കരുവള്ളി: ചരിത്രത്തില്‍ പ്രത്യേകമെഴുതേണ്ട പേര്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കരുവള്ളി മുഹമ്മദ് മൗലവി വിടപറഞ്ഞിരിക്കുന്നു. ഒരു കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത്. അറബിഭാഷാ പഠനത്തിനും പ്രചാരത്തിനും കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി ജീവിതം മാറ്റിവെച്ച കരുവള്ളി മൗലവി ഇനി ചരിത്രത്തിന്റെ ഭാഗമാണ്. ഒരു നൂറ്റാണ്ട് ജീവിച്ച മൗലവിയുടെ ആയുസ്സില്‍ മുക്കാലും സമുദായത്തിനുവേണ്ടി സമര്‍പ്പിച്ചതാണ്. വിദ്യാഭ്യാസത്തെക്കുറിച്ചല്ലാതെ ഏത് പ്രസംഗത്തിലും കൂടിക്കാഴ്ചയിലും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല. ”പഠിക്കണം. സമുദായത്തെ പഠിപ്പിക്കണം.

പാവപ്പെട്ടവന് സമൂഹത്തില്‍ നിലയും വിലയും ഉണ്ടാകണമെങ്കില്‍ വിദ്യാഭ്യാസം നേടിയേ തീരൂ”. അതിന് നാം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. മതിയായ സ്ഥാപനങ്ങളും കോഴ്‌സുകളും വേണം. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതനിഷ്ഠയുള്ള തലമുറ വളര്‍ന്നുവരണം. അതിനുവേണ്ടി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എന്തെല്ലാം ചെയ്യാന്‍ കഴിയും. ആ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണം”. ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. ‘അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞ് കാലം കഴിച്ചാല്‍ പോര; സമുദായം ചരിത്രത്തില്‍ സ്ഥാനം പിടിക്കണം. അതിന് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടണം. മിക്കപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്’. കേരളത്തിലെ പൊതുമണ്ഡലത്തില്‍ അഭിമാനകരമായ സാന്നിധ്യമായിരുന്നു ആറേഴ് പതിറ്റാണ്ടുകാലം കരുവള്ളി മൗലവി. അദ്ദേഹത്തിന്റെ ഭാഷ ഏറെ പ്രത്യേകതകളുള്ളതായിരുന്നു. ആ പ്രസംഗങ്ങള്‍ കനപ്പെട്ട വിഷയങ്ങളായിരുന്നു. അതിമനോഹരമായിരുന്നു ആ സംസാരശൈലി. അറബിയിലും ഇംഗ്ലീഷിലും ഉര്‍ദുവിലുമെല്ലാം പാണ്ഡിത്യമുള്ള വ്യക്തി. മലബാറില്‍ പൊതുവിലും മലപ്പുറത്ത് പ്രത്യേകിച്ചും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക സദസ്സുകളിലെല്ലാം കരുവള്ളി മൗലവി മുഖ്യ അതിഥിയായി ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നത് എല്ലാവരും ശ്രദ്ധിക്കും. അത് ആഴമേറിയ അറിവുകള്‍ കൊണ്ടും ആത്മാര്‍ത്ഥതയും ത്യാഗവും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലഭിച്ച ആദരവായിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന് ഇത്രയും വലിയ സ്വീകാര്യതയും വളര്‍ച്ചയുമുണ്ടായത് പ്രധാനമായും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെയും കരുവള്ളി മുഹമ്മദ് മൗലവിയുടെയും കഠിന പരിശ്രമങ്ങള്‍ കൊണ്ടാണ്. കരുവള്ളിയെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രമെഴുതാന്‍ ആര്‍ക്കുമാവില്ല.
സ്വാതന്ത്ര്യസമര നായകനായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ ശിഷ്യനായി പഠനത്തിലും പൊതുജീവിതത്തിലും പ്രവേശിച്ച കരുവള്ളി മൗലവി ഒരു സ്വാതന്ത്ര്യപോരാളിയുടെ നിശ്ചയദാര്‍ഢ്യത്തോടെയാണ് തന്റെയും സമുദായത്തിന്റെയും ലക്ഷ്യപ്രാപ്തിക്കായി പ്രയത്‌നിച്ചത്.

ഉമറാബാദില്‍ ഉപരിപഠനം നടത്തുകയും മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്‌സലുല്‍ ഉലമ പാസാകുകയും ചെയ്ത മൗലവി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. മലബാര്‍ മേഖലയുടെ മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായി നിയോഗിക്കപ്പെട്ടതോടെ അറബിഭാഷാ പഠനരംഗത്ത് ആസൂത്രിതമായി തന്നെ പദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ അറബി ഭാഷാ സ്‌നേഹികളും അറബി അധ്യാപക സമൂഹവും കരുവള്ളി മൗലവിയുടെ പ്രിയ തോഴന്മാരായി. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അറബി അധ്യാപക സംഘടനക്ക് രൂപം നല്‍കുന്നതിന് പ്രയത്‌നിച്ച മൗലവി നിരന്തരം നീതി നിഷേധിക്കപ്പെട്ടിരുന്ന ആ അധ്യാപക സമൂഹത്തിന് അവകാശങ്ങള്‍ നേടിക്കൊടുക്കാനും അന്തസ്സും പുരോഗതിയുമുണ്ടാക്കാനും മുന്നില്‍ നിന്നു.

അറബിക് പണ്ഡിറ്റ് യൂണിയനു ശേഷം കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും അദ്ദേഹം സ്ഥാപിച്ചു. അറബി ഭാഷാ പഠനം നിരുത്സാഹപ്പെടുത്തുന്നതിനും ഘട്ടംഘട്ടമായി പഠനസൗകര്യം എടുത്തു കളയുന്നതിനും 1980ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് സമര രംഗത്തിറങ്ങിയപ്പോള്‍ അതിന് കരുത്തും പിന്തുണയും നല്‍കി മൗലവിയുണ്ടായിരുന്നു. സീതിസാഹിബിന്റെയും ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും പോക്കര്‍ സാഹിബിന്റെയുമെല്ലാം ഉറ്റമിത്രമായിരുന്ന മൗലവി ആ സ്‌നേഹബന്ധങ്ങളെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി വിനിയോഗിച്ചു. നൂറാം വയസ്സിലേക്ക് പ്രവേശിച്ച സമയത്ത് മൗലവിയെ കാണുമ്പോഴും കുട്ടിക്കാലത്ത് കണ്ട മൗലവിയില്‍ നിന്ന് ദേഹഘടനയില്‍ മാത്രമേ മാറ്റങ്ങള്‍ തോന്നിയിട്ടുള്ളു. താടിയുണ്ട്. മുടി നരച്ചുപോയി. അതിലപ്പുറം വലിയ വ്യത്യാസങ്ങളില്ല. അന്നേ കേള്‍ക്കുന്ന സ്ഫുടവും ഘനഗംഭീരവുമായ ആ സ്വരം തന്നെ. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ വന്ദ്യപിതാവ് പൂക്കോയ തങ്ങളോടൊപ്പം കൊടപ്പനക്കല്‍ വീട്ടില്‍ വെച്ചും മറ്റു ചടങ്ങുകളിലും മൗലവിയെ കാണുകയും ഇടപഴകാന്‍ അവസരങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്.
മതരംഗത്ത് ഭിന്നമായ ആശയധാരയിലായിരുന്നുവെങ്കിലും അവര്‍ അടുത്ത കൂട്ടുകാരായിരുന്നു. പല സ്ഥലത്തും ഒരുമിച്ചു പ്രസംഗിക്കാന്‍ പോകും. അവര്‍ പരസ്പരം ബഹുമാനിച്ചു. ഇരുവരും ഏതാണ്ട് സമപ്രായക്കാരും വലിയ സ്‌നേഹിതരുമായിരുന്നു. പിതാവിന്റെ കാലശേഷവും ആ സ്‌നേഹബന്ധം നിലനിര്‍ത്തി. മക്കളോടെന്ന പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നതും സ്‌നേഹോപദേശങ്ങള്‍ നല്‍കിയിരുന്നതും. ബാപ്പയുമായുള്ള സൗഹൃദയാത്രകളും വിദ്യാഭ്യാസ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പിതാവ് കാണിച്ചിരുന്ന താല്‍പര്യങ്ങളും അദ്ദേഹം പല പ്രസംഗത്തിലും എടുത്തു പറയാറുണ്ടായിരുന്നു.

സഹോദരന്മാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടും സയ്യിദ് ഉമറലി ശിഹാബ് തങ്ങളോടുമെല്ലാം ബാപ്പയുള്ള കാലത്തെ ആ അടുപ്പം അവസാനം വരെ പ്രകടമായി കണ്ടിട്ടുണ്ട്. ഈ ലേഖകന്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കേരള ഇസ്‌ലാമിക് സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ, ചരിത്ര, സാമൂഹിക വിഷയങ്ങളില്‍ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും അദ്ദേഹം നിരന്തരം എഴുതിയിരുന്ന ലേഖനങ്ങള്‍ വായനക്കാരുടെ വലിയ ആകര്‍ഷണമായിരുന്നു. നാല് തലമുറകള്‍ക്ക് ഗുരുനാഥനായിരുന്നു മൗലവി. മലപ്പുറം ഗവണ്‍മെന്റ് മുസ്‌ലിം ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞിപ്പക്കി സാഹിബ് കഴിഞ്ഞാല്‍ നാടെങ്ങും പുകള്‍പെറ്റ അധ്യാപകനായിരുന്നു കരുവള്ളി മൗലവി.

ആ നന്മയുടെ വെളിച്ചത്തിലൂടെയാണ് അന്ത്യം വരെ അദ്ദേഹം സഞ്ചരിച്ചത്. വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തിയ മിതത്വവും സൂക്ഷ്മതയും ഊര്‍ജ്ജസ്വലതയും സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കാണിച്ച നിശ്ചയദാര്‍ഢ്യവും കരുവള്ളി മൗലവി എന്ന മാതൃകാ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തുന്നു. ആധുനിക കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ചരിത്രത്തിലും മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും തിളക്കമേറിയ ഒരധ്യായമായി കരുവള്ളി മുഹമ്മദ് മൗലവിയുണ്ടാകും.

SHARE