ഉത്തരം മുട്ടുമ്പോള്‍ ബി.ജെ.പി കൊഞ്ഞനം കുത്തുന്നു

പ്രതിപക്ഷ നേതാക്കളെ മൃഗങ്ങളോടുപമിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം ആ പാര്‍ട്ടി ഇന്നനുഭവിക്കുന്ന മുഴുവന്‍ സമ്മര്‍ദ്ദങ്ങളുടെയും പ്രതിഫലനമാണ്. പാര്‍ട്ടിയുടെ 38 ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുംബൈയില്‍ നടന്ന സമ്മേളനത്തിലാണ് ഷായുടെ ഈ അപലപനീയമായ പ്രയോഗമുണ്ടായത്. ബി.ജെ.പിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നുവെന്ന രാഷ്ട്രീയ നിരീക്ഷണത്തിന് അടിവരയിടുന്നത് കൂടിയാണ് ഈ പ്രസ്താവന. അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിപക്ഷ നിന്ദയുടെ തുടര്‍ച്ചയായും ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത് പോലെ തന്റെ നിലവാരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഈ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം മുന്നില്‍ നില്‍ക്കെ ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തില്‍ നിന്ന് ബി.ജെ.പി അനുദിനം പിറകോട്ടു പോകുന്ന കാഴ്ചയാണ് വര്‍ത്തമാന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് ദര്‍ശിക്കാനാവുന്നത്. ഒരു ദിവസം പോലും പൂര്‍ണമായി സമ്മേളിക്കാനാവാതെ പിരിഞ്ഞ 23 ദിവസം നീണ്ടുനിന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തന്നെ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും ഭരണപരമായ പരാജയം വിളിച്ചറിയിക്കുന്നതാണ്. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിയും കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയും കാവേരി മാനേജ് മെന്റ് ബോര്‍ഡ് രൂപീകരണത്തിനെതിരെ കര്‍ണാടകയില്‍ നിന്നുള്ള എം.പിമാരുമെല്ലാം സൃഷ്ടിച്ച ബഹളം ഒരര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് അനുഗ്രഹമാവുകയായിരുന്നു.
അധികാരത്തിലേറി നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമുള്ള ഭരണകക്ഷിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കപ്പെട്ടതു തന്നെ സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട അവിശ്വാസപ്രമേയം തരണം ചെയ്യാന്‍ നിലവിലെ അംഗസംഖ്യയുടെ പിന്‍ബലത്തില്‍ സര്‍ക്കാറിന് നിഷ്പ്രയാസം സാധിക്കുമായിരുന്നുവെങ്കിലും സഭയില്‍ നടക്കുന്ന ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് കാര്യമായി വിയര്‍പ്പൊഴുക്കേണ്ടി വരുമായിരുന്നു. പ്രതിപക്ഷ നിരയുടെ കൂട്ടായ ആക്രമണത്തിനു പുറമെ എന്‍.ഡി.എ മുന്നണിയില്‍ തന്നെ ഭാഗമായ കക്ഷികളുടെ ഒളിയമ്പുകളും സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറിയത്.

എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഫലമായി പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.എയുടെ ഏതാനും ദിവസം മുമ്പ് വരെയുള്ള സഖ്യ കക്ഷിതന്നെ ഈ ഉദ്യമത്തിന് മുതിര്‍ന്നപ്പോള്‍ ഒരു ആശയക്കുഴപ്പവുമില്ലാതെ അതിനോട് ഐക്യപ്പെടാന്‍ സാധിച്ചത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരുത്തോടെ മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജമാണ് അവര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സി.പി.ഐ.എം തുടക്കമിട്ട് എങ്ങുമെത്താതെ പോയ സുപ്രീംകോടതി ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊടിതട്ടിയെടുക്കാനും അതിന്റെ നടപടിക്രമങ്ങളുമായി ഏറെ മുന്നോട്ടുപോകാനും പ്രതിപക്ഷത്തിന് സാധിച്ചത് ഈ സാഹചര്യത്തിലാണ്.
ദക്ഷിണേന്ത്യയിലേക്കുള്ള അധികാര കവാടമായി കണ്ടിരുന്ന കര്‍ണാടകയില്‍ പ്രചരണരംഗത്ത് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വരുന്ന അപ്രതീക്ഷിത തിരിച്ചടികളും ഭരണ കക്ഷിയായ കോണ്‍ഗ്രസ് നടത്തുന്ന അവിശ്വസനീയമായ മുന്നേറ്റവും അമിത് ഷായുടേയും കൂട്ടാളികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുന്‍ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത് ബി.ജെ.പി തന്നെ നടത്തിയ സര്‍വേയാണ്. തൊട്ടു പിന്നാലെ സ്വതന്ത്ര ഏജന്‍സി നടത്തിയ സര്‍വേഫലവും ആദ്യത്തേതിനെ സാധൂകരിക്കുന്നതായിരുന്നു. ബി.ജെ.പി യുടെ ഫാസിസ്റ്റ് സമീപനങ്ങളെ തുറന്നുകാട്ടുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ജനപ്രീതി അനുദിനം വര്‍ധിക്കുന്നതും ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പ പിന്നോട്ടു പോകുന്നതും അമിത്ഷായെ വിളറിപ്പിടിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ റാലികള്‍ സൃഷ്ടിക്കുന്ന തരംഗവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനത്തോളം വരുന്ന, 1990 മുതല്‍ ബി.ജെ.പിക്ക് മാത്രം വോട്ടു ചെയ്തു പോരുന്ന ലിംഗായത്ത് വിഭാഗക്കാര്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് കൂനിന്‍മേല്‍ കുരുവായിമാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 224 നിയമസഭാ സീറ്റുകളില്‍ 123 സീറ്റുകളിലും നിര്‍ണായക സ്വാധീനമുള്ള ഈ വിഭാഗം ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നുവെങ്കിലും ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമായണ്.
നരേന്ദ്ര മോദിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ഗുജറാത്ത് സമര നായകന്‍ ജിഗ്‌നേഷ് മേവാനിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തതും ഭരണകൂടത്തിന്റെ ഉള്‍ഭയത്തിന്റെ പ്രതിഫലനമാണ്. പ്രധാനമന്ത്രിയും ഭരണാധികാരികളുമെല്ലാം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടാറുള്ളത് നമ്മുടെ രാജ്യത്ത് സര്‍വസാധാരണമാണ്. അതിന്റെ പേരിലുള്ള കേസ് രാജ്യത്ത് പതിവില്ലാത്തതുമാണ്. ഇത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിലൂടെ തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന തന്ത്രമാണ് ഭരണകൂടം പയറ്റാന്‍ ശ്രമിക്കുന്നത്.

രാജ്യത്തിന് തന്നെ അപമാനകരമായ വിധത്തില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായി. പ്രിന്റ്, ഇലക്‌ട്രോണിക് മീഡിയകളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരം റദ്ദാക്കാന്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ ഉത്തരവ്. യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെയാണ് വ്യാജ വാര്‍ത്തകളില്‍ ഗണ്യമായതും പ്രചരിപ്പിക്കപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തനം പരിചയിച്ചിട്ടില്ലാത്ത ആളുകള്‍, പത്രപ്രവര്‍ത്തനത്തിന്റെ ഒരു സ്വഭാവവുമില്ലാതെ പടച്ചുവിടപ്പെടുന്ന ഇത്തരം വാര്‍ത്തകളുടെ പേരില്‍ മാധ്യമരംഗത്തെ മൊത്തം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സര്‍ക്കാറിന്റെ ശ്രമത്തിനു പിന്നിലും ഭരണപരമായ വീഴ്ച്ചകള്‍ തുറന്നു കാട്ടപ്പെടുന്നതിന് തടയിയിടുകയെന്നതാണ് ലക്ഷ്യം. അധികാരത്തിന്റെ ആലസ്യത്തില്‍ ബി.ജെ.പി അണികളുടെയും ചോട്ടാ നേതാക്കളുടെയുമൊക്കെ ഭാഗത്തു നിന്നുണ്ടായിരുന്ന അപക്വമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമെല്ലം മുതിര്‍ന്ന നേതാക്കളിലേക്കും ഭരണാധികാരികളിലേക്കും പടരുന്നത് സ്വപ്‌നങ്ങളുടെ നിറം മങ്ങുന്നതിലുള്ള വിഭ്രാന്തിമൂലമാണ്.

SHARE