രാജ്യത്തെ രക്ഷിക്കാനുള്ള നിര്‍ണായക ദിനങ്ങള്‍

ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പതിനേഴാംലോക്‌സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. ഇന്നലെവൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പുതീയതികള്‍ പുറപ്പെടുവിച്ചത്. ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഏഴുഘട്ടമായി ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് 19ന് അവസാനിക്കുന്ന തരത്തിലാണ് വോട്ടെടുപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക്‌സഭക്കു പുറമെ ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ് ,സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. മൊത്തം 543 അംഗങ്ങളെയാണ് 90 കോടിയോളം വരുന്ന വോട്ടര്‍മാര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞതവണത്തേക്കാള്‍ 6 കോടി വോട്ടര്‍മാര്‍ കൂടുതലായി ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തുന്നുവെന്ന സവിശേഷതയുണ്ട്. 18-19 വയസ്സിനിടയില്‍ പ്രായമുള്ള ആദ്യമായി വോട്ടുരേഖപ്പെടുത്താനെത്തുന്നവരുടെ സംഖ്യ ഒന്നരക്കോടിയാണ്. ലോകത്ത് ഏറ്റവുംകൂടുതല്‍ യുവാക്കളുള്ള രാജ്യമെന്ന നിലക്കും നമ്മുടെ തിരഞ്ഞെടുപ്പിന് ഏറെസവിശേഷതയുണ്ട്. ഒന്നരമണിക്കൂറിലധികം നീണ്ടുനിന്ന വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താലേഖകരുടെ മിക്കസംശയങ്ങള്‍ക്കും സംയമനത്തോടെ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ തയ്യാറായി എന്നത് ശുഭോദര്‍ക്കമാണെങ്കിലും താരതമ്യേന വൈകിയാണ് ഇത്തവണ കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് .ശനിയാഴ്ചയും കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഭരണകക്ഷിയായ ബി.ജെ.പി യും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി തിരക്കിട്ട് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കാണാമായിരുന്നു. ഇന്നലെ അവധിയായിരുന്നിട്ടും കമ്മീഷന് തീയതികള്‍ പ്രഖ്യാപിക്കേണ്ടിവന്നത് ഇതുമൂലമാണ്. മാര്‍ച്ച് ഒന്‍പതുവരെ പ്രധാനമന്ത്രിക്ക് ഉദ്ഘാടനപരിപാടികള്‍ നിശ്ചയിച്ചിരുന്നുവെന്നതും ചില ദുസ്സൂചനകള്‍ നല്‍കിയിരുന്നു.
തീവ്രവര്‍ഗീയശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഭരണമാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലത്തോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ബി.ജെ.പി സര്‍ക്കാരെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യത്തെ മുച്ചൂടും പ്രതിസന്ധിയിലാക്കിയൊരു സര്‍ക്കാര്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. 1951ല്‍ നടന്ന പ്രഥമപൊതുതെരഞ്ഞെടുപ്പുതൊട്ട് ഇതുവരെയും വിവിധ സാംസ്‌കാരിതകളുടെ കേളീരംഗമായി അനസ്യൂതം മുന്നോട്ടുപോയ രാഷ്ട്രത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലായ സൂചനകളാണ് മോദിഭരണകാലത്ത് ഉണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ 2002ല്‍ അവിടെനടന്ന വംശഹത്യക്കുത്തരവാദിയെന്ന് ആരോപണവിധേനയായ ആള്‍ രാജ്യത്തെ പരിപാവനമായ പ്രധാനമന്ത്രിക്കസേരയിലേക്കെത്തുമ്പോള്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തെക്കുറിച്ച് അന്നുതന്നെ ഡോ.മന്‍മോഹന്‍സിംഗിനെയും നൊബേല്‍ സമ്മാനജേതാവ് അമര്‍ത്യസെന്നിനെയുംപോലുള്ള പരിണതപ്രജ്ഞരായ നേതാക്കളും സാമ്പത്തികവിഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനും മതന്യൂനപക്ഷങ്ങളെയും പിന്നാക്ക-ദലിത് വിഭാഗങ്ങളെയും രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നകറ്റി പഴയ സവര്‍ണമേധാവിത്വം തിരിച്ചുകൊണ്ടുവരാനായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ് പരിശ്രമം. നോട്ടുനിരോധനം, ചരക്കുസേവനനികുതി, ബാങ്ക് ലയനം, കുത്തകകളുടെ കടംഎഴുിത്തള്ളല്‍, റഫാല്‍വിമാന അഴിമതി, കാര്‍ഷികരംഗത്തെ വിലയിടിവ്, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയിലൂടെ സാമ്പത്തികരംഗത്തെ ആനകയറിയ കരിമ്പിന്‍തോട്ടമാക്കി. പശുവിന്റെയും ബീഫിന്റെയും പേരില്‍ മുസ്‌ലിംകളും ദലിതുകളും തെരുവുകളില്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ സാംസ്‌കാരികനായകര്‍ക്കും സ്വതന്ത്രവാദികള്‍ക്കും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും പ്രതികരിച്ചാല്‍ ജീവന്‍ പോകുമെന്നായി. ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ക്ക് ജീവന്‍വെടിയേണ്ടിവന്നതും അമ്പതോളം മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ടതും ഭരണകര്‍ത്താക്കള്‍ക്ക് പ്രശ്‌നമല്ലെന്നായി. നാള്‍ക്കുനാള്‍ ഭരണാധികാരികളില്‍നിന്നും ഭരണകക്ഷിക്കാരില്‍നിന്നും കേള്‍ക്കേണ്ടിവന്നതാകട്ടെ ധാര്‍ഷ്ട്യം നിറഞ്ഞ വങ്കത്തരങ്ങളും. ഈ തെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും നിര്‍ണായകമായ തിരിച്ചറിവിനും തിരഞ്ഞെടുക്കലിനുമുള്ള സുവര്‍ണാവസരമാണ്. അവരത് ഉത്തമബോധ്യത്തോടെ വിനിയോഗിക്കുമെന്നുതന്നെയാണ് ഗതകാലഇന്ത്യന്‍രാഷ്ട്രീയം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്നതായിരിക്കണം ഓരോ വോട്ടറുടെയും മുന്നിലെ അര്‍ത്ഥശങ്കക്കിടയില്ലാത്ത സമ്മതിദാനവിനിയോഗം. 1942ലെ ക്വിറ്റ് ഇന്ത്യാപ്രക്ഷോഭത്തില്‍ ഡൂ ഓര്‍ ഡൈ ( പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത്. ജമ്മുകാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ അസംതൃപ്തിയും രോഷവും പൊട്ടിത്തെറിയുടെ വക്കിലെത്തുകയും അവയെ ചൂഷണംചെയ്യാന്‍ അയല്‍രാജ്യങ്ങള്‍ തക്കംപാര്‍ത്തിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളില്‍ കെട്ടിയിടപ്പെടേണ്ടതല്ല മതേതരഐക്യവും വര്‍ഗീയവിരുദ്ധതയും .
രാജ്യത്തെയും ഭരണഘടന ഉദ്‌ഘോഷിക്കുന്ന നാനാത്വത്തെയും സംരക്ഷിക്കാനും വികസനത്തിലൂടെ ജനതയെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാനും എന്തുകൊണ്ടും കെല്‍പുള്ള പാര്‍ട്ടി ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് കേവലജ്ഞാനികള്‍ക്കുപോലും നിശ്ചയമുണ്ടാകും. ബി.ജെ.പിയുടെ ഭരണം അറബിക്കടലില്‍ കെട്ടുതാഴ്ത്തത്തക്കവണ്ണം പ്രതിപക്ഷകക്ഷികളുടെ അനിതരസാധാരണവും അഭൂതപൂര്‍വവുമായ യോജിപ്പാണ് കാലം അവയുടെ നേതാക്കളോട് ആവശ്യപ്പെടുന്നത്. കേവലമായ വ്യക്തിഗതതാല്‍പര്യങ്ങള്‍ ഇവിടെ ഇടങ്കോലായിക്കൂടാ. മെയ് 23ന് വോട്ടുകള്‍ എണ്ണപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ വോട്ടുകളും പ്രാര്‍ത്ഥനകളും പാഴാകാതിരിക്കാനുള്ള സൂക്ഷ്മതയും ജാഗ്രതയും ഉള്‍ക്കൊണ്ട് എണ്ണയിട്ട യന്ത്രംകണക്കെ പ്രവര്‍ത്തിക്കാന്‍ ഓരോ രാഷ്ട്രീയകക്ഷിപ്രവര്‍ത്തകനുമുള്ള ബാധ്യതയും ഇവിടെ ഓര്‍മിപ്പിക്കട്ടെ. 2014ല്‍ പ്രതിപക്ഷത്ത് സംഭവിച്ച ചെറിയ അലംഭാവമാണ് വെറും 31 ശതമാനം വോട്ടുകൊണ്ട് ജനങ്ങളെ മുഴുവന്‍ അടക്കിഭരിക്കാന്‍ ബി.ജെ.പിയെ സഹായകമാക്കിയത്. ആ തെറ്റ് ഇത്തവണ ആവര്‍ത്തിക്കപ്പെട്ടുകൂടാ. അതിനുള്ളതാകട്ടെ ഇന്നുമുതലുള്ള 44 ദിനരാത്രങ്ങള്‍.

SHARE