീശിയ വന്‍ വിവാദത്തിന്റെ വാള്‍മുനമ്പില്‍ പ്രതിരോധം നഷ്ടപ്പെട്ടതിന്റെ വിഹ്വലതയാണ് മുഖ്യമന്ത്രിയില്‍ പ്രതിഫലിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സര്‍ക്കാറിന് പരാതി ലഭിച്ചിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനു തയാറല്ലെന്നുമുള്ള മറുപടി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനൊ ജനാധിപത്യ സംവിധാനത്തിനൊ യോജിച്ചതല്ല. ഇത്രമേല്‍ ഗുരുതരമായ ആരോപണത്തിന്റെ സാംഗത്യത്തെ നിസാരവത്കരിക്കുകയും കൊടും കുറ്റകൃത്യത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഭരണഘടനാ ദുരുപയോഗം മാത്രമല്ല മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്. സി. പി.എമ്മിന്റെ നടപ്പുസമ്മേളനങ്ങളില്‍ വിമര്‍ശനങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന നേതാക്കളുടെ സാമ്പത്തിക ഭ്രമത്തെ ആശ്രിതവത്കരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വിവാദ വിഷയത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതിരുന്നത് സ്വയം കുഴി തോണ്ടലാകുമെന്ന തിരിച്ചറിവിന്റെ ആത്മസംഘര്‍ഷം കൊണ്ടാണെന്നര്‍ത്ഥം. ദുബൈ പൊലീസ് നല്‍കിയ സല്‍സ്വഭാവ രേഖയുടെ പിന്‍ബലത്തില്‍ ആരോപണം വ്യാജമെന്ന് വിധിയെഴുതി തടിയൂരാനുള്ള സി.പി.എമ്മിന്റെ വിഫലശ്രമം കൂടുതല്‍ കുരുക്കാകുന്നതു കാത്തിരുന്നു കാണാം.
പാര്‍ട്ടി സെക്രട്ടറിയുടെ മകനു നേരെ ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. ബിനോയ് കോടിയേരി പങ്കാളിയായ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും ബനോയ് നല്‍കിയ ചെക്ക് മടങ്ങിയെങ്കിലും പിഴയടച്ച് കേസ് തീര്‍പ്പാക്കിയെന്നുമുള്ള പാര്‍ട്ടി സെക്രട്ടറിയേറ്റ് പ്രസ്താവന എത്രമാത്രം ലജ്ജാകരമാണ്. കമ്മ്യൂണിസ്റ്റ് തത്വങ്ങളെയും സങ്കല്‍പങ്ങളെയും പരസ്യമായി വ്യഭിജരിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ബിനോയ് പങ്കാളിയായ കമ്പനി ഏതാണെന്നും ബിസിനസ് എന്താണെന്നും വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്. ബിനോയിയും ചവറ എം.എല്‍. എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തും സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാരനായ രാഹുല്‍ കൃഷ്ണനും ചേര്‍ന്നു ദുബൈയില്‍ നടത്തിക്കൊണ്ടിരുന്ന ബിസിനസുകളെ സംബന്ധിച്ച് അറിയാനുള്ള അവകാശം പാര്‍ട്ടി നേതാക്കള്‍ക്കു മാത്രമല്ല, പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ട്. ജാസ് ടൂറിസം കമ്പനിയില്‍ രാഹുല്‍ കൃഷ്ണന്‍ മാത്രമാണ് പങ്കാളിയെന്നാണ് രേഖകളില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മറ്റു രണ്ടുപേര്‍ എന്തു ബിസിനസാണ് ചെയ്തിരുന്നതെന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യതകൂടി സി.പി.എം സെക്രട്ടറിയേറ്റിന് കൈവന്നിരിക്കുകയാണ്. ദുബൈ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എല്‍.എല്‍.സി എന്ന കമ്പനിയാണ് ബിനോയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. കമ്പനിക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബൈയില്‍നിന്ന് മുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചുവെന്നുമാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.
ഇന്റര്‍പോളിന് നല്‍കാന്‍ തയാറാക്കിയ പരാതി ജനുവരി 20ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനു ശേഷം ഒരു വര്‍ഷമായി ബിനോയ് ഇന്ത്യയില്‍ ഒളിവിലാണെന്നും പാര്‍ട്ടി ഇടപെട്ട് തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ ഇന്റര്‍പോളിനെ സമീപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് ദുബൈയില്‍ എത്തിക്കുമെന്നും ജാസ് കമ്പനിയുടെ പരാതിയിലുണ്ട്. 2014ല്‍ ബിനോയിയുടെ ഷാര്‍ജയിലെ സോള്‍വ് മാനേജ്‌മെന്റ് കമ്പനി ജാസ് കമ്പനിയുടെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണനുമായി ചേര്‍ന്ന് ജാസ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ ദുബൈയില്‍നിന്നു മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഓഡി എ 8 സീരീസ് ആഢംബര കാര്‍ വാങ്ങാന്‍ 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) വായ്പയെടുത്തെങ്കിലും തിരിച്ചടവ് ഇടയ്ക്കുവച്ച് നിര്‍ത്തുകയാണെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ കൃഷ്ണയെ സ്വാധീനിച്ച് ജാസ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നു ഇന്ത്യ, യു.എ.ഇ, സഊദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 2016 ജൂണ്‍ ഒന്നിന്മുമ്പ് തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്നും കമ്പനി പരാതിയില്‍ ആരോപിക്കുന്നു. പണം കൈപ്പറ്റുമ്പോള്‍ മൂന്ന് ചെക്കുകള്‍ ജാസ് കമ്പനിക്ക് നല്‍കിയിരുന്നു. ബിനോയിയുടെ കമ്പനിയുടെ രണ്ട് ചെക്കുകളും ഒരു വ്യക്തിഗത ചെക്കുമാണ് നല്‍കിയിരുന്നത്. 2017 മെയ് 16ന് ജാസ് കമ്പനി ചെക്കുകള്‍ ബാങ്കില്‍ ഹാജരാക്കിയെങ്കിലും മടങ്ങുകയായിരുന്നു. രണ്ടുമാസം മുമ്പ് കമ്പനി പ്രതിനിധികള്‍ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് പണം തിരിച്ചടച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്നാണ് കമ്പനി സീതാറാം യച്ചൂരിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തെ നിഷേധിക്കാന്‍ യച്ചൂരി തയാറായിട്ടുമില്ല. ഇത്ര ഗുരുതരമായ വിഷയത്തെ ലാഘവത്തോടെ സമീപിച്ചത് സി.പി.എമ്മിന്റെ ആദര്‍ശ പാപ്പരത്തത്തിന്റെ അവസാന അടയാളമാണ്.
പാര്‍ട്ടി ബൂര്‍ഷ്വകളുടെ കൈകളില്‍ ഞെരിഞ്ഞമരുകയാണെന്നാണ് സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ പൊതുവായി ഉയര്‍ന്നുവന്ന രൂക്ഷമായ വിമര്‍ശം. ഓഖി ദുരിതാശ്വാസ ക്യാമ്പിലേക്ക് എട്ടുലക്ഷം രൂപ ചെലവില്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്ത ആര്‍ഭാടം മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് അംബാനിയാകാനുള്ള സെക്രട്ടറിയുടെ മോഹം വരെ ജില്ലാ സമ്മേളനങ്ങളില്‍ വിചാരണ ചെയ്യപ്പെടുകയാണ്. നേതാക്കള്‍ സുഖലോലുപതയുടെ ശീതളച്ഛായയില്‍ പരിലസിക്കുന്നുവെന്ന പരാതി മുതിര്‍ന്നവര്‍ക്കു നേരെ മാത്രമല്ല, യുവജന നേതാക്കള്‍ക്കെതിരെയും ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. മദ്യ മാഫിയയുടെ മടിശ്ശീലയുടെ കനത്തിനൊത്ത് അപഥ സഞ്ചാരം നടത്തുന്ന പാര്‍ട്ടിക്ക് ആരു മണികെട്ടുമെന്ന പൊതു ചോദ്യമുയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ വിവാദത്തെ പ്രതിരോധിക്കാന്‍ സി.പി.എം ഏറെ പാടുപെടേണ്ടി വരും. ഇതു മറികടക്കാന്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള പാഴ്‌വേലകള്‍ പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമാക്കുമെന്ന കാര്യം തീര്‍ച്ച.

SHARE