ഒരുമാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ കര്‍ണാടകയെടുത്ത തീരുമാനം നാളെ അറിയാം. 222 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 70 ശതമാനം സമ്മതിദായകരാണ് വോട്ടു രേഖപ്പെടുത്തിയത്. 222 മണ്ഡലങ്ങളിലായി 2600 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണാടകയില്‍ അഭിപ്രായ സര്‍വേകള്‍ക്കൊപ്പം എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് തറപ്പിച്ചു പറയുന്നു. 113 ആണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ മാന്ത്രിക സംഖ്യ. 118 സീറ്റു വരെയാണ് വിവിധ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 2013ല്‍ 122 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. ഇന്ത്യാ ടുഡെ – ആക്‌സിസ് മൈ ഇന്ത്യ 106 മുതല്‍ 108 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് പ്രവചിച്ചപ്പോള്‍ ടൈംസ് നൗ – വി.എം.ആര്‍ 90 മുതല്‍ 103 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. പ്രാദേശിക കന്നഡ ചാനലായ സുവര്‍ണ നടത്തിയ സര്‍വേയില്‍ 106 മുതല്‍ 108 സീറ്റ് വരെ വിലയിരുത്തുന്നു. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലും ആവേശം ചോരാതെയായിരുന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. കാലത്തു മുതല്‍ തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാരുടെ പ്രവാഹമായിരുന്നു.
2019 ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുമ്പുള്ള സെമി ഫൈനലായാണ് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കേന്ദ്രത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പാര്‍ട്ടികള്‍ തന്നെയാണ് കര്‍ണാടകയിലും കൊമ്പുകോര്‍ക്കുന്നത് എന്നതാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. മാത്രമല്ല കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും ദേശീയ നേതൃത്വം തന്നെയാണ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. എന്നാല്‍ പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയിട്ടും ബി.ജെ.പി ക്ക് പല മേഖലകളിലും കാലിടറിയപ്പോള്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ അസാധാരണമായ പ്രകടനത്തിലൂടെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഊര്‍ജസ്സ്വലമായ പ്രവര്‍ത്തനത്തിലൂടെയും ഉജ്വലമുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. മലയാളിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും ഇതിന് ആക്കം കൂട്ടി. ഇതിന്റെ പ്രതിഫലനമാണ് എക്‌സിറ്റ് പോളുകളില്‍ പ്രകടമായിരിക്കുന്നത്.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായി നിരവധി വീഴ്ച്ചകളാണ് ബി.ജെ.പിക്ക് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനം യെദ്യൂരപ്പയുടെ മകന് വരുണ മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതാണ്. ഇത് യെദ്യൂരപ്പ അനുയായികള്‍ക്കും അദ്ദേഹം ഉള്‍പ്പെടുന്ന വീരശൈവ വിഭാഗത്തിനും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എതിര്‍പ്പ് ഭയന്ന് അമിത് ഷാക്ക് വരുണയിലെ തെരഞ്ഞെടുപ്പ് റാലി പോലും റദ്ദാക്കേണ്ടി വന്നു. നിലവിലെ അവസ്ഥയില്‍ ബി.ജെ.പിക്ക് ഭരണം കിട്ടിയാലും യെദ്യൂരപ്പ അഞ്ചു വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവില്ലെന്ന പൊതുവികാരം ലിംഗായത്തുകള്‍ക്കിടയില്‍ വളര്‍ന്നു വന്നതും അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. മൂന്നു തീരദേശ ജില്ലകളൊഴിച്ചാല്‍ കര്‍ണാടകയില്‍ മറ്റെവിടേയും ബി.ജെ.പിയും മോദിയും ഉയര്‍ത്തി വിടുന്ന വര്‍ഗീയ വികാരം ഒരു പരിധിക്കപ്പുറം കന്നഡികര്‍ക്കിടയില്‍ ഏശിയില്ല. യു.പിയിലോ, ഗുജറാത്തിലോ പോലുള്ള തീവ്ര വര്‍ഗീയ സ്വഭാവം ഇവിടുത്തുകാര്‍ക്കില്ലെന്നു തന്നെപറയാം. യോഗിയുടെ റാലികള്‍ വേണ്ടത്ര ശ്രദ്ധലഭിക്കാതെ പോകുന്നത് ഇതാണ് തെളിയിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായിരുന്നില്ലെന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം ഏറ്റവും അനുകൂല ഘടകം. ഒരു സംസ്ഥാനത്ത് ഭരിക്കുന്ന സര്‍ക്കാറിനോടും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുക എന്നത് സ്വാഭാവികമാണ്. കര്‍ണാടകയില്‍ സിദ്ധരാമയ്യയോടോ ഭരണ കക്ഷിയായ കോണ്‍ഗ്രസിനോടോ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പില്ലെന്നതാണ് പ്രകടമായ യാഥാര്‍ത്ഥ്യം. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്തുണ്ടായിട്ടില്ലെന്ന് നിസംശയം പറയാം.
രാഹുലിന്റെ ഉജ്വല പ്രകടനമാണ് കോണ്‍ഗ്രസിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന്റെ പ്രസംഗങ്ങളും റാലികളും സാക്ഷ്യം വഹിക്കാനെത്തുന്നത് വന്‍ ജനക്കൂട്ടമാണ്. അടിയന്തരാവസ്ഥക്കു ശേഷം ഇന്ദിരയുടെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച ചിക്ക്മംഗളൂരു മേഖലയില്‍ രാഹുല്‍ പ്രചാരണം നയിക്കുമ്പോള്‍ ഇന്ദിരയുടെ പേരക്കുട്ടി എന്ന ലേബലിലാണ് അദ്ദേഹത്തെ ജനം സ്വീകരിച്ചത്. മുസ്്‌ലിംകള്‍ക്കും, ദളിതുകള്‍ക്കുമെതിരായി രാജ്യത്ത് നടക്കുന്ന പീഡനങ്ങളുടെ പശ്ചാതലത്തില്‍ ദളിത്-മുസ്്‌ലിം വോട്ട് ഏകീകരണം കോണ്‍ഗ്രസിന് അനുകൂലമായി സംഭവിച്ചാല്‍ സര്‍വേ പ്രവചനങ്ങള്‍ക്കപ്പുറമാവും ഫലമെന്ന് ഉറപ്പാണ്. ഇരു വിഭാഗങ്ങളും ചേര്‍ന്നാല്‍ 35 ശതമാനത്തോളം വരുമെന്നത് തള്ളിക്കളയാനാവാത്ത ഒന്നാണ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഒരു കാര്യം ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കന്നഡികരുടെ മൊത്തം ആവേശമായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേത് തന്നെയാണ്.
ബെല്ലാരി മേഖലയിലെ 10-15 മണ്ഡലങ്ങളില്‍ സ്വാധീനമുള്ള റെഡ്ഢി സഹോദരന്‍മാരുടെ ബി.ജെ.പിയിലേക്കുള്ള മടങ്ങി വരവ് ആളും പണവും ബി.ജെ.പിക്ക് യഥേഷ്ടം നല്‍കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇത് സംസ്ഥാനാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമാണുണ്ടാക്കിയത്. അഴിമതിയോട് സന്ധിയില്ലെന്ന് പ്രഖ്യാപിച്ച മോദിയും അമിത് ഷായും റെഡ്ഢി സഹോദരന്‍മാരുമായുണ്ടാക്കിയ കൂട്ടുകെട്ട് വ്യാപക ചര്‍ച്ചക്കു വിധേയമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. റെഡ്ഢി ബന്ധമുള്ള എട്ടു പേരാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്.
പല അഭിപ്രായ സര്‍വേകളും ജെ.ഡി.എസ് 40 സീറ്റുവരെ നേടി ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാവുമെന്ന് പ്രവചിക്കുമ്പോഴും ദേവ ഗൗഡയും മകന്‍ കുമാരസാമിയും എങ്ങോട്ടെന്നത് നിര്‍ണായകമാണ്. അതിലുപരിയായി മറ്റേത് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളേക്കാളും ചാഞ്ചാടി നില്‍ക്കുന്നവരാണ് ജെ.ഡി.എസ് പക്ഷത്തുള്ളവര്‍.
ചുരുക്കത്തില്‍ മതേതര മനസ്സുകളില്‍ പ്രതീക്ഷയുടെ നാളം സൃഷ്ടിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ ബി.ജെ.പി നേതാക്കളുടെ കുപ്രചരണങ്ങള്‍ക്ക് അക്കമിട്ടു മറുപടി നല്‍കാനും അവരുടെ വീഴ്ച്ചകള്‍ തുറന്നു കാട്ടാനും രാഹുലിനും സിദ്ധാരാമയ്യക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് പുറത്തു വരുന്ന ഫലം മതേതരവിശ്വാസികള്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായിരിക്കുമെന്ന് പ്രത്യാശിക്കാം.