ഭയമില്ലാത്ത ഇന്ത്യ എല്ലാവരുടേയും ഇന്ത്യ

ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം ഇന്ത്യയെ സംബന്ധിച്ച് പുതുതല്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ ഏഴ് പതിറ്റാണ്ടിലധികമായി ഇന്ത്യ ലോകത്തിന് മുമ്പാകെ സമര്‍പ്പിച്ച ജനാധിപത്യ, മതേതര മൂല്യങ്ങളുടെ സംക്ഷിപ്തതയാണത്. ഇന്ത്യന്‍ ജനത ഹൃദയത്തില്‍ കാത്തുസൂക്ഷിച്ച ധാര്‍മിക വിചാരവും സാമൂഹിക ജീവിതത്തില്‍ ജ്വലിപ്പിച്ച താരകവുമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിന്റെ കനല്‍പാതകളില്‍ തോളോട്‌തോള്‍ ചേര്‍ന്ന്, അണിനിരന്ന ഒരു ജനതയുടെ നിശ്വാസങ്ങളില്‍ നിന്നുയര്‍ന്നതാണ് സാഹോദര്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ആധുനിക ഇന്ത്യ. ധീരദേശാഭിമാനികള്‍ ജീവരക്തം കൊണ്ട് എഴുതിച്ചേര്‍ത്ത നാനാത്വത്തില്‍ ഏകത്വമെന്ന ദേശബോധത്തിന്റെ ജീവനാഡിയാണത്.
സ്വതന്ത്രാനന്തര ഇന്ത്യ ചേര്‍ത്തു നിര്‍ത്തിയ മൂല്യബോധങ്ങളില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ വേര്‍പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ ശക്തിപ്പെടുകയും ഒരു പരിധിവരെ വിജയം കാണുകയും ചെയ്തിരിക്കുന്നുവെന്നതാണ് സമകാലിക ഇന്ത്യനവസ്ഥ. ഭയത്തിന്റെയും വെറുപ്പിന്റേയും രാഷ്ട്രീയം പിന്‍വാതിലിലൂടെ കടന്നെത്തി കോലായയില്‍ കസേരയിട്ടിരിപ്പുറപ്പിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ, കണ്ടില്ലെന്ന് നടക്കാനാകില്ല. രാഷ്ട്രീയപരമായ ചെറുത്തുനില്‍പും പ്രതിരോധവും കൊണ്ടേ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിരിടാനാകൂ. പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ കെട്ടുപോയിട്ടില്ലെന്ന ആത്മവിശ്വാസം ഇന്ത്യന്‍ ജനതയുടെ മനസ്സിനെ ബോധ്യപ്പെടുത്തുന്നവിധം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഇപ്പോഴാവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയ ഇടപെടലിന് ശക്തിപകര്‍ന്നിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. മുസ്‌ലിംലീഗ് ദേശവ്യാപകമായി ആരംഭിക്കുന്ന കാമ്പയിന്റെ ശീര്‍ഷകമായി ഭയമില്ലാത്ത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന പ്രമേയം തെരഞ്ഞെടുത്തതിലൂടെ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയായിരിക്കുകയാണ് മുസ്‌ലിംലീഗ്. എന്നാല്‍ ജനാധിപത്യ പ്രസ്ഥാനങ്ങളെ യോജിച്ച പോരാട്ടത്തിന്റെ നടുത്തളത്തിലെത്തിക്കുകയെന്ന രാഷ്ട്രീയ ദൗത്യം അത്ര ലളിതമല്ല.
ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇന്ത്യയുടെ വിശാലമായ സാംസ്‌കാരിക ഭൂമികയില്‍ വിഭിന്നങ്ങളായ ദര്‍ശനങ്ങളും ചിന്തകളുമാണ് പങ്കുവെക്കുന്നത്. പ്രാദേശികമായ താല്‍പര്യങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം പുലര്‍ത്തുന്നതാണ് ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളില്‍ മിക്കവയും. ഇന്ത്യന്‍ ജനത പുലര്‍ത്തുന്ന വൈവിധ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമായി നിരാകരിക്കാനാകില്ല. എന്നാല്‍ ദേശബോധത്തെ സംബന്ധിച്ച പരികല്‍പനകള്‍ മാറ്റിയെഴുതി, മതവിശ്വാസങ്ങളുമായി ബന്ധിപ്പിച്ച് ഉരുവം കൊള്ളുന്ന നവദേശീയത ജനാധിപത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് സ്വീകാര്യവുമല്ല. ഏതെങ്കിലും മത വിശ്വാസത്തെ മാത്രമല്ല, വൈവിധ്യപൂര്‍ണമായ ദേശസംസ്‌കാരത്തെ ഏകശിലാത്മകമായി രൂപപ്പെടുത്തുകയെന്ന ഭീതിജനകമായ അജണ്ട രാഷ്ട്രീയപരമായും നിയമപരമായും നടപ്പിലാക്കികൊണ്ടിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ നില.
ഭീതിയുടെ രാഷ്ട്രീയം തെരുവുകളില്‍ ആര്‍ത്തട്ടഹസിക്കുമ്പോള്‍, നിയമത്തിന്റെ കാവലാളുകള്‍ മൂകസാക്ഷികളായി കൂട്ടുനില്‍ക്കുന്ന ദുരവസ്ഥ ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് അസ്വസ്ഥതയും ആശങ്കയും നിറക്കുന്നതാണ്. ദലിതുകളും പിന്നാക്ക ന്യൂനപക്ഷങ്ങളും ഇരകളാക്കപ്പെടുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളേക്കാള്‍ ഭീതിജനകമാണ് അവക്ക് ദേശവികാരത്തിന്റെ നിറവും രൂപവും നല്‍കാന്‍ അണിയറയിലും അരങ്ങത്തും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. നവദേശീയതക്കായുള്ള നിയമനിര്‍മാണങ്ങള്‍ അതിവേഗം നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുത്തലാഖ്, എന്‍. ഐ.എ, യു.എ.പി.എ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയവക്കായുള്ള നിയമനിര്‍മാണങ്ങള്‍ തിടുക്കപ്പെട്ടാണ് നടപ്പാക്കിയത്. സംഘ്പരിവാര്‍ ശക്തികളുടെ പ്രധാന മൂന്ന് ആവശ്യങ്ങളില്‍ ഒന്നായിരുന്നു കശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യകയെന്നത്. മറ്റ് രണ്ടെണ്ണം രാമജന്മഭൂമിയും ഏകസിവില്‍കോഡുമാണ്. ഏകസിവില്‍ കോഡിലേക്കുള്ള ചുവടുവെപ്പാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ധൃതഗതിയില്‍ വിജയിപ്പിച്ചെടുത്ത നിയമനിര്‍മാണങ്ങള്‍.
അനിതര സാധാരണമാണ് ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ. തെരഞ്ഞെടുപ്പു കാലത്ത്‌പോലും പരസ്പരം കലഹിച്ച് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തെ പരോക്ഷമായി സഹായിക്കുന്ന പ്രവണത വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. അനുഭവ പാഠങ്ങള്‍ പെരുകുമ്പോഴും തിരുത്താനൊന്നുമില്ലെന്ന പിടിവാശി ഉപേക്ഷിക്കാതെ ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്താനാകില്ല. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ബഹുസ്വര ഇന്ത്യ ഇല്ലാതെയാകും. അതിന്റെ മണിമുഴക്കം കേട്ടിട്ടും ഉണരാത്തവരോട് കാലം അവര്‍ക്കായി കരുതിവെച്ചിരിക്കുന്ന കറുത്ത ആകാശത്തെക്കുറിച്ച് ആരാണ് ബോധ്യപ്പെടുത്തുക.
ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍ തുടങ്ങി പിന്നാക്ക സമൂഹങ്ങളെയാകെ ഭയപ്പെടുത്തി, ഒറ്റപ്പെടുത്താനുള്ള നീക്കം ഏറ്റവും ശക്തമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ നിലവിളി ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് എത്രനാളാണ് അവഗണിക്കാന്‍ കഴിയുക. ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടത്തിന് മാത്രമേ ഭാഷയിലും ചിന്തയിലും സംസ്‌കാരത്തിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന നവദേശീയതുടെ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാനാകൂ. ഭയരഹിതമായ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കൂ. എല്ലാവരുടേതുമായ ഇന്ത്യ ഭയരഹിത ഇന്ത്യയാണ്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും സാഹോദര്യത്തിന്റേയും സുവര്‍ണ ഭൂതകാലത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ മടക്കികൊണ്ടുവരാനുള്ള ദൗത്യമാണ് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടത്. മുസ്‌ലിംലീഗ് തുടക്കം കുറിച്ചിരിക്കുന്നത് അതിനാണ്. നക്ഷത്രങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നഭസ്സിലേക്ക് ജനാധിപത്യ ഇന്ത്യ കുതിച്ചുയരണം.

SHARE