തൊണ്ണൂറ്റി നാലു കൊല്ലം മുമ്പ് സംഭവിച്ച കേരള രൂപീകരണത്തിന് മുമ്പുള്ള പ്രളയത്തേക്കാള്‍ മാരകമായ വിപത്തുകളാണ് ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കേരളം നേരിട്ട മഹാപ്രളയം. മുല്ലപ്പെരിയാര്‍ അണക്കെട്ട് മാത്രമാണ് മലവെള്ളത്തെ തടഞ്ഞുനിര്‍ത്താനായി അന്ന് കേരളത്തിനും തമിഴ്നാട്ടിനും ഇടയിലുണ്ടായിരുന്നതെങ്കില്‍ 44 നദികളിലായി 39 അണക്കെട്ടുകളാണ് കേരളത്തിന് ഇന്നുള്ളത്. പ്രളയത്തിനിടെ ഇവയെല്ലാം തുറന്നുവിടേണ്ടിവന്നു. ഒറ്റയടിക്ക് സംഭവിച്ച മഹാപേമാരിയും അണക്കെട്ടുകള്‍ തുറന്നുവിട്ടതും കാരണം കേരളത്തിന്റെ നാലിലൊന്ന് പ്രദേശം വെള്ളത്തിനടിയിലമര്‍ന്നു. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട് തുടങ്ങിയ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിലും തൃശൂര്‍, കൊല്ലം, എറണാകുളം, ആലപ്പുഴയിലേതടക്കം വെള്ളപ്പൊക്കത്തിലുമായി അഞ്ഞൂറോളം പേരാണ് മരണമടഞ്ഞത്. അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം കോടി രൂപയുടെ നാശനഷ്ടം നേരിട്ടു. വീട്, കൃഷി, കച്ചവടം, വ്യവസായം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലായി ഉണ്ടായ നാശനഷ്ടം വിവരണാതീതമാണ്. ഇവിടെ നിന്നാണ് നമുക്ക് കേരളം കെട്ടിപ്പടുക്കേണ്ടത്. ഇതിന് എന്തെല്ലാമാണ് മലയാളികള്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുന്നത് പ്രളയശേഷം ആലോചിക്കേണ്ട സുപ്രധാന വിഷയമാണ്.
എണ്ണൂറോളം കിലോമീറ്റര്‍ നീളവും 65 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള നമ്മുടെ കൊച്ചു സംസ്ഥാനത്തിന് താങ്ങാന്‍ പറ്റുന്ന രീതിയിലാണോ നാം ഇതുവരെയായി ഈ ഭൂമിയില്‍ കെട്ടിപ്പടുത്തതൊക്കെയും എന്നാണ് പുനരധിവാസത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും ഘട്ടത്തില്‍ സൂക്ഷമമായി പര്യാലോചിക്കേണ്ടത്. പല വിധത്തിലുള്ള നിര്‍ദേശങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഇതിനകം ഉയര്‍ന്നുവന്നുകഴിഞ്ഞു. അതില്‍ ചിലത് നിയമസഭയിലും പുറത്തുമായാണ് വന്നിട്ടുള്ളത്. സഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന ആഗസ്റ്റ് 30ന് മുന്‍മുഖ്യമന്ത്രികൂടിയായ വി.എസ് അച്യുതാനന്ദന് പറഞ്ഞത്, നമ്മുടെ നിര്‍മാണ സംസ്കാരം പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ്. മൂന്നാറടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇനിയും ഇപ്പോഴത്തെ രീതിയിലുള്ള നിര്‍മാണങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിന് മറുപടിയെന്നോണം ഭരണ കക്ഷിയിലെ തന്നെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് പറഞ്ഞത്. പ്ലം ജൂഡി പോലുള്ള റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്കിയതുകൊണ്ട് പ്രളയം തടയാനാകില്ലെന്നാണ്. പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞത്, പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാരണമല്ല പ്രളയം ഉണ്ടായതെന്നായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ എവിടെയും തൊടാതെയുള്ള നിര്‍ദേശങ്ങള്‍.
മൂന്നാര്‍ ദൗത്യത്തിലും പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് കാര്യത്തിലുമൊക്കെ സി.പി.എം തന്നെയാണ് യഥാക്രമം രണ്ടിനെയും പാരവെച്ചതും പ്രോല്‍സാഹിപ്പിച്ചതുമെന്ന് ആര്‍ക്കും ഓര്‍മയിലുണ്ടാകും. കാട്ടിനകത്ത് ഉരുള്‍പൊട്ടിയത് നിലംനികത്തിയതുകൊണ്ടാണോ എന്ന ചുവയിലാണ് മുന്‍മന്ത്രി തോമസ്ചാണ്ടി സംസാരിച്ചത്. അപ്പോള്‍ പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ആദ്യം വേണ്ടത് ഭരണക്കാരില്‍ നിന്നുതന്നെയുള്ള ഏകസ്വരമാണ്. ഇത് ഉണ്ടാകുമെന്ന് ഇന്നത്തെ നിലയില്‍ ആലോചിക്കാന്‍പോലും കഴിയില്ല. ഇവിടെയാണ് പരിസ്ഥിതി വിദഗ്ധരും പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തരും പ്രകൃതി സ്നേഹികളും ഭാവി കേരളത്തെ മുന്നില്‍കണ്ടുകൊണ്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതില്‍ സുപ്രധാനമായിട്ടുള്ളത്, കേരളത്തെ താങ്ങിനിര്‍ത്തുന്ന ലോകത്തെ തന്നെ അത്യപൂര്‍വ സസ്യ ജന്തു ജാലങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണമാണ്. പശ്ചിമഘട്ടത്തിലെ നിലവിലുള്ള ക്വാറികള്‍ക്ക് പുറമെ പുതിയവക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇതിനകം ഉത്തരവിട്ടുകഴിഞ്ഞു. ഇവിടങ്ങളില്‍ ജലത്തെയും ഉരുള്‍പൊട്ടലിനെയും മുന്‍കൂട്ടിക്കാണാതെയുള്ള വീട്, സഥാപന നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം. വയനാട്ടില്‍ ഒരു ബസ്സ്റ്റാന്റുതന്നെ നിന്ന നില്പില് താണു പോയത് നാം പരിശോധിക്കണം. പുഴകളുടെ സ്വാഭാവികമായ ഒഴുക്കിന് തടയിടുന്ന ഒരുവിധ നിര്‍മാണവും പാടില്ലെന്നതിന് പാഠമാണ് ചെറുതോണി പട്ടണം നോക്കിയിരിക്കെ പ്രളയത്തില്‍ അപ്രത്യക്ഷമായ കാഴ്ച. കുന്നിടിച്ച് മണിമാളികകള്‍ പണിയുന്നവനും ഓലക്കുടിലില്‍ കഴിയുന്ന കുടുംബവും പ്രളയത്തിന് ഇരയായി എന്നത് നേരു തന്നെ. പക്ഷേ ഇതിന് കാരണക്കാര്‍ രണ്ടാമത് പറഞ്ഞവരേക്കാള്‍ ആദ്യം പരാമര്‍ശിക്കപ്പെട്ടവരാണ്. എന്തു ചെയ്തും പ്രകൃതിയെ നശിപ്പിച്ച് കാശുണ്ടാക്കാനുള്ള ആര്‍ത്തിക്ക് സര്‍ക്കാര്‍ വിചാരിച്ചാല്‍ നിയമം വഴി കടിഞ്ഞാണിടാന്‍ കഴിയും. ഇതിനുദാഹരണമാണ് ഇപ്പോള്‍ ഭാരതപ്പുഴയോരത്ത് ആരംഭിച്ചിരിക്കുന്ന അനധികൃത മണല്‍ വാരല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്നതാണ് ദുരന്തം വീണ്ടും വിളിച്ചുവരുത്തുന്നത്. മലകളെ ഞാന്‍ ഭൂമിക്ക് ആണിയാക്കിവെച്ചിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനും മനുഷ്യന്റെ അജൈവ ശരീരമാണ് പ്രകൃതി എന്ന് ജര്‍മന്‍ ചിന്തകന്‍ കാള്‍ മാര്‍ക്സും പറഞ്ഞത് രണ്ടു ഭാഷയിലാണെങ്കിലും സന്ദേശം ഒന്നുതന്നെ. പ്രകൃതി മനുഷ്യ സസ്യജാലങ്ങള്‍ക്കാണെന്നത് ശരിതന്നെ. എന്നാല്‍ പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുന്നതുപോലെയാകും അതിനെ അമിതമായി ചൂഷണം ചെയ്താലെന്ന് നാം തിരിച്ചറിയണം. കേരളത്തില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ മഴ വര്‍ഷിക്കപ്പെട്ട ഈ പ്രളയ കാലത്ത് താരതമ്യേന കുറഞ്ഞ-400 കോടി രൂപ- നാശനഷ്ടമാണ് പാലക്കാട് ജില്ലയിലുണ്ടായിട്ടുള്ളതെന്ന പാഠം നാം പഠിക്കണം. കേരളത്തിന്റെ ഈ നെല്ലറയിലെ പാടശേഖരങ്ങളായിരുന്നു അമിത വെള്ളത്തെ തടഞ്ഞുനിര്‍ത്തി താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുക്കിവിട്ടത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗാഡ്ഗില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി പരിശ്രമിക്കാന്‍ നാം തയ്യാറാകണം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കസ്തൂരിരംഗന്‍ കരടു വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും ഇനിയെങ്കിലും നമ്മുടെ വിവേക ബുദ്ധിക്ക് പാത്രമാകണം. അപ്പോള്‍ മാത്രമേ കേരളത്തിന് വരാനിരിക്കുന്ന തലമുറകളെ നാം അഹങ്കരിക്കുന്നതുപോലെ ഈ ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ കഴിയൂ. അതിനുള്ള ഇച്ഛാശക്തിയാണ് കാലം ഓരോ കേരളീയനോടും ആവശ്യപ്പെടുന്നത്.