മാഫിയകളുടെ പിടിയില്‍ അഴുകിത്തീരുന്ന സി.പി.എം

ഇന്ത്യന്‍ രാഷ്ട്രീയഭൂപടത്തില്‍ സി.പി.എം കേരളത്തില്‍ മാത്രമായി ചുരുങ്ങിയത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ചന്ദ്രിക പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ’ ലേഖന പരമ്പര. പതിനാല് ജില്ലാ ലേഖകര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട അപചയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കിയ സ്വര്‍ണക്കടത്തില്‍ എത്തിനില്‍ക്കുന്നു പാര്‍ട്ടിയുടെ മാഫിയാ കണ്ണികള്‍. സ്വപ്‌നയെന്ന സ്ത്രീയുള്‍പ്പെടെ മുഖ്യമന്ത്രിയുടെ കൂട്ടാളികള്‍ നടത്തിയ സ്വര്‍ണക്കടത്ത് കേരള രാഷ്ട്രീയത്തില്‍ വഴിനടക്കാന്‍ പോലും പറ്റാത്ത വിധം ചീഞ്ഞുനാറുകയാണ്.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സാധ്യതകള്‍ കൊട്ടിയടച്ച് അഴുകിത്തുടങ്ങിയ പാര്‍ട്ടിയുടെ അവശേഷിപ്പുകള്‍ രാഷ്ട്രീയ മ്യൂസിയത്തിലേക്ക് കെട്ടിയെടുക്കാന്‍ അധികം കാത്തിരിക്കേണ്ടതില്ല. തോല്‍വികളും വീഴ്ചകളും മറച്ചുവെക്കാന്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ വിളമ്പി അണികളുടെ കണ്ണില്‍ പൊടിയിട്ടിരുന്ന പാര്‍ട്ടി നേതാക്കളിപ്പോള്‍ വിശദീകരണങ്ങള്‍ക്കു നില്‍ക്കാതെ തലയില്‍ മുണ്ടിട്ട് നടക്കുകയാണ്. ഭരണതലത്തിലും രാഷ്ട്രീയ രംഗത്തും ശുചിത്വം അവകാശപ്പെടാന്‍ പാര്‍ട്ടി തലപ്പത്ത് ഒരാള്‍ പോലും ഇല്ലെന്ന നിലയെത്തിയിരിക്കുന്നു. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിനെ നശിപ്പിച്ച ബൂര്‍ഷ്വാ നേതാക്കള്‍ കേരളത്തിലും പാര്‍ട്ടിക്ക് ശവക്കുഴി തോണ്ടുകയാണ്. പ്രാദേശികതലത്തില്‍ തുടങ്ങി നേതൃനിരയില്‍ വരെ എത്തിയിരിക്കുന്ന രാഷ്ട്രീയ, ധാര്‍മിക അധപ്പതനം സാധാരണക്കാരായ അണികളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിക്കഴിഞ്ഞു. കരിപുരളാത്ത ചെങ്കൊടികള്‍ കേരളത്തിലെവിടെയും കാണുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും മദ്യലോബിയും ലൈംഗികാരോപണങ്ങളും സി.പി.എമ്മിനെ സര്‍വ്വനാശത്തിലെത്തിച്ചിരിക്കുകയാണ്.

ഭൂമാഫിയകളുടെയും കള്ളക്കടത്തുകാരുടെയും പട്ടികയില്‍ സി.പി.എം നേതാക്കളുണ്ട്. മാത്രമല്ല, പൊലീസിനെ ഭീഷണിപ്പെടുത്തിയും സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിച്ചും രക്ഷപ്പെട്ട അവരെല്ലാം ഇന്ന് മന്ത്രിമാരും ജനപ്രതിനിധികളുമായി വിലസുകയാണ്. സമ്പത്ത് കുന്നുകൂട്ടാനുള്ള എളുപ്പവഴിയാണ് അവര്‍ക്ക് രാഷ്ട്രീയവും അധികാരവുമെല്ലാം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘം ഒരു വിദേശ രാജ്യത്തിന്റെ നയതന്ത്ര കാര്യാലയത്തെപ്പോലും കരുവാക്കിയിരിക്കുന്നു. കേരള ചരിത്രത്തില്‍ ഈ സംഭവത്തിന് തുല്യതയില്ല. സി.പി.എം നേതാക്കളുടെ വെട്ടിപ്പ് കഥകള്‍ അങ്ങാടിപ്പാട്ടാണ്. മൂന്നാറിലെ ഭൂമികയ്യേറ്റത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കുള്ള പങ്കിന് അനേകം തെളിവുണ്ട്. മുഖ്യമന്ത്രിയായിരിക്കെ കയ്യേറ്റങ്ങള്‍ ഇടിച്ചുനിരത്താന്‍ ബുള്‍ഡോസറുമായി ഇറങ്ങിയ വി.എസ് അച്യുതാനന്ദനെ പോയ വഴിക്ക് തന്നെ സി.പി.എം ജില്ലാ നേതാക്കള്‍ തിരിച്ചയക്കുകയായിരുന്നു.

ഇന്നും ഭരണത്തണലില്‍ വ്യാപക കയ്യേറ്റങ്ങളാണ് മൂന്നാറില്‍ നടന്നുകൊണ്ടിരിക്കുന്നത്. അച്യുതാനന്ദന്റെ ഭൂകയ്യേറ്റ വിരുദ്ധ ദൗത്യം പരാജയപ്പെടുത്തി കയ്യില്‍ കൊടുത്ത അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടിയായ എം.എം മണി ഇന്ന് വൈദ്യുതി മന്ത്രിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദേവികുളത്ത് റവന്യൂവകുപ്പ് നല്‍കിയ 110 കൈവശാവകാശ രേഖകളും നിയമാനുസൃതമല്ലെന്ന് ഡെപ്യൂട്ടി ജില്ലാ കലക്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നാറിനെ സംരക്ഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി അട്ടിമറിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ തീര്‍ക്കുകയാണ് സി.പി.എം.

രാഷ്ട്രീയ വിധേയത്വമുള്ള ഉദ്യോഗസ്ഥരെ ഭരണത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തിരുകിക്കയറ്റിയാണ് സി.പി.എം നേതാക്കള്‍ തട്ടിപ്പുകളെല്ലാം നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെന്ന് സംശയിക്കുന്നവരെയും കള്ളക്കേസുകളില്‍ കുടുക്കി ഒതുക്കുകയും ചെയ്യുന്നു. പ്രളയങ്ങളില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരാന്‍ പോലും സി.പി.എം നേതൃത്വത്തിന് മടിയില്ല. 2018ലെ പ്രളയ കാലത്ത് ശബരിമല പമ്പാ ത്രിവേണി തീരത്ത് അടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കാനെന്ന പേരില്‍ കോടികളുടെ മണല്‍ തട്ടിപ്പാണ് നടന്നത്. പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കാരണം മണല്‍കൊള്ള മുന്നോട്ടുപോയില്ലെന്ന് മാത്രം. പത്തനംതിട്ടയില്‍ നേതാക്കളുടെ പ്രളയത്തട്ടിപ്പ് അടക്കമുള്ള അഴിമതികളെക്കുറിച്ച് അറിയുമായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ട്.

സി.പി.എമ്മിന് അല്‍പം വേരോട്ടമുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന പലരും ആഡംബര കാറിലേക്ക് മാറിയതിന് പിന്നില്‍ അവിഹിത സമ്പാദ്യമാണെന്ന് അറിയാത്തവരില്ല. മലബാര്‍ സിമന്റ്‌സില്‍ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 11 കോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. സിമന്റിന്റെ മറവില്‍ സ്പിരിറ്റ് കടത്തും ഊര്‍ജിതമായി നടന്നിരുന്നു. പാര്‍ട്ടിക്കുവേണ്ടി പാവപ്പെട്ടവന്‍ നല്‍കിയ ചോരയും വിയര്‍പ്പും ഊറ്റിക്കുടിച്ച് നേതാക്കള്‍ തടിച്ചുകൊഴുക്കുകയാണ്. എതിരാളികളെ വെട്ടിനുറുക്കിയും അണികളെ കൊലയ്ക്ക് കൊടുത്ത് രക്തസാക്ഷികളെ സൃഷ്ടിച്ചും ധന സമ്പാദനത്തിന് നിലമൊരുക്കുകയായിരുന്നു നേതാക്കള്‍. കണ്ണൂരില്‍ അണികളെ തെരുവില്‍ അഴിഞ്ഞാടാന്‍ വിട്ട് മണിമന്ദിരങ്ങളില്‍ യജമാനന്മാരായി കഴിയുന്ന നേതാക്കളുടെ തനിനിറം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടായിരിക്കാം പാര്‍ട്ടിക്കിപ്പോള്‍ പഴയതുപോലെ രക്തസാക്ഷികളെ ലഭിക്കാത്തത്. പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ വയലുകളും തോടുകളും നികത്തി റിയല്‍ എസ്‌റ്റേറ്റ് മാഫിയ പിടിമുറുക്കിയിരിക്കുന്നു. കോടികളാണ് അതുവഴി പാര്‍ട്ടി നേതാക്കളുടെ കൈകളിലെത്തുന്നത്. അണികള്‍ പാര്‍ട്ടിക്കുവേണ്ടി തെരുവില്‍ ചോര ചിന്തുമ്പോള്‍ നേതാക്കളും അവരുടെ മക്കളും സുഖിക്കുകയാണ്.

കട്ടന്‍ചായ കുടിച്ച് പാര്‍ട്ടി ഓഫീസില്‍ കൊടികള്‍ക്കടയില്‍ ഉറങ്ങുകയും നേതൃത്വത്തിന്റെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴങ്ങുകയും ചെയ്യുന്ന പഴയ പ്രവര്‍ത്തകരെ ഇപ്പോള്‍ കാണാനാവില്ല. അങ്ങനെ കൊതുകു കടി കൊണ്ട് ജീവിതം ഹോമിക്കാനൊന്നും ആളെ കിട്ടില്ലെന്ന് നേതാക്കള്‍ക്കും ഉറപ്പുണ്ട്. ദീര്‍ഘകാലത്തെ പാര്‍ട്ടി പ്രവര്‍ത്തനം വഴി അവരെല്ലാം ധനികരായിക്കഴിഞ്ഞു. പാര്‍ട്ടി പത്രം വിളുമ്പുന്നത് മാത്രമല്ല, മാധ്യമങ്ങളുടെ വലിയൊരു ലോകം തന്നെ അണികള്‍ക്കുമുന്നില്‍ തുറന്നുനില്‍ക്കുന്നുണ്ടെന്ന് സി.പി.എം നേതാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടി പറയുന്നത് തന്നെയാണ് സത്യമെന്ന് സഖാക്കള്‍ വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞു. സി.പി.എമ്മിന്റെ കാല്‍ചുവട്ടില്‍നിന്ന് മണ്ണൊലിക്ക് രൂക്ഷമായതും അതുകൊണ്ട് തന്നെയാണ്. ആദര്‍ശ പാപ്പരത്തവും ചിന്താദാരിദ്ര്യവും പാര്‍ട്ടിയെ പിടികൂടിയിരിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ക്ക്് ഇരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സി.പി.എം എന്ന് ജനത്തിന് ബോധ്യമായിട്ടുണ്ട്. ആദര്‍ശബോധമുള്ള നേതാക്കളും പ്രവര്‍ത്തകരുമെല്ലാം പാര്‍ട്ടിയെ ഉപേക്ഷിച്ചുകഴിഞ്ഞു. മാഫിയാ തലവന്മാരായി മാറിയ പുത്തന്‍ നേതാക്കള്‍ അവരെ പുകച്ചുചാടിച്ചെന്ന് പറയുന്നതായിരിക്കും ശരി.

പഴയ തലമുറയിലെ നേതാക്കളുടെ മറപിടിച്ച് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് ചോദ്യങ്ങളേയും വിമര്‍ശനങ്ങളേയും പേടിയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ ഒളിച്ചോടുന്നത് തന്നെ എതിരഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാണ് കാണിക്കുന്നത്. മാധ്യമങ്ങളെ കഴിയുന്നത്ര ഒഴിവാക്കാനാണ് മുഖ്യമന്ത്രിയായതിന് ശേഷം പിണറായിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്നവരെ നിയോഗിച്ചാല്‍ ഏത് തട്ടിപ്പും നടക്കുമെന്ന് സി.പി.എം തെറ്റിദ്ധരിച്ചിരിക്കുന്നു. പക്ഷെ, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കിടയില്‍ അത് വിലപ്പോകുമെന്ന തെറ്റിദ്ധാരണ സി.പി.എം നേതാക്കള്‍ക്ക് വേണ്ട. ദേശീയതലത്തില്‍ മേല്‍വിലാസം നഷ്ടപ്പെട്ട പാര്‍ട്ടിക്ക് സംസ്ഥാനത്തും അധികം ആയുസ്സില്ലെന്ന് തെളിഞ്ഞിരിക്കുന്നു.

SHARE