അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്കാന് തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്‍ എത്തിനില്‍ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്‍ വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്‍ ഈ പാപ്പര്‍ ഹരജി നിര്‍ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തി നില്ക്കുന്ന അനില്‍ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്‍ പോര്‍വിമാന ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയാക്കി മോദിസര്‍ക്കാര്‍ അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി ബന്ധത്തിന്റെ പിന്നാമ്പുറം തെളിഞ്ഞുവരുന്നത്.
പാപ്പരത്ത ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുന്ന, കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. റഫാല്‍ കരാര്‍ റിലയന്‍സിന് സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണാത്മക ലേഖനം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. കരാറില്‍ റിലയന്‍സിന്റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്‍ 2012ല്‍ യു.പി.എ സര്‍ക്കാര്‍ നടത്തിയ ആഗോള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കായി മോദി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ അടക്കമുള്ളവ ഒഴിവാക്കി കരാറിന്റെ സ്വഭാവം തന്നെ മാറ്റുകയും ദസോയെയും റിലയന്‍സിനെയും കരാറില്‍ വാണിജ്യ പങ്കാളികളാക്കുകയും ചെയ്തു.
റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്സൈറ്റ് പുറത്ത് വിട്ടിരുന്നു. ദസോ ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം. ഇത് പ്രധാനമന്ത്രിയുടെ താല്‍പര്യത്തോടെയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റഫാല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു. റഫാല്‍ പോര്‍വിമാന ഇടപാടു വഴി അനില്‍ അംബാനിയുടെ കമ്പനിക്ക് കിട്ടുക 30,000 കോടി രൂപയുടെ ഓഫ്സെറ്റ് ഇടപാടാണ്.
സാമ്പത്തികമായും രാഷ്ട്രീയമായും മുന്നില്‍നില്‍ക്കുന്ന കമ്പനിയെന്ന നിലയിലാണ് റിലയന്‍സ് കരാറില്‍ ഇടംപിടിച്ചതെന്ന ധാരണയാണ് ഇപ്പോള്‍ തകിടം മറിഞ്ഞത്. പാപ്പര്‍ ഹരജി കൂടി വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയാവുകയാണ് എന്ന് വേണം കരുതാന്‍. രാഷ്ട്രീയഇടനാഴികളില്‍ കോര്‍പറേറ്റ് തന്ത്രങ്ങള്‍ വിരിയിച്ചെടുത്ത അടവുകളായിരുന്നു കോടികളുടെ കച്ചവടമായി മാറിയതെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസമാണ് അനില്‍ അംബാനിയുടെ ആര്.കോം എന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കമ്പനി നിയമ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്കാന് തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്‍ ആരും തയ്യാറാകാത്തതുമാണ് കാരണമായി പറയുന്നത്.
ആസ്തികള്‍ വിറ്റ് കടം വീട്ടാന്‍ നോക്കിയിട്ട് നടക്കുന്നില്ലെന്നും മുന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ജ്യേഷ്ഠന് മുകേഷ് അംബാനി തയ്യാറാവാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അടിസ്ഥാന സൗകര്യത്തിലും സ്പെക്ട്രത്തിലും മുകേഷിന്റെ ജിയോ കമ്പനിയുമായുണ്ടാക്കിയ ധാരണ നടന്നതുമില്ല. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണാണ് തരാനുള്ള 550 കോടി രൂപ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജിയോക്ക് സ്പെക്ട്രം വിറ്റാല്‍ 975 കോടി രൂപ കിട്ടുമെന്നും ഇതില്‍നിന്ന് എറിക്സണ് കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമുള്ള വാക്ക് പാലിക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതും ഇതേ തുടര്‍ന്ന് പാപ്പര്‍ ഹരജിയിലേക്ക് നീങ്ങിയതും. സാമ്പത്തിക ബാധ്യതകള്‍ അടച്ചുതീര്‍ക്കാത്തവരെ തൂക്കിക്കൊല്ലാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിയമമില്ലാത്തതിനാല്‍ കടം വാങ്ങിയവര്‍ക്ക് ഒരു പ്രശ്നവുമില്ല. പണം കൊടുത്തവര്‍ക്കാണ് വേവലാതി. മാത്രമല്ല പണം തട്ടിച്ച് നാട്ടില്‍നിന്നും മുങ്ങിയ പ്രമുഖരുടെ കഥകള്‍ അറബിക്കഥപോലെ ജനപ്രിയവുമാണ്.
എല്ലാ അനുകൂല വഴികളും തന്നിലേക്കടുപ്പിച്ച് വ്യവസായ സാമ്രാജ്യം വളര്‍ത്തിയ പ്രമുഖരില്‍ മുമ്പനായ അനില്‍ അംബാനിയുടെ റിലയന്‍സ് നേരത്തെയും ഇത്തരം സാമ്പത്തിക ബാധ്യതകളില്‍ കൈകഴുകി രക്ഷപ്പെടാന്‍ ഒരുങ്ങിയതാണ് ചരിത്രം. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാര്‍ പ്രകാരം കോസ്റ്റ് ഗാര്‍ഡിന് 14 അതിവേഗ പട്രോള്‍ ബോട്ടുകള്‍ നല്കാന് കരാറുണ്ടാക്കി കാശു വാങ്ങിയ റിലയന്‍സ് ഡിഫന്‍സ് ആന്റ് എഞ്ചിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലാണ്. കാശു വാങ്ങിയെങ്കിലും ബോട്ടുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് കമ്പനി തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ കേസില്‍ പ്രതിസ്ഥാനത്താണ്. മുംബൈയിലെ വൈദ്യുതി ബിസിനസുകാര്‍ റിലയന്‍സായിരുന്നു. തകര്‍ച്ചയെ തുടര്‍ന്ന് കമ്പനിയെ നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ ഈ ഇടപാടിനു പറയാനുണ്ട്.
കടക്കെണിയുടെ പേരിലും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചും ബിസിനസിലെ വിശ്വാസ്യത തകര്‍ത്തവരുടെ പട്ടിക വളരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലും തട്ടിപ്പിലൂടെയും തഴച്ചുവളരുന്നവര്‍ക്ക് ബാധ്യതകള്‍ മാത്രമാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും ഇവര്‍ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ വളരെ വലുതാണ്. ബോധപൂര്‍വം ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറി വ്യവഹാരങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയെന്ന കോര്‍പറേറ്റ് നയത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവര്‍ അതേ ആശ്വാസത്തിലാണ് കടലാസ് കമ്പനികളുമായെത്തി രാജ്യത്തിന്റെ തന്ത്രപ്രധാന ഇടപാടുകളില്‍ ഇടം നേടിയതും. ഇതിന് രാഷ്ട്രീയ സ്വാധീനവും ഭരണ പിന്തുണയും ചൂട്ടുപിടിക്കാനുണ്ടെങ്കില്‍ കാര്യം കുശാലായി. അങ്ങനെയൊക്കെയല്ലേ ജനാധിപത്യം വ്യവസായികള്‍ക്ക് അനുകൂലമാവുന്നത്.