ആ ചിറകില്‍ ചോര പുരളരുത്

വികസനത്തിന്റെ വിസ്മയ ലോകത്തേക്ക് മലബാറിനെ ചിറകിലൊതുക്കി പറന്ന കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചോരവീണിരിക്കുന്നു. കണ്ണീരിന്റെ തോരാമഴ തീര്‍ത്ത ദുരന്തത്തിന്റെ ഇരമ്പല്‍ വിട്ടകലാന്‍ കാലമെടുക്കുമെന്ന് തീര്‍ച്ച. യാത്രക്കാരും ജീവനക്കാരുമടക്കം 190 പേര്‍ കയറിയ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 35 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 ജീവനുകളാണ് പൊലിഞ്ഞത്. പരിക്കോടെയെങ്കിലും ബാക്കിയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് ആശ്വാസകരം. വേദനയുടെ അസഹ്യതയില്‍നിന്ന് അവര്‍ എത്രയും വേഗം സാന്ത്വന തീരമണയണേ എന്ന് പ്രാര്‍ത്ഥിക്കാം. കൂരിരുട്ടില്‍, കോരിച്ചൊരിയുന്ന മഴയത്ത് ഭീതികളെ പറിച്ചെറിഞ്ഞ് ദുരന്തത്തിന്റെ ഇരകള്‍ക്ക് രക്ഷാകരങ്ങള്‍ നീട്ടിക്കൊടുത്ത സാധാരണക്കാരായ മനുഷ്യ മാലാഖമാര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. സ്‌നേഹത്തിന്റെ ഉറവകള്‍ വറ്റിത്തുടങ്ങിയ ലോകത്ത് സാന്ത്വനത്തിന്റെ തണല്‍വിരിക്കുന്ന ന•മരങ്ങള്‍ ഇനിയും ഇലപൊഴിക്കാതെ പന്തലിച്ചുനില്‍ക്കുന്നുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.
1988 ഏപ്രില്‍ 13ന് ഉദ്ഘാടനം നടന്നതിന് ശേഷം ആദ്യമായാണ് കരിപ്പൂര്‍ വിമാനത്താവളത്തെ തേടി ഒരു ദുരന്തമെത്തുന്നത്. 32 വര്‍ഷത്തിനിടെ പറയത്തക്ക അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട നാല് സംഭവങ്ങള്‍ മാത്രം. അവ തന്നെ താരതമ്യേന ചെറുതായിരുന്നു. പക്ഷിയിടിച്ച് എന്‍ജിന്‍ തകര്‍ന്നതുള്‍പ്പെടെയുള്ള അപകടങ്ങളില്‍ ആളപായമോ പരിക്കോ ഉണ്ടായിരുന്നില്ല. പൊതുവെ സുരക്ഷിതമായിരുന്നു കരിപ്പൂര്‍ വിമാനത്താവളം. ആകസ്മികമായാണ് വലിയൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങള്‍ ചികയുന്ന തിരക്കിലാണ് വിദഗ്ധരും മാധ്യമങ്ങളും. അപകടത്തിലേക്ക് നയിച്ച ഘടകം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബ്ലാക് ബോക്‌സ് കണ്ടെടുത്ത സാഹചര്യത്തില്‍ അന്വേഷണം വ്യക്തതയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സമീപ കാലത്ത് വിമാനത്താവളം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സാഹചര്യത്തില്‍ ടേബിള്‍ ടോപ് റണ്‍വേ ആയതുകൊണ്ട് കരിപ്പൂര്‍ സുരക്ഷിതമല്ലെന്ന് സ്ഥാപിക്കാന്‍ ചില കേന്ദ്രങ്ങള്‍ ആവേശം കാണിച്ചിരുന്നു. ഇപ്പോഴത്തെ ദുരന്തവും ടേബിള്‍ ടോപിലേക്ക് കയറ്റിവെക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പക്ഷെ, വ്യോമയാന മേഖലയിലെ വിദഗ്ധര്‍ അത്തരമൊരു കാരണം തള്ളിക്കളയുന്നു. ടേബിള്‍ ടോപ് അല്ലാത്തതുകൊണ്ട് മാത്രം ഒരു വിമാനത്താവളവും സുരക്ഷിതമാകുന്നില്ല. 1990ല്‍ ബംഗളൂരില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം മതിലില്‍ ഇടിച്ച് 92 പേര്‍ മരിച്ചതും 1997ല്‍ അമേരിക്കയുടെ ഗുവാമില്‍ കൊറിയന്‍ വിമാനം റണ്‍വേയിലെത്തുന്നതിന് മുമ്പ് നിലത്തിറങ്ങി 254 പേര്‍ മരിച്ചതും മാസങ്ങള്‍ക്കുമുമ്പ് കറാച്ചിയില്‍ റണ്‍വേ തൊടാതെ വിമാനം ഇടിച്ചിറങ്ങി 98 പേര്‍ മരിച്ചതും ഉദാഹരണങ്ങള്‍ മാത്രം. ഇവിടെയൊന്നും വില്ലന്‍ ടേബിള്‍ ടോപ് ആയിരുന്നില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. കരിപ്പൂരിലേതുപോലെ റണ്‍വേ അവസാനിക്കുന്നിടത്ത് താഴ്ചയുണ്ടായിരുന്നില്ലെങ്കില്‍ വിമാനം തകരില്ലെന്ന് ആശ്വസിക്കാന്‍ കഴിയില്ല.
വിമാനം നിലം തൊടേണ്ട സ്ഥലത്തുനിന്ന് ഏറെദുരം മുന്നോട്ടുപോയി ലാന്‍ഡ് ചെയ്ത ഓവര്‍ഷൂട്ടും മഴയെത്തടുര്‍ന്ന് റണ്‍വേയിലുണ്ടാകുന്ന വെള്ളപ്പാളിയുമാണ് കരിപ്പൂര്‍ ദുരന്തത്തിനുള്ള കാരണമായി വിദഗ്ധര്‍ചൂണ്ടിക്കാട്ടുന്നത്. മുപ്പത് വര്‍ഷം വിമാനങ്ങള്‍ പറത്തി അനുഭവ സമ്പത്തുള്ള ക്യാപ്റ്റന്‍ വസന്ത് ദീപക് സാഠേയ്ക്ക് എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന് മറുപടി കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. പ്രത്യക്ഷ സാധ്യതകളെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അപകടം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേക്ക് 2700 മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇവിടെ ഇറങ്ങുന്ന വിമാനങ്ങള്‍ റണ്‍വേയില്‍ 300 മീറ്ററിനും 900 മീറ്ററിനും ഇടയിലാണ് നിലംതൊടേണ്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്‍ചക്രങ്ങള്‍ 1200 മീറ്ററിലാണ് നിലംതൊട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശേഷം വിമാനത്തിന് ലാന്‍ഡിങ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്നത് 1500 മീറ്ററാണ്. അപ്പോഴും അപകട സാധ്യത ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ബോയിങ് 737-800 വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ 1200 മീറ്റര്‍ മതിയാകും. പൈലറ്റിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം ചിലതൊക്കെ സംഭവിച്ചതായിരിക്കാം ദുരന്തത്തിലേക്ക് നയിച്ചത്. ലാന്‍ഡ് ചെയ്തപ്പോള്‍ റണ്‍വേയില്‍ രൂപപ്പെട്ട ജലപാളി കാരണം ടയറുകള്‍ റണ്‍വേയിലൂടെ തെന്നിമാറിയിരിക്കാം.
വിമാനം ഇറക്കുമ്പോള്‍ റണ്‍വേയില്‍ ഉണ്ടാകുന്ന കാറ്റിന്റെ ദിശാവ്യതിയാനങ്ങളും പൈലറ്റുമാര്‍ക്ക് വെല്ലുവിളിയാകാറുണ്ട്. റിവേഴ്‌സ് ത്രസ്റ്റ് സംവിധാനം ഉപയോഗിച്ചാണ് ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളുടെ വേഗത കുറക്കാറുള്ളത്. പൈലറ്റ് സാഠേയ്ക്ക് ഇവിടെയും വീഴ്ച പറ്റിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. കേരളത്തില്‍ പൂര്‍ണമായും പൊതുമേഖലയുടെ ഉടമസ്ഥതയിലുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത്. കാലോചിതമായി വിമാനത്താവളത്തെ പരിഷ്‌കരിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റണ്‍വേ നീളം കൂട്ടുന്നതിനെക്കുറിച്ച് മാത്രമുള്ള ചിന്തയിയല്‍ അധികാരികള്‍ മുന്നോട്ടു പോകുകയായിരുന്നു. മാത്രമല്ല, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തതുകൊണ്ട് ജാഗ്രതക്കുറവ് പറ്റിയോ എന്നും പരിശോധിക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതികൂലമായിരിക്കെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ലാന്‍ഡിങിന് അനുമതി നല്‍കുകയായിരുന്നു. റണ്‍വേയില്‍ 2000 മീറ്റര്‍ ദൂരക്കാഴ്ചയുണ്ടെന്ന് പൈലറ്റിന് വിവരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
റണ്‍വേ ഉള്‍പ്പെടെ വിമാനത്താവളത്തിന്റെ എല്ലാ വിഭാഗങ്ങളിലും ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. മഴയും മഞ്ഞും സൃഷ്ടിക്കുന്ന ദുഷ്‌കര സാഹചര്യങ്ങളില്‍ വിമാനം സുരക്ഷിതമായി ഇറക്കാന്‍ സാധിക്കും വിധം നവീകരണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. അത്യാധുനിക വിമാനത്താവളങ്ങളില്‍ റണ്‍വേ നേരിട്ട് കണ്ടില്ലെങ്കിലും വിമാനമിറക്കാം. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേയില്‍ റബ്ബര്‍ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും റണ്‍വേയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നതായി വാര്‍ത്തയുണ്ട്. റണ്‍വേയില്‍ മാത്രമല്ല, സര്‍വീസിന് ശേഷം വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തും വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. കാലാവസ്ഥയെക്കുറിച്ച് സൂചന നല്‍കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അത്യാഹിത സാഹചര്യമുണ്ടായാല്‍ നേരിടേണ്ട അഗ്നിശമന സംവിധാനങ്ങള്‍ സജ്ജമായിരുന്നില്ലെന്നും ഇതേക്കുറിച്ച് വ്യോമയാന മന്ത്രാലയം വിമാനത്താവള അധികൃതരോട് വിശദീകരണം ചോദിച്ചിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ഏറെ ഗൗരവമര്‍ഹിക്കുന്നുണ്ട്.
ആധുനികവത്കരണവും ശാസ്ത്രീയമായ പദ്ധികളും മാത്രമാണ് ഭാവിയില്‍ ദുരന്തമൊഴിവാക്കാനുള്ള ഏക മാര്‍ഗം. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും ജനപ്രതിനിധികളുടെയും അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നിട്ടും അവഗണന മാത്രം പേറിയാണ് കരിപ്പൂര്‍ വിമാനത്താവളം ഇത്രകാലവും മുന്നോട്ടുപോയത്. പ്രധാന കവാടമെന്ന നിലയില്‍ കൊളത്തൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ടിന്റെ പേര് എഴുതിയ ബോര്‍ഡ് പോലുമില്ല. അതു കാരണം യാത്രക്കാര്‍ വഴിയറിയാതെ നട്ടംതിരിയുന്നത് നിത്യക്കാഴ്ചയാണ്. പരിസരവാസികളോട് വഴി ചോദിച്ചും ടാക്‌സിക്കാരെ ആശ്രയിച്ചുമാണ് പലരും പോകാറുള്ളത്. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ കുണ്ടുംകുഴിയുമായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. വിമാനത്താവളത്തിലെ ശീതീകരിച്ച മുറികളിലേക്കും റണ്‍വേയിലേക്കും മാത്രം നോക്കിയിരുന്ന് വികസന മുദ്രാവാക്യം വിളിച്ചതുകൊണ്ട് ഫലമില്ല. സമഗ്രമായ പദ്ധതികളും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുമാണ് ആവശ്യം. മലബാറിനെ ലോകത്തോടടുപ്പിക്കുകയും വികസനക്കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത വിമാനത്താവളത്തെ ശക്തിപ്പെടുത്തുകയെന്ന ബാധ്യത ഭരണകൂടങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

SHARE