മോദി ഹൈതോ മുംകിന്‍ ഹൈ

ഇന്ത്യയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ നീരവ് മോദി എന്ന വജ്ര വ്യാപാരി ലണ്ടന്‍ നഗരത്തില്‍ സുഖവാസ ജീവിതം നയിക്കുന്ന വിവരം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പ്രതികരണമാണ് മോദി ഹൈ തോ മുംകിന്‍ ഹൈ (മോദിയാണെങ്കില്‍ എന്തും സാധ്യമാണ് എന്നത്). ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ ബി.ജെ.പി നടത്തിയ ഈ പ്രചരണവാക്യം പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വാഴ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു നീരവ് മോദി. 2018 ജനുവരി ഒന്നിനാണ് ഇദ്ദേഹം രാജ്യം വിട്ടത്. ജനുവരി 29 ന് പരാതിയുമായി ബാങ്ക് സി.ബി.ഐ ക്ക് പരാതി നല്‍കുകയായിരുന്നു. സി.ബി.ഐ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക് സിക്കുമെതിരെ ഫെബ്രുവരി 15ന് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയായിരുന്നു. ഇരുവരുടേയും 4765 കോടിയുടെ സ്വത്തുവകകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു.

അടിമുടി ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പും രാജ്യം വിടലും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലുമെല്ലാം വജ്ര വ്യാപാര ശ്യംഖലയുണ്ടായിരുന്ന മോദി വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് വായ്പ തരപ്പെടുത്തിയത്. ഇതിനായി ബാങ്ക് അധികൃതരില്‍ ചിലരുടെ സഹായം ലഭിച്ചിരുന്നതായി പിന്നീട് കണ്ടെത്തിയിരുന്നു. കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി നേടിയെടുത്ത കോടികള്‍ തിരിച്ചടച്ചില്ല എന്നു മാത്രമ ല്ല ബാങ്ക് നിയമ നടപടികളിലേക്ക് നീങ്ങിയപ്പോള്‍ അദ്ദേഹം രാജ്യം വിടുകയും ചെയതു. മുന്‍വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട ആകെ ലാഭത്തിന്റെ 49 ഇരട്ടിയാണ് നീരവ് തട്ടിയെടുത്തത് എന്നറിയുമ്പോള്‍ വെട്ടിപ്പിന്റെ ആഴം പൂര്‍ണമായും ബോധ്യമാകും.

കോണ്‍ഗ്രസ് ആരോപിച്ചത് പോലെ ബാങ്ക് തട്ടിപ്പുകാരുടെ പുനരധിവാസ കമ്പനിയുടെ മേധാവിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. നീരവ് മോദിക്കു പുറമെ വിജയ് മല്യ, മെഹുല്‍ ചോക്‌സി തുടങ്ങിയ നിരവധി പേരാണ് ഈ അഞ്ചു വര്‍ഷത്തിനിടെ കോടാനുകോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിക്കളഞ്ഞത്. തട്ടിപ്പിനിരയായ സ്ഥാപനങ്ങള്‍ മുമ്പുതന്നെ പരാതി നല്‍കിയിട്ടും ഈ തട്ടിപ്പു വീരന്‍മാര്‍ രാജ്യം വിട്ടതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ അറിയുന്നത് എന്നത് ഏറ്റവും അല്‍ഭുതകരമായ കാര്യമാണ്. ഇവരെ പിടികൂടുന്നതിന് പകരം സുരക്ഷിതമായി രാജ്യം വിടാനുള്ള സൗകര്യങ്ങളാണ് പലപ്പോഴും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. രാജ്യത്തിന്റെ മുഴുവന്‍ സംവിധാനങ്ങളേയും നോക്കു കുത്തികളാക്കി വിദേശത്ത് സൈ്വര്യ വിഹാരം നടത്തുന്ന ഇവരുടെ കാര്യത്തില്‍ കൈ മലര്‍ത്തുന്ന മോദിയും കൂട്ടരും ഇന്ന് രാജ്യത്തിന്റെ പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്.

ഒരു തട്ടിപ്പ് നടക്കുകയും പ്രതി രക്ഷപെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാറിന്റെ ന്യായാന്യായങ്ങള്‍ പൊതുജനത്തിന് മുഖവിലക്കെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ സമാനമായ രീതിയില്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടക്കുകയും ഭരണകൂടം കൈമലര്‍ത്തുകയും ചെയ്യുമ്പോള്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് സ്വാഭാവികമായും ജനങ്ങള്‍ വിലയിരുത്തുകയാണ്. ദേശ സാല്‍കൃത ബാങ്കുകളെ മുക്കി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിവിധത്തില്‍ ഇത്തരം വ്യവസായ ഭീമന്‍മാര്‍ വിമാനം കയറുമ്പോള്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള ഒരേ ഒരു മറുപടി ഈ വായ്പകളൊക്കെ തരപ്പെട്ടത് കോണ്‍ഗ്രസിന്റെ കാലത്താണെന്നതാണ്. ഈ വാസ്തവം നിലനില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ കാലത്ത് ഇവരൊന്നും രാജ്യത്തിന്റെ അതിര്‍ത്തി കടന്നു പോയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. കോടികളുടെ ആസ്ഥിയുടെ ഉടമകളായ ഇവര്‍ രാജ്യത്തുള്ളിടത്തോളം നിയമപരമായ മാര്‍ഗത്തിലൂടെ നേരിടാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ വിദേശത്തേക്ക് കടക്കുമ്പോള്‍ ആതിഥേയ രാജ്യത്തിന്റെ പരിമതികളെ സൗകര്യമായിക്കണ്ട് ഇവര്‍ അവിടങ്ങളില്‍ വിലസുകയാണ്. ഇതിനുള്ള അവസരമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കുന്നത്. ഇതുവഴിയാണ് മീശയും താടിയുമായി ലണ്ടന്‍ നഗരത്തിലെ വെസ്‌റ്റെന്റ് റോഡിലൂടെ നടക്കാനും ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനും പുതിയ വജ്ര വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനുമെല്ലാം നീരവ് മോദിയെ പോലുള്ളവര്‍ക്ക് സാധിക്കുന്നത്.

കുത്തക ഭീമന്‍മാര്‍ക്ക് വഴിവിട്ട നീക്കത്തിലൂടെ മോദിഭരണകൂടം നല്‍കിയ സഹായത്തിന്റെ പ്രതിഫലനം ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുകയാണ്. റഫാല്‍ ഉള്‍പ്പെടെയുള്ള ഇടപാടിലൂടെ അമ്പാനിമാര്‍ക്കും വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനിക്കും തീറെയുതിക്കൊടുത്തതിന്റെയും വിജയ്മല്യമുതല്‍ നീരവ് മോദി വരെയുള്ളവരെ രക്ഷാപ്പെടാന്‍ അനുവദിച്ചതിന്റെയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണക്കൊഴുപ്പിലൂടെ രാജ്യം കാണാനിരിക്കുകയാണ്. വര്‍ഗീയ കലാപങ്ങളിലൂടെയും ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയിലൂടെയും പാവപ്പെട്ട കര്‍ഷകരെ കണ്ണീരുകുടിപ്പിച്ചതിന്റെയുമെല്ലാം പ്രത്യാഘാതം ഈ പണക്കൊഴുപ്പിലൂടെ മറികടക്കാമെന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങന്നത്. ഏതായാലും രാജ്യത്തെ പണയപ്പെടുത്തി പാര്‍ട്ടിയും വ്യക്തികളും തടിച്ചുകൊഴുത്തതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് ഈ നാട്ടിലെ പട്ടിണി പാവങ്ങളാണെന്നതാണ് ഏറ്റവും ഖേദകരം.

SHARE