ബസ് യാത്രക്കാരെ പരീക്ഷിക്കരുത്

കഴിഞ്ഞ നാലു ദിവസമായി നടന്നുവരുന്ന കേരളത്തിലെ സ്വകാര്യ ബസ് പണിമുടക്ക് ഇവയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതക്കയത്തിലായിരിക്കയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളുടെയും നടപടികളുടെയും ഇരകളാണ് സ്വകാര്യ ബസ് സര്‍വീസ് നടത്തിപ്പുകാരെന്നാണ് അവരുടെ പരാതി. എന്നാല്‍ വസ്തുതകളിലേക്ക് ചൂഴ്ന്നുനോക്കിയാല്‍ ഇതിന്റെയെല്ലാം പാപഭാരം മുഴുവന്‍ പേറേണ്ടിവരുന്നത് രാജ്യത്തെ സാധാരണക്കാരായ യാത്രക്കാരാണെന്നതാണ് ശരി. വെള്ളിയാഴ്ച ആരംഭിച്ച ബസ് സമരത്തിന് അറുതിവരുത്താന്‍ സര്‍ക്കാരോ ബസ്സുടമകളോ തയ്യാറല്ല എന്നത് പൗരന്മാരോടാകെയുള്ള വെല്ലുവിളിയാണ്. പല ചെറുകിട ബസ്സുടമകളും ഇന്നലെ സമരം ഉപേക്ഷിക്കാന്‍ തയ്യാറായത് സര്‍ക്കാരിനുള്ള താക്കീതാണ്.
സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം സ്വകാര്യ ബസ്സുടമകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ ബഹുഭൂരിപക്ഷവും ഓടുന്നത് തൃശൂര്‍, പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ്. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ട് വിവരണാതീതമായിട്ടും പേരിനൊരു ചര്‍ച്ച നടത്തിയെന്നുവരുത്തി കൈകഴുകിയിരിക്കുകയാണ് സര്‍ക്കാര്‍. വാര്‍ഷിക പരീക്ഷ നടക്കുന്ന സമയമാണിത്. ജീവനക്കാരും തൊഴിലാളികളില്‍ മിക്കവരും സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. രോഗികള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയവരെല്ലാം ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നത് ബസ്സുകളെയാണെന്നിരിക്കെ പണിമുടക്ക് നീട്ടിക്കൊണ്ടുപോകുന്നതിലെ ശരികേട് അധികാരികള്‍ തിരിച്ചറിയേണ്ടിയിരുന്നു.
സമരത്തിനുമുമ്പ് സ്വകാര്യ ബസ്സുടമസ്ഥ സംഘടനകളുടെ ആവശ്യം ഉദാരമായിത്തന്നെ സര്‍ക്കാര്‍ പരിഗണിക്കുകയും അവരുടെ ആവശ്യങ്ങളില്‍ നല്ലൊരുപങ്കും അനുവദിക്കുകയും ചെയ്തിരുന്നുവെന്നതാണ് കൗതുകകരം. ബസ് ചാര്‍ജ് മിനിമം ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിപ്പിക്കുകയും ആയത് മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ് സര്‍ക്കാര്‍. ഗതാഗത വകുപ്പു മന്ത്രിയാണ് കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്ത് ബസ്സുടമകളുമായി നടന്ന ചര്‍ച്ചക്കൊടുവില്‍ ബസ് ചാര്‍ജ് കൂട്ടിയതായി വ്യക്തമാക്കിയത്. സാധാരണഗതിയില്‍ സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദം മുറുകുമ്പോഴാണ് ഏതൊരു സര്‍ക്കാരും നിരക്കു വര്‍ധനക്ക് തയ്യാറാകുക. എന്നാല്‍ ഒരുദിവസത്തെ സൂചനാപണിമുടക്ക് പോലും ഇല്ലാതെയായിരുന്നു ഈ വര്‍ധന ജനങ്ങളുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പിച്ചത്. അതിനുംമുമ്പുതന്നെ അനിശ്ചിതകാല സമരത്തിന് ബസ്സുടമാസംഘടനകള്‍ തയ്യാറായി എന്നത് സര്‍ക്കാരും ബസ് മുതലാളിമാരും തമ്മിലെ അന്തര്‍നാടകത്തിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നു. ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ച് പിറ്റേന്നു തന്നെ സംഘടനകള്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക്‌നേരെയുള്ള വെല്ലുവിളിയായി. സ്വതവേ ഇത്തരമൊരു വര്‍ധനവ്-മിനിമം ചാര്‍ജില്‍ ഒരു രൂപയുടെ- ഒറ്റയടിക്ക് വരുത്തിയ നിലക്ക് സമരത്തില്‍നിന്ന് പിന്തിരിയുമെന്ന് കരുതിയ ജനങ്ങള്‍ക്കാണ് തെറ്റു പറ്റിയത്. വലിയ തിരക്ക് അനുഭവപ്പെടുന്ന, ആഴ്ചാന്ത്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ആബാല വൃദ്ധം ജനങ്ങള്‍ക്കാണ് ശരിക്കും തീ തിന്നേണ്ടിവന്നത്. തൊഴില്‍ മേഖലയില്‍ പകുതിയോളം പേര്‍ക്ക് തൊഴിലിടങ്ങളിലേക്ക് എത്താനാവാത്തവിധം സമരം തുടരുന്നത് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്നു. വ്യാപാര മേഖലയിലും കാര്യം തഥൈവ. സ്വകാര്യ വാഹനങ്ങളുള്ളതിനാല്‍ പലരും പെട്രോള്‍ തുക ചെലവാക്കിയാണ് നഷ്ടം സഹിച്ചും തൊഴിലിനെത്തുന്നത്.
തുടക്കത്തില്‍തന്നെ ബസ് മുതലാളിമാരുടെ ആവശ്യം അംഗീകരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതാണ് സര്‍ക്കാരിന് പറ്റിയ തന്ത്രപരമായ തെറ്റ്. മിനിമം ചാര്‍ജിലെ വര്‍ധനവുകൊണ്ട് തൃപ്തിപ്പെടാനാവില്ലെന്നാണ് അവരുടെ പക്ഷം. പത്തു രൂപയാണ് മിനിമം ചാര്‍ജായി അവര്‍ ആവശ്യപ്പെടുന്നതെങ്കിലും ഇപ്പോള്‍ പ്രധാനപ്പെട്ട ആവശ്യമായി ഉന്നയിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ചാര്‍ജിലെ വര്‍ധനയാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ മിനിമം അഞ്ചു രൂപയാക്കുകയും പ്രായം 24 ആക്കുകയുമാണത്രെ ആവശ്യം. ഇത് കേരളം പോലെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നൊരു സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒട്ടനവധി രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ നേടിയെടുത്തതാണ് കുറഞ്ഞ യാത്രാനിരക്ക്. അത് നിലനിര്‍ത്തപ്പെടേണ്ടത് വരും തലമുറകളുടെ കൂടി ആവശ്യമാണ്. എന്നാല്‍ സ്വകാര്യ ബസ്സുടമകള്‍ ഇത് സഹിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമെന്നു തോന്നുമെങ്കിലും അതിന് മറുപടി കേരളത്തിലൊഴികെ ഇന്ത്യയിലൊരിടത്തും ഇവിടുത്തെയത്രയും ബസ് നിരക്കില്ല എന്നതാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വടക്കേന്ത്യയിലൊരിടത്തും കിലോമീറ്ററിന് ഇത്രയും തുക ഈടാക്കപ്പെടുന്നില്ല. വെറും നാലു രൂപയായിരുന്ന മിനിമം ചാര്‍ജ് അടുത്തിടെയാണ് ആറു രൂപയാക്കി തമിഴ്‌നാട് വര്‍ധിപ്പിച്ചത്. പ്രക്ഷോഭത്തെതുടര്‍ന്ന് അത് വീണ്ടും വെട്ടിക്കുറച്ചു. മാത്രമല്ല, കേരളത്തിലേതുപോലുള്ള ആളോഹരിയാത്രക്കാരും സ്‌റ്റോപ്പുകളുമല്ല അവിടുങ്ങളിലൊക്കെ ഉള്ളത്. ഫെയര്‍‌സ്റ്റേജ് അപാകതകള്‍ സംബന്ധിച്ച ഹൈക്കോടതി വിധിയും പതിറ്റാണ്ടുകളായി ഏട്ടിലൊതുങ്ങുകയാണ്.
സ്വതവേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ഇന്ത്യയിലെ സാധാരണക്കാരിപ്പോള്‍. പെട്രോളിയം വില ഓരോ ദിവസവും നിലയില്ലാതെ കുതിക്കുകയും അതിന്മേല്‍ നികുതികൂട്ടി അവസരം മുതലാക്കുകയും ചെയ്യുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിലൂടെയും യാത്രാനിരക്കിലുടെയും അവരുടെമേല്‍ സാമ്പത്തിക പാറക്കല്ലുകള്‍ കയറ്റിവെക്കുകയാണ് സര്‍ക്കാരുകള്‍. ഇതിനനുസരിച്ച് ജനങ്ങളുടെ വേതനമോ ശമ്പളമോ വര്‍ധിക്കുന്നുമില്ല. വലിയൊരുഭാഗം ചെറുകിട നാമമാത്ര ഉടമകളാണ് കേരളത്തിലെ ബസ്‌സര്‍വീസ് നടത്തുന്നതെങ്കിലും അവരുടെ ന്യായമായ ആവശ്യം വകവെക്കുന്നതിന്റെ മറവില്‍ കുത്തക സര്‍വീസുകാര്‍ വീണ്ടും തടിച്ചുകൊഴുക്കാന്‍ ഇടവരരുത്. അയ്യായിരം കോടി രൂപയുടെ നഷ്ടം നികത്താനുള്ള അവസരമായി കെ.എസ്.ആര്‍.ടി.സിയും സമരത്തെ കാണരുത്. ജനങ്ങളെ വഴിയാധാരമാക്കി കൊലപാതക രാഷ്ട്രീയം കളിക്കുന്ന സര്‍ക്കാരും അവരെ പിഴിയാനിറങ്ങിയിരിക്കുന്ന സംഘടനക്കാരും ജനങ്ങളെ ഇനിയും പരീക്ഷിക്കാതെ സമരം നിര്‍ത്താന്‍ തയ്യാറാകണം.

SHARE