ഉപഭോക്താവ് കൂടുതല്‍ ശക്തനാവുമ്പോള്‍

ഉപഭോക്താവ് രാജാവാണ് (കണ്‍സ്യൂമര്‍ ഈസ് ദ കിംഗ്) എന്നാണ് രാഷ്ട്രപിതാവ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. സാധനങ്ങളും സേവനങ്ങളും വില്‍ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ ബന്ധപ്പെട്ടവര്‍പാലിക്കേണ്ട നിബന്ധനകളാണ് ഉപഭോക്തൃനിയമങ്ങള്‍കൊണ്ട് അനുശാസിക്കപ്പെടുന്നത്. വഞ്ചിക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ആരോഗ്യത്തിനും അഭിമാനത്തിനുംവരെ ക്ഷതം സംഭവിക്കുന്നഅവസ്ഥ ഇതരരംഗത്തെന്നതുപോലെ ഉപഭോക്തൃരംഗത്തും ഉണ്ടായിക്കൂടെന്നതാണ് ഏതൊരുഉപഭോക്തൃനിയമത്തിന്റെയും അന്തസ്സത്ത. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയതും ഇക്കഴിഞ്ഞ ജൂലായ്20ന് രാജ്യത്തെ നിയമമായതുമായ 1986ലെ ഉപഭോക്തൃസംരക്ഷണഭേദഗതി നിയമത്തിന്റെ ഉള്ളടക്കങ്ങളില്‍ പ്രധാനം പുതിയകാലത്തെ അത് ഒരുപരിധിവരെ നീതിയുക്തമായി അഭിസംബോധനചെയ്യുന്നുവെന്നതാണ്. നിയമം പ്രാബല്യത്തിലായെങ്കിലും ചട്ടങ്ങള്‍ അടുത്ത ആഴ്ചക്കുള്ളില്‍ ആവിഷ്‌കരിക്കുമെന്നാണ് കേന്ദ്രഉപഭോക്തൃ-ഭക്ഷ്യകാര്യമന്ത്രി രാംവിലാസ്പാസ്വാന്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞകാലത്തെ നിയമത്തിന്റെ പോരായ്മകളില്‍ പലതുംപരിഹരിക്കുന്നതിന് പുതിയ ഭേദഗതിനിയമം പര്യാപ്തമാണെന്നാണ് ഈരംഗത്തുള്ളവരില്‍ മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
പുതിയനിയമത്തിന്റെ പ്രധാനസവിഷേതകളിലൊന്ന് പുതിയകാല ഇന്റര്‍നെറ്റ്‌യുഗത്തിന് അനുസൃതമായ പലചട്ടങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ്. എട്ട് അധ്യായങ്ങളിലായി 107 ഭാഗങ്ങളാണ് ഭേദഗതിനിയമത്തിലുള്ളത്. കേന്ദ്രതലത്തില്‍ ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.സി.പി.എ )രൂപീകരിക്കുന്നുവെന്നതാണ് പുതിയനിയമത്തിലെ പ്രധാനസവിശേഷത. പരിസ്ഥിതിരംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഗ്രീന്‍ട്രിബൂണല്‍ മാതൃകയില്‍ ഉപഭോക്താക്കളുടെയും നിര്‍മാതാക്കളുടെയും സേവനദാതാക്കളുടെയും മേല്‍നോട്ടകേന്ദ്രമായി സി.സി.പി.എ പ്രവര്‍ത്തിക്കും. ഉപഭോക്താക്കളുടെ പൊതുവായ അവകാശങ്ങളും അതോറിറ്റി ശ്രദ്ധിക്കുകയും പഠിക്കുകയും നിര്‍വഹിക്കുകയും ചെയ്യുമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. മൂന്നരപതിറ്റാണ്ടായി നിലനില്‍ക്കുന്ന ഉപഭോക്തൃനിയമത്തിന്‍പ്രകാരം പരാതിപ്പെടാനുളള നിയമപരിധി വില്‍പനക്കാരന്‍ നിശ്ചയിക്കുന്ന സ്ഥലത്തിനുപകരം ഇനിമുതല്‍ ഇത് ഉപഭോക്താവിന്റെ താമസപരിധിക്കടുത്തായിരിക്കും. ഇതുമൂലം സാധാരണക്കാരായ പരാതിക്കാര്‍ക്ക് എളുപ്പത്തിലും അധികച്ചെലവില്ലാതെയും നിയമവ്യവഹാരം നടത്താന്‍ സൗകര്യംലഭിക്കും. മറ്റൊന്ന് ഓണ്‍ലൈന്‍ മുതലായ ഇ-കൊമേഴ്‌സ് രീതിയിന്മേലുള്ള പിടുത്തമാണ്. എന്തും ഉപഭോക്താവിന് അയച്ചുകൊടുത്ത് പണംപിടുങ്ങാമെന്ന അവസ്ഥ ഇനി ഉണ്ടാവില്ല. മള്‍ട്ടിലവല്‍ മാര്‍ക്കറ്റിംഗ്, ടെലിമാര്‍ക്കറ്റിംഗ് തുടങ്ങിയരീതിയില്‍ നടന്നുവരുന്ന വന്‍തോതിലുള്ള തട്ടിപ്പുസാധ്യത ഇനി ഗണ്യമായികുറയും. നേരത്തെ രണ്ടുവര്‍ഷത്തേക്ക്‌വരെ പരാതി നല്‍കാമെന്ന വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റൊരു പ്രധാനസവിശേഷത നിലവിലെ ജില്ലാ-സംസ്ഥാനതല ഉപഭോക്തൃഫോറങ്ങള്‍ ഇനി ഉപഭോക്തൃകമ്മീഷനുകളെന്ന പേരില്‍ അറിയപ്പെടുമെന്നതാണ്. നിലവില്‍ 20ലക്ഷം രൂപവരെയാണ് ജില്ലാതലങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയുന്നതെങ്കില്‍ ഇനിയത് ഒരുകോടിയായിരിക്കും. അതിനുമുകളില്‍ 10കോടിവരെ സംസ്ഥാനകമ്മീഷനുകള്‍ക്കും അതിനുമുകളിലുള്ള തുകക്ക് ദേശീയകമ്മീഷനിലും പരിഹാരംകാണാം. നഷ്ടപരിഹാരത്തുകയുടെ പകുതികെട്ടിവെച്ച് മാത്രമേ ഇനി നിര്‍മാതാവിന് അപ്പീല്‍കാനാകൂ. വ്യാജമായതും ഗുണനിലവാരം കുറഞ്ഞതുമായ സാധനങ്ങളും സേവനങ്ങളും പരസ്യംചെയ്യുന്നതിനും ഇനിമുതല്‍ നിയന്ത്രങ്ങളുണ്ട്. തെറ്റായ പരസ്യത്തിന് നഷ്ടപരിഹാരം മാത്രമല്ല, നിര്‍മാതാവിനും വില്‍പനക്കാരനും ജയില്‍ശിക്ഷവരെ ലഭിച്ചേക്കാം. എന്നാല്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികള്‍ സാധനങ്ങളും സേവനങ്ങളും വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. തെറ്റ് കണ്ടാല്‍ ഇവരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കും.
ഇതൊക്കെയാണെങ്കിലും ആസപ്ത്രിസേവനങ്ങളെ ഇനിയും പുതിയനിയമത്തില്‍ ഉള്‍പെടുത്താന്‍ കഴിയാത്തത് വലിയവീഴ്ചയാണ്. വലിയസമ്മര്‍ദമാണ് ഈരംഗത്തുനിന്ന് സര്‍ക്കാരിനുമേല്‍ ഉണ്ടായത് എന്നതാണ് ഇതിനുകാരണം. ആസ്പത്രിചികില്‍സയുമായി ഉണ്ടാകുന്ന പരാതികള്‍ക്ക് ക്രിമിനല്‍കോടതികളെ സമീപിക്കാനേ തുടര്‍ന്നും ജനങ്ങള്‍ക്ക് കഴിയൂ. ആസ്പത്രിസേവനങ്ങളെക്കുറിച്ചും ഡോക്ടര്‍മാരുടെചികില്‍സ സംബന്ധിച്ചുമെല്ലാം വന്‍തോതില്‍ പരാതിയുയരുന്ന സാഹചര്യത്തില്‍ ഇതുംകൂടി പുതിയനിയമത്തില്‍ ഉള്‍പെടുത്തപ്പെടേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് പൊതുസമൂഹത്തിനുള്ളത്. കേടായ ഉല്‍പന്നം മാറ്റിനല്‍കുന്നതിന് സൗകര്യമില്ലാത്ത നിരവധിസംഭവങ്ങള്‍ പുതിയ ഇ-കൊമേഴ്‌സ് മേഖലയില്‍ കാണാന്‍കഴിയുന്നുണ്ട്. അവര്‍ക്ക് അത്തരംസാധനങ്ങള്‍ മാറ്റിനല്‍കുന്നതിന് നിയമംനിര്‍ബന്ധിക്കുന്നുവെന്ന് മാത്രമല്ല, മുടക്കിയ പണവും നഷ്ടപരിഹാരവുംവരെ ഇനി കമ്മീഷന്‍ ഈടാക്കിനല്‍കും. ആളുകള്‍ക്ക് ജീവഹാനിവരുന്ന കേസുകളില്‍ വന്‍തുകയും ജയില്‍വാസവുമാണ് നിര്‍മാതാവിനെയും സേവനദാതാക്കളെയും കാത്തിരിക്കുന്നത്. പരമാവധിവില്‍പനവില (എം.ആര്‍.പി) കൂട്ടിയിട്ടും വെട്ടിമാറ്റിയും തോന്നിയപോലെ വില ഈടാക്കുന്ന അവസ്ഥക്കും പരിഹാരമുണ്ടാകും.
ആധുനികമുതലാളിത്തകാലഘട്ടത്തില്‍ സാധനങ്ങളും സേവനങ്ങളും വില്‍ക്കുമ്പോള്‍ സംഭവിക്കുന്നത് അമിതമായലാഭവും ഗുണനിലവാരത്തിന്റെ കുറവുമാണ്. ഏതുവിധേനയും നാലുകാശുണ്ടാക്കുക എന്നതായിരിക്കുന്നു ഇന്നത്തെ പൊതുവായ വില്‍പനരീതി. ഇതില്‍ സാധാരണക്കാര്‍ മാത്രമല്ല, സാമ്പത്തികമായി ഉന്നതതട്ടിലുളളവര്‍വരെ ഇരയാകുന്ന നിരവധിസംഭവങ്ങള്‍ നമ്മുടെ ചുറ്റുംകാണാം. അടുത്തിടെയായി ഇത്തരം ഓണ്‍ലൈന്‍വില്‍പന തട്ടിപ്പുരീതി കൂടിവരികയാണ്. കോവിഡ്-19 കാലമായതിനാല്‍ ലോക്ക്ഡൗണിലായ വ്യാപാരവാണിജ്യസ്ഥാപനങ്ങള്‍ക്കുപകരമെന്നോണം കൂണുകള്‍പോലെയാണ് ഓണ്‍ലൈന്‍ ട്രേഡിംഗ്സ്ഥാപനങ്ങള്‍ മുളച്ചുപൊന്തുന്നത്. ഈരംഗത്തെ നിലവാരമുള്ള സ്ഥാപനങ്ങളും അവക്ക് വിശ്വാസ്യതയും ഉണ്ടെന്നത് നിഷേധിക്കുന്നില്ല. തുടര്‍ച്ചയായ സേവനത്തിലൂടെയാണ് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ മനസ്സ് പിടിച്ചെടുക്കുന്നത്. എന്നാല്‍ ഇവയില്‍പലതും കള്ളനാണയങ്ങളാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുമാകില്ല. ഇവക്കെല്ലാമുള്ള ശാശ്വതപരിഹാരമെന്നനിലയിലാണ് നമ്മുടെ സാമാജികര്‍ചേര്‍ന്ന് പുതിയനിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് കാലത്ത് രോഗം പകരുമെന്ന കാരണത്താല്‍ മോശമായസാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് വ്യാപകമാണ്. നിയമപരമായി യാതൊരു പിന്‍ബലവും ഇതിനില്ലെങ്കിലും ജനങ്ങള്‍ പൊതുവെ പരാതിപ്പെടാറില്ല. ഉപഭോക്തൃസേവനമേഖലയില്‍ പുതിയ കാല്‍വെയ്പുതന്നെയാണ് എന്തുകൊണ്ടും പുതിയനിയമം. യൂറോപ്യന്‍രാജ്യങ്ങളുടെ പലഅംശങ്ങളുടെയും ചുവടുപിടിച്ച് നിര്‍മിച്ചനിയമത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കളെ ബോധവാന്മാരാക്കിയും ശാക്തീകരിച്ചുംകൂടിവേണം ഇനി ഈരംഗത്ത് രാജ്യത്തിന് മുന്നോട്ടുനീങ്ങാന്‍. മികച്ച ജനാധിപത്യസംവിധാനത്തിന് മികച്ച ഉപഭോക്തൃസമൂഹമാണ് അനിവാര്യമെന്ന സത്യം ഉപഭോക്തൃമേഖലയിലുള്ളവര്‍ മാത്രമല്ല, ജനാധിപത്യവിശ്വാസികളെല്ലാവരും ഉള്‍ക്കൊള്ളണം.

SHARE