ഇനിയും കരയ്ക്കെത്താത്ത പ്രളയ പുനരധിവാസം


നൂറ്റാണ്ടിലെ മഹാപ്രളയത്തെതുടര്‍ന്ന് നാട്ടുകാരും വൈദേശികരും എന്നുവേണ്ട ലോകത്തെ സന്മനസ്സുള്ള സര്‍വജനങ്ങളും അഹമിഹമികയാ സഹായിക്കുകയും സഹകരിക്കുകയുംചെയ്തിട്ടും പ്രളയപൂര്‍വ കേരളത്തെ തിരിച്ചുപിടിക്കാന്‍ ഇവിടുത്തെ ഭരണകൂടത്തിനാകുന്നില്ല എന്ന ഞെട്ടലിലാണ് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടടുക്കുമ്പോഴും കേരളം. അഞ്ഞൂറോളം പേരുടെ ജീവഹാനിയും നാല്‍പതിനായിരത്തിലധികംകോടി രൂപയുടെ നാശനഷ്ടങ്ങളുംനേരിട്ട കേരളം ഇനിയും ദുരന്തത്തില്‍നിന്ന് പൂര്‍ണമായും കരകയറിയിട്ടില്ല എന്നത് ഭരണകൂടത്തിന്റെ വീഴ്ചയായിത്തന്നെ വിലയിരുത്തണം. തകര്‍ന്ന പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും ഇന്നും ഭാഗികമായിപോലും പുനര്‍നിര്‍മിക്കാനാകാത്ത അവസ്ഥയിലാണ് ദുരന്ത ബാധിതരിലേറെയും. സര്‍ക്കാര്‍ നല്‍കാമെന്നേറ്റ നഷ്ടപരിഹാരത്തിന്റെ പത്തിലൊരംശംപോലും കൊടുത്തുതീര്‍ക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ജനങ്ങളുടെ പണവും അധ്വാനവുംകൊണ്ട് എത്രയുംപെട്ടെന്ന് ചെയ്തുതീര്‍ക്കേണ്ട പുനര്‍നിര്‍മാണ ജോലികള്‍ക്ക് ഇനിയും ക്ലച്ച് പിടിക്കുന്നില്ല എന്നത് ഭരിക്കുന്നവരുടെ അനവധാനതയും കെടുകാര്യസ്ഥതയുമാണ്. നിയമസഭയില്‍ ആരോപിക്കപ്പെട്ടതുപോലെ ഒച്ചിന്റെ വേഗതയാണ് സര്‍ക്കാരിനിക്കാര്യത്തില്‍. ജനങ്ങള്‍ ഇതിനെതിരെ അതിശക്തമായ നിലയില്‍ തെരഞ്ഞെടുപ്പിലൂടെ പ്രതികരിച്ചിട്ടും വീഴ്ചകളെല്ലാം പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ചുമലില്‍കെട്ടിവെച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിന്നെങ്ങനെയാണ് ഇതെല്ലാം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിനുകീഴിലെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനാകുക?
2018 ജൂലൈ മുതല്‍ വീശിയടിച്ച പെരുംമഴ ആഗസ്റ്റിലാണ് കൊടുംപ്രളയമായി മാറിയത്. സംസ്ഥാനത്തിന്റെ പകുതിയോളം പ്രദേശത്ത് പ്രളയം താണ്ഡവമാടി. കുട്ടനാട്, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലെ മിക്കവാറും പ്രദേശങ്ങള്‍, പാലക്കാട് മുതല്‍ വടക്കോട്ടുള്ള മലയോര പ്രദേശങ്ങളൊക്കെ കെടുതിയുടെ തീവ്രത അനുഭവിച്ചു. അഭൂതപൂര്‍വമായ സഹകരണവും സഹായവുമാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് കേരളത്തിലേക്കൊഴുകിയെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമായി മൂവായിരത്തോളം കോടി രൂപ പറന്നെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കൊച്ചു കുട്ടികള്‍വരെ തങ്ങളുടെ ശമ്പളവും കുടുക്കയിലെ അവസാനത്തെ നാണയവുമായി ജനങ്ങളെ രക്ഷിക്കാനായി ഓടിയെത്തി. പണത്തിനുപുറമെ എത്തിയ ഭക്ഷ്യവസ്തുക്കള്‍ അമൂല്യമായിരുന്നു. യു.എ.ഇ 700 കോടി രൂപയും യു.എന്‍ വിവിധ രാജ്യങ്ങളുടേതായി വെച്ചുനീട്ടിയ പണവും വാങ്ങിയെടുക്കാന്‍പോലും കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. ലോകബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയുടെ രൂപത്തില്‍ കേരളത്തെ സഹായിക്കാമെന്നേറ്റു. എന്നിട്ടും വര്‍ഷം ഒന്നായിട്ടും പ്രളയ പുനരധിവാസവും കേരള പുനര്‍നിര്‍മാണമെന്ന പിണറായി സര്‍ക്കാരിന്റെ വാഗ്ദാനവും ഏട്ടിലുറങ്ങുകയാണ്. പ്രളയ ബാധിതര്‍ക്ക് നല്‍കാമെന്നേറ്റ അടിയന്തിര സഹായമായ പതിനായിരം രൂപ പോലും കിട്ടാത്ത നൂറുകണക്കിന ്‌പേര്‍ ഇന്നും സംസ്ഥാനത്തുണ്ട്. കൂരയും നിലവും കുത്തിയൊലിച്ചതുകാരണം കിടപ്പാടമില്ലാതെ അന്യരുടെ വീടുകളിലും വാടക വീടുകളിലും വഴിയോരങ്ങളിലും താമസിക്കേണ്ടി വരുന്നവര്‍ക്ക് ഇനിയെന്ന് സഹായമെത്തുമെന്ന് ഒരുറപ്പുമില്ലാത്ത അവസ്ഥ. 15 ശതമാനം വരെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് പതിനായിരവും 60 ശതമാനം വരെ അറുപതിനായിരവും 74 ശതമാനം വരെ രണ്ടര ലക്ഷവും അതിനുമുകളില്‍ നാലു ലക്ഷവുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക. ഇതില്‍ പലയിടത്തും മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. അനര്‍ഹര്‍ സ്വാധീനവും കൈക്കൂലിയും ഉപയോഗിച്ച് തുക കൈപ്പറ്റിയപ്പോള്‍ ഇതൊന്നിനും കഴിയാത്ത ഭൂരിപക്ഷംപേര്‍ ഇന്നും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കമ്പ്യൂട്ടര്‍ തകരാര്‍ കാരണമാണത്രെ, ഏറ്റവും താഴത്തെ സ്ലാബില്‍ വരേണ്ടവര്‍ക്ക് കിട്ടിയത് ഏറ്റവും മുകളിലെ നഷ്ടപരിഹാരത്തുകയാണ്. ഇതിലൂടെ ഏഴു കോടിയോളം രൂപ ഖജനാവില്‍നിന്ന് ചോര്‍ന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഉള്‍പ്പെടെ പല കെട്ടിടങ്ങളും റോഡുകളും ഇന്നും പണിതീരാതെ കിടക്കുന്നു. പണിയാരംഭിച്ചിട്ടില്ലാത്തവയാണ് ഇതിലധികവും. പാലക്കാട്-തൃശൂര്‍ ദേശീയ പാതയില്‍ വര്‍ഷമൊന്നായിട്ടും പ്രളയത്തില്‍ കടപുഴകിയ മരങ്ങള്‍ നീക്കം ചെയ്യാതെ വഴിമുടക്കിക്കിടക്കുന്നു. ഇടുക്കി ചെറുതോണി പാലവും അനുബന്ധ പാതയും ഇന്നും കീറാമുട്ടിയായി കിടക്കുകയാണ്. കുറച്ച് മണല്‍ റോഡരികില്‍ കൂട്ടിയിട്ടുവെന്നതൊഴിച്ചാല്‍ ഇപ്പോഴും ജനം യാത്ര ചെയ്യുന്നത് ജീവന്‍ പണയപ്പെടുത്തിയാണ്. കാര്‍ഷിക മേഖലയില്‍ ആത്മഹത്യകള്‍ പെരുകുന്നു. സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ച മോറട്ടോറിയം ത്രിശങ്കുവിലും.
കേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയും ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞദിവസം കേരളത്തിലെ പ്രമുഖ ടി.വി മാധ്യമം പുറത്തുവിട്ട കണക്കുകളും വിവരങ്ങളും അതിന്മേല്‍ പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങളും മുഖ്യമന്ത്രിതന്നെ വ്യാഖ്യാനിച്ചത് ‘വാര്‍ത്താഇംപാക്ട്’എന്ന് പരിഹസിച്ചാണ്. പ്രളയം പോലെ കേരളത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലായ ഒരുസംഭവത്തില്‍ മുഖ്യമന്ത്രി നിഷേധാത്മക നിലപാട് സ്വീകരിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതായില്ല. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും നല്‍കേണ്ട മാന്യതയാണോ പിണറായി വിജയന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പര്യാലോചിക്കണം. സാധാരണക്കാര്‍ സ്വരുക്കൂട്ടിവെച്ച അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികളാണ് പ്രളയധനസാഹയത്തിന്റെ രൂപത്തില്‍ ഇന്ന് കേരള ഖജനാവില്‍ കിടക്കുന്നത്. സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ കൊണ്ടാടിയത്് ഈ പണമെടുത്താണെന്നും തങ്ങളുടെ വിഹിതം തിരിച്ചുതരണമെന്നും പറയുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാകും. സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ജീവനക്കാരും മറ്റും ഇപ്പോഴും അവരവരുടെ മാസവരുമാനം ഗഡുക്കളായി നല്‍കുന്നതുമൂലം അനുഭവിക്കുന്ന സാമ്പത്തിക പ്രയാസം പലതലങ്ങളില്‍നിന്ന് ഉയരുന്നു. വെറുതെയല്ല ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വിശ്വാസ കാരണങ്ങള്‍ക്കപ്പുറം പ്രളയപുനരധിവാസവിഷയവും ഇടതുമുന്നണിയെ മൂലക്കിരുത്താനായി ജനം വോട്ടിലൂടെ പ്രയോഗിച്ചത്. ‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍നന്നാവില്ല’ എന്ന ചൊല്ലിനെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. പണിപൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിന് ഉദ്യോഗസ്ഥരെ പഴിചാരുന്ന മരാമത്തുമന്ത്രിയും മുഖ്യമന്ത്രിയും ചെയ്യേണ്ടത് അവരവരുടെ കടമ യഥാസമയം നിര്‍വഹിക്കുകയാണ്. വരാനിരിക്കുന്നത് കൊടും വരള്‍ച്ചയായിരിക്കുമെന്ന ആശങ്കയും മുന്‍കൂട്ടിക്കണ്ട് പരിസ്ഥിതിബന്ധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ നെറുകയിലേക്ക് അണക്കെട്ടുകള്‍ തുറന്നുവിട്ടതുപോലെ ആവരുത് പ്രളയ പുനരധിവാസവും പുനര്‍നിര്‍മാണവും.

SHARE