രാജ്യത്തിന്റെ ആധിയേറ്റുന്ന ആര്‍.സി.ഇ.പി കരാര്‍

അമേരിക്ക-ചൈന വ്യാപാര ഉപരോധവും ഇറാനുമായുള്ള യുദ്ധഭീഷണിയും പെട്രോളിയം വിലക്കയറ്റവുമൊക്കെ വരുത്തിവെച്ച ആഗോള മാന്ദ്യത്തിനിടെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വന്തമായി നോട്ടുനിരോധനവും ചരക്കുസേവന നികുതിയുംപോലെ തലതിരിഞ്ഞ സാമ്പത്തിക നടപടികള്‍കൂടി ഇന്ത്യയുടെ തലയിലേക്ക് കയറ്റിവെച്ചത്. ഇതോടെ ഇറക്കുമതി വര്‍ധനവും കാര്‍ഷിക വിലത്തകര്‍ച്ചയും വ്യാപക തൊഴില്‍ നഷ്ടവും റിയല്‍എസ്റ്റേറ്റ് മാന്ദ്യവുമൊക്കെകൊണ്ട് ജനങ്ങള്‍ക്ക് പണവും ഉല്‍പന്നങ്ങളും കിട്ടാക്കനിയായി മാറിയിരിക്കുന്നു. അതിനിടെയാണ് യാതൊരു തരത്തിലുള്ള മുന്നൊരുക്കവും നടത്താതെ പുതിയൊരു അന്താരാഷ്ട്ര സാമ്പത്തിക കരാറിലേക്കുകൂടി ജനതയെ സര്‍ക്കാര്‍ വലിച്ചുകൊണ്ടുപോകുന്നത്. മേഖലാസമഗ്ര സാമ്പത്തിക സഹകരണം അഥവാ ആര്‍.സി.ഇ.പി എന്ന പേരില്‍ ഇതിനകം ചര്‍ച്ചാവിഷയമായ കരാര്‍വഴി രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ ഒന്നടങ്കം ആശങ്കപ്പെടുന്നത്. പത്ത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന് പുറമെ ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ തുടങ്ങിയ ആറ് രാജ്യങ്ങള്‍കൂടി ഉള്‍പെട്ട കരാറിനാണ് ഇന്നലെ ബാങ്കോക്കില്‍ ചര്‍ച്ചക്ക് തുടക്കമായിരിക്കുന്നത്. പ്രയോഗത്തില്‍വന്നാല്‍ യൂറോപ്യന്‍ യൂണിയനേക്കാള്‍ വലിയ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയാണ് ഇതിലൂടെ രൂപപ്പെടുക. ഇന്നും നാളെയുമായി ചൈനീസ് പ്രസിഡന്റ് ഷീപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ നടത്തുന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിലും ആര്‍.സി.ഇ.പി കരാര്‍ ചര്‍ച്ചാവിധേയമാകുമെന്നാണ് കരുതപ്പെടുന്നത്. സൈനികമായല്ലാതെ എങ്ങനെ മറ്റു രാജ്യങ്ങളെ വരുതിയിലാക്കാം എന്നു പരീക്ഷിക്കുന്ന വികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര കരാറുകള്‍ക്ക് വലിയ പ്രസക്തിയാണുള്ളത്.
അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇറക്കുമതി തീരുവ കുറച്ച് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുക എന്നതാണ് മുഖ്യമായും കരാര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വ്യവസായ സാമഗ്രികളുടെ കാര്യത്തില്‍ മാത്രമല്ല, കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തിലും പൂര്‍ണമായും തീരുവ ഇല്ലാതാക്കി സാമ്പത്തികരംഗം അംഗരാജ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുക എന്നതാണ് കരാര്‍ കൊണ്ട് സംഭവിക്കുന്നത്. ഇന്ത്യയെപോലെ 70 ശതമാനവും കാര്‍ഷിക-കാര്‍ഷികാനുബന്ധിതമായ രാജ്യത്തിന് ഇത് ഗുണത്തേക്കാളേറെ ദോഷമേവരുത്തൂ എന്നാണ് ഇതിനകം ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ചൈന പോലുള്ള രാജ്യങ്ങളുടെ ഡമ്പിങ് കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് ഈ കരാറിലൂടെ സംഭവിക്കാന്‍ പോകുന്നത്. വിവിധ കര്‍ഷക സംഘടനകളും വ്യവസായ-കാര്‍ഷിക സ്ഥാപനങ്ങളും കാര്‍ഷികവിദഗ്ധരും കരാറിനെതിരെ രംഗത്തുവന്നിരിക്കവെ, കരാറിനെ ആഗോള സഹകരണത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കാനാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് വിജയദശമി ആഘോഷച്ചടങ്ങിനിടെ സ്വദേശി മുദ്രാവാക്യംപോലും ആര്‍.എസ്.എസ് ഉപേക്ഷിച്ചുവെന്ന രീതിയിലാണ് സംസാരിച്ചത്. സ്വദേശി പ്രസ്ഥാനം എന്നാല്‍ സ്വന്തം ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കലല്ല, വിദേശ വസ്തുക്കളെ നമ്മുടെ താല്‍പര്യത്തിനനുസരിച്ച് വാങ്ങി ഉപയോഗിക്കുകയാണ് വേണ്ടതെന്നാണ് ആര്‍.എസ്.എസ് തലവന്റെ പുതിയ വാദം. ഇതിനെതിരെ ആര്‍.എസ്.എസ് അനുകൂലസംഘടനകളും വ്യവസായ പ്രമുഖരുമടക്കം പരസ്യമായി രംഗത്തുവന്നുവെന്നത് ശുഭസൂചനയാണ്. പ്രധാനമായും കാര്‍ഷിക-പാല്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ തിരിച്ചടി കരാറുണ്ടാക്കുമെന്ന് ആര്‍.എസ്.എസ്സിനെയും ബി.ജെ.പിയെയും പിന്താങ്ങുന്ന സ്വദേശി ജാഗരണ്‍ മഞ്ചിന്റെ വക്താക്കള്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ കഴിഞ്ഞദിവസം ആര്‍.എസ്.എസ് തന്നെ ഇക്കൂട്ടരുടെ യോഗം വിളിച്ച് സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. പാല്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ആസ്‌ട്രേലിയയും ന്യൂസിലാന്‍ഡും. ഇവരുടെ കുത്തക അനുവദിച്ചാല്‍ ഇന്ത്യയിലെ ക്ഷീര കര്‍ഷകരുടെയും ബന്ധപ്പെട്ട വ്യവസായവ്യാപാര മേഖലയുടെയും അന്ത്യമായിരിക്കും ഫലം. നിലവില്‍തന്നെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചുകൊടുത്തതിനാല്‍ രാജ്യത്തെ കര്‍ഷകര്‍ മിക്ക ഉത്പന്നങ്ങള്‍ക്കും മതിയായ വില കിട്ടാതെ പൊറുതിമുട്ടുകയാണ്. ഗാട്ട്, ആസിയാന്‍ കരാറുകള്‍ ഇക്കഴിഞ്ഞ ആണ്ടുകളില്‍ വരുത്തിവെച്ച ഛേതവും നമുക്ക് ചില്ലറയല്ല.
ഇറക്കുമതി വ്യവസായികളെയും കുത്തകകളെയും വിദേശരാഷ്ട്രത്തലവന്മാരെയും ഭരണാധികാരികള്‍ക്ക് സുഖിപ്പിക്കാമെന്നതില്‍ കവിഞ്ഞ് രാജ്യത്തോടും നാട്ടിലെ കര്‍ഷകജനതയോടും കൂറില്ലാത്തതാണ് ഇതിനൊക്കെ കാരണം. പറഞ്ഞത് പാതി കേട്ടത് പാതി എന്ന കണക്കിലാണ് 2016 നവംബറില്‍ നോട്ടുനിരോധനവും 2017 ജൂലൈയില്‍ ചരക്കുസേവന നികുതിയും മോദി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചത്. ഇവ നടപ്പായാല്‍ രാജ്യം പതിന്മടങ്ങ് കുതിക്കുമെന്നായിരുന്നു ഭരണക്കാരുടെ വാഗ്ദാനം. അതുപോയിട്ട് ഏഴു ശതമാനത്തിനുമുകളില്‍ വികാസം പ്രതീക്ഷിച്ചിരുന്ന രാജ്യം ഇന്ന് അഞ്ചിലും താഴേക്ക് കൂപ്പുകുത്തുകയാണ്. ഇതിനെ ആര്‍.എസ്.എസ് തലവന്‍ വ്യാഖ്യാനിച്ചത് വളര്‍ച്ച മൈനസിലേക്ക് പോയാല്‍ മാത്രമേ രാജ്യം മാന്ദ്യത്തിലകപ്പെട്ടെന്ന് പറയാനാകൂ എന്നാണ്. ഇതിലും വലിയ തമാശ വേറെയില്ല. രാജ്യത്തെ തൊഴിലില്ലായ്മ രണ്ടു കോടി കവിഞ്ഞിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. മാന്ദ്യത്തില്‍ ഇന്ത്യയായിരിക്കും കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരുന്നതെന്ന് ഐ.എം.എഫും വ്യക്തമാക്കിക്കഴിഞ്ഞു. ആഗോള സാമ്പത്തികമാന്ദ്യം അനുഭവിക്കേണ്ടിവന്ന 2008ല്‍പോലും ഇന്ത്യ അതിന്റെ ബാങ്കിങ് ശൃംഖലയുടെയും പൊതുമേഖലയുടെയും കരുത്തുകൊണ്ട് പിടിച്ചുനില്‍ക്കുകയുണ്ടായി. ഇന്നാകട്ടെ അതിനെപോലും ആന കയറിയ കരിമ്പിന്‍ തോട്ടത്തിന്റെ അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.
രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയും സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍, ഡോ. അരുണ്‍കുമാര്‍, പ്രൊഫ. പ്രഭാത് പട്‌നായിക്, മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും തരിമ്പുംകൂസലില്ലാതെ അജ്ഞതപോലും ആഭരണമാക്കി, ആറു പതിറ്റാണ്ടിലധികംകാലം പ്രയാസപ്പെട്ട് രാഷ്ട്രശില്‍പികള്‍ പടുത്തുയര്‍ത്തിയ ഇന്ത്യന്‍ സമ്പദ്‌മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. എന്നിട്ടും പുതിയ നശീകരണ കരാറുമായി മുന്നോട്ടുപോകുകയെന്നാല്‍ ഇങ്ങിനി തിരിച്ചുവരാത്തവണ്ണം കൊടും പ്രയാസത്തിലേക്ക് ഇടത്തര-ഗ്രാമീണ ഇന്ത്യ നിപതിക്കുകയായിരിക്കും ഫലം.

SHARE