ദേശീയ വിദ്യാഭ്യാസ നയത്തില്‍ ചതിക്കുഴികള്‍ ഏറെ

ഇന്ത്യന്‍ പാര്‍ലമെന്റിനെ മറികടന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം വരുംകാലത്ത് രാജ്യം നേരിടാനിരിക്കുന്ന സാമൂഹിക ഭീഷണികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആര്‍.എസ്.എസ് അജണ്ടകള്‍ കുത്തിക്കൊള്ളിച്ച് വിദ്യാഭ്യാസ മേഖലയില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന പൊളിച്ചെഴുത്ത് പ്രതീക്ഷകള്‍ക്കുപ്പുറം ആശങ്കയാണുണ്ടാക്കുന്നത്. പ്രഥമ ദൃഷ്ട്യാ കേള്‍ക്കാന്‍ സുഖമുള്ള പ്രഖ്യാപനങ്ങളില്‍ പൊതിഞ്ഞ് സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങള്‍ വിദ്യാഭ്യാസ മേഖലയെ കുളംതോണ്ടുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.

ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നല്ലാതെ പഠനിലവാരത്തില്‍ കാതലായ മാറ്റങ്ങളൊന്നും ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംഭവിക്കാന്‍ പോകുന്നില്ല. ഭരണഘടന പ്രകാരം വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചു നടപ്പാക്കേണ്ടതാണ്. പക്ഷെ, സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച ഭേദഗതികളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് ഏകപക്ഷീയമായാണ് എന്‍ഇപിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിനെയും സംസ്ഥാനങ്ങളെയും മാറ്റിനിര്‍ത്തിയുള്ള ഈ നീക്കം വര്‍ഗീയവത്കരണവും വാണിജ്യവത്കരണവും അനായാസം നടപ്പാക്കാനുള്ള തന്ത്രമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ട്.

ഒറ്റപ്പെട്ട കൈയടികളല്ലാതെ രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷകരമായിരിക്കും എന്‍ഇപി 2020 എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. സ്വന്തം ഭാവനക്കനുസരിച്ച് സാമൂഹിക, രാഷ്ട്രീയ സംവിധാനങ്ങളെ പാകപ്പെടുത്തുന്നതിന് സങ്കൂചിത പ്രസ്ഥാനങ്ങളെല്ലാം ആദ്യം കൈവെക്കാറുള്ളത് വിദ്യാഭ്യാസത്തിലാണ്. മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് മാറ്റിയാണ് പരിഷ്‌കരണം കൊണ്ടുവരുന്നത്. അത്തരമൊരു പുനര്‍നാമകരണം ആര്‍.എസ്.എസിന്റെ പ്രധാന ആവശ്യമായിരുന്നു. 2014ലെ ബി.ജെ.പി പ്രകടന പത്രിക മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിലൊന്നുകൂടിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാകുന്നത്. നാളിതുവരെ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരുന്നതുകൊണ്ട് സംഘപരിവാര്‍ അജണ്ടകള്‍ പലതും ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുനടത്തുന്ന വിദ്യാഭ്യാസ മേഖലയെ ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതില്‍ അപകടങ്ങള്‍ ഏറെ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്‍ഇപി 2020 യാഥാര്‍ത്ഥ്യമാകുന്നതോടെ പാഠ്യപദ്ധതി കാവിവത്കരിച്ച് പാഠപുസ്തങ്ങളില്‍ തങ്ങളുദ്ദേശിച്ചത് പലതും തിരുകിക്കയറ്റാന്‍ സാധിക്കുമെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും കണക്കുകൂട്ടുന്നു.

സ്‌കൂളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സംസ്‌കൃതത്തിന് പ്രമുഖ്യം നല്‍കുന്നതോടെ തന്നെ പരിഷ്‌കരണത്തിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ കറ പുരളുന്നുണ്ട്. ഭാവിയില്‍ സംസ്‌കൃതത്തെ അടിച്ചേല്‍പ്പിക്കുന്ന രൂപത്തിലുള്ള നയം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഇളക്കംതട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേവലം ഭാഷാപഠനമെന്നതിനപ്പുറം സമൂഹത്തിന്റെ സംസ്‌കൃതവത്കരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അധ:സ്ഥിതരെ അടിച്ചമര്‍ത്തി സവര്‍ണമേധാവിത്വം ഉറപ്പിക്കുന്നതിനുള്ള തന്ത്രം കൂടിയാണിത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സംസ്‌കൃതത്തിന് നിലവില്‍ മാന്യമായ ഇടമുണ്ട്. പക്ഷെ, ആ ഭാഷ എല്ലാവരും പഠിച്ചിരിക്കണമെന്ന് വാശിപിടിക്കുന്നതാണ് അപകടം. നയം നടപ്പാകുന്നതോടെ അറബി, ഉര്‍ദു ഭാഷകളുടെ ഭാവി കണ്ടറിയേണ്ടിവരും. 34 വര്‍ഷം പഴക്കമുള്ള 1986ലെ വിദ്യാഭ്യാസ നയം ഉടച്ചുവാര്‍ത്ത് ആധുനികവത്കരണം കൊണ്ടുവരുമ്പോള്‍ എന്തിനാണ് സംസ്‌കൃതത്തെ ഇത്രയേറെ ഉയര്‍ത്തിക്കാട്ടുന്നതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.

കാലോചിത പരിഷ്‌കരണങ്ങള്‍ക്കു പകരം രാജ്യത്തെ വിദ്യാഭ്യാസപരമായി പിറകോട്ടടിപ്പിക്കുകയെന്ന സാമൂഹിക ദുരന്തത്തിലേക്കാണ് പുതിയ നയം രാജ്യത്തെ വലിച്ചിഴക്കുക. ഇന്ത്യയുടെ വിദ്യാഭ്യാസ, സാമൂഹിക സാഹചര്യങ്ങള്‍ നയം കണക്കിലെടുത്തിട്ടില്ല. സര്‍വകലാശാലകളുടെയും കോളജുകളുടെയും പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിന് അനായാസം തലയിടാന്‍ സൗകര്യമൊരുക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വിചക്ഷണര്‍ രംഗത്തെത്തിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ നടത്തിപ്പില്‍ എന്‍ഇപി 2020 വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിയമ, മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമ്പോള്‍ സര്‍ക്കാര്‍ ചിലതൊക്കെ മനസ്സില്‍ കണ്ടിട്ടുണ്ടാവും. നിശ്ചിത കാലശേഷം കോളജുകള്‍ സ്വയഭരണ സ്ഥാപനമായോ സര്‍വകലാശാലയുടെ അനുബന്ധ കോളജായോ മാറ്റുമെന്നാണ് എന്‍ഇപി 2020യുടെ പ്രഖ്യാപനം. കല്‍പിത സര്‍വകലാശാലകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും തീരുമാനങ്ങളെടുക്കാനുള്ള അധികാരം മാനേജിമെന്റിനാണെന്നിരിക്കെ സംഘപരിവാറിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ. രാജ്യത്തെ കാമ്പസുകളിലൊന്നും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വേരോട്ടമില്ല. അത്തരമൊരു സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ അടിച്ചൊതുക്കനാണ് പുതിയ നയവുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്.

ഗവേഷണം പൂര്‍ണമായും ദേശീയ താല്‍പര്യത്തില്‍ അധിഷ്ഠിതമായിരിക്കമെന്നാണ് എന്‍ഇപിയുടെ നിര്‍ദ്ദേശം. ബി.ജെ.പി ഭരണത്തില്‍ ദേശീയ താല്‍പര്യങ്ങളെന്നത് സംഘപരിവാറിന്റെ ഇഷ്ടങ്ങളാകുമ്പോള്‍ ഗവേഷണ മേഖല മുരടിച്ചുപോകും. ഉന്നത ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പുരോഗമന ആശയക്കാരും മതേതര ചിന്താഗതിക്കാരുമാണെന്നത് ബി.ജെ.പിയെ ഏറെക്കാലമായി അലോസരപ്പെടുത്തുന്നുണ്ട്. നയം നടപ്പാകുന്നതോടെ ഗവേഷണങ്ങളുടെ ഗുണനിലാവരം തകരും. ദളിതുകളെപ്പോലെ പാര്‍ശ്വവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടാനും വിദ്യാഭ്യാസ രംഗത്തെ സവര്‍ണാധിപത്യം വഴിവെക്കും. ആശയങ്ങളുടെയും അറിവിന്റെയും പ്രായോഗിക മികവ് പരിശോധിക്കുമ്പോള്‍ റിപ്പോര്‍ട്ട് കാര്‍ഡില്‍ സഹവിദ്യാര്‍ത്ഥികളുടെ വിലയിരുത്തല്‍ കൂടി ഉള്‍പ്പെടുത്തുന്നത് ആരെ ലക്ഷ്യമിട്ടാണ്?

നവ ഉദാരവത്കരണ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയെ കമ്പോളവത്കരിക്കാനും എന്‍ഇപി 2020 ലക്ഷ്യമിടുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പൊതു ചട്ടം നടപ്പാക്കുന്നത് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വളമാകും. ഓണ്‍ലൈന്‍ പഠനത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. നോട്ടുകള്‍ പിന്‍വലിച്ചത് ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാനാണെന്ന് അവകാശപ്പെട്ടതുപോലൊരു തള്ള് മാത്രമാണിത്. കോവിഡ് ഭീതിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. ചുരുക്കം കുട്ടികള്‍ക്ക് മാത്രമേ അത് പ്രയോജനപ്പെടുന്നുള്ളൂ. എന്നിരിക്കെ ഓണ്‍ലൈന്‍ പഠനത്തില്‍ കയറിപ്പിടിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍ നോക്കുന്നത് തരംതാണ പണിയാണ്.

പ്രശംസിക്കാന്‍ ആളെക്കിട്ടുമെന്ന് പ്രതീക്ഷിച്ച് പദ്ധതികള്‍ വിൡച്ചുകൂവുന്നതിന് മുമ്പ് അവയുടെ പ്രായോഗികത കൂടി സര്‍ക്കാര്‍ മനസ്സിലാക്കണം. അഞ്ചാം ക്ലാസ് വരെ പഠനമാധ്യമം മാതൃഭാഷയിലാകണമെന്ന് പറയുമ്പോഴും രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയങ്ങളുണ്ടെന്ന വസ്തുത മറക്കരുത്. പഠനമാധ്യമമായി ഇംഗ്ലീഷിനെ തെരഞ്ഞെടുക്കുന്നവരെ എന്തിന് നിരുത്സാഹപ്പെടുത്തണം? മാതൃഭാഷയില്‍ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പോലും ഇംഗ്ലീഷിന് പ്രധാന്യം ഏറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. നൂറോളം വിദേശ സര്‍വകലാശാലകള്‍ക്ക് വിദ്യാഭ്യാസ മേഖല തുറന്നകൊടുക്കുന്നതോടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാറാണ് പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതെങ്കിലും സാമ്പത്തിക ഭാരം മുഴുവന്‍ സംസ്ഥാനങ്ങളുടെ ചുമലിലാണെന്നതും ശ്രദ്ധേയമാണ്. പ്രീപ്രൈമറി തലം കൂടി നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമ്പോള്‍ കെട്ടിടങ്ങളും അധ്യാപകരും ഉള്‍പ്പെടെ കനത്ത ബാധ്യത സംസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. ചുരുക്കത്തില്‍ ചതിക്കുഴികളും അപകടങ്ങളും നിറഞ്ഞതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം.

SHARE