
അധികാരമേറ്റശേഷം നമ്മുടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന അമ്പതാമത്തെ രാജ്യമാണ് ഇസ്രാഈല്‍. അഹിംസയുടെ ആത്മീയസ്രോതസ്സായ ഇന്ത്യാമഹാരാജ്യത്തെ ഒരു പ്രധാനമന്ത്രി ലോക തീവ്രവാദത്തിന്റെ ഈറ്റില്ലമായ ഇസ്രാഈലില്‍ നടത്തിയ സന്ദര്‍ശനത്തെയും സഹകരണത്തെയും എങ്ങനെയാണ് വിശേഷിപ്പിക്കുക. ഇന്നലെ ജി-20 യോഗത്തില്‍ പങ്കെടുക്കാനായി ഹംബര്‍ഗിലെത്തിയ നരേന്ദ്രമോദി മിനിഞ്ഞാന്ന് ഇസ്രാഈലിലും പതിവുപോലെ ഭീകരത അടിച്ചമര്‍ത്തേണ്ടതിനെപ്പറ്റിയാണ് ഊന്നിപ്പറഞ്ഞത്. ഇതാകട്ടെ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്നതും ഉയര്‍ത്തിപ്പിടിക്കേണ്ടതുമായ മഹത്തായ ലോക സമാധാന നയത്തിന്റെ ഭാഗവുമാണ്. പക്ഷേ ജൂണ്‍ ആറിന് മോദി കയറിയ വിമാനം പുറപ്പെട്ടത് ലോകത്തെ ഭീകര രാഷ്ട്രമായി എണ്ണപ്പെടുന്ന രാജ്യങ്ങളിലൊന്നില്‍ നിന്നാണെന്നത് ഏറെ വൈരുധ്യാത്മകവും മോദിയുടെതന്നെ പ്രസ്താവനകളിലെ കാപട്യവുമാണ് വെളിച്ചത്താക്കിയിരിക്കുന്നത്. ഭീകരതക്കുള്ള പുതിയ നിര്‍വചനമാണ് മോദി തെല്‍അവീവില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. വേട്ടക്കാരനെ ഇരയാക്കുന്ന പുത്തന്‍ സിദ്ധാന്തം. 130 കോടിവരുന്ന ജനതയെ വെറും 84 ലക്ഷം മാത്രം വരുന്ന ജനതക്ക് മുന്നില്‍ അടിയറവുവെക്കുന്ന ഒരു മോദിയിന്‍ തിയറി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ജൂണ്‍മൂന്നിന് ന്യൂഡല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്ക് യാത്രതിരിക്കുമ്പോള്‍ ചരിത്രസൂചി 180 ഡിഗ്രിയിലേക്ക് തിരിയുകയായിരുന്നു. നമ്മുടെ വിദേശ നയത്തിന്റെ കാതലായ സമാധാനവും ശാക്തിക ചേരിചേരാനയവും ഏഴു പതിറ്റാണ്ട് രാജ്യം പിന്തുടര്‍ന്നുവന്ന വിദേശകാര്യ നയവുമാണ് അന്ന് തലകീഴായിമറിഞ്ഞത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ഇസ്രാഈല്‍ സന്ദര്‍ശനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്ട്രത്തിന് അപമാനിതയാകാന്‍ ഇതില്‍കൂടുതലെന്തുവേണം. പുണ്യഭൂമിയായ ജെറുസലേം ഉള്‍ക്കൊള്ളുന്ന ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈല്‍ സയണിസം പത്തിവിരിച്ചാടുന്ന കാഴ്ചയാണ് 1948 മുതല്‍ ലോകം നിസ്സഹായതയോടെ കണ്ടുകൊണ്ടിരിക്കുന്നത്. അന്നുതന്നെ ആ രാജ്യത്തെ ഐക്യരാഷ്ട്ര സഭയില്‍ എതിര്‍ത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. പകരം ഫലസ്തീന്‍കാരുടെ പക്ഷത്തായിരുന്നു നാം. ഫലസ്തീന്‍ ജനതയെ സ്വന്തം ജന്മഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുകയും അവിടെ സായുധ സന്നാഹങ്ങളുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതുമായ രാജ്യത്തേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി പോകുന്നതിനെ ലോക സമൂഹവും ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷവും കാടത്തത്തിന് കുടപിടിക്കലായി വിശേഷിപ്പിച്ചത് ഇതുകൊണ്ടായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് ആ രാജ്യവുമായി നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയും ആഴത്തിലുള്ള ബന്ധം ഇതാദ്യമാണ്. അതും ഫലസ്തീനെതിരെ ഇപ്പോഴും നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. അടുത്തിടെയാണ് ഇസ്രാഈലിനെതിരെ ഫലസ്തീനെ സംബന്ധിച്ച നൂറ്റിഇരുപതാമത്തെ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസാക്കിയത്. ഫലസ്തീന്‍ രാജ്യത്തോടും ഫലസ്തീന്‍ വിമോചനനേതാവും പ്രസിഡണ്ടുമായിരുന്ന യാസര്‍ അറഫാത്തിനോടും അതിരുകളില്ലാത്തത്ര സ്‌നേഹവും സഹകരണവുമാണ് ഇന്ത്യക്കുണ്ടായിരുന്നത്. അടുത്തിടെ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ആ ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്നുവെന്ന തോന്നലാണ് ഉണ്ടായത്. പണ്ഡിറ്റ്ജിയുടെ പാതയിലൂടെ മുന്‍ പ്രധാനന്ത്രി ഇന്ദിരാഗാന്ധിയുടെ കാലം തൊട്ടേ ഫലസ്തീനുമായുള്ള ആ സാഹോദര്യ ബന്ധം ദൃഢതരമായി തുടര്‍ന്നു പോന്നു.
പ്രാദേശികമായുള്‍പ്പെടെ ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുനില്‍ക്കുന്ന ഇസ്രാഈലിന് ഇന്ത്യയെ പോലുള്ളൊരു രാഷ്ട്രത്തില്‍ നിന്ന് സ്വീകാര്യതയും സഹായവും സഹകരണവും ലഭിക്കുന്നുവെന്നത് ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യന്തം ആഹ്ലാദകരവും തങ്ങളെ ഇക്കാലമത്രയും വീറോടെ എതിര്‍ത്തിരുന്ന രാജ്യത്തിനുനേര്‍ക്കുള്ള മധുര പ്രതികാരവുമായിരിക്കും. അതുകൊണ്ടുതന്നെയാവണം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മോദിയും തമ്മില്‍ നടത്തിയ ഒരു ഡസനോളം ആലിംഗനങ്ങളും മടങ്ങുംവരെയും ഇരുവരുമുള്ള ഒരുമിച്ചുനടത്തവും. ഇരു പ്രധാനമന്ത്രിമാരുടെയും തുടരെത്തുടരെയുള്ള പൊട്ടിച്ചിരികളെ മനുഷ്യാവകാശങ്ങളോടുള്ള പരിഹാസമായേ ഫലസ്തീന്‍ ജനതയും അറബ് -മുസ്‌ലിം ലോകവും വേദനയോടെ കണ്ടിരിക്കൂ. സംയുക്ത പ്രസ്താവനയില്‍ ‘ഫലസ്തീനെ സംബന്ധിച്ച് നീതിപൂര്‍വകവും നീണ്ടുനില്‍ക്കുന്നതുമായ സമാധാനത്തിന് പ്രയത്‌നിക്കു’മെന്ന പരാമര്‍ശം കണ്ണുതട്ടാതിരിക്കാന്‍വെക്കുന്ന കോലമായേ വിലയിരുത്തപ്പെടൂ. ലോകത്തെ മിക്ക രാജ്യങ്ങളുടെയും ആയുധക്കടയാണ് ഇന്ന് ഇസ്രാഈല്‍. ഇന്ത്യയും അത്യാധുനിക യുദ്ധോപകരണങ്ങളുടെ കരാറാണ് ഇപ്പോള്‍ ആ രാജ്യവുമായി ഒപ്പുവെച്ചിട്ടുള്ളത്. അതായത് സമാധാന കാംക്ഷികളായ ഇന്ത്യന്‍ ജനതയുടെ നികുതിപ്പണം ഫലസ്തീകള്‍ക്കുള്ള വെടിയുണ്ടകളായി മാറുന്ന ദുരന്തം. കൃഷി, ബഹിരാകാശം, സാങ്കേതികവിദ്യ, ജലസംരക്ഷണം തുടങ്ങിയ ഏഴ് മേഖലകളില്‍ ഭാവിസഹകരണത്തിന് ഇരു രാജ്യങ്ങളും തയ്യാറായിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന തീരാദുരിതങ്ങളെപ്പറ്റി ഒറ്റ വാക്കുപോലും പറയാനോ തൊട്ടടുത്ത ഫലസ്തീന്‍ പ്രദേശം സന്ദര്‍ശിക്കാനോ മോദി തയ്യാറായില്ലെന്നതും ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ അലങ്കോലപ്പെടുത്തുന്നതായി. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മേയില്‍ നടത്തിയ ഇസ്രാഈല്‍ സന്ദര്‍ശനത്തിനൊപ്പം ഫലസ്തീനിലെ ജെറുസലേം അദ്ദേഹം സന്ദര്‍ശിച്ചിരുന്നുവെന്നത് ഓര്‍ക്കുമ്പോഴാണ് മോദിയുടെ മനസ്സിലെ ഭീകരത മനസ്സിലാകുക. അമേരിക്കയും ഇസ്രാഈലുമായി ചേര്‍ന്നുള്ള മുസ്‌ലിം വിരുദ്ധ ചേരിയാണ് മോദിയുടെ ഉള്ളിലെങ്കില്‍ അത് ആത്മഹത്യാപരമാകാനേ തരമുള്ളൂ. കാരണം ചൈനയുമായും മികച്ച ബന്ധമാണ് ഇസ്രാഈലിനുള്ളതെന്നത് നാമോര്‍ക്കണം.
ഇസ്രാഈലുമായി ചേര്‍ന്നുകൊണ്ട് ആഗോള ഭീകരതയെ നേരിടുമെന്ന മോദിയുടെ പ്രഖ്യാപനം ഇക്കാരണത്താലൊക്കെ ഏറെ പരിഹാസ്യമായാണ് ലോകത്തിനും മൂന്നാം ലോക രാജ്യങ്ങള്‍ക്കും പ്രത്യേകിച്ച് അറേബ്യക്കും അനുഭവപ്പെടുന്നുണ്ടാവുക. ലോക സമാധാനത്തിനും അഹിംസക്കും പ്രശസ്തികേട്ടതും ലോക ജനതക്ക് മുഴുവന്‍ മാതൃകയായതുമായ മഹാത്മാഗാന്ധിയുടെ ആശയങ്ങളെയും അദ്ദേഹത്തെത്തന്നെയും വെടിയുണ്ടക്കിരയാക്കിയവരില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയില്ല. ഗുജറാത്തില്‍ മുസ്‌ലിം കൂട്ടക്കൊലക്ക് പ്രതിചേര്‍ക്കപ്പെട്ട നാളുകളിലൊന്നിലായിരുന്നു 2003ലെ മോദിയുടെ പ്രഥമ ഇസ്രാഈല്‍വിരുന്ന്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്കുപോലും സയണിസ്റ്റ് കുബുദ്ധിയുണ്ടെന്നത് പരസ്യമായതാണ്. താന്തോന്നിയായ ഭരണാധികാരിയുടെ പിന്നാലെ സ്‌നേഹത്തിന്റെയും അഹിംസയുടെയും മിതവാദത്തിന്റെയും രാജ്യവും ജനതയും കുഴലൂത്തുകാരനു പിന്നാലെ പായുന്ന എലിക്കൂട്ടമായി പോകില്ലെന്ന് ലോകത്തിന് ബോധ്യപ്പെടേണ്ടതുണ്ട്.