സേനാതലവന്‍ സ്വന്തം ജോലി നോക്കണം

പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ട് രാജ്യത്താകെ അനിതരസാധാരണമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നുവരുന്നതിനിടെ ഇന്നലെ രാജ്യത്തെ പട്ടാളമേധാവിയില്‍നിന്ന് ഒരുപ്രസ്താവന നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ജനതക്ക് കേള്‍ക്കേണ്ടിവന്നിരിക്കുന്നു. അണികളെ അക്രമത്തിലേക്ക് വലിച്ചിഴക്കലല്ല നേതാക്കളുടെ ജോലിയെന്നും പ്രതിഷേധം നാമമാത്രമാണെന്നുമൊക്കെയാണ് ഇന്നലെ ഡല്‍ഹിയിലെ ഒരുചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കരസേനാമേധാവി ബിപിന്റാവത്ത് പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മുമ്പൊരുകാലത്തും സൈനികമേധാവികള്‍ ആരുംതന്നെ രാഷ്ട്രീയവിഷയങ്ങളില്‍ ഇടപെടുകയോ അതിന്മേല്‍ പ്രസ്താവനനടത്തുകയോ ചെയ്തിട്ടുള്ള പാരമ്പര്യമില്ലാത്തതിനാല്‍ റാവത്തിന്റെ വാക്കുകള്‍ നല്‍കുന്നത് ഞെട്ടിപ്പിക്കുന്ന ചിലസൂചനകളാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നലെതന്നെ ബിപിന്‍ റാവത്തിനെതിരെ രാഷ്ട്രീയകക്ഷികളും മുന്‍സേനാതലവന്മാരുമടക്കം പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത് രാജ്യത്തിന്റെ പാരമ്പര്യം മുറുകെപിടിച്ചുകൊണ്ടാണ്. ജനാധിപത്യം ശക്തമായി ഇന്നും നിലകൊള്ളുന്ന ഇന്ത്യയില്‍ മോദിയും കൂട്ടരും ചേര്‍ന്ന് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയാണെന്ന ഭയാശങ്കകള്‍ക്ക് ഇടയിലാണ് സൈനികത്തലവന്റെ വിവാദപ്രസ്താവന എന്നതിനാല്‍ വലിയഗൗരവമര്‍ഹിക്കുന്ന വിഷയം തന്നെയാണിത്.
വരുന്ന ഡിസംബര്‍ 31ന് സ്ഥാനമൊഴിയുന്ന പട്ടാളമേധാവി ബിപിന്റാവത്ത് ഇതിനകം പലതവണ വിവാദങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ്. ജമ്മുകശ്മീരില്‍ ജനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ യുവാവിനെ സൈനികവാഹനത്തില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചതിനെ ന്യായീകരിച്ചതുവഴി ലോകത്തെ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതിയുടെയും കനത്ത പ്രതിഷേധത്തിന് ഇരയായ വ്യക്തിയാണ് ബിപിന്‍ റാവത്ത്. ഇദ്ദേഹം ഈ തസ്തികയിലേക്ക് എത്തപ്പെട്ടതുതന്നെ അനര്‍ഹമായി രണ്ട് റാങ്ക് മറികടന്ന് മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും പ്രത്യേകവാല്‍സല്യത്താലാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്. ഇദ്ദേഹമാണ് പൗരത്വനിയമംപോലെ രാജ്യവും ലോകവും രൂക്ഷമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരുവിവാദവിഷയത്തെക്കുറിച്ച് തന്റെ അബദ്ധജഢിലമായ സിദ്ധാന്തം അവതരിപ്പിച്ചത്.
പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യസംവിധാനത്തിനകത്ത് സ്വാഭാവികമാണ്. ഇതിന്റെപേരില്‍ സര്‍ക്കാരും അതിന്റെ മര്‍ദകോപാധിയായ പൊലീസും സൈന്യവുമൊക്കെയായി പൗരന്മാര്‍ക്കും പ്രതിഷേധക്കാര്‍ക്കും ഏറ്റുമുട്ടേണ്ടിവരാറുണ്ട്. സ്വാതന്ത്ര്യസമരം മുതലിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത പ്രക്ഷോഭങ്ങളിലൂടെയാണ് രാജ്യം ഇന്നുകാണുന്ന വിധത്തിലേക്ക് രാഷ്ട്രീയമായും രാഷ്ട്രപരമായും ജനാധിപത്യപരമായുമൊക്കെ വളര്‍ന്നുപന്തലിച്ചത്. സ്വാതന്ത്ര്യസമരകാലത്തേതിന് സമാനമായ പ്രതിഷേധങ്ങള്‍ രാജ്യത്തെ പൗരന്മാരില്‍ ബഹുഭൂരിപക്ഷവും ഏറ്റെടുത്ത ഒരുവിഷയത്തില്‍ പരസ്യമായ അഭിപ്രായപ്രകടനം നടത്തേണ്ട എന്ത് സാംഗത്യവും ഉത്തരവാദിത്തവുമാണ് ഇന്ത്യയിലെ പട്ടാളമേധാവിക്കുള്ളത്. ഇത് വ്യക്തമാക്കാന്‍ ബിപിന്‍ റാവത്ത് മാത്രമല്ല, രാജ്യം ഭരിക്കുന്ന അധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്.
പൗരത്വ നിയമത്തിലെ മുഖ്യപ്രശ്‌നം രാജ്യത്തെ മുസ്‌ലിംകളെ ഒഴിവാക്കുമെന്ന അത്യന്തം അസാംസ്‌കാരികവും ലോകനീതിക്കും മാനുഷികതത്വങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരായിട്ടുള്ള വ്യവസ്ഥയാണ്. ഇക്കാര്യത്തില്‍ ഇന്ത്യാ മഹാരാജ്യത്തെ ഏതാണ്ടെല്ലാ സാംസ്‌കാരിക പ്രമുഖരും എഴുത്തുകാരും കലാകാരന്മാരും വിദ്യാഭ്യാസ-നിയമവിചക്ഷണരും രാഷ്ട്രീയകക്ഷി നേതാക്കളുമൊക്കെ തങ്ങളുടേതായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ആയത് പരസ്യമായി പൊതുവേദികളിലും തെരുവോരങ്ങളിലും പല രൂപങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. പക്ഷേ ഇതിനെതിരെ ബിപിന്റാവത്തിന്റെ കീഴിലെ സൈന്യം ചെയ്തതെന്താണ്. പൗരത്വ നിയമത്തിനെതിരെ ആദ്യം പ്രകടനം നടന്ന ഡല്‍ഹി ജാമിഅ മില്ലിയയിലും പരിസരത്തും കേന്ദ്രസര്‍ക്കാരിന്റെ പൊലീസ് നടത്തിയ നരനായാട്ട് നിരപരാധികളായ കുട്ടികളുടെ ജനാധിപത്യപരമായ അവകാശത്തെ പരിഹസിക്കുന്ന വിധമായിരുന്നു. കര്‍ണാടകയിലെ മംഗലാപുരത്ത് രണ്ട് ചെറുപ്പക്കാരെ വെടിവെച്ചുകൊല്ലുകയും നിരവധിപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത യെദ്യൂരപ്പയുടെ പൊലീസിനെതിരെ ഒരുവാക്കുപോലും പറയാന്‍ മുഖ്യമന്ത്രിക്കോ ബി.ജെ.പി നേതാക്കള്‍ക്കോ കഴിഞ്ഞില്ല. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഒറ്റരാത്രി (ഡിസംബര്‍ 21) മാത്രം 21ഓളം മനുഷ്യരെയാണ് കാലപുരിക്കയച്ചത്. യു.പി പൊലീസ് ഇതിനകം പലതവണയായി തങ്ങളുടെ സംഘപരിവാര്‍ വിധേയത്വം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. പൊലീസ് വെടിവെച്ചില്ലെന്നായിരുന്നു ഡി.ജി.പിയുടെ ആദ്യവാദം. മുസഫര്‍പൂര്‍, കാണ്‍പൂര്‍, മീറത്ത് എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ മുസ്്‌ലിംവേട്ടയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി പറയുന്നത്, അക്രമത്തെക്കുറിച്ച് മാത്രമാണ്. പൊലീസ് വെടിവെച്ചുകൊന്ന 21 ചെറുപ്പക്കാരുടെ നീതിയെപ്പറ്റിയോ അവരുടെ കുടുംബാംഗങ്ങളെപ്പറ്റിയോ, മനുഷ്യാവകാശ-ജനാധിപത്യാവകാശത്തെപ്പറ്റിയോ യാതൊന്നും ഉരിയാടാന്‍ ഇന്ത്യന്‍പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. ‘തീവ്രവാദികള്‍ ഗോ ബാക’് എന്നാണ് ഇന്നലെ ബി.ജെ.പിയുടെ വര്‍ഗീയവാദിയായ എം.പി പ്രജ്ഞാസിംഗ് താക്കൂര്‍ വെല്ലുവിളിച്ചത്. ഇന്നലെ ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭഗവതും ഇന്ത്യ ഹിന്ദുരാജ്യമാണെന്ന വാദവുമായി രംഗത്തുവന്നു.
ഇതിനിടയിലാണ് മതേതര ജനാധിപത്യ ഇന്ത്യയുടെ സൈനിക മേധാവിയുടെ പുലമ്പല്‍. എവിടെ നിന്നാണ് ഇദ്ദേഹത്തിന് ഇതിന് ധൈര്യം ലഭിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യ ബ്രിട്ടീഷ് കാലത്തേ ത്യജിച്ച സൈനികമേധാവിത്വത്തെ മോദിയുടെയും അമിത്ഷായുടെയും കൈകളിലൂടെ രാജ്യത്ത് അടിച്ചേല്‍പിക്കാനാണ് ബിപിന്‍ റാവത്തിനെപോലുള്ളവരുടെ മോഹമെങ്കില്‍ അവരിച്ഛിക്കുന്ന പാകിസ്താന് സമാനമായ സൈനിക ഭരണകൂടമല്ല ഇന്ന് രാജ്യത്തുള്ളതെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യം മുതലിങ്ങോട്ട് ഏഴു പതിറ്റാണ്ടിലധികം കാലം അയല്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യ കൊണ്ടുനടന്ന ജനകീയ ജനാധിപത്യത്തെ മോദി-അമിത്ഷാ-ഭഗവത്തുമാരും ബിപിന്റാവത്തുമാരും സൈനികമേധാവിത്വത്തിന് അടിയറവെക്കാനാണ് ഭാവമെങ്കില്‍ അതിനെ ശതകോടിയിലധികം വരുന്ന മതേതര ജനത അതിശക്തമായി പ്രതിരോധിക്കുമെന്നാണ് ഇക്കാണുന്ന പ്രതിഷേധങ്ങളെല്ലാം വിളിച്ചുപറയുന്നത്. പട്ടാള മേധാവിത്വത്തിലൂടെ അധികാരത്തിന്റെ അപ്പക്കഷണംനുണഞ്ഞ പാക്കിസ്താനിലെ ഭരണാധികാരികളുടെ പില്‍കാലം എങ്ങനെയായിരുന്നുവെന്ന് ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ രാഷ്ട്രീയ യജമാനന്മാരും മറക്കാതിരിക്കുന്നത് നന്ന്.