ഗുണ്ടാരാജോ യോഗീരാജ്

രാജ്യത്തെ ഏറ്റവുംജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് കുറ്റകൃത്യങ്ങളുടെയും നീതിനിഷേധത്തിന്റെയും കാര്യത്തിലും മുന്നില്‍നില്‍ക്കാന്‍ മല്‍സരിക്കുകയാണോ? കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍വവിധ സന്നാഹങ്ങളോടെ ന്യൂനപക്ഷവിരോധവും ഹിന്ദുത്വവര്‍ഗീയതയും പൊലിപ്പിച്ച് നിരവധിപേരുടെ ജീവനെടുത്തുണ്ടാക്കിയ സര്‍ക്കാര്‍ കാട്ടുകൊള്ളക്കാരുടെയും കാട്ടുനീതിയുടെയും കൈപ്പിടിയിലമരുകയാണോ. ഏതാനും വര്‍ഷമായി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ക്രമസമാധാനനിരാസത്തിന്റെ മറ്റൊരുപതിപ്പാണ് ഇക്കഴിഞ്ഞദിവസങ്ങളില്‍ യു.പിയില്‍ കാണാനിടയായിരിക്കുന്നത്. രണ്ടാഴ്ചമുമ്പ് കൊടുംകുറ്റവാളി വികാസ്ദുബെക്കെതിരായ പൊലീസ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കവെയാണ് തിങ്കളാഴ്ചരാത്രി മാധ്യമപ്രവര്‍ത്തകനായ 42കാരന്‍ വിക്രംജോഷിയെ ഗുണ്ടാസംഘം വെടിവെച്ചുകൊലപ്പെടുത്തിയിരിക്കുന്നത്. സര്‍വസംഗപരിത്യാഗിയെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് സംസ്ഥാനമുഖ്യമന്ത്രിയെന്നതിനാല്‍ ഈ ദാരുണസംഭവങ്ങള്‍ മന:സാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ ദു:ഖം ഇരട്ടിപ്പിക്കുന്നു.
ഡല്‍ഹി അതിര്‍ത്തിയിലെ ഗാസിയാബാദില്‍ രാത്രി പത്തരയോടെയായിരുന്നു ഈ അരുംകൊല. ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തില്‍ 138-ാം സ്ഥാനത്ത് നിലകൊള്ളുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ സംഭവം എന്തുകൊണ്ടും നാടിന് വലിയനാണക്കേടുതന്നെയാണ്. സംഭവത്തില്‍ പത്തുപേരെ അറസ്റ്റു ചെയ്തതായി പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുകൊണ്ടൊന്നും സംസ്ഥാനത്ത് തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുന്ന ക്രമസമാധാനരംഗവും നിയമവാഴ്ചയും രക്ഷപ്പെടുകയോ തിരിച്ചുവരികയോ ചെയ്യില്ലെന്നുവേണം സമീപകാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാന്‍. ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2019ല്‍ 56,011 കുറ്റകൃത്യങ്ങളാണ് യു.പിയില്‍ നടന്നത്. രാജ്യത്ത് ഒന്നാംസ്ഥാനമാണിത്. രണ്ടു മണിക്കൂറിലൊരു സ്ത്രീയും 90 മിനിറ്റിലൊരു കുട്ടിയും സംസ്ഥാനത്ത് കുറ്റകൃത്യത്തിന് ഇരയാകുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതുപോലെ, ബി.ജെ.പിയുടേത് രാമരാജ്യമല്ല, ഗുണ്ടാരാജാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈപത്തിനാണ് വികാസ്ദുബെ കാണ്‍പൂരില്‍വെച്ച് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. വാഹനാപകടത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഭാഷ്യമെങ്കിലും പച്ചയായ അരുംകൊല തന്നെയാണ് ക്രിമിനലിന്റെ കാര്യത്തില്‍ നടന്നതെന്നതിന് നിരവധി തെളിവുകളുണ്ട്. സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് പോലും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തുന്നതിന് വികാസിന്റെ മരണം കാരണമായെന്നത് ചിന്തനീയമാണ്.
അറുപതോളം ക്രിമിനല്‍കേസുകളില്‍പ്രതിയായ ദുബെയെ അറസ്റ്റുചെയ്യാന്‍ സര്‍വസന്നാഹങ്ങളുമായി പൊലീസ് ചെന്നപ്പോള്‍ ദുബെയുടെ ആളുകള്‍ പൊലീസ് സംഘത്തിലെ എട്ടുപേരെ വളഞ്ഞുവെച്ച് വെടിവെച്ചും വെട്ടിയും കുത്തിയുമൊക്കെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസില്‍നിന്നു തന്നെ ഗുണ്ടാസംഘത്തിന് മുന്‍കൂട്ടി വിവരം ലഭിച്ചുവെന്ന് പറയുന്നത് സര്‍ക്കാര്‍ തന്നെയാണ്. ഇതിന് പ്രതികാരമായാണ് മധ്യപ്രദേശില്‍വെച്ച് പിടിയിലായ ദുബെയെ യു.പി പൊലീസിന്റെതന്നെ കാര്‍മികത്വത്തില്‍ എന്നെന്നേക്കുമായി നാമാവശേഷമാക്കിക്കളഞ്ഞത്. അതും മാധ്യമപ്രവര്‍ത്തകരെ അകറ്റിയതിനുശേഷം. ക്രിമിനലായാലും സാദാകുറ്റം ചെയ്തയാളായാലും ഈരാജ്യത്ത് ഒരുനിയമവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം അതിന്റേതായ നടപടിക്രമങ്ങളിലൂടെപോയി മാത്രമേ രാജ്യത്തെ ഏതൊരു പൊലീസ്‌സംവിധാനത്തിനും പ്രതിയെ കുറ്റവാളിയെന്ന് മുദ്രകുത്താനും അയാള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനും കഴിയൂ. എന്നാല്‍ യു.പിയില്‍ ജനാധിപത്യത്തിന്റെ മറവില്‍ പൊലീസും യോഗിസര്‍ക്കാരും ചേര്‍ന്ന് നടത്തുന്നത് സ്വന്തം ഇഷ്ടം നടപ്പാക്കുന്ന ഗുണ്ടാരാജ് തന്നെയാണ്. ചെറിയകുറ്റകൃത്യങ്ങളില്‍ പെടുന്നയാളെ പൊക്കിയെടുത്ത് രാഷ്ട്രീയക്കാരുടെ പിണിയാളും അനധികൃതസ്വത്ത് സമ്പാദ്യം സൂക്ഷിക്കുന്നവരും ആര്‍ക്കുവേണ്ടിയും കൊലപാതകം നടത്തിക്കൊടുക്കുന്ന ക്വട്ടേഷനാക്കുക എന്നതാണ് കുറഞ്ഞത് ഉത്തരേന്ത്യയിലെയെങ്കിലും നീതിയും നിയമവും. ദുബെ ക്രിമിനലായിരിക്കവെതന്നെ രാഷ്ട്രീയക്കാരനുമായിരുന്നു എന്നത് ഇതിന് തെളിവാണ്. കാണ്‍പൂര്‍ കേന്ദ്രീകരിച്ച് ചെറുതല്ലാത്തൊരു ഗുണ്ടാസംഘംതന്നെ എന്തിനും പോന്നതായി വളര്‍ന്നത് കാണാത്തവരായിരിക്കില്ല കഴിഞ്ഞ മൂന്നുവര്‍ഷമായെങ്കിലും യു.പിയിലെ പൊലീസ് മേധാവികളും ഭരിക്കുന്ന ബി.ജെ.പിപ്രമുഖരും. നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലോ പങ്കുവെപ്പിന്റെ കാര്യത്തിലോ തെറ്റിപ്പിരിഞ്ഞ ശേഷമായിരിക്കും ക്രിമിനലിനെ പിടികൂടാനായി പൊലീസ്‌സംഘത്തെ അയച്ചിരിക്കുക.
തിങ്കളാഴ്ചത്തെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിലും ഏതാണ്ടിതേരീതിയിലുള്ള വീഴ്ചയാണ് പൊലീസിന് സംഭവിച്ചിരിക്കുന്നത്. മക്കള്‍ക്കുമുന്നില്‍വെച്ചായിരുന്നു വിക്രമിന് വെടിയേറ്റത്. സഹോദരിയുടെ മകളെ ശല്യംചെയ്തത് ചോദ്യംചെയ്തതില്‍ പ്രതിഷേധിച്ചതിനാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യം വിക്രമിന്റെ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വൈരാഗ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിക്രമിന്റെ കുടുംബാംഗങ്ങള്‍ നീതി ആവശ്യപ്പെട്ട് പൊലീസ്‌സ്റ്റേഷനുമുന്നില്‍ സമരംനടത്താനും മൃതദേഹം സ്വീകരിക്കാന്‍പോലും തയ്യാറാകാതിരുന്നതിനെ സര്‍ക്കാരിന്റെ വീഴ്ചയായിതന്നെയാണ് വിലയിരുത്തേണ്ടത്. മാധ്യമപ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. സാധാരണക്കാരന് പോയിട്ട് ഒരുമാധ്യമപ്രവര്‍ത്തകന്റെ അവസ്ഥ ഇതാണ് രാജ്യത്തെങ്കില്‍ പിന്നെ നാം ഉദ്‌ഘോഷിക്കുന്ന സ്വാതന്ത്ര്യവും മൗലികാവകാശവും ഭരണഘടനയുമെല്ലാം എവിടെപോയെന്ന് ഇരുന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വികാസ് ദുബെയുടെ കൊലപാതകത്തിന്റെകാര്യത്തില്‍ അന്വേഷണവും നീതിയും അട്ടിമറിക്കപ്പെടാതിരിക്കാന്‍ യോഗിസര്‍ക്കാരിനോട് മൂന്നംഗകമ്മീഷനെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്. നിലവിലെ ഏകാംഗകമ്മീഷനുപുറമെ റിട്ട. ജഡ്ജിയെയും റിട്ട. പൊലീസ് മേധാവിയെയും കമ്മീഷനില്‍ ഉള്‍പെടുത്തണമെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നിര്‍ദേശം. സര്‍ക്കാരും ബി.ജെ.പിയുമായി ബന്ധപ്പെട്ട രേഖകളും ഇതരതെളിവുകളും ദുബെയുടെ വീട്ടിലുണ്ടായിരിക്കാമെന്നതാണ് വീട് നിമിഷങ്ങള്‍ക്കുള്ളില്‍ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചുനിരപ്പാക്കാന്‍ കാരണമെന്നാണ് ഒരഭിമുഖത്തില്‍ മുന്‍സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപക്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം ജൂലായിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്‌സിംഗ് സെന്‍ഗാര്‍ പ്രതിയായ ലൈംഗികപീഡനക്കേസില്‍ ഇരയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ എം.എല്‍.എയുടെ ആളുകള്‍ ശ്രമിച്ചതായവാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരിയും പിതൃസഹോദരിയും കൊല്ലപ്പെടുകയുണ്ടായി. ഇതേതുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്യാന്‍ ബി.ജെ.പി നിര്‍ബന്ധിതനായി. പെണ്‍കുട്ടിയുടെ പിതാവും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതും യോഗിസര്‍ക്കാരിന്കീഴില്‍ എന്തുനിയമവാഴ്ചയാണ് നടക്കുന്നതെന്നതിന് തെളിവാണ്.

SHARE