വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ

അഹമ്മദ് ഷരീഫ് പി.വി

കോവിഡ് 19 മഹാമാരി രാജ്യത്തെ സമസ്ത മേഖലയെയും ബാധിച്ചു കഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ സംസ്ഥാനങ്ങള്‍ക്ക് പോലും നിലവില്‍ പകച്ചു നില്‍ക്കേണ്ട അവസ്ഥയാണ്. കോവിഡിന്റെ പ്രതിദിന വര്‍ധനവില്‍ ബ്രസീലിനെ പിന്തള്ളി ലോകത്ത് രണ്ടാമതാണ് ഇന്ത്യ. നിലവിലെ സ്ഥിതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ആഗസ്ത് രണ്ടാം വാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് ദിവസത്തില്‍ ഒരു ലക്ഷം പുതിയ രോഗികള്‍ എന്ന തരത്തിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന. അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്ത്യയില്‍ പ്രതിദിന വര്‍ധന അമ്പതിനായിരം കടന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വേള്‍ഡോ മീറ്ററിന്റെ ഏറ്റവും ഒടുവിലെ കണക്കുകളനുസരിച്ച് അമേരിക്കയില്‍ 39,61,429 രോഗികളാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലാകട്ടെ 21,21,645 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 11,55,191 പേര്‍ക്ക് രോഗബാധയേറ്റു. എന്നാല്‍ ഇന്ത്യയില്‍ അടുത്ത ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ബ്രസീലിനെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.
നിലവില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. ഡല്‍ഹിയിലെ ജനസംഖ്യയുടെ നാലിലൊന്നിനെയും കോവിഡ് ബാധിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ രോഗ ബാധിതര്‍ രണ്ട് ലക്ഷത്തോടടുക്കുകയാണ്. മഹാരാഷ്ട്രയില്‍ മൂന്നു ലക്ഷം പിന്നിട്ടു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ധന മുപ്പതിനായിരത്തില്‍ താഴെയാണ്. നിലവില്‍ പ്രതീക്ഷക്കു വകനല്‍കുന്ന ഏക ഘടകം രോഗ വിമുക്തി നിരക്ക് മാത്രമാണ്. രോഗമുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇതിലും നേരിയ കുറവുണ്ടായെന്നതും ആശങ്ക കൂട്ടുന്നു.

നിലവിലെ ആശങ്കാജനകമായ അവസ്ഥയിലും നേരിയ പ്രതീക്ഷകള്‍ ജനിപ്പിക്കുന്നതാണ് കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങിയെന്നത്. 375 വൊളണ്ടിയര്‍മാരില്‍ 100 പേരിലെ പരീക്ഷണമാകും എയിംസില്‍ നടക്കുക. വാക്‌സിന്‍ ആഗസ്ത് 15ന് പുറത്തിറക്കാനാണ് ഐ.സി.എം.ആറിന്റെ ശ്രമമെങ്കിലും ഡിസംബറോടെയെങ്കിലും ലഭ്യമായേക്കും. പറ്റ്‌ന എയിംസിലും റോത്തക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലും നേരത്തെ പരീക്ഷണം തുടങ്ങിയിരുന്നു. രാജ്യത്തെ 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ ദിവസം ഓക്‌സ്ഫഡ് സര്‍വകലാശാല പുറത്തിറക്കിയ വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കുമെന്നതും ആശ്വാസം പകരുന്നതാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പരീക്ഷണ അനുമതി തേടിയിട്ടുണ്ട്. വാക്‌സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇനിയുള്ള പരീക്ഷണഘട്ടങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നീങ്ങിയാല്‍ ഈ വര്‍ഷം അവസാനത്തോടെ വാക്്‌സിന്‍ ലോകമെങ്ങുമുള്ള വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വാക്‌സിന്‍ നിര്‍മാതാക്കളായ അസ്ത്ര സേനകയുടെ പ്രതീക്ഷ. പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ ഗവേഷണ സഹകരണത്തിനായി ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ കൂടി വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ഇതിനായി ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ അനുമതി തേടിക്കഴിഞ്ഞതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിന്‍ വിജയമായാല്‍ ഇന്ത്യയില്‍ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ട്. വാക്‌സിന്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. ആയിരം രൂപയില്‍ കവിയാത്ത വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ സഹായത്തോടെ ഇത് ദരിദ്രര്‍ക്ക് സൗജന്യമായി നല്‍കാനും കഴിയും. എന്നാല്‍ ഈ പ്രതീക്ഷകള്‍ എല്ലാം അന്തിമ പരീക്ഷണ ഫലത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ അന്തിമ പരീക്ഷണവും വിജയകരമാവുന്ന ആ നല്ല നാളേക്കായി പ്രാര്‍ത്ഥനാപൂര്‍വം ലോകം കാത്തിരിക്കുകയാണ്.

SHARE