രാജ്യവും കേരളവും ഇന്നഭിമുഖീകരിക്കുന്ന തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ധീരതയോടെ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് മലപ്പുറംജില്ലയിലെ വേങ്ങര നിയമസഭാ നിയോജക മണ്ഡലത്തിലെ ബഹുമാന്യരായ സമ്മതിദായകര്‍ക്ക് ഈ ദിനം കൈവന്നിരിക്കുന്നത്. മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച മണ്ഡലത്തില്‍നിന്ന് മുസ്ലിംലീഗിന്റെ മുന്‍എം.എല്‍.എ അഡ്വ. കെ. എന്‍.എ ഖാദറിന് നിയമനിര്‍മാണസഭയിലേക്ക് വീണ്ടും വഴികാട്ടാനുള്ള സന്ദര്‍ഭം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്പതിനായിരത്തിനടുത്ത് ഭൂരിപക്ഷവുമായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിന് ഒന്നര വര്‍ഷത്തിനകംതന്നെ തങ്ങളുടെ ജനപിന്തുണയും ഭൂരിപക്ഷവും വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഇന്നത്തെ ഉപതെരഞ്ഞെടുപ്പ്. അന്തരിച്ച മുസ്്ലിംലീഗ് നേതാവ് ഇ.അഹമ്മദിന്റെ സീറ്റില്‍ ആറുമാസം മുമ്പ് നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങര മണ്ഡലം മാത്രം നല്‍കിയത് നാല്പതിനായിരത്തിലധികം ഭൂരിപക്ഷമായിരുന്നു. ജനാധിപത്യരംഗത്ത് തങ്ങളുടെ ഉറച്ച കൈയൊപ്പ് ചാര്‍ത്തുകയാണ് അന്ന് വേങ്ങര നിര്‍വഹിച്ച ദൗത്യം. ആ പിന്തുണയും സഹായവും അതിലും മേലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ ജനാധിപത്യശക്തികളും സമാധാനപ്രിയരായ വോട്ടര്‍മാരും യു.ഡി.എഫിന്റെയും മറ്റും പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും.
ഈ ആത്മവിശ്വാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രചാരണവും ജനസഹകരണവുമാണ് കഴിഞ്ഞ മൂന്നാഴ്ചയോളം വേങ്ങര മണ്ഡലത്തിലൊട്ടാകെയായി ദര്‍ശിക്കാനായത്. യു.ഡി.എഫിന്റെ മുഖ്യ എതിരാളിയായി രംഗത്തുള്ള ഇടതുമുന്നണിക്ക് ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിനടുത്തുപോലും (38,057) വോട്ട് എത്തിക്കാനായിരുന്നില്ല. 2016ല്‍ ഇടതിന്റെ സ്ഥാനാര്‍ഥി 34,124 വോട്ടിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 40,259 ആയി ഉയരുകയും ഇടതുമുന്നണിക്ക് വോട്ടുകള്‍ വീണ്ടും കുറയുന്ന (33,275) കാഴ്ചയുമാണ് കാണാനായത്. ബി.ജെ.പിക്കും വോട്ടിലെ കുറവുതന്നെ. ഇത് വേങ്ങരക്കോ മലപ്പുറത്തിനോ കേരളത്തിനോ മാത്രമുള്ള സന്ദേശമല്ലെന്നും രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ്-വര്‍ഗീയ പ്രതിലോമ ശക്തികള്‍ക്കും അതിന് ഒളിഞ്ഞുംതെളിഞ്ഞും സഹായവും സഹകരണവും നല്‍കിവരുന്നവര്‍ക്കുമുള്ള രോഷപ്രകടനം കൂടിയായിരുന്നുവെന്നും സ്ഥിരമനസ്സുള്ള ആര്‍ക്കും നിരീക്ഷിക്കാനാകും.
ഒരുഭാഗത്ത് മത ന്യൂനപക്ഷങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അഭിമാനിതമായ അസ്തിത്വത്തെയും ചോദ്യംചെയ്യുകയും തച്ചുടക്കുകയും ചെയ്യുന്ന നാസിസ്റ്റ് മാതൃകയാണെങ്കില്‍, വേങ്ങരക്കും കേരളത്തിനും നേരിടാനുള്ളത് മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് ആശയത്തിന്റെ പേരിലുള്ള കാട്ടാളത്തവും മതേതര കാപട്യവുമാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെയും നിയമങ്ങളെയും കാറ്റില്‍പറത്തിയാണ് ദലിതര്‍ക്കും മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ എതിരായ നിലപാടെടുത്തുകൊണ്ടിരിക്കുന്നത്. ഇതാകട്ടെ ഒളിച്ചും മറച്ചുമല്ല, പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ്. ജനാധിപത്യത്തിന്റെ മാര്‍ഗത്തില്‍ ഈ ദുശ്ശക്തിയെ നേരിട്ട് പോരാടി പരാജയപ്പെടുത്താനുള്ള ത്രാണി ഇന്നുമുള്ളത് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിന് മാത്രമാണെന്നത് നിസ്സംശയമാണ്. ആ പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ഒരു കൈ സഹായം നല്കുന്നില്ലെന്നതോ പോകട്ടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തെ പിന്തുണക്കുന്ന സമീപനമാണ് സി.പി.എം പോലുള്ള മതേതരമെന്നഭിമാനിക്കുന്ന ഒരു കക്ഷി ചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന ആ പാര്‍ട്ടിയുടെ ഉന്നതവേദിയായ പൊളിറ്റ്ബ്യൂറോ തന്നെ ഇക്കാര്യം രേഖാമൂലം അടിവരയിട്ടു പറയുന്നു. ബി.ജെ.പി നേതൃത്വം നല്കുന്ന വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തലാണ് ലക്ഷ്യമെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന നയമാണ് സി.പി.എം സ്വീകരിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ സമ്മതം ഇതിനാവശ്യമാണെങ്കിലും പിണറായിയും കോടിയേരിയും എം.എ ബേബിയുമൊക്കെ ഒന്നിച്ചിരുന്ന വേദിയില്‍തന്നെയാണ് ഇത്തരമൊരു വിതണ്ഡവാദം സി. പി.എം പുറത്തുവിട്ടത് എന്നത് രാജ്യത്തെ മതേതര വിശ്വാസികളെയാകെ ലജ്ജിപ്പിച്ചിരിക്കുന്നു. അപ്പോള്‍ ഇവരുടെ യഥാര്‍ത്ഥോദ്ദേശ്യം വര്‍ഗീയതതന്നെയാണെന്ന്് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
സി.പി.എമ്മിന്റെ ഈ നയത്തില്‍ പുത്തരിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. 1989 വരെ ലോക്സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന, രാഷ്ട്രപിതാവിനെ വരെ വകവരുത്തിയ പാരമ്പര്യം പേറുന്ന ബി.ജെ.പി എന്ന തീവ്ര വലതുപക്ഷ വര്‍ഗീയ പാര്‍ട്ടിയെ എണ്‍പതംഗങ്ങളിലേക്ക് ഉയര്‍ത്തിയ അതേ പാരമ്പര്യം സി.പി.എമ്മടക്കമുള്ള ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ.് വി.പി സിങിനെ കോണ്‍ഗ്രസില്‍ നിന്ന ്ചാടിച്ച് അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണപ്രകാരം സി.പി.എം നേതാക്കള്‍ ബി.ജെ.പിയുമായി ഉണ്ടുറങ്ങിയ മാധ്യമക്കാഴ്ചകള്‍ കേവല രാഷ്ട്രീയബോധമുള്ളൊരാള്‍ക്കും മറക്കാവുന്നതല്ല. സി.പി.എമ്മിന്റെ കൂടി പിന്തുണയോടെ അന്ന് സ്ഥാപിച്ച അടിത്തറയിലാണ് ഇന്ത്യാമഹാരാജ്യത്തിനെതിരെ കടുത്ത ഭീഷണിയുമായി ഇന്ന് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തിലുള്ള ബി.ജെ.പി നേതൃത്വം ജനാധിപത്യത്തെ നോക്കി അട്ടഹാസമിളക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സഹായത്തിന് തങ്ങളാണുള്ളതെന്ന് വീമ്പുപറയുന്ന സി.പി.എമ്മിനെ അറുപത്തഞ്ചില്‍ നിന്ന് ഒന്‍പത് സീറ്റിലേക്ക് ചുരുട്ടിക്കൂട്ടിയതും ഇതേ അന്ധമായ കോണ്‍ഗ്രസ് വിരോധം തന്നെയാണ്. 2015ല്‍ ബീഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും മഹാസഖ്യത്തിനെതിരെ പരസ്യമായി സ്ഥാനാര്‍ഥികളെ നിര്‍ത്തി മതേതര സഖ്യത്തെ ദുര്‍ബലപ്പെടുത്തിയ സി.പി.എമ്മിന് ഇനിയും കോണ്‍ഗ്രസ് വിരോധത്തെ അബദ്ധമെന്നുപറഞ്ഞ് കൈകഴുകാനാകില്ല.
കേരളത്തില്‍ ഇനി അഞ്ചു കൊല്ലം വില കയറില്ലെന്നും അഴിമതി തുടച്ചുനീക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയവര്‍ക്ക് അവശ്യസാധനവില വാണംകണക്കെ കുതിക്കുകയും അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുതകര്‍ക്കുകും ചെയ്യുമ്പോള്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യാമെന്ന് പറയുന്നത് സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള പാഴ്ശ്രമമാണ്. മതന്യൂനപക്ഷങ്ങളുടെ കാര്യംവരുമ്പോള്‍ എന്ത് നിലപാടാണ് സി.പി.എം സ്വീകരിക്കുക എന്നതിന് എത്രയോ തെളിവുകള്‍ നിരത്താനാകും. ഇത് മലപ്പുറമാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകള്‍ക്കെതിരെ വിരിമാറുകാട്ടി പോരാടി മരിച്ച മഹത്തുക്കളുറങ്ങുന്ന മണ്ണ്. കേവലം വോട്ടിന് വേണ്ടിയുള്ള സഖാക്കളുടെ ഇട്ടാമുട്ടുവാദങ്ങള്‍കൊണ്ട് വേങ്ങരയുടെ പാരമ്പര്യ, മതേതര മനസ്സിനെ ഇളക്കാന്‍ കഴിയുമെന്ന് കരുതിയാല്‍ അത് തിരിച്ചറിയാനുള്ള ശേഷി മലപ്പുറത്തിനും വേങ്ങരക്കുമുണ്ടെന്ന് വിനയപുരസ്സരം ഓര്‍മിപ്പിക്കട്ടെ.