സ്ത്രീകളെയും നിയമത്തെയുംവെല്ലുവിളിക്കുന്ന സി.പി.എം

സി.പി.എം നേതാവും ഷൊര്‍ണൂര്‍ നിയമസഭാഗവുമായ പി.കെ ശശിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ലൈംഗികാതിക്രമ പരാതിയിന്മേല്‍ ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന വൈരുധ്യാത്മകമായ നിലപാട് രാജ്യത്തെ സ്ത്രീ സമൂഹത്തിനും നീതികാംക്ഷിക്കുന്നവര്‍ക്കും പീഡിതര്‍ക്കും ഭരണഘടനാ-നിയമസംവിധാനങ്ങള്‍ക്ക് പൊതുവെയും തീരാകളങ്കം ചാര്‍ത്തുന്നതായിരിക്കുന്നു.

ആറു മാസം മുമ്പ് പാലക്കാട് മണ്ണാര്‍ക്കാട്ടെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ചൊവ്വാഴ്ച മാത്രമാണ് മാധ്യമങ്ങളിലുടെ വിവരം പുറത്തുവരുന്നത്. യുവതിയുടെ പരാതിയില്‍ നിയമസഭാംഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അടങ്ങിയിട്ടുള്ളത്. പാര്‍ട്ടി ഓഫീസില്‍ വെച്ച് നേരിട്ടും ഫോണിലൂടെ നിരന്തരമായും ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് ഭീഷണി സ്വരത്തിലും എം.എല്‍.എ പീഡിപ്പിച്ചതായാണ് പരാതിയിലുള്ളത്. ഇത് ശരിയാണെങ്കില്‍ ഉടന്‍തന്നെ ഇയാള്‍ക്കെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തേണ്ടതാണ്. പക്ഷേ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം സംബന്ധിച്ചുള്ള 2010ലെ നിയമത്തിന്റെ പഴുതുപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനുള്ള ഹീന മാര്‍ഗങ്ങളെക്കുറിച്ചാണ് സി.പി.എം നേതൃത്വവും ഇടതു സര്‍ക്കാരും തലപുകച്ചുകൊണ്ടിരിക്കുന്നതെന്നാണ് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്.

ഇതേസമയത്തുതന്നെയാണ് ഇരിഞ്ഞാലക്കുട ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ എം.എല്‍.എ ഹോസ്റ്റലില്‍വെച്ച് പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന പരാതിയും ഉയര്‍ന്നിരിക്കുന്നത്. അധികാരത്തിന്റെ തണല്‍ ദുര്‍ബലരായ സ്ത്രീസമൂഹത്തെ പിച്ചിച്ചീന്താനുള്ളതാണെന്നാണോ കേരള മാര്‍ക്‌സിസ്റ്റുകള്‍ ധരിച്ചുവശായിരിക്കുന്നത്? കമ്യൂണിസ്റ്റ് രീതിയനുസരിച്ച് ഇതിനെ ന്യായീകരിക്കാമെങ്കിലും ഇന്ത്യയുടെ നീതിന്യായ സംവിധാനത്തെയാണ് ഇക്കൂട്ടര്‍ അതിനഗ്നമായി അപഹസിച്ചുകൊണ്ടിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ ജില്ലാസമിതിയംഗമാണെന്നതിനാല്‍ നീതി പ്രതീക്ഷിച്ചായിരിക്കാം ആദ്യം യുവതി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ ഒരു സഹപ്രവര്‍ത്തകയുടെ പരാതിയിന്മേല്‍ ജില്ലയിലെയും സംസ്ഥാനത്തെയും സി.പി.എം നേതൃത്വങ്ങള്‍ ക്രൂരവും കുറ്റകരവുമായ മൗനം അവലംബിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. വാക്കാലുള്ള പരാതി പരിഗണിക്കാതെ വന്നപ്പോള്‍ ആഗസ്റ്റ് 14ന്് യുവതി ജില്ലാനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രേഖാമൂലം പരാതി നല്‍കുകയായിരുന്നു. പരാതി കിട്ടിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സമ്മതിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മാത്രവും. യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയതുകൊണ്ട് തങ്ങള്‍ അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് മലയാളിയുടെ പ്രബുദ്ധതയെയും സാമാന്യബോധത്തെയും ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ ചുമതല കോടിയേരി ബാലകൃഷ്ണനാണോ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്!

സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം, സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് പദവികളാണ് പി. ശശി പാര്‍ട്ടിയില്‍ വഹിക്കുന്നതെങ്കിലും ഇരയായിരിക്കുന്നത് ഒരു ഇന്ത്യന്‍ പൗരയാണെന്നതും പ്രതി നിയമസഭാംഗമാണെന്നതും തീര്‍ച്ചയായും ഭരണകൂടം മുഖവിലക്കെടുക്കേണ്ട ഗൗരവമായ ഘടകമാണ്. പാര്‍ട്ടി നേരിട്ട് നടത്തുന്ന കൊലപാതകങ്ങളെയടക്കം സ്വന്തമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുമ്പും പറഞ്ഞിട്ട് എന്തുണ്ടായി? കണ്ണൂര്‍ ജില്ലാസെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പി.ശശിക്കെതിരെയും എറണാകുളം മുന്‍ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയും പാര്‍ട്ടി സഹയാത്രികരില്‍നിന്ന് സമാനമായ പരാതിയുയര്‍ന്നപ്പോള്‍ പൊലീസിന് കൈമാറാതെ സ്വന്തമായി അന്വേഷിച്ച പാര്‍ട്ടി അതിന്മേല്‍ അവരെ ജനങ്ങളുടെ മറവിയെ മുതലാക്കി തിരിച്ചെടുക്കുകയായിരുന്നു. ഇനി തെറ്റു കണ്ടെത്തിയാല്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ശിക്ഷ കൊടുക്കാന്‍ സി.പി.എമ്മിന് സ്വന്തമായി തടവറകളുണ്ടോ?

ലൈംഗികാരോപണത്തിന് വിധേയനായ മന്ത്രി സി.കെ ശശീന്ദ്രനെതിരെ പൊലീസ് നടത്തിയ അന്വേഷണത്തെ നിര്‍വീര്യമാക്കി, രാജിവെച്ചയാളെ തിരിച്ചെടുത്ത ചരിത്രവും ഇതേ ഇടതുപക്ഷത്തിനുള്ളതാണ്. മുമ്പ് സ്ത്രീ പീഡകരെ കയ്യാമംവെച്ച് നടത്തുമെന്ന് വീമ്പു പറഞ്ഞ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ മൗനം ദുരൂഹതയുണര്‍ത്തുന്നു. ടീം സോളാര്‍ അഴിമതിക്കേസിലെ പ്രതി സരിതനായര്‍ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ വാലില്‍പിടിച്ച് നാട്ടിലെമ്പാടും കോലാഹലം സൃഷ്ടിച്ച് മുതലെടുപ്പിലൂടെ അധികാരത്തിലേറിയ സി.പി.എമ്മും ഇടതുപക്ഷവും സ്ത്രീ സുരക്ഷയെ തങ്ക ലിപികളിലാണ് അതിന്റെ പ്രകടനപത്രികയില്‍ കുറിച്ചുവെച്ചിരുന്നത്. ഇത് വിശ്വസിച്ച് തങ്ങള്‍ക്ക് വോട്ടു നല്‍കിയവരെ പരിഹസിക്കുകയാണിപ്പോള്‍ ഇടതുപക്ഷവും സര്‍ക്കാരും. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തിട്ട് മാസങ്ങളായിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്‍ കൂട്ടാക്കാത്ത പൊലീസാണ് ഇവിടെയുള്ളത്. കെ.എസ്.യു, യുവമോര്‍ച്ചാ നേതാക്കള്‍ നല്‍കിയ പരാതികളില്‍ ശശിക്കെതിരെ ഡി.ജി.പി നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ബിഷപ്പ് കേസിലെ മാര്‍ഗംപോലും പാര്‍ട്ടി നേതാവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അവലംബിക്കുമെന്ന ്ഇപ്പോള്‍ കരുതാന്‍വയ്യ. പരാതിക്കാരി പരാതി നേരിട്ടുതന്നിട്ടില്ലെന്ന് ന്യായീകരിക്കുന്ന സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, കമ്മീഷന്റെ നിയമാവലിയില്‍ എവിടെയാണ് അങ്ങനെയൊരു വ്യവസ്ഥയുള്ളതെന്ന് കാട്ടിത്തരാനുള്ള തന്റേടം കാണിക്കണം. മാധ്യമ വാര്‍ത്തകളനുസരിച്ച് ശശിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷയുടെ അഭിപ്രായം സര്‍ക്കാര്‍ അനുസരിക്കണം.

കേരളത്തെയും യുവാക്കളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ചോരപ്പുഴയൊഴുക്കിയുള്ള സമരങ്ങള്‍ക്ക് ചൂട്ടുപിടിച്ചിട്ടുള്ള ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭീരുത്വ മുഖമാണ് സ്വന്തം സഹപ്രവര്‍ത്തകയുടെ പീഡന വിവരം ചോദിക്കുമെന്ന് ഭയന്ന് മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് പാത്തും പതുങ്ങിയും കാറില്‍കയറി രക്ഷപ്പെടുന്നതിലൂടെ കേരളം കണ്ടത്. ഇത് അതീവ ദയനീയം തന്നെ. തങ്ങളുടെ നേതാവിന്റെ ഇര സ്വന്തം സംഘടനയുടെ ജില്ലാ ഭാരവാഹിയാണെന്നത് അവരുടെ ഉത്തരവാദിത്തം എത്രയോ മടങ്ങ് വര്‍ധിപ്പിക്കുന്നുവെന്ന് പാര്‍ട്ടി വിധേയത്വത്തിന്റെ ഇരുട്ടറക്കുള്ളിലിരിക്കുമ്പോള്‍ അതിന്റെ നേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടാവില്ല. പ്രശ്‌നത്തില്‍ പാര്‍ട്ടി അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. സ്വകാര്യ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നമ്മുടെയെല്ലാം സഹോദരിക്കാണ് ഇവിടെ മാനനഷ്ടം സംഭവിച്ചിരിക്കുന്നത് എന്നതിനാല്‍ പ്രതിയെ അറസ്റ്റുചെയ്യാനും ആരോപണം തെളിയുംവരെ തടവില്‍വെക്കാനും വേണ്ടിവന്നാല്‍ നിയമസഭാംഗത്വം റദ്ദുചെയ്യിക്കാനും സി.പി.എം എന്ന തൊഴിലാളി പാര്‍ട്ടി ആര്‍ജവം കാട്ടണം. ശശി വിളമ്പിയ കമ്യൂണിസ്റ്റുകാരന്റെ ധീരതയും ഇടതുപക്ഷത്തിന്റെ നീതിബോധവും തെളിയിക്കാനുള്ള അപൂര്‍വാവസരമാണിത്.