തളരുന്ന തോട്ടം മേഖല

പി.പി.എ കരീം

കേരളത്തിലെ സാമൂഹ്യസാമ്പത്തിക രംഗങ്ങളിലും ലക്ഷക്കണക്കിനാളുകള്‍ക്ക് സുരക്ഷാബോധവും ഭാവിയെക്കുറിച്ച് പ്രതീക്ഷകളും നല്‍കിയ മേഖലയായിരുന്നു തോട്ടംവ്യവയാസ രംഗം. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും വരുമാനവും നല്‍കുക മാത്രമല്ല, നാടിന്റെ പരിസ്ഥിതി സംസ്ഥാപനത്തില്‍ മുഖ്യപങ്ക് വഹിച്ചതും തോട്ടങ്ങളായിരുന്നു. പുറമെ തൊഴിലുടമക്കും തൊഴിലാളിക്കും വരുമാനമുണ്ടാക്കുകയും രാജ്യത്തിന് വന്‍തോതില്‍ വിദേശ നാണ്യം നേടിക്കൊടുക്കുന്ന നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും തോട്ടം മേഖലയില്‍ നിന്നാണ്. ചായ, കാപ്പി, ഏലം മുതലായ ഭക്ഷ്യയോഗ്യമായ ഇനങ്ങളും റബ്ബര്‍ ഉള്‍പ്പെടെയുള്ള വ്യാവസായികാധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ കൃഷി ചെയ്ത് വിദേശങ്ങളിലേക്കടക്കം കയറ്റി അയച്ചുകൊണ്ടിരുന്നു നമ്മുടെ തോട്ടങ്ങള്‍. താരതമ്യേന കുറഞ്ഞ വേതനമായിരുന്നുവെങ്കിലും കുടുംബത്തിലെ രണ്ട് മൂന്ന് പേര്‍ക്ക് ജോലിയുണ്ടാവുമ്പോള്‍ കൂലിയും അതോടനുബന്ധിച്ച താമസ ചികിത്സാ ക്രഷ് സൗകര്യങ്ങളും വാര്‍ഷിക അവധി, ഒഴിവ് ദിന ഉത്സവാഘോഷ ദിനങ്ങള്‍, ബോണസ്, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട്, പ്രസവ അലവന്‍സ് എന്നിവ കൂടിയാകുമ്പോള്‍ ജീവിതം വലിയ പ്രയാസമില്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ തൊഴിലാളികള്‍ക്ക് സാധിക്കുമായിരുന്നത് മൂലം തോട്ടങ്ങളില്‍ ഒരു പരിധിവരെ സംതൃപ്തിദായകമായ അന്തരീക്ഷമുണ്ടായിരുന്നു.

വ്യവസായത്തിന്റെ ശോഭന നാളുകളില്‍ തൊഴിലുടമയും തൊഴിലാളിയും പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടയും ജീവിച്ചുവന്നു. പക്ഷേ, ചായ, കാപ്പി, റബ്ബര്‍ എന്നിവയുടെ പെട്ടെന്നുണ്ടായ വിലയിടിച്ചല്‍ തോട്ടങ്ങളില്‍ ശോകഛായ പരത്തി. വില്‍പ്പനയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നപ്പോള്‍ ഉടമകള്‍ തൊഴിലാളികള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി. തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും നല്‍കി വന്നിരുന്ന സൗജന്യ ചികിത്സയില്‍ കുറവ് വരുത്തി. കിടപ്പ് രോഗികള്‍ക്ക് സമീപം ശുശ്രൂഷയ്ക്കും സഹായത്തിനുമായി നിന്നിരുന്നവരുടെ വേതനം നിര്‍ത്തി. തൊഴിലാളികളുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചിരുന്ന ക്രഷുകള്‍ വലസ്ഥലത്തും ഇല്ലാതാവുകയോ ശോഷിക്കുകയോ ചെയ്തു തുടങ്ങി. 20 ശതമാനം ബോണസ്സ് കേവലം സ്വപ്‌നമായി മാറി. ആഴ്ചയില്‍ ആറ് ദിവസം ജോലി എന്നത് പലേടത്തും കിട്ടാക്കനിയായി.

അപ്രതീക്ഷിതമായി തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചും തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞ് മഴയത്ത് ചോര്‍ന്നൊലിക്കുന്ന പരിതാപകരമായ അവസ്ഥയിലെത്തി. സര്‍ക്കാര്‍ സഹായത്തോടെ തോട്ടംതൊഴിലാളികള്‍ക്ക് സൗകര്യം എന്ന വാഗ്ദാനം കടലാസിലൊതുങ്ങി. പ്രതീക്ഷിച്ച വേതനവും ആനുകൂല്യങ്ങളും ലഭ്യമാകാതായതോടെ തൊഴിലാളികള്‍ പലരും തോട്ടങ്ങളില്‍ നിന്ന് പിന്‍വാങ്ങി. ആകര്‍ഷകമായ മറ്റ് തൊഴില്‍ മേഖലകളില്‍ ചേക്കേറി.
ഈയടുത്ത കാലത്ത് കേരളത്തില്‍ നിര്‍മ്മാണരംഗത്തുണ്ടായ കുതിപ്പ് ധാരാളം തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട വേതനവ്യവസ്ഥയില്‍ സൃഷ്ടിച്ചതും ഈ വിട്ടുപോക്കില്‍ കാരണമായി. കഠിനമായ വെയിലത്തും മഴയത്തും എട്ടുമണിക്കൂറിലധികം ജോലി ചെയ്ത് ചുരുങ്ങിയ വേതനം ലഭിക്കുന്നതിനേക്കാള്‍ ലാഭകരം കുറച്ച് സമയം ജോലി ചെയ്ത് കൂടുതല്‍ വേതനം കിട്ടുന്നതാണെല്ലാം. ഇതിന്റെ ഫലമായി ഒരു കേരളത്തില്‍ തോട്ടം രംഗത്ത് മൂന്ന് ലക്ഷത്തിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നത് ഒരു ലക്ഷമായി കുറഞ്ഞു. എങ്കിലും ഉല്‍പ്പാദനത്തില്‍ വലിയ കുറവുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. യന്ത്രവല്‍ക്കരണം വളരെ കുറച്ച് മാത്രം അവലംബിക്കുന്ന തോട്ടങ്ങളില്‍ മാനുഷികഅധ്വാനം കൊണ്ടാണ് ഉല്‍പ്പാദനസ്ഥിരത നിലനിര്‍ത്തുന്നത് എന്നാലോചിക്കണം. വ്യവസായത്തിന്റെ അവസ്ഥ മനസ്സിലാക്കി തൊഴിലാളി യൂനിയനുകളും തൊഴിലാളികളും കൂടുതല്‍ സഹകരണമനോഭാവത്തോടെ പ്രവര്‍ത്തിച്ചു എന്നുള്ളതും ഇതോട് ചേര്‍ത്ത് വായിക്കണം. പക്ഷെ എന്നിട്ടും പല ഉടമകളും വീണ്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ തന്നെ നോട്ടമിടുന്നു എന്നത് ഖേദകരമാണ്. പുതിയ പരിഷ്‌കാരങ്ങള്‍ നിയമത്തിനകത്ത് നിന്നുകൊണ്ട് നടപ്പാക്കാനോ, ഗവേഷണം നടത്തി ഉല്‍പ്പന്നാധിഷ്ഠിത സംരഭങ്ങള്‍ തുടങ്ങുവാനോ ആരും തയ്യാറാകുന്നില്ല. ഒരുപക്ഷെ, നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമപരമായ നൂലാമാലകള്‍ കാരണമായിരിക്കാം.

ഈയവസ്ഥക്ക് മാറ്റമുണ്ടാകണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വളരെ ഗൗരവത്തോടെ ഇടപെടേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നാമമാത്രമായ ചില നടപടികള്‍ സ്വീകരിച്ചുവെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കോവിഡ് കാലയളവില്‍ പ്രഖ്യാപിച്ച വ്യവസായ പ്രോത്സാഹന പദ്ധതികളില്‍ പോലും തോട്ടം മേഖലയെ പരാമര്‍ശിച്ചുകണ്ടില്ല. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര സംസ്താന സര്‍ക്കാരുകളുടെ സ്ഥാപനങ്ങള്‍ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ഈ സാധനങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യാന്‍ നടപടികളുണ്ടാവണം. ഇല്ലെങ്കില്‍ അനതിവിദൂരമായ ഭാവിയില്‍ തലമുറകളുടെ ജീവിതോപാധിയായിരുന്ന തോട്ടങ്ങള്‍ അപ്രത്യക്ഷമാവും. ഇത് വഴിയൊരുക്കിക്കൊണ്ടാണ് സര്‍ക്കാരുകള്‍ നിലപാടെടുക്കുന്നതും.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തില്‍ അനേകം തോട്ടങ്ങള്‍ പൂട്ടിക്കിടക്കുന്നു. പലതിനും ഭാഗികായേ തൊഴില്‍ നടക്കുന്നുള്ളൂ. കേരളത്തിലെ തോട്ടം ജില്ലകളായ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പോയ കാല പ്രതാപത്തിന്റെ പ്രേതസ്മരണകളായി അടച്ചുപൂട്ടിയ തോട്ടങ്ങള്‍ കാടുപിടിച്ചുകിടക്കുന്നത് കാണാം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കേ വയനാട്ടിലെ ഭഗവതി പ്ലാന്റേഷന്‍സും(ഇപ്പോഴത്തെ പാരിസണ്‍സ് എസ്‌റ്റേറ്റ്), നടത്താന്‍ കഴിയാതെ മാനേജ്‌മെന്റ് അടച്ചുപൂട്ടിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ മന്ത്രി സി.എച്ച് മുഹമ്മദ് കോയ എന്നിവര്‍ മുന്‍കയ്യെടുത്ത് വ്യവസായ മന്ത്രി ഇ. അഹമ്മദ് 50 ലക്ഷം പലിശരഹിത സഹായമായി നല്‍കി തോട്ടം തുറപ്പിച്ച സംഭവം ഓര്‍ത്തുപോവുന്നു.

ഈ പണത്തിന്റെ വിനിയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയെയും നിയോഗിച്ചു. തോട്ടം പിന്നീട് ഭാഗികമായി പ്രവര്‍ത്തിച്ചു. ഇ.എം.എസിന്റെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച മാവൂര്‍ ഗ്വാളിയാര്‍ റയേണ്‍സിന് അസംസ്‌കൃത വസ്തുവായ മുള സര്‍ക്കാര്‍ വനത്തില്‍ നിന്നും ഒരു ടണ്ണില്‍ ഒരു രൂപ എന്ന നിരക്കില്‍ നല്‍കി സഹായം നല്‍കിയകതും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടായായിരുന്നു. പക്ഷെ, ഇന്ന് സര്‍ക്കാര്‍ തോട്ടങ്ങളുടെ ഘാതകനായി മാറുന്നു എന്ന് ആരോപിക്കേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. വയനാട്ടിലെ പ്രമുഖ തോട്ടങ്ങളുള്‍പ്പെടെ വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നോട്ടമിടുകയാണ്. മേപ്പാടിക്കടുത്ത എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ്, പൂത്തക്കൊല്ലി ഡിവിഷനില്‍പ്പെട്ട തോട്ടം ഇഞ്ചിഞ്ചായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പോസ്‌റ്റോഫീസ്, പോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സ്, മത്സ്യമാംസ മാര്‍ക്കറ്റ്, ബൈപ്പാസ് റോഡ്, പ്രളയബാധിതര്‍ക്ക് താമസിക്കാന്‍ വീട് നിര്‍മ്മിക്കുന്നതിന് എന്നിവക്കൊക്കെ ഭൂമി ഈ ചെറിയ തോട്ടത്തില്‍ നിന്നാണ് ഏറ്റെടുത്തത്. ഇന്ന് ഇവിടെയുള്ള നാമമാത്ര കൂലി മാത്രം എപ്പോഴെങ്കിലും കിട്ടുന്നത് ആശ്രയിച്ചുകഴിയുകയാണ്. മറ്റൊരു ആനുകൂല്യവുമില്ലാതെ നരകയാതനയിലാണ് ഇവരുടെ ജീവിതം. ഇതേ തോട്ടത്തിന്റെ കല്‍പ്പറ്റ നഗരത്തിനടുത്ത പുല്‍പ്പാറ ഡിവിഷനില്‍ നിന്നും ഏക്കര്‍ കണക്കിന് ഭൂമി ബൈപ്പാസിന് വേണ്ടിയും ഏറ്റെടുത്തു. ഏഷ്യയിലെ ഏറ്റവും മികച്ച കാപ്പിത്തോട്ടമായ വാരിയാട്ടെ കോഫി എസ്‌റ്റേറ്റ് ഒന്നടങ്കം ഭക്ഷ്യപാര്‍ക്കിന് വേണ്ടി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം വലിയ വിവാദമുണ്ടാക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ ചെറുവള്ളിയില്‍ ഹെക്ടര്‍ കണക്കിന് തോട്ടം എയര്‍സ്ട്രിപ്പിന് വേണ്ടിയും ഏറ്റെടുക്കാന്‍ പോവുന്നു. ദു: ഖകരമായ സംഗതി ഏറ്റെടുക്കുന്ന തോട്ടംഭൂമിക്ക് പകരം പ്ലാന്റ് ചെയ്യാന്‍ സൗകര്യപ്രദമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുന്നില്ല എന്നതാണ്. ചുരുക്കത്തില്‍ തോട്ടം വ്യവസായത്തെ സംരക്ഷിച്ചെടുക്കേണ്ട നടപടികള്‍ വളരെ പ്രധാനപ്പെട്ട അജണ്ടയായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം.
ഈ രംഗത്ത് സംഭവിക്കുന്ന പുതിയ നീക്കങ്ങള്‍ക്കായി കേരളത്തിലെ ലക്ഷക്കണക്കിന് തോട്ടം തൊഴിലാളികള്‍ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്.

( ലേഖകന്‍ തോട്ടം തൊഴിലാളി ഫെഡറേഷന്‍-എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ്)

SHARE