കോടിയേരിയുടെ മാധ്യമ ഭീഷണി-അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പ്രധാനപ്പെട്ട രണ്ടു മുന്നറിയിപ്പുകളുമായാണ് വെള്ളിയാഴ്ച മലയാള പത്രങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച എന്‍.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റില്‍ എത്തിയെന്നും സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തല്‍. ഈ വാര്‍ത്തകള്‍ക്കൊപ്പമാണ് സിപിഎം മുഖപത്രത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ വിചാരണ ചെയ്യുന്ന സുദീര്‍ഘമായ ലേഖനവും പ്രസിദ്ധീകരിച്ചത്.
കോടിയേരിയുടെ ലേഖനം തലേദിവസം പാര്‍ട്ടി പത്രം ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിനെതിരെ കടന്നാക്രമിച്ചെഴുതിയ മുഖപ്രസംഗത്തിനും മാധ്യമവിചാര പ്രമുഖന്റെ ‘നിഴല്‍യുദ്ധ’ ലേഖനത്തിനും പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയും അംഗീകാര മുദ്രയും പതിച്ചു നല്‍കുന്നതിനുള്ള കഠിന ശ്രമമാണ്. അതോടൊപ്പം പാര്‍ട്ടി നിലപാട് അവര്‍ പറഞ്ഞുവെച്ചതിലും വിപുലവും മറ്റ് മാധ്യമങ്ങള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പുമാണെന്നുമാണ്. കേരളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കാനുള്ള സിപിഎം തീരുമാനം മാത്രമല്ല കയ്യിലുള്ള റിമോട്ട് ഉപയോഗിച്ച് ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കണമെന്ന ‘നിഴല്‍യുദ്ധ’ക്കാരന്റെ ആഹ്വാനത്തിന് കൂടി സിപിഎം അംഗീകാരം നല്‍കിയിരിക്കയാണ്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സിപിഎം പ്രതിനിധികളുടെ മൗലികാവകാശത്തെ ന്യായീകരിക്കുന്ന പാര്‍ട്ടി സെക്രട്ടറി ഏഷ്യാനെറ്റ് വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ പരോക്ഷമായി പാര്‍ട്ടി അംഗങ്ങളേയും അനുഭാവികളേയും ആഹ്വാനം ചെയ്യുകയാണ്. ഇത് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്ത സംപ്രേഷണം ചെയ്തതിന് ഏഷ്യാനെറ്റിനേയും മീഡിയ വണ്‍ ചാനലിനേയും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഒരു ദിവസം നിശബ്ദമാക്കിയതിന്റേയും അടിയന്തിരാവസ്ഥയില്‍ 21 മാസക്കാലം പ്രീ സെന്‍സര്‍ഷിപ്പ് അടക്കം മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിന്റെ തുടര്‍ച്ചയുമാണ്. കേന്ദ്ര ബി.ജെ.പി മന്ത്രി എന്തു തന്നെ പറഞ്ഞാലും മാധ്യമങ്ങളുടെ വായ വരിഞ്ഞ് കെട്ടിക്കുന്ന ഭീഷണിയും നടപടിയും ജനാധിപത്യത്തില്‍ അനുവദിക്കാനാകില്ലെന്ന പത്രപ്രവര്‍ത്തക യൂണിയന്‍, പത്രാധിപ സംഘടനകള്‍, പ്രസ് കൗണ്‍സില്‍ എന്നിവയുടെ മാത്രമല്ല ജനങ്ങളുടെയാകെ പ്രതിഷേധം മൂലമാണ് ബിജെപി ഗവണ്‍മെന്റിന് അടിയന്തിരമായി ചുവടു മാറ്റേണ്ടിവന്നത്. അടിയന്തരാവസ്ഥയിലാകട്ടെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തന്നെയാണ് സെന്‍സര്‍ഷിപ്പ് മാത്രമല്ല അതേര്‍പ്പെടുത്തിയ ഏകാധിപത്യ വാഴ്ചയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞത്. ഒരു ജനാധിപത്യ പോരാട്ടത്തിന്റെ ഭാഗമായിരുന്ന സിപിഎമ്മാണ് ഇപ്പോള്‍ ആ ഏകാധിപത്യ വാഴ്ചയുടെ പരീക്ഷണം നടത്തി നോക്കുന്നത്. വ്യാഴാഴ്ച ഏഷ്യാനെറ്റ് അവതാരകനെ കേന്ദ്രീകരിച്ചാണ് സിപിഎം ബഹിഷ്‌കരണമെന്നാണ് പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗം. അംഗ ഗണനാടിസ്ഥാനത്തില്‍ എതിര്‍പക്ഷത്ത് ആളെണ്ണം കൂടുമ്പോള്‍ സിപിഎം പ്രതിനിധിയുടെ സമയം പരിമിതപ്പെടുന്നു; അത് പോലും വിനിയോഗിക്കാന്‍ അവതാരകന്‍ അനുവദിക്കുന്നില്ല എന്നതായിരുന്നു പാര്‍ട്ടി മുഖപത്രത്തിന്റെ ആദ്യ പരാതി. ചാനലിനെതിരെ സിപിഎം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ചാനലിലൂടെയും വെബ് എഡിഷനിലൂടെയും ചാനല്‍ എഡിറ്റര്‍ മറുപടി പറഞ്ഞു എന്നും അതിനു പിന്നില്‍ തങ്ങള്‍ക്കൊരു രഹസ്യ അജണ്ടയുണ്ടെന്ന് വെളിപ്പെടുത്തുന്നതുമാണത്രെ ചാനല്‍ എഡിറ്ററുടെ ഇടപെടല്‍. ദേശാഭിമാനി പത്രാധിപര്‍ ധാര്‍മികത പഠിപ്പിക്കേണ്ടെന്ന അവതാരകന്റെ പരാമര്‍ശത്തെ ചാനല്‍ എഡിറ്റര്‍ തള്ളിക്കളഞ്ഞില്ലെന്നുമാണ് പത്രം ആദ്യം പരാതിപ്പെട്ടത്.

തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഒരു ഇടത്തിലേക്ക് തങ്ങള്‍ വരുന്നില്ലെന്ന നിലപാട് മാത്രമാണ് തങ്ങളുടേതെന്നുമാണ് പത്രാധിപര്‍ വിശദീകരിച്ചത്. വാള്‍ട്ടര്‍ ക്രോങ്കൈറ്റിനെയൊക്കെ ഉദാഹരിക്കുന്ന നിഴല്‍ യുദ്ധക്കാരന്റെ ലേഖനത്തിലാകട്ടെ നീറൊയുടെ കാലത്തായിരുന്നു ഈ ചാനല്‍ ചര്‍ച്ചയെങ്കില്‍ അംഫി തീയറ്ററിലേക്ക് നരഭോജികള്‍ക്ക് പകരം ഏഷ്യാനെറ്റ് ആങ്കര്‍മാരെ കൂടു തുറന്നു വിടുമായിരുന്നു എന്നും ആസ്വാദനപൂര്‍വം പരിഹസിക്കുന്നുണ്ട്. കൈരളിയുടേയും ദേശാഭിമാനിയുടേയും ഉടമസ്ഥത സിപിഎമ്മിനായതുകൊണ്ട് അവര്‍ക്ക് നിഷ്പക്ഷത ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുഖ്യധാര എന്ന വിശേഷണത്തോടെ നിഷ്പക്ഷതയുടെ നാട്യത്തില്‍ മൂലധന ശക്തികള്‍ പുറത്തുനിന്ന് തയ്യാറാക്കിക്കൊടുക്കുന്ന ചോദ്യങ്ങള്‍ ഏഷ്യാനെറ്റ് അവതാരകര്‍ രഹസ്യ അജണ്ടക്ക് വേണ്ടി പ്രയോഗിക്കുന്നു എന്നാണ് മാധ്യമ വിചാരക്കാരന്‍ പറയുന്നത്. എന്നാല്‍ ഈ കളി ഏതു കൊമ്പനേയും മുട്ടുകുത്തിക്കുന്നതിന് കരുത്തുള്ള ഒരു ബഹുജന പ്രസ്ഥാനത്തോടാണ് എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് മറ്റ് മാധ്യമങ്ങള്‍ക്ക് പോലും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഗ രാഷ്ട്രീയത്തിലൂന്നി ബഹുജന പ്രസ്ഥാനങ്ങളെ അണിനിരത്തി പ്രവര്‍ത്തിച്ചുപോന്ന ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയെ ഒരു ബഹുജന പ്രസ്ഥാനമായാണ് പാര്‍ട്ടി മുഖപത്രം ഇപ്പോള്‍ സ്വയം വിലയിരുത്തുന്നത്. എന്നാല്‍ സിപിഎമ്മും സിപിഐയും ജനാധിപത്യ സംവാദത്തിന്റെ ഏറ്റവും വലിയ ആധികാരിക വേദിയായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവരുടെ വിമര്‍ശനവും വേറിട്ട നയ നിലപാടുകളും അംഗസംഖ്യയുടെ പിന്‍ബലം കൊണ്ടല്ല ഉയര്‍ത്തിപ്പിടിച്ചതും ജനങ്ങളിലെത്തിച്ചതും. സംവാദങ്ങളുടെ ഇടങ്ങളില്‍ പാര്‍ലമെന്റിലായാലും മാധ്യമങ്ങള്‍ക്ക് മുന്നിലായാലും പ്രകോപനങ്ങളേയും തടസങ്ങളേയും ഫലപ്രദമായി പരാജയപ്പെടുത്തി മാതൃക കാട്ടിയവരായിരുന്നു ഇഎംഎസും, എ.കെജി യും പി. സുന്ദരയ്യയും മറ്റും. പക്ഷേ അതിന്റെ മൂലധനം സത്യസന്ധവും സുതാര്യവുമായ ജനങ്ങള്‍ ഉടനടി കയ്യേല്‍ക്കുന്ന നിലപാടുകളായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടുന്ന സെക്രട്ടേറിയറ്റിലേക്ക് തീവ്രവാദ, ദേശവിരുദ്ധ സാമ്പത്തിക കുറ്റവാളികളുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും ‘പൂര്‍ണ വിശ്വാസ’മുള്ള എന്‍ഐഎ കടന്നുവരുമ്പോള്‍ അതിനെ ന്യായീകരിക്കാനും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കാനും സിപിഎം പ്രതിനിധികള്‍ക്ക് കഴിയാതെ പോകുന്നത് സ്വാഭാവികം. ഇപ്പോള്‍ ചാനല്‍ സംവാദങ്ങള്‍ ബഹിഷ്‌കരിക്കുന്നതും സിപിഎമ്മിന്റെ പുതിയ തരം രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊള്ളും. പ്രതിപക്ഷം ബഹിഷ്‌കരിച്ചാല്‍ നിര്‍ജീവമാകുന്ന സഭ പോലെ ചാനല്‍ ചര്‍ച്ചകളും മാറുമെന്ന നിഗമനവും ഗംഭീരമായി. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പ്രതിപക്ഷത്തിന്റെ നിരന്തര ബഹിഷ്‌കരണം നേരിടുന്ന സംസ്ഥാന നിയമസഭ എത്ര കണ്ട് നിര്‍ജീവമായിരിക്കുന്നു എന്ന സാക്ഷ്യപത്രം കൂടിയാണത്.

സെക്രട്ടേറിയറ്റ് ഉപരോധിച്ച് ഇന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരവും അന്ന് എല്ലാ മാധ്യമങ്ങളും ആ വിഷയത്തില്‍ പ്രതിപക്ഷ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതും ഇപ്പോള്‍ കോടിയേരി തിരിഞ്ഞുനോക്കേണ്ടതുണ്ട്. അതിലും ഗുരുതരമായ രാജ്യദ്രോഹപരമായ കേസാണ് ഈ സ്വര്‍ണ കള്ളക്കടത്ത്. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദ്ദേഹം നിയമിച്ച സ്വന്തം വിശ്വസ്തയടക്കമുള്ള മറ്റ് പ്രതികളും രാജ്യദ്രോഹ കുറ്റം ചുമത്തി ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് വാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. ഈ കേസ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന വിധം സിപിഎമ്മും അതിന്റെ വക്താക്കളും യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് സ്വയം താരതമ്യം ചെയ്യേണ്ടത്. മുഖം കേടു വന്നതിന് കണ്ണാടിക്ക് മുമ്പില്‍ നിന്ന് ഓടിയൊളിച്ചോ അതോ മാധ്യമങ്ങളെ തമസ്‌കരിക്കാനും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്‌തോ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ഭരണകക്ഷി പ്രതിനിധികളുടെ അവകാശത്തിന് വേണ്ടി ഇമ്മട്ടില്‍ വാദിച്ചോ അല്ല. വെള്ളിയാഴ്ചത്തെ പത്രത്തില്‍ കോടിയേരിയുടെ ലേഖനത്തോടൊപ്പം വന്ന സുപ്രീം കോടതിയില്‍ നിന്നുള്ള വാക്കുകള്‍ ശ്രദ്ധേയമാണ്. വിയോജിക്കാനുള്ള അവകാശം അടിച്ചമര്‍ത്തുന്നത് ജനാധിപത്യം അടച്ചുപൂട്ടുന്നതിന് തുല്യമാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം സിപിഎമ്മിന് സ്വീകാര്യമാണോ എന്ന് കോടിയേരി തുറന്നു പറയേണ്ടതുണ്ട്.

പ്രളയം കേരളത്തെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ നമ്മുടെ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും മുന്നിട്ടിറങ്ങി രക്ഷകരും മാര്‍ഗദര്‍ശികളുമായത് പിണറായി വിജയന്റെ പ്രതിദിന വാര്‍ത്താസമ്മേളനം കൊണ്ടായിരുന്നില്ല. അപ്പോഴൊക്കെ മാധ്യമങ്ങളെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിച്ചു. അപ്പോഴൊന്നും ചാനലുകളിലെ പ്രാതിനിധ്യത്തിന്റെ അംഗഗണന പ്രശ്‌നമായിരുന്നില്ല. ഏഷ്യാനെറ്റ് തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം പിണറായി വിജയന് കല്‍പ്പിച്ച് നല്‍കിയത് ഇക്കഴിഞ്ഞ ദിവസം മാത്രമാണ്. അപ്പോഴൊന്നും അവര്‍ക്ക് രഹസ്യ അജണ്ട ഉള്ളതായി തോന്നിയില്ല. കൈരളി ചാനല്‍ മേധാവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനുമായ വ്യക്തി റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ പ്രേതം നിലകൊള്ളുന്നുവെന്ന് ഇപ്പോള്‍ തോന്നുന്ന ഏഷ്യാനെറ്റ് ചാനലില്‍ കൈരളിയുടെ നേതൃത്വം രാജി വെച്ച് പോയ വ്യക്തിയാണ് എന്ന ചരിത്രവും സിപിഎം എങ്ങനെ വിസ്മരിക്കും. നീണ്ട കാലത്തെ മാധ്യമ പ്രവര്‍ത്തനാനുഭവമുള്ള ഒരു വ്യക്തി എന്ന നിലക്ക് എല്ലാ മാധ്യമങ്ങളുടേയും എല്ലാ നിലപാടുകളും നിഷ്പക്ഷമാണെന്നും മൂലധന ശക്തികളുടേയും ഭരണാധികാരികളുടേയും സ്വാധീനത്തില്‍ നിന്ന് മോചിതമാണെന്നും വിശ്വസിക്കുന്ന ഒരാളല്ല ഈ ലേഖകന്‍. എന്നാല്‍ സിപിഎമ്മിന്റെ പ്രതിനിധികള്‍ മാത്രം നിഷ്പക്ഷരും സത്യാന്വേഷികളും ആണെന്ന അവകാശവാദം വസ്തുതാപരമായി തള്ളിക്കളയാന്‍ പരസഹായമില്ലാതെ സാധിക്കുന്ന ബോധ്യമുള്ള ഒരാളുമാണ്.

എന്തുകൊണ്ടാണ് കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന മാധ്യമങ്ങളും പ്രതിപക്ഷവും പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ജനവിഭാഗങ്ങളും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഈ സ്വര്‍ണക്കടത്തു കേസില്‍ ഉത്കണ്ഠാകുലരും രോഷാകുലരും ആകുന്നതെന്ന് സമൂഹത്തിന്റെ നാഡിമിടിപ്പ് അറിയുന്ന പാര്‍ട്ടിയാണെങ്കില്‍ ഇനിയെങ്കിലും തിരിച്ചറിയണം.
കോവിഡിനെ നേരിടുന്നതില്‍ ലോക മാതൃകയായി നിലകൊണ്ട കേരളത്തെ അപമാനത്തിന്റെ പടുകുഴിയിലേക്ക് പെട്ടെന്ന് പിടിച്ചുതള്ളിയതും ലോകത്തെങ്ങുമുള്ള മലയാളികളെ ഞെട്ടിച്ചതും മാധ്യമങ്ങളല്ല. അത് മറച്ചുവെച്ച് കോവിഡ് വാര്‍ത്തകളില്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫിന്റെ അടിത്തറ ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നാണ് സിപിഎം സെക്രട്ടറിയുടെ മുന്നറിയിപ്പ്.

എന്തുകൊണ്ട് സ്വര്‍ണക്കടത്ത് വാര്‍ത്ത കോവിഡ് മഹാമാരിക്ക് മുകളില്‍ ചാനലുകളും ജനങ്ങളും ചര്‍ച്ച ചെയ്യേണ്ടിവന്നു എന്നതും തിരിച്ചറിയണം. അതിലെ ആദ്യ പ്രതി നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെയാണ്. അത് മറച്ചുവെക്കാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയതുകൊണ്ടൊ തമസ്‌കരണം പ്രഖ്യാപിച്ചതുകൊണ്ടൊ സാധ്യമല്ല. ആഗോള വിപണിയിലെ സര്‍വ സുഗന്ധദ്രവ്യങ്ങള്‍ ചൊരിഞ്ഞാലും വിലപ്പെട്ട പെയിന്റുകള്‍ ഉപയോഗിച്ച് വെള്ള തേച്ചാലും ഈ ദുര്‍ഗന്ധവും കറുപ്പും ചരിത്രത്തില്‍ നിന്ന് ഇനി തുടച്ചുനീക്കാനാവില്ല.