ഈ മന്ത്രിയെ ഇനിയും എത്രനാള്‍ താങ്ങണം

 

ഗതാഗത വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ കുട്ടനാട്ടെ ലേക്പാലസ് ആഢംബര റിസോര്‍ട്ടിനുവേണ്ടി പൊതുഭൂമി കയ്യേറുകയും നെല്‍വയല്‍ നികത്തുകയും ചെയ്‌തെന്ന പരാതിയില്‍ ജില്ലാകലക്ടര്‍ അന്വേഷണം നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ദിവസങ്ങള്‍ നീങ്ങുകയാണ്. ശനിയാഴ്ച വൈകീട്ട് ജില്ലാകലക്ടര്‍ ടി.വി അനുപമ പ്രത്യേക ദൂതന്‍വഴി റവന്യൂവകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപണവിധേയമായ റിസോര്‍ട്ട് അധികൃതര്‍ സംസ്ഥാന നെല്‍വയല്‍-നീര്‍ത്തട നിയമവും ഭൂ സംരക്ഷണ നിയമവും ലംഘിച്ചതായി തെളിഞ്ഞെന്നുമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് വിശ്വസിക്കാമെങ്കില്‍ പ്രസ്തുത മന്ത്രിക്ക് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കേണ്ട അടിയന്തിര ബാധ്യതയും സംസ്ഥാനത്തെ സര്‍ക്കാരിനുമേല്‍ വന്നുചേര്‍ന്നിരിക്കുന്നു. എന്നാല്‍ റവന്യൂവകുപ്പു മന്ത്രി ഉള്‍പെടെയുള്ള ബന്ധപ്പെട്ടവരെല്ലാം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞുമാറുന്ന അവസ്ഥയാണ് കാണുന്നത്. ആരോപണ വിധേയനായ മന്ത്രിയാകട്ടെ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിയും കലക്ടറുടെ റിപ്പോര്‍ട്ട് കണ്ടില്ലെന്ന സാങ്കേതികനിലപാടിലാണോ?
ലേക്ക് പാലസിന് സമീപത്തെ പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചത് കൃഷിഭൂമി മണ്ണിട്ട് നികത്തിയതിനാല്‍ നെല്‍വയല്‍-തണ്ണീര്‍തട നിയമത്തിന്റെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സീറോജെട്ടി-വലിയകുളം റോഡ് നിര്‍മാണത്തിലും അപാകത കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. മാര്‍ത്താണ്ഡം കായല്‍ നികത്തിയതും ചട്ട ലംഘനമാണ്. കായലില്‍ ബോയ കെട്ടിത്തിരിച്ചിരിക്കുന്നതും കയ്യേറ്റമാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായും വിവരമുണ്ട്. ജില്ലാകലക്ടര്‍ സ്ഥലത്ത് നേരിട്ടുചെന്നാണ് ഉപഗ്രഹ സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയത്. ലേക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ട് മൂന്നുമാസം കഴിയുമ്പോഴും ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ റവന്യൂവകുപ്പിനോ പ്രത്യേക കുലുക്കമില്ലെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. ഒരു സെന്റ് ഭൂമിപോലും താന്‍ കയ്യേറിയിട്ടില്ലെന്നും അത് തെളിയിച്ചാല്‍ താന്‍ മന്ത്രിസ്ഥാനവും എം.എല്‍.എ പദവി പോലും രാജിവെച്ച് വീട്ടില്‍ പോയിരിക്കാമെന്നും പറഞ്ഞത് തോമസ് ചാണ്ടി മന്ത്രി തന്നെയായിരുന്നു. അതും സംസ്ഥാന നിയമസഭക്കകത്ത് പ്രതിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട്. എന്നാല്‍ മന്ത്രി കായലും കൃഷിഭൂമിയും കയ്യേറുകയും മണ്ണിട്ടു നികത്തുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും അതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നുമാണ് വിശ്വസനീയമായ റിപ്പോര്‍ട്ട്. എന്നാല്‍ ദൂരവ്യാപക പ്രത്യാഘാതമുളവാകുന്നൊരു റിപ്പോര്‍ട്ട് തയ്യാറാക്കി അന്തിമമായി അത് തന്റെ മേലധികാരികള്‍ക്ക് നല്‍കിയ കലക്ടറുടെ നടപടിക്ക് പുല്ലു വില കല്‍പിക്കുന്ന സമീപനമാണ് സര്‍ക്കാരിലെയും ഭരണമുന്നണിയിലെയും ഉന്നതര്‍ സ്വീകരിച്ചിരിക്കുന്നതെന്നുവേണം മനസ്സിലാക്കാന്‍. വേങ്ങര നിയമസഭാ ഉപ തെരഞ്ഞെടുപ്പുസമയത്ത് നല്‍കുമായിരുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി ഭയന്ന് താല്‍ക്കാലിക റിപ്പോര്‍ട്ട് എന്ന പേരിലാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്, ജില്ലാകലക്ടറെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന വിധത്തിലായിരുന്നു.
റിപ്പോര്‍ട്ട് കിട്ടിയതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രണ്ടു ദിവസമായിട്ടും സെക്രട്ടറിയേറ്റിലെ ഓഫീസില്‍ പോകാതെ മുന്നണി ജാഥയെന്ന പേരില്‍ കറങ്ങിനടക്കുകയാണ് റവന്യൂമന്ത്രി. ശനിയാഴ്ച കാസര്‍കോട്ട് എല്‍.ഡി. എഫ് ജാഥയില്‍ പങ്കെടുത്തശേഷം ഞായറാഴ്ചയും തിങ്കളാഴ്ച രാത്രിയായിട്ടും മന്ത്രി തിരുവനന്തപുരത്ത് ചെന്നിട്ടില്ല. എന്നാല്‍ ഒരു സെന്റും കയ്യേറിയിട്ടില്ലെന്നു ആണയിട്ട മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദം ചെലുത്തേണ്ടെന്നും എന്നോ കയ്യേറിയ ഭൂമിയാണെന്നും പറഞ്ഞ മുഖ്യമന്ത്രിയും സി.പി. എം സംസ്ഥാന സെക്രട്ടറിയും പാലിക്കുന്ന മൗനം എന്താണ് പൊതുജനത്തിന് നല്‍കുന്ന സന്ദേശം?
ദേശീയകക്ഷിയായ എന്‍.സി.പിയുടെ രാജ്യത്തെ ഏക സംസ്ഥാന മന്ത്രിയാണ് തോമസ് ചാണ്ടിയെന്നതിനാല്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യത ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിനുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും രാഷ്ട്രീയവും ധാര്‍മികവുമായ കീഴ്‌വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് എത്ര നാളാണ് ഒരു മന്ത്രിക്ക് മന്ത്രിസഭയില്‍ തുടരാനാകുക എന്ന ചോദ്യം ഉയരുകയാണ്. ലൈംഗികമായി പെണ്‍കുട്ടിയോട് സംസാരിച്ചുവെന്ന കുറ്റത്തിന് ഇതേപാര്‍ട്ടിയുടെ പ്രതിനിധിക്ക് ഏഴു മാസം മുമ്പാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പുറത്തുപോകേണ്ടിവന്നത്. എന്നിട്ടും ഗുരുതരമായ ഭൂമി കയ്യേറ്റ വിഷയത്തില്‍ ഇത്രയും കാലതാമസം മന്ത്രി ചാണ്ടിയുടെ രാജിക്ക് ഉണ്ടാകുന്നതിനുപിന്നില്‍ മുന്നണിക്കകത്ത് പലതും ചീഞ്ഞു നാറുന്നുണ്ടെന്ന സന്ദേഹത്തിലേക്കാണ് ജനങ്ങളെ എത്തിച്ചിരിക്കുന്നത്.
ഭൂമി കയ്യേറ്റങ്ങള്‍ പുറത്തുകൊണ്ടുവന്ന ചാനല്‍ ലേഖകനെ ഭീഷണിപ്പെടുത്തുകയും അവരുടെ ജില്ലാ ഓഫീസ് ആക്രമിക്കുകയും ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമായിരുന്നു. ഇതടക്കം കസേരയില്‍ നിന്നിറങ്ങാതിരിക്കാന്‍ പഠിച്ച പണി പലതും പയറ്റുകയാണിപ്പോള്‍ ചാണ്ടിയെന്നുവേണം മനസ്സിലാക്കാന്‍. മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇനിയും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സമയം നീക്കാനില്ല. സ്വജനപക്ഷപാത ആരോപണം പുറത്തുവന്നയുടന്‍ സി.പി.എമ്മിന്റെ മന്ത്രി ഇ.പി ജയരാജനില്‍ നിന്ന് വ്യവസായ-കായിക മന്ത്രി പദവി എടുത്തുവാങ്ങിയ മുഖ്യമന്ത്രിക്ക് ഘടക കക്ഷിമന്ത്രിയുടെ കാര്യത്തില്‍ കുറ്റം തെളിഞ്ഞിട്ടും എന്താണിത്ര തടസ്സം. ഇനി കോടതിയില്‍ കേസ് നടക്കുകയാണെന്ന് പറഞ്ഞ് രാജിയും നടപടിയും നീട്ടാനാണ് ഭാവമെങ്കില്‍ അത് അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഇടതുമുന്നണി നേതൃത്വത്തിനു നേര്‍ക്കുള്ള രാഷ്ട്രീയ ബൂമറാംഗാകും. സോളാര്‍ റിപ്പോര്‍ട്ട് കാട്ടി പ്രതിപക്ഷ നേതൃനിരയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും സി.പി.എമ്മിനും നാറിയവനെ പേറുന്ന സ്ഥിതിയാണുണ്ടാവുക. ജനങ്ങളെ ജാഗ്രതവത്താക്കാന്‍ തെക്കുവടക്ക് ജാഥ നടത്തുന്ന ഇടതുമുന്നണിക്കും ഇരട്ടച്ചങ്കുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും അത് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ വെച്ചിരിക്കുന്ന യുവ ഐ.എ.എസ്സുകാരി അനുപമയുടെ റിപ്പോര്‍ട്ട്. മന്ത്രിക്കെതിരായ നടപടിക്കുപകരം മൂന്നാര്‍ കയ്യേറ്റത്തിനെതിരെ മുന്നോട്ടുപോയ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്സുകാരന്റെ ഗതി ആലപ്പുഴ ജില്ലാഭരണാധികാരിക്ക് ഉണ്ടാകരുത്.

SHARE