രാജസ്ഥാനില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയോ?

ഇന്ത്യയുടെ ജനാധിത്യ വ്യവസ്ഥയും ഫെഡറല്‍ ചട്ടക്കൂടും അഭിമുഖീകരിക്കുന്ന അപകടങ്ങള്‍ എത്രത്തോളം ഭീകരമാണെന്നാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഓര്‍മിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഉപേക്ഷിച്ച് ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് പുറത്തുപോകുകയും 18 എം.എല്‍.എമാരെ സംഘടിപ്പിച്ച് വിലപേശല്‍ തുടങ്ങുകയും ചെയ്‌തോടെയാണ് സംസ്ഥാനത്ത് പ്രശ്‌നങ്ങളുടെ തുടക്കം. മുഖ്യന്ത്രി പദത്തിനുവേണ്ടിയുള്ള ഒരു വ്യക്തിയുടെ കോലാഹലമായിരുന്നു അത്. പക്ഷെ, അവസരം മുതലെടുത്ത് അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. ഭരണഘടനാ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി അധികാര ബലത്തിലാണ് ബി.ജെ.പിയുടെ ചരടുവലികള്‍. മധ്യപ്രദേശിലെ പരീക്ഷണം രാജസ്ഥാനിലും വിജയിക്കുമോ എന്നാണ് അവര്‍ ആലോചിക്കുന്നത്.
മുപ്പത് എം.എല്‍.എമാര്‍ കൂടെയുണ്ടെന്നായിരുന്നു സചിന്‍ പൈലറ്റിന്റെ അവകാശവാദം. പ്രതീക്ഷിച്ചപോലെ പദ്ധതി നടക്കില്ലെന്നായപ്പോള്‍ പിന്തുണക്കുന്നവരുടെ എണ്ണം പതിനെട്ടായി ചുരുങ്ങി. അതോടെ മുഖ്യമന്ത്രി അശോക് ഗേലോട്ട് വീഴില്ലെന്ന് ഉറപ്പാകുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണ്. പ്രതിസന്ധിക്കുള്ള പരിഹാരം. അതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന ഗേലോട്ടിന്റെ ആവശ്യം ഗവര്‍ണര്‍ കമല്‍രാജ് മിശ്ര നിരസിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാകുന്നതുകൊണ്ടാണ് ബി.ജെ.പി ഗവര്‍ണറെ കളിപ്പാവയാക്കുന്നത്.
ജനപ്രാധിനിത്യ നിയമപ്രകാരം വിമത എം.എല്‍.എമാര്‍ക്കെതിരെയുള്ള അടച്ചടക്ക നടപടി തടയണമെന്ന ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെക്കൂടി കക്ഷിചേരാന്‍ അനുവദിച്ചിരിക്കുകയാണ്. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു. വിധി പറയുന്നതു വരെ എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് നടപടിയെടുക്കുന്നതില്‍നിന്ന് കോടതി സ്പീക്കറെ തടയുന്നത്. ഹൈക്കോടതിയുടെ സമീപനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് സ്പീക്കര്‍ സി.പി ജോഷിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. വിമതരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തടയാന്‍ കോടതിക്ക് അധികാരമില്ലെന്നും തെറ്റാണോ ശരിയാണോ എന്ന് പരിശോധിച്ചാല്‍ മാത്രം മതിയെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നിലപാടിനെതിരെ സ്പീക്കര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയാനിരിക്കുകയാണ്. മധ്യപ്രദേശില്‍ കമല്‍നാഥ് മന്ത്രിസഭ അപകടത്തിലായപ്പോള്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചുകൂട്ടമെന്നാണ് സുപ്രീംകോടതി നിദ്ദേശിച്ചിരുന്നത്. പരമോന്നത കോടതിയില്‍നിന്ന് രാജസ്ഥാന്‍ വിഷയത്തിലും അതുതന്നെ ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.
അസാധാരണ സാഹചര്യങ്ങളിലൂടെയാണ് രാജസ്ഥാന്‍ കടന്നുപോകുന്നത്. നിയമസഭ വിളിച്ചുകൂട്ടാതെ നീട്ടിക്കൊണ്ടുപോകുകയും അതിനിടക്ക് പൈലറ്റിനെ മെരുക്കിയെടുത്ത് സര്‍ക്കാരിനെ മറിച്ചിടാന്‍ സാധിക്കുമോ എന്നാണ് ബി.ജെ.പി ആലോചിക്കുന്നതെന്ന് വ്യക്തം. ഭൂരിപക്ഷമുണ്ടായിട്ടും ഒരു സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാത്തത് ഭരണഘടനാ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ല. 101 എം.എല്‍.എമാരുടെ പിന്തുണയാണ് സര്‍ക്കാറിന് വേണ്ടത്. 102 എം.എല്‍.എമാരെ അണിനിരത്താന്‍ ഗേലോട്ടിന് സാധിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ അതിലേറെ പേര്‍ സര്‍ക്കാരിനെ അനുകൂലിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസില്‍ സചിന്‍ പൈലറ്റുണ്ടാക്കിയ കലാപം ഇപ്പോള്‍ മുതലെടുത്തില്ലെങ്കില്‍ പിന്നീടൊരു അവസരം കിട്ടില്ലെന്ന് ബി.ജെ.പി ഭയക്കുന്നുണ്ട്. അതുകൊണ്ട് പണമെറിഞ്ഞും പദവികള്‍ കാട്ടിയും കൂടുതല്‍ പേരെ പുറത്തുചാടിക്കാനാണ് പദ്ധതി. അതുവരെ നിയമസഭാ സമ്മേളനം നടക്കരുതെന്നും അവര്‍ ആഗ്രഹിക്കുന്നു.
ആറു വര്‍ഷം രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയില്‍ ഇരുന്ന സചിന്‍ പൈലറ്റിന് പാര്‍ട്ടി നേതൃത്വം ഒരു കുറവും വരുത്തിയിട്ടില്ല. സംസ്ഥാനത്ത് ബി.ജെ.പിയെ അട്ടിമറിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് താനാണെന്നും അതുകൊണ്ട് ചോദിക്കുന്നതൊക്കെ തനിക്ക് കിട്ടണമെന്നും വാശിപിടിക്കുന്നത് അഹങ്കാരത്തിന്റെ ബലംകൊണ്ട് മാത്രമാണ്. പ്രവര്‍ത്തന മികവിന് പാരിതോഷികമായി കോണ്‍ഗ്രസ് നേതൃത്വം ഉപമുഖ്യമന്ത്രി പദം നല്‍കിയെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല. കറകളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്ന പിതാവ് രാജേഷ് പൈലറ്റിന്റെ മറപിടിച്ച് രാഷ്ട്രീയത്തിലെത്തിയ ഒരു വ്യക്തിക്ക് കൊടുക്കാവുന്നതിന്റെ പരമാവധിയായിരുന്നു അത്. യുവാവായ സചിന്‍ പൈലറ്റിന് കാലം ഏറെ ബാക്കിയിരിക്കെ മുഖ്യമന്ത്രി കസേരയിലും ഇരിക്കാമായിരുന്നു. പക്ഷെ, അദ്ദേഹത്തിന് ക്ഷമയുണ്ടായില്ലെന്ന് മാത്രമല്ല, കലാപക്കൊടി ഉയര്‍ത്തി കപ്പല്‍ വെള്ളത്തില്‍ മുക്കാനാണ് അദ്ദേഹം നോക്കിയത്.
മധ്യപ്രദേശില്‍ കമല്‍നാഥ് മന്ത്രിസഭയെ ഇറക്കിയതുപോലെ ഗേലോട്ടിന്റെ കട്ടിലില്‍ കയറിക്കിടക്കാമെന്നായിരുന്നു സചിന്‍ പൈലറ്റിന്റെ കണക്കുകൂട്ടല്‍. മുപ്പത് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന വീരവാദം കേട്ട് ബി.ജെ.പി രക്ഷക്കെത്തുമെന്നും രാജസ്ഥാന്റെ മുഖ്യമന്ത്രിയായി വാഴാമെന്നുമായിരുന്നു സ്വപ്നം. പക്ഷെ, വസുന്ധര രാജെ സിന്ധ്യയെ മാറ്റിനിര്‍ത്തി അധികാരക്കൊതിയോടെ മാത്രം കയറിവരുന്ന ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിനോട് ബി.ജെ.പി എം.എല്‍.എമാരില്‍ ഭൂരിഭാഗത്തിനും യോജിപ്പില്ല. അതുകൊണ്ട് മാത്രമാണ് മധ്യപ്രദേശ് മോഡല്‍ അട്ടിമറി സാധിക്കാത്തത്. രാജസ്ഥാനില്‍ ബി.ജെ.പി പൂര്‍ണമായും വസുന്ധരയുടെ നിയന്ത്രണത്തിലാണെന്നിരിക്കെ പുറത്തുനിന്നുള്ളവര്‍ക്ക് തലയിട്ട് കളിക്കാന്‍ അത്രവേഗം കഴിയില്ല. അവിടെ ഗതി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നിഷ്പക്ഷമായി നില്‍ക്കുമെന്ന സചിന്റെ പ്രഖ്യാപനം. ബി.ജെ.പിയില്‍ ചേരില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹവും പാര്‍ട്ടിയും തമ്മില്‍ ഏറെയൊന്നും അകലമില്ല.
അധികാരമില്ലാത്ത വിമതനോടൊപ്പം നില്‍ക്കുന്നതിനെക്കാള്‍ നല്ലത് കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നത് തന്നെയല്ലേ എന്ന ചിന്ത കൊണ്ടായിരിക്കാം ആദ്യം പിന്തുണ അറിയിച്ചവര്‍ സചിന്‍ പൈലറ്റിന് കൈവിട്ടത്. ഇന്ദിരാ ഗാന്ധിയുടെ സ്വന്തക്കാരനായി കോണ്‍ഗ്രസിലെത്തിയ അശോക് ഗെഹ്‌ലോട്ടിന് സചിനെക്കാള്‍ രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നിരിക്കെ ഒരുവക അട്ടിമറികളെയൊക്കെ മുന്നില്‍ കാണാനും തടുക്കാനും സാധിക്കും. പാര്‍ട്ടിക്കുവേണ്ടി ഏറെ ചെയ്തിട്ടും തനിക്ക് പരിഗണന കിട്ടുല്ലെന്നാണ് സചിന്‍ പൈലറ്റിന്റെ പരാതി. അധികാരം മാത്രം മുന്നില്‍ കണ്ടാണ് താന്‍ ഇത്രയും കാലം പാര്‍ട്ടിയെ സേവിച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് വിമതപ്പടയിലൂടെ അദ്ദേഹം. ഇത്തരക്കാരെ സ്വീകരിക്കാനും സഹായിക്കാനും പണച്ചാക്കുമായി ബി.ജെ.പി ചുറ്റിനടക്കുന്നുണ്ട്.
നരേന്ദ്ര മോദിയുടെ നേതൃത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ കാലുറപ്പിച്ചതു മുതല്‍ ജനാധിപത്യത്തിന്റെ അന്ത:സത്ത നിര്‍ദ്ദയം ചീന്തിയെറിയപ്പെടുന്ന കാഴ്ചകളാണ് കാണുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കാനും അധികാരത്തില്‍ കയറിക്കൂടാനും അവര്‍ പയറ്റുന്നത് ഹീനമായ തന്ത്രങ്ങളാണ്. മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലുമെല്ലാം അത് കണ്ടുകഴിഞ്ഞു. കോടിക്കണക്കിന് രൂപയാണ് ബി.ജെ.പി അതിനുവേണ്ടി ഒഴുക്കിയത്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനോ ശബ്ദിക്കാനോ രാജ്യത്ത് ആളില്ലെന്നായിരിക്കുന്നു. ബി.ജെ.പിയുടെ ഇത്തരം കുടില തന്ത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിഷയമല്ല. സചിന്‍ പൈലറ്റിനെ പോലുള്ളവര്‍ പുറത്തുപോകുന്നതുകൊണ്ട് കോണ്‍ഗ്രസിനുണ്ടാകുന്ന നഷ്ടത്തിലും പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലുമാണ് മാധ്യമങ്ങളുടെ ശ്രദ്ധ. കുമ്പിടാന്‍ പറയുമ്പോള്‍ കിടന്ന് നീന്തുന്ന മൂരാച്ചികളായി ദേശീയ മാധ്യമങ്ങള്‍ അധ:പതിച്ചിരിക്കുന്നു.

SHARE