കിഫ്ബി കേരളത്തെ വിഴുങ്ങുമോ?

സംസ്ഥാന ബജറ്റിനുപുറത്തുനിന്ന് ധനസമാഹരണം നടത്തി അടിസ്ഥാന സൗകര്യം വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കിഫ്ബി ആരംഭിച്ചത്. മൂന്നു വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നോ രണ്ടോ പതിറ്റാണ്ടിന് ശേഷം സാധ്യമാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ കഴിയുമെന്നതാണ് കടമെടുത്തുള്ള വികസന പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഉന്നയിച്ച ന്യായവാദം. പ്രതിവര്‍ഷം 15 ശതമാനം വീതം വര്‍ദ്ധിക്കുന്ന വാഹനനികുതിയും ഇന്ധനസെസ്സും കൂടാതെ കെ.എസ്.എഫ്.ഇ.യുടെ വിദേശ ചിട്ടിയില്‍ നിന്നുള്ള ഇടക്കാല നിക്ഷേപം, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, ബോണ്ടുകള്‍ തുടങ്ങിയവയിലൂടെ ധനസമാഹരണം നടത്തി ബജറ്റിന് പുറത്ത് ബദല്‍ വികസന നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് നിന്നു മാത്രമല്ല, സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അതിവേഗം കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കുതിച്ചുചാട്ടം നടത്താനാകുമെന്ന അവകാശവാദത്തോടെ കിഫ്ബിയില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു.
ഏട്ടിലെ പശുവായ മട്ടാണ് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെങ്കിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. കിഫ്ബിയുടെ പേരില്‍ വലിയ മാമാങ്കം തന്നെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ചു. 45000 കോടി രൂപയുടെ വികനസ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടപ്പാക്കാനായെന്ന മട്ടില്‍ വലിയ പ്രചരണമാണ് പരിപാടിയിലൂടെ സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഇതുവരെ 553.97 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് കിഫ്ബി വഴി നടപ്പാക്കാനായിട്ടുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കിഫ്ബി പ്രഖ്യാപിച്ച 104 പദ്ധതികളില്‍ ഇതുവരെ നടപ്പാക്കിയത് 13 പദ്ധതികള്‍ മാത്രമാണ്. പദ്ധതികള്‍ പ്രഖ്യാപിക്കുന്ന നടപടികള്‍ കിഫ്ബി മുറപോലെ നടത്തുന്നുണ്ട്. 2016-17 ല്‍ 73 മുഖ്യ പദ്ധതികളും 2017-18ല്‍ 19 പദ്ധതികളും 2018-19 ല്‍ 12 പദ്ധതികളുമാണ് കിഫ്ബി പ്രഖ്യാപിച്ചത്. അടുത്ത ഒന്നര വര്‍ഷത്തിനിടെ ഇത്രയും തന്നെ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ദ്രുതഗതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാനുള്ള സാധ്യത വിരളമാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ പത്ത് ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കിഫ്ബിക്ക് കഴിയുമോ എന്ന് സംശയമുണ്ട്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ബാധ്യത തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്റെ ചുമലിലേക്ക് മാറും.
ഇ.കെ.നായനാര്‍ മന്ത്രിസഭയുടെ കാലത്ത് 1999ല്‍ രൂപീകരിച്ചതാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്(കെഐഐഎഫ്ബി) അഥവാ കിഫ്ബി. എന്നാല്‍ പിന്നീട് രണ്ട് തവണ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴും കിഫ്ബിയെ തൊട്ടില്ല. കിഫ്ബിയുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ദീര്‍ഘവീക്ഷണമാണ് യു.ഡി.എഫിനെ കടമെടുത്തുള്ള വികസനമെന്ന ആശയം തിരസ്‌കരിക്കാന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ വലിയ ആവേശത്തോടെയാണ് കിഫ്ബിയെ സമീപിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിനെ നോക്കുകുത്തിയാക്കി പദ്ധതികള്‍ സര്‍ക്കാരിന് പുറത്ത് മറ്റൊരു ഏജന്‍സിയെ ഏല്‍പിച്ച മട്ടിലാണ് ഇടതു സര്‍ക്കാരിന്റെ മുന്നോട്ട് പോക്ക്. എന്നാല്‍ സംസ്ഥാനത്തെ വികസന നിശ്ചലാവസ്ഥയെ മറച്ചുപിടിക്കാനുള്ള മറ മാത്രമായി കിഫ്ബി മാറിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അമ്പത് ശതമാനത്തിലധികം സര്‍ക്കാര്‍ വെട്ടിക്കുറച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സ്ഥിതിയാണ്. പദ്ധതികള്‍ ഇനിയും വെട്ടിക്കുറക്കാനുള്ള സാധ്യത ഏറിയിട്ടുമുണ്ട്. മഴക്കാലത്തിന് ശേഷം സാധാരണഗതിയില്‍ നടക്കുന്ന റോഡ് പണികള്‍ പോലും നടക്കുന്നില്ല. എന്നിട്ടും കേരളത്തിന്റെ വികസന സങ്കല്‍പം കിഫ്ബിയില്‍ കാണുകയാണ് സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കിഫ്ബിയെ ബകനോട് ഉപമിച്ചതും ഈ സാഹചര്യത്തിലാണ്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ വിഴുങ്ങി, കേരളത്തെ കടക്കെണിയിലേക്ക് നയിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് കിഫ്ബി.
മസാല ബോണ്ട് ഉദാഹരണമാണ്. എച്ച.്ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിങ്ങനെയുള്ള സ്വകാര്യ ബാങ്കുകളും അദാനി ട്രാന്‍സ്മിഷന്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുമാണ് ഇതുവരെ മസാല ബോണ്ടുകള്‍ വഴി ധനസമാഹരണം നടത്തിയിട്ടുള്ളത്. മസാല ബോണ്ടുകല്‍ വഴി ധനസമാഹരണം നടത്തുന്ന ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരാണ്. 9.72 ശതമാനമാണ് മസാല ബോണ്ടിന്റെ പലിശ. കൊള്ളപ്പലിശയാണെന്ന കാര്യത്തില്‍ ധനകാര്യ വകുപ്പ് മന്ത്രിക്ക് പോലും സംശയമില്ല. ആഭ്യന്തരമായി സംസ്ഥാന സര്‍ക്കാര്‍തന്നെ ബാങ്കുകളില്‍നിന്ന് 8.91 ശതമാനം, കമ്പോളത്തില്‍നിന്ന് 8.64ശതമാനം, നബാര്‍ഡില്‍ നിന്ന് 6.08 ശതമാനം, ചെറുകിട നിക്ഷേപങ്ങളില്‍നിന്ന് 5.46ശതമാനം, പ്രോവിഡന്റ് ഫണ്ടില്‍നിന്ന് 7.50ശതമാനം തുടങ്ങിയ നിരക്കില്‍ കടമെടുക്കാന്‍ കഴിയുമ്പോഴാണ് കൊള്ളപ്പലിശക്ക് മസാല ബോണ്ട് വഴി സര്‍ക്കാര്‍ ധനസമാഹരണം നടത്തുന്നത്.
2001 ലെ 25,754 കോടിയില്‍ നിന്ന് 2019ല്‍ 2,64,459 കോടിയിലെത്തിനില്‍ക്കുകയാണ് കേരളത്തിന്റെ പൊതുകടം. ഇടതുമുന്നണി മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ എടുത്ത അധിക കടം 49,853 കോടിയാണ്. ഈ കാലയളവില്‍ പലിശ നല്‍കിയതാകട്ടെ 42,863 കോടി രൂപയും. കടമെടുത്ത തുകയുടെ സിംഹഭാഗവും ഉപയോഗിച്ചത് പലിശ നല്‍കാനാണ്. അധികമായി കടമെടുക്കുന്ന തുക പലിശ നല്‍കാന്‍പോലും തികയാതെവരുന്ന കാലം വിദൂരമല്ല. ഇതിനെയാണ് കടക്കെണി എന്നു പറയുന്നത്. കേരളം കടക്കെണിയുടെ വക്കിലാണ്. ഇനി വീണാല്‍ മാത്രം മതിയാകുന്ന സ്ഥിതി. ഇപ്പോഴത്തെ നിലക്ക് മുന്നോട്ട് നീങ്ങിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കടക്കെണി എന്നത് യാഥാര്‍ത്ഥ്യമാകും.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാനത്തെ ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് തകര്‍ക്കാന്‍ കിഫ്ബിയെ ഉപകരണമാക്കുന്നതില്‍ സര്‍ക്കാരിന് ഒട്ടും മടിയില്ല. കിഫ്ബിയില്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ സമ്പൂര്‍ണ്ണ ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ തയാറായല്ല. 14(1) പ്രകാരമുള്ള ഓഡിറ്റിംഗ് നടത്താന്‍ അനുവദിക്കണമെന്ന് സി.എ.ജി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഓഡിറ്റിംഗിന് അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന ശമ്പള നിരക്കിലുള്ള ഉദ്യോഗസ്ഥപടയും വന്‍ ഓഫീസുകളും ആര്‍ഭാടങ്ങളുമായി ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്ന കിഫ്ബിയില്‍ നിമാനുസൃതമായ ഓഡിറ്റിംഗ് നടത്തി സര്‍ക്കാര്‍ സംശുദ്ധത തെളിയിക്കണം. മസാലാ ബോണ്ടും മറ്റും വഴി ഉയര്‍ന്ന പലിശയ്ക്ക് കടം വാങ്ങിക്കൂട്ടി ഉദ്യോഗസ്ഥ പട ധൂര്‍ത്തടിക്കുന്നില്ലെന്നും പണം അപഹരിക്കപ്പെടുന്നില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല.

SHARE