മനുഷ്യ സ്‌നേഹത്തിന്റെ ഗീതം സൂചി ഓര്‍മ്മിക്കുന്നുവെങ്കില്‍

ലോകത്ത് മനുഷ്യപ്പറ്റുള്ളവരെയെല്ലാം സങ്കടപ്പെടുത്തുന്നുണ്ട് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ദയനീയാവസ്ഥ. മ്യാന്‍മറിലെ പൗര ഭരണകൂടവും സൈന്യവും തീവ്രവാദികളും സംയുക്തമായി ഒരു ജനതയെ വംശഹത്യക്ക് വിധേയമാക്കുന്നതിന്റെ കരളലിയിക്കുന്ന കാഴ്ചകള്‍ ഞെട്ടിക്കുന്നതും മനുഷ്യത്വത്തെക്കുറിച്ച് സംശയമുണര്‍ത്തുന്നതുമാണ്. പല കാരണങ്ങളാല്‍ ലോക രാഷ്ട്രങ്ങള്‍ ബുദ്ധിസ്റ്റ് തീവ്രവാദികള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടപ്പാക്കുന്ന കൊടും ക്രൂരകൃത്യത്തെ ചോദ്യംചെയ്യാന്‍ മടിച്ചുനില്‍ക്കുകയാണുണ്ടായത്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം എതിര്‍ത്തില്ലെന്ന് മാത്രമല്ല, മ്യാന്‍മറിനെ അന്താരാഷ്ട്ര വേദികളില്‍ ന്യായീകരിക്കുന്നതിന് ഒരു മടിയും കാട്ടിയിട്ടുമില്ല.

എന്നാല്‍ ഇന്നലെ ഉണ്ടായ രാജ്യാന്തര നീതിന്യായ കോടതി വിധി റോഹിന്‍ഗ്യന്‍ വംശജരെ സംബന്ധിച്ച് ആശ്വാസം നല്‍കുന്നതാണ്. റോഹിന്‍ഗ്യകളുടെ വംശഹത്യ തടയുന്നതിന് മ്യാന്‍മര്‍ ഭരണകൂടം സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ രാജ്യാന്തര കോടതി ഉത്തരവിട്ടുള്ളത്. കോടതിവിധി നടപ്പാക്കുന്നതിന് മ്യാന്മര്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളും അതുളവാക്കുന്ന ഫലവും സംബന്ധിച്ച റിപ്പോര്‍ട്ട് നാല് മാസത്തിനകം രാജ്യാന്തര കോടതിക്ക് നല്‍കണം. മാത്രമല്ല ആറ് മാസം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും രാജ്യാന്തര കോടതി പ്രസിഡണ്ട് ജഡ്ജി അബ്ദുല്‍ ഖ്വാവി അഹമ്മദ് യൂസുഫ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോകത്താകെയുള്ള പൗരാവകാശ പ്രവര്‍ത്തകര്‍ കോടതിവിധിയെ മുക്തഖണ്ഡം പ്രശംസിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. അര നൂറ്റാണ്ടിലേറെയായി റോഹിന്‍ഗ്യന്‍ ജനത നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തിലുണ്ടാകുന്ന സുപ്രധാന നീക്കമാണിത്. എന്ത് പ്രതിധ്വനിയാകും കോടതി വിധി സൃഷ്ടിക്കുകയെന്ന് പറയാനാകില്ല.

റോഹിന്‍ഗ്യന്‍ ജനതക്കെതിരെ മ്യാന്‍മറിലെ ബുദ്ധിസ്റ്റ് തീവ്രവാദികള്‍ ഭരണകൂട സഹായത്തോടെ നടത്തുന്ന കൂട്ടക്കൊലകള്‍ക്കും മാനഭംഗങ്ങള്‍ക്കും എതിരായ ശബ്ദം ലോകത്താകെ ഉയരുന്നുണ്ട്. മ്യാന്‍മറിനെ ആയുധം നല്‍കിയും സൈനിക പരിശീലനം കൊടുത്തും റോഹിന്‍ഗ്യകളെ കൂട്ടക്കൊലക്ക് ഇരയാക്കാന്‍ ഊര്‍ജം നല്‍കുന്ന ഇസ്രാഈലില്‍ പോലും എതിര്‍ശബ്ദം ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വംശഹത്യയുടെ പേരില്‍ മ്യാന്മറിന് ആയുധങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ ലോക രാജ്യങ്ങളുടെ എല്ലാവിലക്കുകളും ലംഘിച്ച് ഇസ്രാഈലാണ് ആയുധങ്ങള്‍ നിര്‍ബാധം മ്യാന്മറിലെത്തിക്കുന്നത്. ആയുധം മാത്രമല്ല, ഫലസ്തീന്‍ ജനതയെ ഉന്മൂലനം ചെയ്യാന്‍ നടപ്പാക്കിയ തന്ത്രങ്ങളും പദ്ധതികളും റോഹിന്‍ഗ്യന്‍ ജനതക്കെതിരെ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതും ഇസ്രാഈലാണ്. ഇപ്പോള്‍ ഇന്ത്യയിലേക്കും ഇസ്രാഈല്‍ കടന്നുകയറിക്കൊണ്ടിരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ഇസ്രാഈലിന്റെ കൊലപാതക രാഷ്ട്ര തന്ത്രത്തിനെതിരെ ആ രാജ്യത്ത്തന്നെ എതിര്‍ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. മ്യാന്‍മറിന് ആയൂധം നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഇസ്രാഈല്‍ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിരോധ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. പ്രതികരണമായി ആയുധ കൈമാറ്റം വര്‍ധിപ്പിക്കുകയാണ് ഇസ്രാഈല്‍ ചെയ്തത്. മാത്രമല്ല പുതിയ ആയുധ കരാറും മ്യാന്‍മറുമായി ഒപ്പുവെച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ഇസ്രാഈല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രാജ്യാന്തര ഇടപാടുകളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്ന ചോദ്യം എല്ലാ പ്രതീക്ഷകളെയും കെടുത്തുന്നതാണ്.

രാജ്യാന്തര കോടതി വിധി ആശ്വാസം നല്‍കുന്നുണ്ടെങ്കിലും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള പൗര ഭരണകൂടം എന്ത് നടപടി സ്വീകരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഇസ്രാഈലും ചൈനയും നല്‍കുന്ന പിന്തുണയുടെ തോളിലേറി സൈന്യത്തിന്റെ നാവായി നില്‍ക്കുന്ന സൂചി സമാധാന പ്രാവായി മാറുമെന്ന് മ്യാന്‍മറിന്റെ ചരിത്രത്തെ സാക്ഷിയാക്കി പറയാനുമാകില്ല. ഇതിന്മുമ്പും ഐക്യരാഷ്ട്ര സഭ മ്യാന്‍മറില്‍ ഇടപെട്ടിട്ടുണ്ട്. സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും മ്യാന്‍മര്‍ ഭരണകൂടത്തിന്റെ മനോഭാവത്തില്‍ ഒരു മാറ്റവുമുണ്ടായില്ല. റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ രാജ്യാന്തര കോടതി വിധിയെങ്കിലും.

മൂന്നംഗ വസ്തുതാന്വേഷണ സമിതിയുടെ 20 പേജുള്ള റിപ്പോര്‍ട്ടില്‍ മ്യാന്‍മര്‍ ഭരണകൂടവും തീവ്രവാദികളും സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ കൊടുംക്രൂര കൃത്യങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു. റോഹിന്‍ഗ്യകളെ കൂട്ടക്കുരുതി നടത്തിയതും കൂട്ടബലാല്‍സംഗത്തിനിരയാക്കിയതും വംശഹത്യ ലക്ഷ്യം വെച്ചാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റാഖിന്‍, കച്ചിന്‍, ഷാന്‍ സ്റ്റേറ്റുകളില്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ സൈന്യം അതിക്രൂരമായ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് സമിതി കണ്ടെത്തി. അന്താരാഷ്ട്ര നിയമത്തിനുകീഴിലെ ഏറ്റവും ക്രൂരമായ കുറ്റങ്ങളാണ് സൈന്യം നടത്തിയതെന്നും മ്യാന്മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിനേയും അഞ്ചു ജനറല്‍മാരേയും യുദ്ധക്കുറ്റം ചുമത്തി നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളുണ്ടായില്ല. ചൈനയുടെയും ഇസ്രാഈലിന്റേയും പിന്തുണ തന്നെയായിരുന്നു പ്രധാന കാരണം. വംശഹത്യക്കും യുദ്ധക്കുറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ നിയമത്തിനു മുന്നിലെത്തുമെന്ന പ്രതീക്ഷക്ക് ഒരിടവുമില്ല.

അരാക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍. എസ്.എ) എന്ന ചെറുസംഘത്തിന്റെ തീവ്രവാദ നിലപാടുകളാണ് ലക്ഷക്കണക്കിന് റോഹിന്‍ഗ്യകളെ ക്രൂരമായ വംശഹത്യക്ക് വിധേയമാക്കാന്‍ മ്യാന്‍മര്‍ ഭരണകൂടത്തിന് വാതില്‍തുറന്നുനല്‍കിയത്. മ്യാന്മറിന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാരോപിച്ചായിരുന്നു ബുദ്ധിസ്റ്റ് തീവ്രവാദികള്‍ക്കൊപ്പം സൈന്യവും ഒത്തുചേര്‍ന്ന് ഒരു ജനതയെ ഉന്മൂലനം ചെയ്തത്. റോഹിന്‍ഗ്യകള്‍ക്ക് പൗരത്വം നിഷേധിച്ച 1982 മുതല്‍ വര്‍ധിത വീര്യത്തോടെ ആരംഭിച്ച പീഡനമുറകള്‍ പാരമ്യതയിലെത്തിക്കാനുള്ള കാരണം മാത്രമായിരുന്നു സൈനിക പോസ്റ്റിന് നേരെയുള്ള ആക്രമണ കഥ. ഇതിനെല്ലാം മൂകസാക്ഷിയായിനിന്ന ആങ് സാന്‍ സൂചിക്ക് സുവര്‍ണാവസരമാണ് രാജ്യാന്തര കോടതി വിധി. അധികാര ഗര്‍വില്‍ ഭൂതകാലം മറന്ന സമാധാന നൊബേല്‍ ജേതാവിന് മനുഷ്യത്വത്തിലേക്ക് മടങ്ങിവരാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് കോടതി. പരസ്പര സ്‌നേഹത്തിലധിഷ്ഠിതമായ ഗൗതമ സിദ്ധാര്‍ത്ഥന്റെ ബുദ്ധിസവും മഹാത്മാഗാന്ധിയുടെ അഹിംസാസിദ്ധാന്തവുമാണ് തന്റെ പ്രത്യയശാസ്ത്രമെന്ന് ആണയിട്ട സൂചിക്ക് സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്താന്‍ വിധി ഉപകാരപ്പെടുകയാണെങ്കില്‍ അത് ലോകത്തെ സംബന്ധിച്ച് വളരെ നല്ല വാര്‍ത്തയാകും.