കേരളരാഷ്ട്രീയം കണ്ട പ്രഗല്ഭരായ ശങ്കരനാരായണന് തമ്പിയും സീതിസാഹിബും സി.എച്ചും ബാവഹാജിയും വര്ക്കലരാധാകൃഷ്ണനുമെല്ലാം ഇരുന്ന കസേരയിലാണ് പുറയത്ത് ശ്രീരാമകൃഷ്ണന്റെ ഇപ്പോഴത്തെ ഇരിപ്പുവശം. മലപ്പുറം പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റൂട്ടില്‍ പട്ടിക്കാട്ട് അധ്യാപിക ദമ്പതിമാരുടെ പുത്രനായി പുറയത്ത് നായര്‍തറവാട്ടില്‍ 1967ല്‍ പിറവി. അത്രയകലെയല്ല, സാക്ഷാല്‍ ശങ്കരന് നമ്പൂതിരിപ്പാടിന്റെ ഏലംകുളം മനയും അവരുമായുള്ള ബന്ധവും. എല്ലാമൊന്ന് ക്ലച്ച് പിടിച്ചുവരുമ്പോഴല്ലേ ശനിയുടെ അപാരത. കലികാലമല്ലാതെന്ത്, ബഷീര്‍ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം.
കേരള നിയമസഭാ സ്പീക്കറായി ഗഡാഗഡിയനായി വാഴുമ്പോഴാണല്ലോ ഇനീഷ്യലിലെ പി.(പെണ്)വിഷയവുമായി അപവാര്ത്തകളുടെ പെരുമഴപ്പാച്ചില്. അതും നിയമസഭയുടെ പരിപാവനമായ സ്പീക്കറെ ബന്ധപ്പെടുത്തി. പട്ടിക്കാട് ഗവ.സ്കൂളില്‍ ആറാം തരത്തില്‍ പഠിച്ചുതുടങ്ങിയ രാഷ്ട്രീയസേവനമാണ് ഇവിടെയെത്തി നില്‍ക്കുന്നത്. വേണോച്ചാല്‍ ഇനിയുമെത്ര കസാലകള് കിടക്കുന്നു. അപ്പോഴാണ് ഒരു പെമ്പ്രന്നോത്തിയുടെ പൊന്നുവിവാദത്തിലെ പൊന്നാനി പ്രതിനിധി. കണ്ടാലുംകേട്ടാലും മാന്യരില്‍ മാന്യന്. പ്രായോഗിക രാഷ്ട്രീയത്തില്‍ അക്രമത്തിന്റെ മാര്‍ക്സിസ്റ്റ് രീതി ങേഹേ. എങ്കിലും പാര്‍ട്ടിക്കൊരു ആപത്ത് വരുമ്പോ കയ്യുംകെട്ടി നില്ക്കാനെക്കൊണ്ടൊക്ക്വോ. അങ്ങനെ നല്ലതു വിചാരിച്ച് ചെയ്തതാണിപ്പോ പൊല്ലാപ്പായി തിരിച്ചടിച്ചിരിക്കുന്നത്. ജൂലൈ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദുബൈ ലഗേജില്‍ 15 കോടിയുടെ സ്വര്‍ണക്കടത്ത് പിടികൂടിയതാണ് ഇതെല്ലാമിപ്പോ പുറത്തറിയാന്‍ കാരണം. അല്ലെങ്കില്‍ കട ഉദ്ഘാടിക്കലും ചായകുടിയും തട്ടല്മുട്ടലുമൊക്കെ ആരറിയാന്‍.
‘യാത്രക്കാരുടെ ശ്രദ്ധക്ക്’ സിനിമയില്‍ നടന് ശ്രീനിവാസന്റെ കഥാപാത്രം പറയുന്നൊരു മോണോലോഗാണ് തികട്ടിവരുന്നത്. പരിഹസിച്ചയാളെ അടിച്ചുമുറിവേല്പിച്ചത് ചോദ്യം ചെയ്തപ്പോള്‍ കഥാപാത്രം പറയുന്ന അതേ ശ്രീനിവാസന് ന്യായം: ഞാന്‍ വെറുതെയൊന്ന് തൊട്ടതേയുള്ളൂ. അയാളതാ വീണ് തലപൊട്ടി ചോരയൊലിച്ചുകിടക്കുന്നു. ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്റെ കാര്യത്തിലും ബഹു സ്പീക്കര്‍ക്ക് പറയാനിതുപോലെയാണ് ന്യായം. യു.എ.ഇ. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് സ്വപ്ന സുരേഷ് വിളിച്ചു, തിരുവനന്തപുരത്ത് കാര്ബണ്ഡോക്ടര് എന്ന കട ഉദ്ഘാടനം ചെയ്തുകൊടുത്തു. പിരിയുമ്പോള്‍ കാമറകള്‍ നോക്കിനില്‍ക്കെ ക്ഷണിച്ച വനിതയെ പുറത്ത് തട്ടി; തൊട്ടുതൊട്ടില്ല എന്നമട്ടില്‍. ഇത്രേയുള്ളൂ..!
‘ഡിപ്ലോമാറ്റാ’യ സ്വപ്ന സുരേഷ് ക്ഷണിക്കുമ്പോള്‍ സ്്പീക്കര്‍ക്ക് ഉദ്ഘാടനത്തിന ്പോകാതിരിക്കാനാകുമോ. അതും ഒരു യുവതിയുടെ അപേക്ഷ. ഉദ്ഘാടിച്ചത് ഡിപ്ലോമാറ്റിന്റെ ആണ്‍സുഹൃത്ത് സന്ദീപ് നായരുടെ കടയാണ്. ടിയാനാകട്ടെ ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളയാളും. സ്വപ്ന സുരേഷ് വെറുമൊരു നാലാംക്ലാസുകാരിയാണെന്ന് തിരിഞ്ഞിരുന്നില്ലെന്നാണ് ന്യായം. എല്ലാഗൊച്ചുകള്ളന്മാരും പൊലീസിനോട് പറയുന്നതുതന്നെ. പക്ഷേ പത്താംക്ലാസും അല്പസ്വല്പം കാര്യവിവരവുമുണ്ടെങ്കില് കേരളത്തിലെന്നല്ല, ഏതു രാജ്യത്തിന്റെയും ഡിപ്ലോമാറ്റാകാം എന്ന് അറിഞ്ഞില്ല. ഫലം, അതാ കിടക്കുണു ശ്രീരാമരാഷ്ട്രീയത്തിന്റെ തുറന്നപുസ്തകം. പക്ഷേ നാണക്കേടായാത് രാമകൃഷ്ണര്ക്കൊന്നുമല്ല, പരിപാവനമായ സ്പീക്കര്പദവിക്കാണ്. മുഖ്യന് അവകാശപ്പെട്ടതുപോലെ ‘ഇടതുപക്ഷസംസ്കാര’ത്തിനാണ്! സ്വ്പനയും സരിത്തും സന്ദീപും ഒക്കെക്കൂടി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സംസ്കാരം തന്നെ നടത്തിക്കുകയല്ലേ.
മുന്‍ധനകാര്യ മന്ത്രി അന്തരിച്ച കെ.എം.മാണിയുമായി ബന്ധപ്പെട്ട് ബാര്‍കോഴ അഴിമതിയുണ്ടായപ്പോഴാണ് നമ്മുടെ സ്്പീക്കര്ജിയുടെ മുഖം ജനം ശരിക്കറിഞ്ഞത്. സ്പീക്കറുടെ ഡയസില്‍ കയറി കസേരയും മേശയുമെല്ലാം (ഇപ്പോഴത്തേതല്ല കേട്ടോ) മറിച്ചിടാന്‍ നേതൃത്വം വഹിച്ചവരിലൊരാളാണ് ഈ ശ്രീമാന്‍. അന്ന് ഏറെ പഴി കേട്ടെങ്കിലും പാര്‍ട്ടിയില്‍ അത്യപൂര്‍വമായ സൗമ്യമായ പെരുമാറ്റവും സംസാരവും കൊണ്ട് സര്‍ക്കാര്‍ വന്നപ്പോള്‍ സ്പീക്കര്‍ തസ്തികക്ക് നറുക്കുവീണു. 2016 ജൂണ്‍ മൂന്നിന് പദവിയേറ്റു. അധ്യാപകനായിരുന്നെങ്കിലും പിതാവ് പുറയത്ത് ഗോവിന്ദന്‍നായര്‍ ഉറച്ച കമ്യൂണിസ്റ്റായിരുന്നു.
അമ്മ സീതാലക്ഷ്മിയും അധ്യാപിക തന്നെ. ഇ.എം.എസ്സിന്റെ ഗുരുനാഥനാണ് മുത്തച്ഛന് മാഞ്ചേരി രാമന് നായര്‍. ഡി.വൈ.എഫ്.ഐയില്‍ ദേശീയ-സംസ്ഥാന പ്രസിഡന്റ് പദവിവരെയെത്തിയ ശേഷമാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങിയത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം. മേലാറ്റൂര്‍ ആര്.എം ഹയര്‍സെക്കണ്ടറി സ്കൂളില്‍ അധ്യാപകനായിരുന്നു. 2016ല്‍ രണ്ടാമതായാണ് പൊന്നാനിയില്‍ നിന്ന് അംസബ്ലിയിലെത്തുന്നത്. കമ്യൂണിസ്റ്റ് യുവാക്കളുടെ പ്രതീകമായ താടിയാണ് ശീലം. പേരിലെ ‘ശ്രീ’ കണ്ടാണ് സ്പീക്കര്‍ക്ക് വോട്ടുചെയ്തതെന്ന് ബി.ജെ.പിഅംഗം ഒ.രാജഗോപാല്‍ പറഞ്ഞത് അര്ത്ഥഗര്ഭം. ഇതടക്കം രണ്ടുവോട്ട് ഭരണപക്ഷത്തേക്കാള്‍ കൂടുതല്‍ കിട്ടി. സദാ ശ്രീത്വത്തോടെ അണിഞ്ഞൊരുങ്ങിയേ പുറത്തുകാണൂ. പാര്‍ട്ടിയിലെ സ്ഥാനം മാനിച്ചാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുമെങ്കിലും ചില നേരങ്ങളിലെ സഭയിലെ ഭരണപക്ഷപാതിത്വം സകലസീമകളും കടക്കും. ഒറ്റപ്പാലം എന്‍.എസ്.എസ്കോളജിലായിരുന്നു ബിരുദപഠനം. ഭാര്യ ദിവ്യ. മക്കള്‍ നിരഞ്ജനയും പ്രിയരഞ്ജനും.