ഉത്തരേന്ത്യക്കാരുടെ ഭാഷകളിലൊന്നായ ഹിന്ദി രാജ്യത്ത് ഒരിക്കല്‍കൂടി വിവാദ വിധേയമായിരിക്കുകയാണിപ്പോള്. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലേക്കുള്ള ഔദ്യോഗിക യാത്രക്കിടെ ഡി.എം.കെയുടെ ലോക്സഭാംഗവും തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ പുത്രിയുമായ കവയിത്രി കനിമൊഴിക്കാണ് ഒരു ഉത്തരേന്ത്യക്കാരിയായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയില്‍നിന്ന് ഹിന്ദി സംബന്ധിച്ച അരുചികരമായ അനുഭവം ഏറ്റുവാങ്ങേണ്ടിവന്നത്. ലോക്സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കുകൊള്ളാനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ കനിമൊഴിയോട് വിമാനത്താവളത്തിന്റെ സുരക്ഷാചുമതല വഹിക്കുന്ന കേന്ദ്ര വ്യവസായസുരക്ഷാസേനയുടെ (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥരിലൊരാള്‍ സംസാരത്തിനിടെ ഹിന്ദി അറിയില്ലേ എന്ന് ചോദിക്കുകയായിരുന്നു. ‘ഹിന്ദി അറിയാത്ത താങ്കള്‍ ഒരു ഇന്ത്യക്കാരിയാകുന്നതെങ്ങനെ’ എന്നുകൂടി ചോദിച്ച് ഉദ്യോഗസ്ഥ എം.പിയെ ആക്ഷേപപൂര്വം പരഹസിക്കുകയുണ്ടായി. ഹിന്ദിയില്‍ എന്തോ ചോദിച്ചതിന് തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ പറയാമോ എന്നും ചോദിച്ചതിനാണത്രെ ഇത്തരമൊരു ദുരനുഭവം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയില്‍നിന്ന് രാജ്യത്തെ ജനപ്രതിനിധിക്ക് നേരിടേണ്ടിവന്നതെന്നത് ലളിതമായി കാണേണ്ടതല്ല. ഹിന്ദി അറിയുന്നില്ലെങ്കില്‍ ഇന്ത്യന്‍ പൗരനോ പൗരയോ ആകാന്‍ യോഗ്യരല്ലെന്നുള്ള ഉത്തരേന്ത്യക്കാരിയായ ജീവനക്കാരിയുടെ ധാര്‍ഷ്ട്യവും താന്തോന്നിത്തവുമാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. സര്‍വരാലും നിര്‍ബന്ധമായും ചോദ്യം ചെയ്യപ്പെടേണ്ടതും.
സംഭവത്തിനുശേഷം എം.പി വിഷയം ട്വിറ്ററില്‍ പോസ്റ്റുചെയ്യുകയും ബന്ധപ്പെട്ടവരോട് വിവരം പറയുകയും ചെയ്തു. ഇതോടെ സി.ഐ.എസ്.എഫിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ തന്നെ ഡല്‍ഹിയില്‍ നേരില്‍വന്ന് കാണുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പുതരികയും ചെയ്തതായി കനിമൊഴി വെളിപ്പെടുത്തുകയുണ്ടായി. അന്വേഷണം നടന്നെങ്കിലും നടപടിയൊന്നുമുണ്ടായതായി ഇതുവരെ വിവരമില്ല. എന്നാല്‍ നടപടി വേണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് താന്‍ ആവശ്യപ്പെട്ടെന്നുമാണ് കനിമൊഴി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. കനിമൊഴിയെയും അവരുടെ പാര്‍ട്ടിയെയും പാരമ്പര്യത്തെയും കുറിച്ച് അറിവുള്ളയാരിലും ഇത് അത്ഭുതമുളവാക്കുന്നില്ല. എന്നാല്‍ വിഷയം തമിഴകവും കടന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഭാഷ സംബന്ധിച്ച പുതിയ ചോദ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒരിക്കല്‍കൂടി വഴിവെച്ചിരിക്കുകയാണ്. സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും തമിഴ്നാട്ടുകാരനുമായ പി.ചിദംബരം, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ശശിതരൂര്‍ എം.പി, തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരെല്ലാം വിഷയത്തില്‍ തങ്ങളുടെ രോഷവും അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയിലാണ് സംഭവമെന്നതിനാലാണ് താന്‍ പരാതിപ്പെട്ടതെന്ന് പറയുന്ന കനിമൊഴി ഡല്‍ഹിയിലായിരുന്നെങ്കില്‍ താനത് കാര്യമാക്കുമായിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ചെന്നൈയെയും കൊച്ചിയെയും ബംഗളൂരുവിനെയും പോലെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലുമൊരിടത്ത് ജോലിചെയ്യുന്ന ഉത്തരേന്ത്യക്കാരനായ ഒരു സര്‍ക്കാര്‍ ജീവനക്കാരന് തന്റെ മാതൃഭാഷയായ ഹിന്ദിക്ക് പുറമെ ഇംഗ്ലീഷോ പ്രാദേശിക ഭാഷയോ അറിയുന്നതായിരിക്കും അഭികാമ്യമായിട്ടുള്ളതെന്നാണ് സി.ഐ.എസ്.എഫ് പോലും ഇപ്പോള്‍ സമ്മതിക്കുന്നത്. അവര്‍ അതു സംബന്ധിച്ച് ചട്ടങ്ങളില്‍ മാറ്റം വരുത്താനും ദക്ഷിണേന്ത്യയിലും മറ്റും അതാതിടത്തെ പ്രാദേശിക ഭാഷയറിയാവുന്നവരെ മാത്രം ജോലിക്ക് നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് ഇന്നലെ പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത്രയെങ്കിലും നല്ലതുതന്നെ. എന്നാല്‍ അതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഹിന്ദി അറിയാത്തത് മാത്രമായിരുന്നില്ല ചെന്നൈയിലെ പ്രശ്നം എന്നത് കാണാതിരുന്നുകൂടാ. കനിമൊഴിയോട് തട്ടിക്കയറിയ വ്യക്തി വ്യംഗ്യമായി പറഞ്ഞത് ഹിന്ദി അറിയില്ലെങ്കില്‍ ഇന്ത്യക്കാരിയാവില്ലെന്നായിരുന്നു. ഈയൊരു മിഥ്യാബോധം രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരിലും പൊതുജനങ്ങളിലും അങ്കുരിപ്പിച്ചതില് ആര്‍ക്കാണ് ഉത്തരവാദിത്തം? ഇന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പി വിശേഷിപ്പിക്കപ്പെടുന്നത് തീവ്ര വലതുപക്ഷ അതിദേശീയതാപാര്ട്ടിയായാണ്. ഉത്തരേന്ത്യയെ മാത്രം പ്രധാനമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള നയനിലപാടുകളാണ് ആ പാര്‍ട്ടിയുടെ ഇത:പര്യന്തമായ സത്തതന്നെ. ഹിന്ദുത്വം പോലും ഉത്തരേന്ത്യയില്‍നിന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളിലേക്ക് അടിച്ചേല്പിക്കുന്നതാണ് അവരുടെ രീതി. ദക്ഷിണേന്ത്യക്കാര്‍ കറുത്ത വരാണെന്നും അവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്നുമുള്ള വാദം പണ്ടു മുതലേ ഉത്തരേന്ത്യന്‍ മനസ്സുകളില്‍ പൊതുവില്‍ നിലവിലുണ്ടുതാനും. ഹിന്ദു മതത്തിലെ വിശ്വാസ കാര്യങ്ങളില്‍പോലും ഈയൊരു ഉത്തര-ദക്ഷിണാന്തരം ദര്ശിക്കപ്പെടാറുമുണ്ട്.
ഭരണഘടനാപ്രകാരം ഇന്ത്യയില്‍ 22 ഭാഷകളെയാണ് ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുള്ളത്. പണ്ഡിറ്റ് നെഹ്റുവിന്റെ കാലത്തുതന്നെ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശികഭാഷയും എന്ന ത്രിഭാഷാപദ്ധതി രാജ്യത്ത് നടപ്പിലാക്കിയതാണ്. അടുത്തകാലത്ത് ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഹിന്ദി അടിച്ചേല്പിക്കാന് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ ഗൂഢശ്രമത്തെ ദേശസ്നേഹികളൊരുമിച്ച് ചെറുത്തത് പാഠമാണ്. എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തെ 50 ശതമാനത്തോളം പേര് മാത്രം സംസാരിക്കുന്ന ഹിന്ദിയെ മറ്റുള്ളവരിലടിച്ചേല്പിക്കാനുള്ള നീക്കം പ്രാദേശിക ഭാഷാ-സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റവും ഭരണഘടനാവിരുദ്ധവുമാണ്; ജനാധിപത്യ വിരുദ്ധമാണത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് മറുപടിയായി എന്തുകൊണ്ട് ഉത്തരേന്ത്യക്കാര്‍ക്ക് തമിഴ് പഠിച്ചുകൂടാ എന്ന ചോദ്യമാണ് ചിലരുയര്ത്തിയത്. ബഹുഭൂരിപക്ഷം പ്രദേശങ്ങളും പ്രമുഖ സംസ്ഥാനങ്ങളും തലസ്ഥാനവും ഹിന്ദി ഭാഷാമേഖലയിലായിരിക്കെ ഹിന്ദിയുടെ അമിതവത്കരണത്തെ സ്വാഭാവികമായേ കാണേണ്ടതുള്ളൂ. ഹിന്ദിയോടുള്ള അമിത പ്രേമംപോലെതന്നെ അപടകരമാണ് ഇടുങ്ങിയ ഹിന്ദി വിരുദ്ധതയും. ഉത്തരേന്ത്യന്‍ സവര്ണരീതികളോടുള്ള വിരോധമാകാം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ തമിഴ്നാട്ടില്‍ ഹിന്ദി വിരോധം ഇത്രയും പടരാനുള്ള മുഖ്യകാരണം. തമിഴ്നാട്ടില്‍ സ്വാതന്ത്ര്യത്തിനുമുമ്പ് ആരംഭിച്ച ഹിന്ദി വിരുദ്ധ പ്രക്ഷോഭം നിരവധി പേരുടെ മരണത്തിനുവരെ കാരണമായത് ഓര്‍ക്കുക. ഒരു മതവും ഭാഷയും ജാതിയുമാകരുത് ദേശീയതയും പൗരത്വവും നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍. വ്യക്തിയുടെ ആത്മാഭിമാന സൂചകങ്ങളാണവ. സങ്കുചിതമല്ലാത്ത, പ്രവിശാലവും സര്‍വാംഗീകൃതവും ഇന്‍ക്ലൂസീവും ബഹുസ്വരവുമായ ഭാഷാരീതിയും ദേശീയതയുമാകട്ടെ നമ്മെ നയിക്കേണ്ടത്. കേവലം ഉത്തരേന്ത്യ ക്കാരന്റെ ഇംഗിതത്തിനനുഗുണമാകരുത് ജനാധിപത്യ മതേതരഇന്ത്യയുടെ ഭാഷാനയവും ദേശീയതതാസങ്കല്പവും.