ആ ഉപദേശം പിണറായി ഇപ്പോള്‍ സ്വീകരിക്കട്ടെ

‘സോളാര്‍തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജുഡീഷ്യല്‍കമ്മീഷനെ നിയോഗിച്ചസാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉളുപ്പുണ്ടെങ്കില്‍ സ്വന്തംപദവി രാജിവെക്കണം. കേസില്‍ മുഖ്യമന്ത്രിയുടെഓഫീസിന്റെ പങ്കാണ് കമ്മീഷന്‍ അന്വേഷിക്കാന്‍പോകുന്നത്്. അദ്ദേഹം സ്വയം രാജിവെച്ചൊഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്‌നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടണം.’ ആറുവര്‍ഷം മുമ്പ് 2014 നനവംബര്‍ എട്ടിന്, കോഴിക്കോട്ട് എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ശുചിത്വകേരളം പരിപാടി ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടാണ് സി.പി.എം സംസ്ഥാനസെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായിവിജയന്‍ ഇങ്ങനെ ആവശ്യപ്പെട്ടത്.

സംസ്ഥാനസര്‍ക്കാരിനെതിരെ കേരളത്തെ ഇളക്കിമറിച്ച രക്തരൂക്ഷിതപ്രതിഷേധത്തിരയാണ് സി.പി.എം അക്കാലത്ത് ഉയര്‍ത്തിവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുത്തി ആക്ഷേപിക്കുന്നരീതിയാണ് സി.പി.എം സ്വീകരിച്ചത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യംപോലും തടയുന്ന സ്ഥിതിയുണ്ടായി. സി.പി.എം പ്രവര്‍ത്തകരും നേതാക്കളും സംസ്ഥാനത്താകെയും തലസ്ഥാനത്തും തമ്പടിച്ച് രാപ്പകല്‍ ഉപരോധംനടത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി. ധര്‍മിഷ്ഠനും പരിണതപ്രജ്ഞനും ജനകീയനുമായ ഉമ്മന്‍ചാണ്ടിക്കെതിരെ കേട്ടാലറക്കുന്ന ആരോപണം പ്രതിപക്ഷം പൊതുസമൂഹത്തിനുമുന്നില്‍ ഉന്നയിച്ചു. പക്ഷേ അതിനെയെല്ലാം ഉമ്മന്‍ചാണ്ടി നേരിട്ടത് തന്റെ കൈകള്‍ശുദ്ധമാണെന്നും നിയമംനിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും പറഞ്ഞായിരുന്നു.

ഏതാണ്ട് രണ്ടുവര്‍ഷക്കാലം കേരളീയസമൂഹത്തില്‍ ഈകേസും ആരോപണവും അന്വേഷണവുംകൊണ്ടാണ് സി.പി.എമ്മും ഇടതുമുന്നണിയും അണികളും അടുത്ത കേരളഭരണംസ്വപ്‌നംകണ്ടത്. ആ മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ സന്തതിയാണ് ഇന്നത്തെ പിണറായിവിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിസര്‍ക്കാര്‍. വര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലൊരു ചെറുകറപോലും ഏല്‍പിക്കാനാകാതെ പറഞ്ഞതെല്ലാം സി.പി.എമ്മിനും പിണറായിവിജയനും സ്വയംവിഴുങ്ങേണ്ടിവന്നു. വിധിവൈപരീത്യമെന്നുപറയട്ടെ, ആ അധാര്‍മികതക്കും ചെയ്തികള്‍ക്കും ജനദ്രോഹത്തിനുമെല്ലാം കണക്കുതീര്‍ത്തുകൊണ്ട് ഇന്നത്തെ പ്രതിപക്ഷത്തിന് മുന്നിലേക്ക് ഇന്നിതാ മറ്റൊരുകേസെത്തിയിരിക്കുന്നു. അന്നത്തെ അതേപിണറായിവിജയന്റെ മുഖ്യമന്ത്രിയുടെഓഫീസുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് പകല്‍പോലെ വെളിച്ചത്തായിരിക്കുന്നു.

തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഞായറാഴ്ചവന്നിറങ്ങിയ കാര്‍ഗോലഗേജില്‍ 15 കോടിയോളംരൂപയുടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടാണ് പിണറായിവിജയനും അദ്ദേഹത്തിന്റെഓഫീസും ഇപ്പോള്‍ കുരുക്കിലായിരിക്കുന്നത്. സോളാര്‍ കേസിലേതുപോലെയല്ല ഇവിടുത്തെ സംഭവവികാസങ്ങള്‍. സകലതെളിവുകളോടെയുമാണ് കസ്റ്റ്ംസ്‌വിഭാഗം സ്വര്‍ണം കസ്റ്റഡിയിലെടുത്തിട്ടുള്ളതും പ്രതികളിലൊരാളെ അറസ്റ്റ്‌ചെയ്തിട്ടുള്ളതും. യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിന്റെപേരില്‍വന്ന ലഗേജിന് അവിടെനിന്ന് മുമ്പ് പുറത്തായ പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍ സരിത്കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് സര്‍ക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കുംവരെ ആരോപണശരങ്ങള്‍ നീണ്ടിരിക്കുന്നത്.

സരിത്കുമാര്‍ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന വിവരസാങ്കേതികവകുപ്പിലെ ഉദ്യോഗസ്ഥയാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നസുരേഷ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി ഐ.എ.എസ്സുകാരനായ എം.ശിവങ്കറാണ് കസ്റ്റംസും കേന്ദ്രറവന്യൂ ഇന്റലിജന്‍സും നോട്ടമിട്ടിരിക്കുന്ന പ്രമുഖന്‍. സംസ്ഥാനഐ.ടി വകുപ്പിന്റെ സെക്രട്ടറി എന്നതുമാത്രമല്ല, മുഖ്യന്ത്രി പിണറായിവിജയനുമായി ഭരണപരമായും വ്യക്തിപരമായും ഏറെ അടുപ്പംപുലര്‍ത്തുകയും സംസ്ഥാനഭരണത്തിന്റെ നിര്‍ണായകമായ തീരുമാനങ്ങളില്‍ ഭാഗഭാക്കാകുകയും ചെയ്യുന്നയാളാണ് ശിവശങ്കര്‍. ഏറ്റവുമൊടുവില്‍ കോവിഡ്-19 വിവരശേഖരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയുമായുള്ള ശിവശങ്കരന്റെ അടുപ്പം ജനം നേരിട്ടുകണ്ടതാണ്. കോവിഡ്‌രോഗികളുടെ വിവരശേഖരണത്തിന് സ്പ്രിംകഌ എന്ന അമേരിക്കന്‍കമ്പനിയെ ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയുംശിവശങ്കറുംമാത്രം അറിഞ്ഞാണെന്ന് അവര്‍തന്നെയാണ് പറഞ്ഞത്. നിയമ-ധന-ആരോഗ്യവകുപ്പുകളുടെ അറിവില്ലാതെയായിരുന്നു മുഖ്യമന്ത്രിയും ശിവശങ്കറും നേരിട്ട് ഈഇടപാടിലൂടെ കരാര്‍ വിവാദകമ്പനിക്ക് കൊടുത്തത്.

അമേരിക്കന്‍പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ കമ്പനിയായിട്ടും സ്പ്രിംകഌറിന് കരാര്‍കൊടുക്കാന്‍ താന്‍നേരിട്ട് തീരുമാനിക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയെ രക്ഷിക്കാനായി ശിവശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് ന്യായീകരിച്ചത്. സത്യസന്ധനും അഴിമതിയുടെ കറപുരളാത്ത ഓഫീസറുമാണ് ശിവശങ്കറെന്ന ഖ്യാതിയാണ് അദ്ദേഹത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും പി.ആര്‍ വിഭാഗവും പ്രചരിപ്പിച്ചുവന്നതും. സ്പ്രിംകഌറില്‍ മാത്രമല്ല, കഴിഞ്ഞവര്‍ഷം നവംബറില്‍ കരാറൊപ്പിട്ട ഇ-ബസ് കണ്‍സള്‍ട്ടന്‍സി കരാറിലും ശിവശങ്കറിന് പങ്കുള്ളതായി വ്യക്തമായിരുന്നു. നിയമസഭാസ്പീക്കറുടെ കസേരയിലേക്കുവരെ തട്ടിപ്പുവല നീങ്ങുകയാണോ എന്നസംശയംപോലും പ്രബുദ്ധകേരളത്തിന് നാണക്കേടാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പേഴ്‌സണല്‍സ്റ്റാഫിലെ രണ്ട് ജീവനക്കാര്‍ക്കാണ് നടപടിനേരിടേണ്ടിവന്നെങ്കില്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിതന്നെയാണ് ആരോപണവിധേയനെന്നതാണ്. സംസ്ഥാനസര്‍ക്കാരിന് ബന്ധമില്ലെങ്കില്‍ പിന്നെന്തിനാണ് സെക്രട്ടറിക്കെതിരെ നടപടിയെടുത്തത്? സ്വന്തം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോള്‍ ആന്യായം മുഖ്യമന്ത്രിക്ക് ബാധകമാകാതിരിക്കുന്നതെങ്ങനെയാണ്?

മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെട്ട് അഴിമതിയുടെയും ക്രമക്കേടുകളും ഉയരുമ്പോഴെല്ലാം അവയെയെല്ലാം ന്യായീകരിക്കാനായി സര്‍ക്കാരും സി.പി.എമ്മിലെ പിണറായിപക്ഷവും മുഖ്യമന്ത്രിയും എടുത്തുപ്രയോഗിക്കുന്നതാണ് പ്രതിപക്ഷനേതാവിനെതിരായ വ്യക്തിപരമായ തേജോവധശ്രമം. സ്വര്‍ണക്കടത്തിന്റെ കാര്യത്തിലും ഇതേ തന്ത്രമാണ് പിണറായിവിജയന്‍ എടുത്തുപയോഗിക്കുന്നതെന്നതിന്റെ സൂചനയാണ് പിണറായിയുടെ മറുപടികള്‍. സ്വപ്‌നസുരേഷിനെ നിയമിച്ചത് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേസില്‍ ഇടപെട്ടെന്ന ആരോപണം അസംബന്ധമെന്നുമൊക്കെ പറഞ്ഞാണ് ഓണ്‍ലൈന്‍വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തടിതപ്പാന്‍നോക്കിയത്.

ആദ്യം സ്വപ്‌നസുരേഷിനെയും മറുഗതിയില്ലാതെ ഇന്നലെ ശിവശങ്കറെയും തല്‍സ്ഥാനങ്ങളില്‍നിന്ന്പുറത്താക്കി കൈകഴുകാന്‍ ശ്രമിക്കുകയാണ് പിണറായി. മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്‌തോമസിന്റെ കാര്യത്തില്‍കാട്ടിയ അതേ മലക്കംമറിച്ചിലാണ് ശിവശങ്കറിന്റെകാര്യത്തിലും പിണറായി സ്വീകരിച്ചിരിക്കുന്നതെന്നര്‍ത്ഥം. സ്ഥാനമേറ്റെടുക്കുമ്പോള്‍ പിണറായിപറഞ്ഞ ‘മുഖ്യമന്ത്രിയുടെ അവതാരങ്ങളാ’ ണ് ഇവരെല്ലാം. എത്രശതകോടികളാണ് ഇവരിലൂടെ കൈമാറ്റംചെയ്യപ്പെട്ടതെന്നാണ് ഇനിമലയാളിക്ക് അറിയേണ്ടത്. കോവിഡ് റെക്കോര്‍ഡും പൊക്കിപ്പിടിച്ച് ഇരിക്കാതെ ഉമ്മന്‍ചാണ്ടിയോട് ഉപദേശിച്ചതുപോലെ ഉളുപ്പുണ്ടെങ്കില്‍ സ്വയംരാജിവെച്ചുകാട്ടുകയാണ് പിണറായിവിജയന്് ഇപ്പോള്‍ അഭികാമ്യം. ഇടതുപക്ഷമുന്നണിയുടെ മുഖ്യമന്ത്രി പറയുന്ന സംസ്‌കാരമെങ്കിലും രക്ഷപ്പെടട്ടെ. കേരളമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉദ്യോഗസ്ഥര്‍ വിലങ്ങുമായെത്തുന്ന അവസ്ഥ മലയാളികള്‍ക്കാകെ നാണക്കേടാകും !

SHARE