മുത്തലാഖ് ബില്ലിലെ ദുഷ്ടലാക്ക്

മൂന്നുതവണ മൊഴിചൊല്ലി ഭാര്യാബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് വ്യവസ്ഥ റദ്ദാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ വലിയ ചോദ്യശരങ്ങളാണ് ഒരിക്കല്‍കൂടി രാജ്യത്ത് ഉയര്‍ത്തിവിട്ടിരിക്കുന്നത്. മുസ്്‌ലിംസമുദായത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും സമുദായത്തിനകത്തെ ഏതാണ്ടെല്ലാവരും രാജ്യത്തെ പ്രമുഖ മതേതര പാര്‍ട്ടികളും ബി.ജെ.പിയുടെ തന്നെ വനിതാ അംഗം പോലും എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ ബില്‍ പാസാക്കിയിരിക്കയാണ്. ഡിസംബര്‍ 17ന് അവതരിപ്പിച്ച ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ചക്കുശേഷം വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെതിരായ നിലപാടെടുത്തു. 245പേര്‍ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടുചെയ്തപ്പോള്‍ കോണ്‍ഗ്രസടക്കമുള്ള പത്ത് പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. മുസ്്‌ലിംലീഗും സി.പി.എമ്മും ആര്‍.എസ്.പിയും ബിജുജനതാദളും അണ്ണാഡി.എം.കെയും എതിര്‍ത്ത് വോട്ടുചെയ്യുകയായിരുന്നു.

ഒന്‍പതു ഭേദഗതികള്‍ പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും അതെല്ലാം വോട്ടിനിട്ടുതള്ളിയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ബില്‍ പാസാക്കിയത്. ഇനി രാജ്യസഭകൂടി പാസാക്കിയാലേ ബില്‍ രാഷ്ട്രപതിയുടെ അനുമതിയോടെ രാജ്യത്തെ നിയമമാകുകയുമുള്ളൂ.
വിവാഹമോചനം എന്നത് ലോകത്തെ ഏതാണ്ട് എല്ലാ മതങ്ങളും ജനാധിപത്യസമൂഹങ്ങളും അംഗീകരിച്ചിട്ടുള്ള ഒന്നാണ്. വ്യക്തമായ കാരണങ്ങളാല്‍ വളരെയധികം അവധാനതയോടെ പലഘട്ടങ്ങളിലായി എടുക്കേണ്ട ജീവിതത്തിലെ സുപ്രധാനമായ തീരുമാനത്തെയാണ് മുത്തലാഖ് എന്നപേരില്‍ ദുര്‍വ്യാഖ്യാനിച്ച് സമൂഹത്തിനു മുമ്പാകെ വികൃതമാക്കിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ പ്രമുഖ വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയുടെ പങ്ക് അനന്യമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നുവെന്നാണ് മുത്തലാഖിനെതിരെയുളള പ്രധാന പരാതി.

വിവാഹബന്ധത്തിലിരിക്കെ പൊടുന്നനെ ബന്ധം വേര്‍പെടുത്തപ്പെടുന്ന അവസ്ഥ ആര്‍ക്കായാലും വേദനാജനകംതന്നെ. സ്ത്രീകളുടെയും കുട്ടികളുണ്ടെങ്കില്‍ അവരുടെയും ജീവിതച്ചെലവ് വഴിമുട്ടുമെന്നതാണ് പരാതികള്‍ക്ക് കാരണം. ഭര്‍ത്താവാണ് കുടുംബത്തിന്റെ മുഖ്യവരുമാനസ്രോതസ്സ് എന്ന ആശയത്തില്‍നിന്നാണ് അത് വരുന്നത്. ഭാര്യയും കുട്ടികളും പുരുഷന്റെ ചെല്ലുചെലവിലായിരിക്കണമെന്ന നിര്‍ബന്ധ ആശയത്തിന്റെ അടിസ്ഥാനംതന്നെ ഇസ്്‌ലാമാണെന്നതാണ് വിവാദമുയര്‍ത്തുന്നവര്‍ മറന്നുപോകുന്നത്. കഴിഞ്ഞവര്‍ഷമാണ് സുപ്രീംകോടതി മുത്തലാഖ് റദ്ദാക്കി നിയമംകൊണ്ടുവരാന്‍ ഉത്തരവിട്ടത്. അതേതുടര്‍ന്ന് മുത്തലാഖ്ബില്‍ ലോക്‌സഭയുടെ പരിഗണനക്കുവന്നപ്പോള്‍ അത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ ഭേദഗതികളോടെ പാസാക്കിയിരുന്നു. പക്ഷേ രാജ്യസഭയില്‍ പാസാകാതിരുന്നതോടെ ബില്‍ സെപ്തംബറില്‍ ഓര്‍ഡിനന്‍സ് ആക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

തന്നെ മുത്തലാഖ്് ചെയ്തതായി ഒരു സ്ത്രീ പരാതിയുമായി വന്നാലുടന്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്ത് മൂന്നുവര്‍ഷത്തേക്ക് ജയിലിലിടുന്ന ക്രൂര വ്യവസ്ഥയാണ് ബില്ലിലുള്ളത്. ഇയാള്‍തന്നെ ഭാര്യക്ക് ചെലവിന് കൊടുക്കുകയും വേണമത്രെ. ശാബാനുകേസ് വിധിയെതുടര്‍ന്ന് ശരീഅത്ത് നിയമത്തിന്റെ ചുവടുപിടിച്ച് 1986ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്്‌ലിം വിവാഹമോചിതയുടെ ജീവനാംശത്തിന് വ്യവസ്ഥചെയ്യുന്ന മുസ്്‌ലിം സ്ത്രീ (വിധവാ സംരക്ഷണ) നിയമത്തിന്റെ ലംഘനമാണിത്. ഭരണഘടനയുടെ 25-ാം വകുപ്പിലെ മതസ്വാതന്ത്ര്യത്തിന്റെ നിരാസം കൂടിയാണിതെന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് മുസ്‌ലിം ലീഗ് പ്രതിനിധി ഇ.ടി മുഹമ്മദ് ബഷീര്‍ നടത്തിയ ശക്തവും ന്യായയുക്തവുമായ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഭാര്യയുടെ വാദംകേട്ടശേഷംമാത്രമേ ജാമ്യംനല്‍കാവൂ എന്നതാണ് മറ്റൊരുവ്യവസ്ഥ. ഇത് നടപ്പായാല്‍ നിയമത്തിന്റെ ദുരുപയോഗം വ്യാപകമാകും. ഏതെങ്കിലും കാരണവശാല്‍ ഒത്തുതീര്‍പ്പിനുള്ള അവസരംപോലും ഇല്ലാതാകും. സ്ത്രീയും കുട്ടികളും വഴിയാധാരമാവും. ഇതിനൊക്കെ വ്യക്തമായ മറുപടി പറഞ്ഞേ മോദിസര്‍ക്കാറിന് ഇനി മുന്നോട്ടുപോകാവൂ.

മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം സ്ത്രീവിമോചനമോ അവരുടെ സ്വാതന്ത്ര്യത്തോടുള്ള ഐക്യദാര്‍ഢ്യമോ അല്ലെന്നും കേവലം വോട്ടുരാഷ്ട്രീയമാണെന്നും വ്യക്തമാണ്. ഹൈന്ദവവികാരം ഇളക്കിവിടുകയാണ് അവരുടെ ഗൂഢലക്ഷ്യം. പക്ഷേ ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന മതേതരരായ ഹൈന്ദവവിശ്വാസികളെസംബന്ധിച്ച് ഇതൊരു വിഷയമേ അല്ലെന്നത് അറിയാതിരിക്കുന്നതാണ് അത്ഭുതം. ഇസ്്‌ലാം പ്രാകൃതമതമാണെന്നും മുസ്‌ലിംകള്‍ മുത്ത്വലാഖ് ഉപയോഗിച്ച് സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നുമൊക്കെയാണ് യാതൊരുവിധ തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ചിലര്‍ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. പതിനെട്ടര കോടിയോളം വരുന്ന ഇന്ത്യന്‍മുസ്്‌ലിംകളില്‍ വെറും 02 ശതമാനം മാത്രമാണ് ഈ സമ്പ്രദായം അവലംബിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മുത്തലാഖിനെതിരെ രംഗത്തുവന്നവരില്‍ അധികവും വനിതാആക്ടിവിസ്റ്റുകളായ ഇതരമതക്കാരാണെന്ന വസ്തുത ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ഹിന്ദുസമുദായവിഭാഗങ്ങളിലാണ് രാജ്യത്ത് കൂടുതല്‍പേരും വിവാഹമോചനം നടത്തുന്നത് . മുത്തലാഖ്‌പോലെ ഏതെങ്കിലും ആചാരത്തിന്റെ പിന്തുണയോ പേരോ അതിനില്ലെന്നത് മാത്രമാണ് അതിനെതിരെ സമഗ്രമായൊരു നിയമം കൊണ്ടുവരാതിരിക്കാനുള്ള കാരണം. ഉത്തരേന്ത്യയിലെ ഹൈന്ദവാചാരപ്രകാരം ഭര്‍ത്താവ ്മരിച്ചാല്‍ വിധവ എന്ന വിളിപ്പേരുമായി ശുഭ്രവസ്ത്രംമാത്രം ധരിച്ചും തല മുണ്ഡനംചെയ്തും ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷയാചിച്ചു കഴിയേണ്ട സ്ത്രീയുടെ അവസ്ഥ അതിദയനീയമാണ്. മഥുരയിലും കാശിയിലുമൊക്കെ ഇത്തരം ഹതഭാഗ്യരായ വനിതകളെ എത്രയെങ്കിലും കാണാം. ശബരിമല യുവതീക്ഷേത്രപ്രവേശനവിഷയത്തില്‍ ആക്ടിവിസ്റ്റുകളായ ഭക്തകള്‍ക്കെതിരെ സമരംചെയ്യുന്നവരാണ് ബി.ജെ.പിക്കാര്‍ എന്നോര്‍ക്കുമ്പോള്‍ മുത്തലാഖിലെ അവരുടെ ഇരട്ടത്താപ്പില്‍ വലിയകൗതുകം തോന്നുന്നത് സ്വാഭാവികം.

മതത്തെ രാഷ്ട്രീയത്തിന് വേണ്ടി ഏതുതരംവരെ താണും ദുരുപയോഗംചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ട കാര്യമില്ല. അതുവഴിയുള്ള വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് മുത്തലാഖ് ബില്ലുമെന്നുമാത്രം കരുതിയാല്‍ മതി. നമ്മുടെ പ്രധാനമന്ത്രിതന്നെ ഒരുമുത്തലാഖിന്റെയും പിന്‍ബലമില്ലാതെ ഭാര്യ യശോദയുമായി പതിറ്റാണ്ടുകളായി അകന്നുകഴിയുകയാണ്. സ്വന്തംഭാര്യ നിലവിലുണ്ടോ ഉപേക്ഷിച്ചോ എന്നുപോലും വ്യക്തമായി പറയാത്ത പ്രധാനമന്ത്രിയുടെ മുത്തലാഖ് ഇരകളോടുള്ള സ്‌നേഹത്തെക്കുറിച്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ഇവ്വിഷയത്തിലെ ഇദംപ്രഥമമായുള്ള നിലപാടുകള്‍ പരിശോധിക്കണം. ഈ വര്‍ഷമാദ്യം ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ തന്റെപാര്‍ട്ടിയില്‍പെട്ട പ്രമുഖനും പൊലീസുകാരുംചേര്‍ന്ന് ബലാല്‍സംഗം ചെയ്തുകൊന്നപ്പോള്‍ അത് കാര്യമാക്കേണ്ടെന്ന ്പറഞ്ഞയാളാണ് നരേന്ദ്രമോദി. ഇദ്ദേഹത്തിന്റെ ഗുജറാത്ത് മുഖ്യമന്ത്രിപദകാലത്ത് ബി.ജെ.പി-സംഘ്പരിവാറുകാര്‍ എത്ര മുസ്്‌ലിംവനിതകളെയാണ് ബലാല്‍സംഗത്തിനിരയാക്കിയതും ചുട്ടെരിച്ചതും. ഇസ്രത്ജഹാന്‍, ബെസ്റ്റ്‌ബേക്കറി, സൊഹറാബുദ്ദീന്‍ കൊലപാതകക്കേസുകളും ഉദാഹരണം. അപ്പോള്‍ സ്ത്രീകളോടുള്ള സ്‌നേഹം തരാതരംപോലെ ഉപയോഗിക്കേണ്ടതാണെന്നാണ് മോദിയുടെ നയമെന്ന് വരുന്നു. ഇതാണ് ബി.ജെ.പിയുടെ മുസ്്‌ലിം വനിതാപ്രേമ കള്ളക്കണ്ണീര്‍.