മൂന്നുവര്‍ഷം മുമ്പ് ഇസ്ലാംമമതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് യുവതിക്ക് അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പുറത്തുവന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സി.പി.എമ്മിന്റെ കപടമായ മതേതരമുഖത്തെയാണ്. അത് പിച്ചിച്ചീന്തിയതാകട്ടെ മറ്റാരുമല്ല, ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസിന്റെ കീഴില്‍ ആറു മാസത്തിലധികം കഴിയേണ്ടിവന്ന ഇരുപത്തഞ്ചുകാരിയായ ഹോമിയോവിദ്യാര്‍ത്ഥി ഹാദിയ തന്നെയാണ്.
പഠനം തുടരാനായി തിങ്കളാഴ്ച സുപ്രീംകോടതി സേലത്തേക്ക് പറഞ്ഞയച്ച ഹാദിയയുടെ അഭിമുഖം ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്. അതില്‍ ഹാദിയ പറയുന്നതിങ്ങനെ: താന്‍ പിതാവിന്റെ സംരക്ഷണയില്‍ (ഹൈക്കോടതി നിര്‍ദേശപ്രകാരം) കഴിഞ്ഞസമയത്ത് തന്നെ കാണാന്‍ കൗണ്‍സലിങ് എന്ന പേരില്‍ ചിലര്‍ വന്നിരുന്നു. പൂര്‍ണമായും ഇസ്ലാമിക വിശ്വാസിയായ തന്നോട് അവര്‍ സനാതന മതത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ തന്നോട് സ്വന്തം മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് കാട്ടി വാര്‍ത്താസമ്മേളനം നടത്താനും ചിലര്‍ ആവശ്യപ്പെട്ടു. ഏറെ മാനസിക പ്രയാസമാണ് ഇതുമൂലം അനുഭവിച്ചത്. ആരോപണവിധേയമായ തൃപ്പൂണിത്തുറയിലെ ശിവശക്തിയോഗ കേന്ദ്രത്തിലെ ആളുകളാണ് തന്നെ കാണാന്‍ വന്നതെന്നും ഹാദിയ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ഒരു കാര്യം ഇതിലൂടെ വ്യക്തമാകുകയാണ്. പിതാവിന്റെ സംരക്ഷണയില്‍ കോടതി വിട്ടയച്ച യുവതിയെ ചില സങ്കുചിത താല്പര്യക്കാര്ക്ക് വേണ്ടി വിട്ടുകൊടുത്തത് കേരളത്തിലെ ഭരണകൂടമാണ് എന്നതാണത്. വനിതാപൊലീസടക്കം കേരളപൊലീസിലെ നാലു പേരാണ് ഹാദിയയുടെ മുറിക്കകത്തും വീടിനു പുറത്തുമായി കാവല്‍ നിന്നിരുന്നത്. ഈ സമയത്ത് എന്തുകൊണ്ട് മാതാപിതാക്കളല്ലാത്ത ചിലര്‍ക്ക് ഹാദിയയെ കാണാന്‍ പൊലീസ് അവസരം നല്‍കിയെന്ന ചോദ്യം മുമ്പേ ഉയര്‍ന്നതാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പോലും ഹാദിയയെ കണ്ട് സമാശ്വസിപ്പിക്കാനും മൊഴിയെടുക്കാനും തയ്യാറാകാതിരുന്നപ്പോള്‍ ഹിന്ദുത്വവാദിയായ രാഹുല്‍ ഈശ്വറിനെപോലുള്ളവര്‍ക്ക് യഥേഷ്ടം അവളുടെ മുറിയില്‍വരെ കടന്നുചെന്ന് സംവദിക്കാനും തിരികെ മതംമാറാന്‍ നിര്‍ബന്ധിക്കാനും കഴിഞ്ഞു?
തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തെക്കുറിച്ച് അവിടുത്തെ സി.പി.എം നിയമസഭാപ്രതിനിധിക്ക് തന്നെ ഏറെ അറിവുള്ളതാണ്. ഈ കേന്ദ്രത്തില്‍ നിന്ന് നിരവധി മുസ്ലിം കുട്ടികളെ തിരികെ ഹിന്ദുമതത്തിലേക്ക് ‘ഘര്‍വാപസി’ നടത്തിക്കാന്‍ മര്‍ദനോപാധികളോടെ ശ്രമമുണ്ടായതായി അവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ കോടതിയിലടക്കം മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്രം പൂട്ടുന്നതിനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനോ തുനിയാതിരുന്ന സി.പി.എമ്മും ഇടതുപക്ഷസര്‍ക്കാരും ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ തടയിടാന്‍ ശ്രമിച്ചുവെന്നത് ചില്ലറ കാര്യമല്ല. ഇതിന് ഇതുവരെയും മറുപടി പറയാന്‍ സി.പി.എമ്മോ പൊലീസോ തയ്യാറായിട്ടുമില്ല.
ഇതുമാത്രമല്ല, സി.പി.എമ്മിന്റെ മേതതര പൊയ്മുഖം പിച്ചിക്കീറുന്ന നിരവധി സംഭവ പരമ്പരകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലാകെ നടന്നുകൊണ്ടിരിക്കുന്നത്. നേതാക്കള്‍ മതേതരത്വം പുരപ്പുറത്തുകയറി പ്രസംഗിക്കുമ്പോള്‍ തന്നെയാണ് അണികളും പാര്‍ട്ടി ഘടക ഭാരവാഹികളും സംഘ്പരിവാറിനെ വെല്ലുന്ന രീതിയിലുള്ള ഹിന്ദുത്വ അജണ്ടകളുമായി നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. പാര്‍ട്ടിക്ക് നിര്‍ണായക അംഗങ്ങളുള്ള പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ ബി.ജെ.പിക്ക് കേരളത്തിലെ ഏക നഗരസഭാഭരണം അപ്രാപ്യമാകുമെന്ന് വ്യക്തമായിട്ടും അതിന് തയ്യാറാകാത്തവര്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്ലിംലീഗ് ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ഹീനനീക്കം ഇതിനകം സി.പി.എമ്മിന്റെ മതേതര മുഖത്തിനേറ്റ മറ്റൊരു അടിയാണ്. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് അസ്പര്‍ശ്യമാകുമ്പോള്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗ്രസ് പ്രിയതരമാകുന്നതാണ് കരുവാരക്കുണ്ടിന്റെ വര്‍ത്തമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നഗരസഭയുള്‍പ്പെടെ പലയിടത്തും മുസ്ലിംലീഗിനെ തറപറ്റിക്കാന്‍ സി.പി.എം നടത്തിയ രാഷ്ട്രീയനയം മറന്നുള്ള തറവേലകള്‍ മുസ്ലിംലീഗണികളും നാട്ടുകാരും ഇനിയും മറന്നിട്ടില്ല. മതേതര ശക്തികളെ ചെറുതായൊന്ന് താങ്ങിക്കൊടുത്താല്‍ പൊട്ടിവീഴുന്ന അത്യുന്നത മതേതരമരമാണ് സി.പി.എമ്മിന്റേതെന്ന് ഇവിടങ്ങളിലൊക്കെ തെളിയിച്ചുകഴിഞ്ഞതാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് എന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയുമായി ഒരു നിലക്കും കൂട്ടുകൂടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എം നേതാക്കളുടേതാണ് ഇക്കാണുന്ന യഥാര്‍ഥ മതേതര പൊയ്മുഖം.
ഈ ദിശയിലെ മറ്റൊരു സംഭവമാണ് പാലക്കാട് കണ്ണാടിയിലെ സി.പി.എമ്മിന്റെ തീവ്ര വര്‍ഗീയമുഖം. വര്‍ഷങ്ങളായി അര ഡസനോളം കുടുംബങ്ങളുടെ വീടുകള്‍ക്കുമുകളില്‍ കിഴുക്കാംതൂക്കായി ആടിനിന്ന ആല്‍മരത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് സി.പി.എം പ്രാദേശിക നേതൃത്വം കാണിച്ച തറക്കളി ജില്ലാനേതൃത്വം ഇടപെട്ട് മൂടിവെക്കാന്‍ ശ്രമിക്കുകയാണ്. പരാതിപ്രകാരം ആര്.ഡി.ഒ ഉത്തരവിട്ടിട്ട് പോലും മുറിച്ചുമാറ്റാതിരുന്ന ആല്‍മരത്തിന്റെ അപകടകരമായ ശിഖരങ്ങളിലൊന്ന് വീണ് കഴിഞ്ഞയാഴ്ച ഒരുമുസ്ലിം കുടുംബിനി മരണമടഞ്ഞപ്പോഴാണ് സി.പി.എം മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമാണ് ആല്‍ത്തറ സംരക്ഷണ സമിതിയുടെ ഭാരവാഹിയായിരുന്നുവെന്നത് വ്യക്തമാകുന്നത്. സമീപത്തെ കുടുംബങ്ങളോടുള്ള രാഷ്ട്രീയവൈരം തീര്‍ക്കാന്‍ ബി.ജെ.പി രീതിയിലുള്ള അതിവര്‍ഗീയതയാണ് സി.പി.എം നേതാക്കള്‍ ഇവിടെ കാണിച്ചത്. ഹാദിയയുടെ കേസില്‍ ബി.ജെ.പി സര്‍ക്കാരിന്റെ താളത്തിന് തുള്ളിയ എന്‍.ഐ. എയുടെ രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്ന കേരള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും ഇതോടൊപ്പം കൂട്ടിവായിക്കണം. ഇസ്ലാമിലേക്ക് മാറിയ മലപ്പുറം കൊടിഞ്ഞി ഫൈസലിന്റെയും കാസര്‍കോട്ടെ റിയാസ് മൗലവിയുടെയും വധവും പറവൂരില്‍ ഇസ്ലാംമത പ്രബോധനം നടത്തിയവരെ തുറുങ്കിലടച്ചതുമെല്ലാം സി.പി.എം ഭരിക്കുന്ന മതനിരപേക്ഷ കേരളത്തിലായിരുന്നുവെന്നത് ഇവിടുത്തെ മതേതര വിശ്വാസികളും മതന്യൂനപക്ഷങ്ങളും ആ പാര്‍ട്ടിയെപോലെ സൗകര്യപൂര്‍വം മറക്കണം! ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് നാടുമുഴുവന്‍ അലമുറയിടുമ്പോള്‍ മൗനംപാലിച്ച ഇടതുകക്ഷികളുടെയും പോഷകസംഘടനകളുടെയും ഉള്ളിലിരിപ്പ് അപ്പോഴാണ് വൈകിയെങ്കിലും അവളിലൂടെതന്നെ പുറത്തുവരുന്നത്. കേരളത്തിലെ യു.ഡി.എഫിന്റെ മതേതര ശക്തിദുര്‍ഗത്തെ തടയാന്‍ ബി.ജെ.പി മതി എന്ന ഗൂഢരാഷ്ട്രീയനയമാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നത്. നാലു വോട്ടിനുവേണ്ടി മുസ്ലിംകളാദി മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കുന്ന മതേതര നയത്തെത്തെക്കുറിച്ച് ഇനിയൊരക്ഷരം ഉരിയാടാനുള്ള ത്രാണി സി.പി.എമ്മിനില്ല.