സമ്പൂര്‍ണ രസതന്ത്രം

രണ്ടാം മുണ്ടശ്ശേരി എന്നൊന്നുമുള്ള വിശേഷണ ഭാരം ഇല്ലെന്നേയുള്ളൂ എം.എ ബേബിയുടെ അസ്‌കിതകളേറെയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനുണ്ട്. മതമില്ലാത്ത ജീവന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചയാളാണ് ബേബിയെങ്കില്‍ മതവും ജാതിയുമില്ലാത്ത 1.24 ലക്ഷം കുട്ടികളെ വെറും രണ്ട് വര്‍ഷം കൊണ്ട് രൂപപ്പെടുത്തിയ രവീന്ദ്രനാഥ് ചില്ലറക്കാരനല്ല. ജാത്യാചാരം സഹിക്കാതെ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് വിവേകാനന്ദനായിരുന്നു. ജാതിയിലേക്കും മതത്തിലേക്കും സകല പിന്തിരിപ്പത്തത്തിലേക്കും കേരളം തിരിച്ചുപോകുന്നുവെന്ന് ഉത്കണ്ഠപ്പെട്ടിരിക്കെയാണ് ഒന്നേകാല്‍ ലക്ഷം കുട്ടികളെ ജാതി മത രഹിതരാക്കിയെന്ന പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നടത്തിയത്. ശ്രീനാരായണ വിദ്യാമന്ദിരിലെ കുട്ടികള്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ ജാതിയില്ല എന്ന് പ്രഖ്യാപിച്ചതില്‍ അത്ഭുതപ്പെടാനില്ല. നാരായണഗുരു നമുക്ക് ജാതിയില്ലെന്ന് പ്രഖ്യാപിച്ചതിന്റെ ശതാബ്ദിയാഘോഷത്തിലാണല്ലോ കേരളം. അധികം വൈകാതെ കാര്യം മന്ത്രിക്കും ജനത്തിനും ബോധ്യപ്പെട്ടു. പറ്റിച്ചത് സമ്പൂര്‍ണയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടലില്‍ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍, ജാതി മത വിവരം ചേര്‍ക്കല്‍ നിര്‍ബന്ധമല്ലായിരുന്നത് കാരണം പല സ്‌കൂളില്‍ നിന്നും സമ്പൂര്‍ണയിലെത്തിയത് അപൂര്‍ണ വിവരങ്ങള്‍. മ്മ്ണി ബല്യ സംഭവം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഐടി@ സ്‌കൂളിനെ കമ്പനിയാക്കിയുണ്ടാക്കിയ കൈറ്റിന്റെ വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദാത്ത്. വൈകാതെ അന്‍വര്‍ സാദാത്ത് പോസ്റ്റ് മുക്കിയെങ്കിലും നിയമസഭാരേഖകളില്‍ സംസ്ഥാനത്തിന്റെ ‘നേട്ടം’ കിടക്കുന്നു.
ആദ്യവര്‍ഷം തന്നെ എസ്.എസ്.എല്‍.സിക്ക് കണക്ക് പരീക്ഷ രണ്ടാമത് നടത്തിയതാണ്. ഇക്കുറി ഹയര്‍ സെക്കണ്ടറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നില്ലെന്ന് വരുത്താന്‍ പൊലീസ് ഏറെ ഊര്‍ജം ചെലവഴിച്ചു.
ബേബി ഉട്ടോപ്യനായിരുന്നെങ്കില്‍ പ്രായോഗിക ബുദ്ധിക്കാരനാണെന്നാണ് സി. രവീന്ദ്രനാഥിന്റെ ഖ്യാതി. കൊടകര മണ്ഡലത്തെ പച്ചക്കറി, പൂക്കള്‍, പാല്‍ സ്വാശ്രയമാക്കി. നിവേദ്യ കദളി എന്ന പേരില്‍ നേന്ത്രവാഴക്കൃഷി നടത്തി. ബേബിക്ക് താടിയുണ്ട്. തടിയും. രവീന്ദ്രന് രണ്ടുമില്ല. എന്നാല്‍ നല്ല ചായം തേച്ച് കടും നിറത്തിലെ കുപ്പായവും അതേനിറം കരയുള്ള മുണ്ടുമൊക്കെയായ രവീന്ദ്രനാഥ് ക്ലാസെടുക്കും പോലെ പ്രസംഗിക്കും. രസം പോകാതെ ദീര്‍ഘകാലം രസതന്ത്രം പഠിപ്പിച്ച പരിചയം പ്രസംഗത്തിലൂടെ പ്രതിഫലിക്കുമ്പോള്‍ ആരും പറഞ്ഞുപോകും വിദ്യാഭ്യാസ മന്ത്രിക്ക് മിനിമം നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കാനെങ്കിലും കഴിയണമെന്ന്.
പിണറായിക്കാലത്ത് മന്ത്രിസഭയെന്നാല്‍ മുഖ്യനാണ്. ഈ അരിയിട്ടു വാഴ്ചക്കിടയില്‍ സന്ദര്‍ഭവശാല്‍ ശ്രദ്ധിക്കപ്പെടാന്‍ രവീന്ദ്രനാഥിന് കഴിയുന്നു. ഈ സര്‍ക്കാര്‍ ആകെ പരിപാടിയായി പൊതു വിദ്യാഭ്യാസ ശാക്തീകരണം നടപ്പാക്കുന്നതിനാല്‍. എട്ട് മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും അടുത്ത ജൂണിന് മുമ്പായി ഹൈടെക്കാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം. ഒരു പ്രൊജക്ടറും ലാപ്‌ടോപ്പും നല്‍കുമെന്നര്‍ഥം. മിക്കവാറും സ്‌കൂള്‍ ക്ലാസ് മുറികള്‍ മുന്‍ സര്‍ക്കാറുകളുടെ കാലത്ത് സ്മാര്‍ട്ടാണ്. ആ ഉപകരണങ്ങള്‍ കേടുവന്ന് റിപ്പയര്‍ ചെയ്യാന്‍ ഗതിയില്ലാതെ പ്രധാനാധ്യാപകര്‍ ബുദ്ധിമുട്ടുന്നതിനിടെ പുതിയ ഉപകരണങ്ങള്‍ ആശ്വാസം തന്നെ.
എയ്ഡഡ് കോളജായ സെന്റ് തോമസില്‍ പഠിച്ച് അവിടെ തന്നെ അധ്യാപകനായ രവീന്ദ്രനാഥ് വിവാഹം കഴിച്ചത് മറ്റൊരു എയ്ഡഡ് കോളജ് അധ്യാപിക എം.കെ വിജയത്തെ. സാക്ഷരത, ജനകീയാസൂത്രണം, എ.കെ.പി.സി.ടി.എ. എന്നീ പ്രശ്‌നങ്ങളുമായി നീങ്ങിയ സി.പി.എമ്മുകാരനായ ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്തെകുറിച്ച് ചില സൂചനകള്‍ നല്‍കിയത് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെയാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും കാവിവത്കരണം എന്ന് പറയാവുന്ന രണ്ട് മൂന്ന് സന്ദര്‍ഭങ്ങളെങ്കിലുമുണ്ടായി. ഒന്ന് ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ അയച്ചതാണ്. രണ്ടാമത് സംഘ് സാഹിത്യങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയത്. ഇത് വിവാദമായപ്പോഴാണ്, വിദ്യാര്‍ഥിയായിരിക്കെ രവീന്ദ്രനാഥ് ചേരാനല്ലൂര്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയെന്നും സെന്റ് തോമസ് കോളജില്‍ എ.ബി.വി.പി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുകയും പിന്‍വലിക്കുകയും ചെയ്‌തെന്നും അനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രവീന്ദ്രനാഥ് അത് നിഷേധിച്ചുവെങ്കിലും ആര്‍.എസ്.എസ് ജില്ലാ ഭാരവാഹിയായിരുന്ന രാമചന്ദ്രന്‍ കര്‍ത്തായുടെ മരുമകനാണെന്ന് ചൂണ്ടിക്കാട്ടിയവര്‍ സാധ്യതയെ തള്ളിയില്ല. കോളജില്‍ അന്നത്തെ വരണാധികാരിയുടെ പേരും പരാമര്‍ശവിധേയമായി. രവീന്ദ്രനു വേണ്ടി അനില്‍ അക്കരെയെ കൊച്ചാക്കാന്‍ പോസ്റ്റിട്ട അശോകന്‍ ചെരുവിലും ഈ സാധ്യതയെ വെച്ചുകൊടുത്തു. കുട്ടിക്കാലത്തെ മുന്‍നിര്‍ത്തി ആരെയും ആക്ഷേപിക്കരുതെന്നും 30 വര്‍ഷമായി രവീന്ദ്രനാഥിനെ അറിയാമെന്നുമായിരുന്നു ചെരുവിലിന്റെ പോസ്റ്റ്. 62 കാരനായ മന്ത്രിയുടെ ആദ്യത്തെ മുപ്പത് വര്‍ഷത്തിലാണല്ലോ കോളജ് വിദ്യാഭ്യാസം. മത്സ്യ മാംസാദികള്‍ സ്‌കൂള്‍ മെനുവില്‍ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രിയുടെ അഭ്യര്‍ഥനയിലും ചിലര്‍ ഈ ബാല്യസ്മൃതികള്‍ ആരോപിച്ചു. പൊരിച്ച മത്സ്യത്തെയും മാംസത്തെയുമാണ് നിരുത്സാഹപ്പെടുത്തിയതെന്ന വിശദീകരണം നല്‍കേണ്ടിവന്നു.

SHARE