എങ്ങനെയായാലും യു.ഡി.എഫ് സര്‍ക്കാര്‍ നിയന്ത്രിച്ചുനിര്‍ത്തിയ മദ്യമൊഴുക്ക് സംസ്ഥാനത്ത് തിരിച്ചുകൊണ്ടുവരുമെന്നുറപ്പിച്ച സര്‍ക്കാരിന് കനത്ത പ്രഹരമാണ് ഇന്നലത്തെ കേരളഹൈക്കോടതി വിധി. ഏതോ വാറോലയുടെ പേരില്‍ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അന്തസ്സത്ത മറികടന്നുകൊണ്ട് സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ അനുമതി നല്കിയ ഇടതുസര്‍ക്കാരിന് ഹൈക്കോടതി നല്‍കിയത് സെന്‍കുമാര്‍ കേസിലെ വിധിക്കുശേഷമുള്ള രണ്ടാമത്തെ കനത്ത അടിയാണ്.
ദേശീയ-സംസ്ഥാന പാതകള്‍ക്കരികെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്യശാലകള്‍ അഞ്ഞൂറ് മീറ്റര്‍ അകലേക്ക് മാറ്റണമെന്നായിരുന്നു ഏപ്രില്‍ ഒന്നിലെ സുപ്രീംകോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് കേരളത്തിലെ ഇത്തരത്തിലുള്ള എല്ലാ മദ്യശാലകളും മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് ബാറുടമകള്‍ ഏതോ ഒരു ഔദ്യോഗിക ഉത്തരവുമായി ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെയുമുള്ള ദേശീയ പാതകളുടെ അംഗീകാരം റദ്ദാക്കിയിരിക്കുകയാണെന്നാണ് ബാറുടമകള്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയത്. ഇത് നിഷേധിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ തയ്യാറായതുമില്ല. ദേശീയ പാതയുടെ സ്ഥലമെടുപ്പു നടപടികളുമായി ബന്ധപ്പെട്ട് 2014ല്‍ കേന്ദ്ര ദേശീയപാതാ അതോറിറ്റി ഈ ദേശീയ പാതകളുടെ ഭാഗങ്ങള്‍ ഡീനോട്ടിഫൈ ചെയ്തുവെന്നായിരുന്നു ബാറുടമകള്‍ ചൂണ്ടിക്കാട്ടിയത്. ഇത് പരിശോധിച്ച ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്, അങ്ങനെയെങ്കില്‍ മദ്യശാലകള്‍ തുറക്കാമല്ലോ എന്ന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഹൈക്കോടതി ബാറുടമകളുടെ പരാതിയില്‍ വിധി പ്രസ്താവിച്ചത്. ഇതാണ് മദ്യശാലകള്‍ തുറക്കാന്‍ കോടതി വിധിച്ചതായി കേരള സര്‍ക്കാരും ബാറുടമകളും ദുര്‍വ്യാഖ്യാനം ചെയ്തത്. ഇതിലൂടെ കോടതിയുടെ വിശ്വാസ്യത തന്നെ സംശയത്തിലുമായി. ഇരുപതോളം ബാറുകളാണ് ഇതിനകം സംസ്ഥാനത്ത് കോടതിവിധിയുടെ മറപറ്റി തുറന്നത്.
രോഗി ഇച്ഛിച്ചതും വൈദ്യന് കല്പിച്ചതും പാല് എന്ന രീതിയിലായിരുന്നു സംസ്ഥാന എക്സൈസ് വകുപ്പിന്റെ കോടതി വിധിയെ തുടര്‍ന്നുള്ള നടപടികള്‍. വിധിയനുസരിച്ച് അപ്പീല്‍ പോകില്ലെന്നും ലൈസന്‍സുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. അതിനിടെയാണ് പൊതുമരാമത്തുവകുപ്പ് മറുവാദവുമായി രംഗത്തെത്തിയത്. ഇങ്ങനെയൊരു ഡീനോട്ടിഫിക്കേഷന് ഇല്ലെന്നാണ് മന്ത്രി ജി. സുധാകരന് വാര്‍ത്താലേഖകരോട് പറഞ്ഞത്. ഇതറിഞ്ഞിട്ടും കോടതിയെ കബളിപ്പിക്കുകയായിരുന്നു മന:പൂര്‍വം സര്‍ക്കാരെന്ന് വ്യക്തമാണ്. ഇതാണ് കോടതിയുടെ തോളില്‍വെച്ച് സര്‍ക്കാര്‍ വെടിയുതിര്‍ത്തുവെന്ന ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. കഴിഞ്ഞയാഴ്ചയിലെ വിധിയിലെ അപ്പീലിന്മേല് ഇന്നാണ് ഹൈക്കോടതി വിധി പറയുകയെങ്കിലും എന്തുകൊണ്ട് പൊതുമരാമത്തുവകുപ്പും സര്‍ക്കാര്‍ അഭിഭാഷകനായ അക്കൗണ്ടന്റ് ജനറലും കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചില്ല. കോടതിയെ മറയാക്കി മദ്യമൊഴുക്കിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തം.
കോടതി ഉത്തരവില്‍ ബാറുകള്‍ തുറക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സുപ്രീംകോടതി ഉത്തരവ് മാനിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനെയും ബാറുടമകളെയും ഓര്‍മിപ്പിക്കുകയുണ്ടായി. സുപ്രീംകോടതി വിധിയുടെ അന്ത:സത്ത മനസ്സിലാക്കിയാണ് തങ്ങള്‍ വിധി പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി പറയുമ്പോള്‍ ആരാണ് ഇതിനിടയില്‍ കളിച്ചതെന്നത് വ്യക്തമാകുകയാണ്. കേന്ദ്ര ഉപരിതല മന്ത്രാലയം ജൂണ്‍ ആദ്യം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ വിധി പാലിക്കണമെന്ന് സര്‍ക്കുലര്‍ അയച്ചതുമാണ്. എന്നാല്‍ മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് തങ്ങളുടെ നയമെന്ന അഴകൊഴമ്പന്‍ നയം അകത്തുവെച്ച് മദ്യമൊഴുക്കിനുള്ള അവസരമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ശ്രമിച്ചുവരുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. പഞ്ച നക്ഷത്രം വരെയുള്ള ബാറുകളില്‍ മദ്യ വില്പന പാടില്ലെന്നും വര്‍ഷംതോറും പത്തു ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്നുമുള്ള തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നു ഇടതു സര്‍ക്കാര്‍ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകള്‍ തുടങ്ങാന്‍ അനുമതിപത്രം വേണമെന്ന യു. ഡി.എഫ് സര്‍ക്കാര്‍ നിയമം റദ്ദാക്കി ഓര്‍ഡിനന്‍സ് ഇറക്കിയതും കഴിഞ്ഞ ദിവസമായിരുന്നു. അതിനിടെയാണ് ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ച് കുറുക്കന്റെ കൗശലത്തോടെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ കൊടുത്ത അനുമതി. വാഹനാപകടങ്ങളില്‍ ലക്ഷക്കണക്കിന് പൗരന്മാര് തുടരെത്തുടരെ മരിച്ചുവീഴുകയും വര്‍ഷങ്ങളോളം പരിക്കേറ്റ് ജീവച്ഛവമായി കിടക്കേണ്ടിവരികയും ചെയ്യുന്ന ദുരവസ്ഥ മനസ്സിലാക്കി പൗരാവകാശ സംഘടനകള്‍ നല്കിയ പരാതി ദീര്‍ഘകാലം പഠിച്ച ശേഷമാണ് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഒരര്‍ഥത്തില്‍ അതിനകംതന്നെ കേരളത്തില്‍ യു.ഡി.എഫ് നടപ്പാക്കിയ മദ്യനിയന്ത്രണത്തിന് അംഗീകാരം നല്‍കുക കൂടിയായിരുന്നു ഉന്നതനീതിപീഠം. ഇതിന് വിവിധ കോണുകളില്‍ നിന്ന്, കുടുംബിനികളും മദ്യവിരുദ്ധ പ്രവര്‍ത്തകരുമൊക്കെ, അനുകൂലമായി രംഗത്തുവന്നിരിക്കെയാണ് ഇടതു സര്‍ക്കാര്‍ മദ്യ വ്യാപനത്തിനുള്ള ത്വരിത നീക്കവുമായി രംഗത്തെത്തിയത്.
കോടതിയെ കബളിപ്പിക്കലിന് നേരത്തെ പല തവണ ഇതേ സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയതാണ്. സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് റദ്ദാക്കി അദ്ദേഹത്തെ അതേ തസ്തികയില്‍ നിയമിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പത്തു ദിവസത്തോളം പൂഴ്ത്തിവെച്ച് കോടതിയുടെ ശാസനയും പിഴയും ഏറ്റുവാങ്ങിയ സര്‍ക്കാര്‍ തന്നെയാണ് ഒരു ഉളുപ്പുമില്ലാതെ ഇന്നലെയും വടികൊടുത്ത് അടി വാങ്ങിയിരിക്കുന്നത്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് പറയുന്ന വികൃതിക്കുട്ടിയുടെ അവസ്ഥയിലാണ് നമ്മുടെ സര്‍ക്കാരെന്നത് മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്നു.
‘കുറെപേരെങ്കിലും കുടി നിര്‍ത്തട്ടേന്നേ’ എന്നാണ് സുപ്രീംകോടതി വിധി വന്നയുടന്‍ സംസ്ഥാന പൊതുമരാമത്തുവകുപ്പുമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞതെങ്കില്‍ സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നായി സുധാകര സഖാവിന്റെ ഇന്നലത്തെ കമന്റ്. ഇതുമാത്രം മതി ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യ നയത്തെക്കുറിച്ചുള്ള പൂച്ച് പുറത്താകാന്‍. അകത്തൊന്നും പുറത്ത് മറ്റൊന്നും പറയുക എന്നത് കമ്യൂണിസ്റ്റ് രീതിയാണെങ്കിലും ഈ കുതന്ത്രം തിരിച്ചറിയാന്‍ കോടതിയിലെ ന്യായാധിപന്മാര്ക്ക് കഴിയില്ലെന്ന് ധരിച്ചതാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് പറ്റിയ തെറ്റ്. കോടതിയുടെ ശാസനയിലെ ഉള്ളടക്കം മനസ്സിലാക്കി ഇനിയെങ്കിലും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം. ഈ വിധി അവരുടെ മദ്യനയത്തിന് പുതിയ ദിശാബോധം നല്കുമെങ്കില് അവരും നാടും രക്ഷപ്പെട്ടേക്കും.