ആരോഗ്യവകുപ്പിന് ഇതെന്തുപറ്റി?

പൊതുജനാരോഗ്യരംഗത്തെക്കുറിച്ച് പുരപൊളിപ്പന്‍ മേനിനടിപ്പുകളാണ് കുറച്ചുകാലമായി കേരളത്തിലെ ഭരണാധികാരികളില്‍നിന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവനും സാധാരണക്കാരനും മികച്ച ചികില്‍സാസൗകര്യം പ്രാപ്യമാകുന്നുവെന്നതാണ് കേരളത്തിന്റെ ഏതാനും പതിറ്റാണ്ടുകളായുള്ള ആശ്വാസവും അഭിമാനവും. പലവിധ ഘടകങ്ങളാലാണ് അത് സാധ്യമായിട്ടുള്ളതെങ്കിലും കോവിഡ്‌നേരിടുന്ന കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അതെല്ലാം സ്വന്തം നേട്ടമായി അവതരിപ്പിക്കുകയായിരുന്നു. ഈ സര്‍ക്കാരിനുകീഴില്‍ ഇതെല്ലാം ഊതിയാല്‍പൊട്ടുന്ന പൊള്ളങ്ങള്‍ മാത്രമാണെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം ആലുവയിലെ ദരിദ്ര കുടുംബത്തിലെ മൂന്നു വയസ്സുകാരന്റെ ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂരില്‍ വാടകക്ക് താമസിക്കുന്ന കര്‍ണാടക സ്വദേശി രാജുവിന്റെയും കൊല്ലം സ്വദേശിനി നന്ദിനിയുടെയും ഏകപുത്രനാണ് സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളുടെ അക്ഷന്തവ്യമായ നിരുത്തരവാദിത്തവും അലംഭാവവുംമൂലം മരണത്തിന് കീഴടങ്ങേണ്ടിവന്നത്. അതും മൂന്നാംപിറന്നാളിന് എട്ടു ദിവസംമാത്രം ബാക്കിയിരിക്കവെ. 19 മണിക്കൂര്‍നേരം പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി മാതാവിന് സാക്ഷരപുരോഗമനകേരളത്തിന്റെ വിരിമാറിലൂടെ നെട്ടോട്ടമോടേണ്ടിവന്നത് മറ്റെല്ലാം കൊട്ടിഘോഷിക്കലുകളെയും അപ്രസക്തമാക്കിയിരിക്കുകയാണ്.

ശനിയാഴ്ച രാവിലെയാണ് കടുങ്ങല്ലൂരിലെ വാടകവീട്ടില്‍ രണ്ടുനാണയങ്ങള്‍ അബദ്ധത്തില്‍ വിഴുങ്ങിയ നിലയില്‍ പിഥ്വിരാജിനെയുമായി മാതാവ് ആലുവ ജില്ലാആസ്പത്രിയിലേക്ക് കുതിച്ചത്. അവിടെ നടത്തിയ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരികെകൈമാറുകയായിരുന്നു. ശിശുരോഗ വിദഗ്ധന്‍ അവിടെയില്ലാതിരുന്നതാണത്രെ തിരിച്ചയക്കാന്‍ കാരണം. കുഞ്ഞിന്റെ നിലയില്‍ ആശങ്കതോന്നിയ നന്ദിനി ഓട്ടോയില്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് ചെന്നു. കടുങ്ങല്ലൂര്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടായതിനാല്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാനാകില്ലെന്നും ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പറഞ്ഞുവത്രെ. സാധാരണഗതിയില്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന ലക്ഷണമില്ലാത്തതിനാല്‍ ചോറുംപഴവും കൊടുത്താല്‍ നാണയംപുറത്തേക്ക് പോകുമെന്നും ഭയപ്പെടേണ്ടതില്ലെന്നും അറിയിക്കുകയായിരുന്നുവത്രെ ഡോക്ടര്‍മാര്‍. തുടര്‍ന്നാണ് ആംബുലന്‍സില്‍ ആലപ്പുഴമെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് പോയത്. അവിടെനിന്ന് എക്‌സ്‌റേ എടുത്തപ്പോള്‍ കുഴപ്പമില്ലെന്നും അഡ്മിറ്റ്‌ചെയ്യേണ്ടതില്ലെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. മെഡിക്കല്‍കോളജില്‍ വലിയ തോതിലുള്ള സംവിധാനങ്ങളുണ്ടായിരുന്നിട്ടും എറണാകുളത്തെയും ആലുവയിലെയും അതേ സമീപനമാണ് അവിടെയും സ്വീകരിച്ചത്.

വീട്ടിലേക്ക് തിരിച്ചുവന്നശേഷം രാത്രി നിര്‍ത്താതെകരഞ്ഞ കുഞ്ഞ്് ഞായര്‍ രാവിലെ 6.45ഓടെ ചലനമറ്റുകിടക്കുന്നതാണ് അമ്മ കാണുന്നത്. പിന്നീട് ആലുവ ആസ്പത്രിയില്‍ മരണം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കുഞ്ഞിന്റെ വയറ്റില്‍നിന്ന് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങള്‍ കണ്ടെടുത്തതായാണ് വിവരം. എന്നാല്‍ ഇത് മരണത്തിന് കാരണമായിരിക്കില്ലെന്നവാദമാണ് ആരോഗ്യവകുപ്പ് വൃത്തങ്ങളും ഡോക്ടര്‍മാരും ഉന്നയിക്കുന്നത്. ശ്വാസകോശത്തില്‍ നാണയം കുടുങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ അത് പുറത്തെടുക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്നും കുട്ടിക്ക് മരണത്തിന് കാരണമാകുമെന്നുമുള്ളവാദമാണ് ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കുന്നതിനോ നാണയം പുറത്തെടുക്കുന്നതിനോ എന്തുകൊണ്ട് മൂന്നു സര്‍ക്കാര്‍ ആതുരാലയങ്ങളിലെയും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. എറണാകുളത്തെ ജനറല്‍ ആസ്പത്രിയിലും ആലുവ ജില്ലാആസ്പത്രിയിലും പീഡിയാട്രിക് സര്‍ജന്‍ ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ജനത്തിന് അറിയാന്‍ അവകാശമുണ്ട്.

സാധാരണ ഡോക്ടര്‍മാര്‍ക്ക്‌പോലും കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നിരിക്കെ എന്തുകൊണ്ട് മെഡിക്കല്‍കോളജില്‍നിന്ന് പോലും ആട്ടിയോടിക്കപ്പെട്ടു എന്ന ചോദ്യം തുറിച്ചുനോക്കുകയാണ്. 19 മണിക്കൂര്‍ ഇരുന്നൂറോളം കിലോമീറ്ററുകള്‍ കുഞ്ഞുമായി സഞ്ചരിക്കേണ്ടിവന്ന നിര്‍ധനയായ ഒരുവീട്ടമ്മയുടെ ശാരീരികമാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍കൂടിവയ്യ. സര്‍ക്കാര്‍ ആതുര സംവിധാനം പ്രാപ്യമാകുന്നില്ലെങ്കില്‍പിന്നെ എന്തിന്, ആര്‍ക്കാണ് സര്‍ക്കാര്‍ ആസ്പത്രികളെക്കൊണ്ട് പ്രയോജനം. കോവിഡ് പ്രാഥമിക നിരീക്ഷണ കേന്ദ്രങ്ങളില്‍ വി.ഐ.പി മുറികള്‍ സജ്ജീകരിക്കാന്‍ ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകമാണ് പാവപ്പെട്ട ഒരുവീട്ടമ്മയുടെ കയ്യില്‍കിടന്ന് പിഞ്ചുകുഞ്ഞിന് അന്ത്യശ്വാസം വലിക്കാനിടവന്നത് എന്ന് ചിന്തിക്കുമ്പോള്‍ കേഴുക കേരളമേ എന്നല്ലാതെന്തുപറയാന്‍. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പുമന്ത്രി ഇടപെട്ട് വകുപ്പുസെക്രട്ടറി രാജന്‍ ഖൊബ്രഗെഡോയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ബന്ധപ്പെട്ട ആര്‍ക്കുനേരെയും ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതിന്റെ അര്‍ത്ഥം കുറ്റവാളി ആവീട്ടമ്മയും പിഞ്ചുരോഗിയും ആണെന്നാണോ? മൂന്ന് ആസ്പത്രികളിലെയും സൂപ്രണ്ടുമാര്‍ മൂന്നാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് ല്‍കണമെന്ന നിര്‍ദേശംതന്നെ പരിഹാസ്യമായിരിക്കുന്നു. ഇനിയെന്നാണ് ആ കുഞ്ഞിനും അവരുടെ രക്ഷിതാക്കള്‍ക്കും നീതി കിട്ടുക എന്ന് പറയാന്‍ വയ്യാത്ത അവസ്ഥയാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വയമേവ എടുത്തകേസിന്റെ കാര്യത്തിലും സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് കണ്ടറിയണം. 2017ല്‍ വാഹനാപകടത്തെതുടര്‍ന്ന് തമിഴ്‌നാട്ടുകാരന്‍ മുരുകന് തുടര്‍ച്ചയായി അഞ്ച് ആസ്പത്രികള്‍ ചികില്‍സ നിഷേധിച്ച സംഭവം കൊല്ലത്തും കേരളത്തിലാകെതന്നെയും വലിയ ഒച്ചപ്പാട് സൃഷ്ടിക്കുകയുണ്ടായി.

അന്ന് ഇതേഇടതുപക്ഷസര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിച്ചിരുന്നെങ്കില്‍ ഒരുപിഞ്ചുകുഞ്ഞിനെ കുടുംബത്തിനും കേരളത്തിനും നഷ്ടപ്പെടില്ലായിരുന്നു. ആലുവ ജില്ലാആസ്പത്രിക്ക് മുന്നില്‍നിന്ന് സൗജന്യമായി ട്രാഫിക് തിരക്കുകളിലൂടെ 18 കിലോമീറ്ററോളം വാഹനമോടിച്ച് കുഞ്ഞിനെയും അമ്മയെയും അമ്മൂമ്മയെയും ജനറല്‍ ആസ്പത്രിയിലെത്തിച്ച ഓട്ടോഡ്രൈവറുടെ കാരുണ്യമെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ആതുര സംവിധാനത്തിനും ഉണ്ടാകാതിരുന്നതെന്തുകൊണ്ടായിരുന്നു? ആലുവ ജില്ലാആസ്പത്രിയില്‍ കഴിഞ്ഞദിവസം കൃത്യസമയത്ത് ചികില്‍സകിട്ടാതെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചതും ഇതുമായി ചേര്‍ത്തുവായിക്കണം. അര മണിക്കൂറോളം ആംബുലന്‍സില്‍കിടന്നിട്ടും പ്രവേശിപ്പിക്കാന്‍ തയ്യാറാകാതെയായിരുന്നു വിജയന്റെ മരണം. കോവിഡ് കാരണം മണിക്കൂറുകള്‍ക്കിടയില്‍ ആളുകള്‍ മരിച്ചുവീഴുമ്പോഴും ദിനേന ആയിരത്തിലധികം രോഗികളിലേക്ക് രോഗം പടരുമ്പോഴും സര്‍ക്കാര്‍ ആസ്പത്രികളുടെ അവസ്ഥ ഇതാണെങ്കില്‍ അടിയന്തിര ചികില്‍സവേണ്ട രോഗികളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ടതില്ല. മന്ത്രി ശൈലജയെപോലെ ‘നിര്‍ഭാഗ്യകരം’ എന്നുപറഞ്ഞ് എഴുതിത്തള്ളാന്‍ കഴിയുന്നതല്ല ഈ ജീവന്‍ ബലികൊടുത്തുള്ള അനവധാനത.

SHARE