ദേവികമാരെ രക്ഷിക്കാന്‍ വേണ്ടത് ബഡായിയല്ല


‘ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കാത്ത കുട്ടികള്‍ക്കായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ടെലിവിഷനില്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായുള്ള അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ കെഎസ്എഫ്ഇ സ്‌പോണ്‍സര്‍ ചെയ്യും. ഇവിടങ്ങളില്‍ ടെലിവിഷനുകള്‍ വാങ്ങുന്നതിനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്എഫ്ഇ സബ്‌സിഡിയായി നല്‍കും.. കുടുംബശ്രീ വഴി ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിനുള്ള ഒരു സ്‌കീമിന് കെഎസ്എഫ്ഇ രൂപം നല്‍കുന്നുണ്ട്.’ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, മുഖ്യമന്ത്രി പിണറായിവിജയന്റെ ഈ പ്രഖ്യാപനവേളയില്‍ തന്നെയാണ് മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്ത് ദലിത് കുടുംബത്തിലെ പതിനാലുകാരി ടി.വി, മൊബൈല്‍സൗകര്യമില്ലാതെ ഓണ്‍ലൈന്‍ പഠന ക്ലാസില്‍ പങ്കെടുക്കാനാവാത്തതില്‍ മനംനൊന്ത് സ്വദേഹത്ത് മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കിയത്. മുഖ്യമന്ത്രിയുടെ കോവിഡ് കാല സായാഹ്നവാര്‍ത്താ സമ്മേളനങ്ങളെ ടി.വിയിലെ ഹാസ്യപരിപാടിയായ ‘ബഡായിബംഗ്ലാവു’ മായി സമീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തെ പരിഹാസത്തോടെ നേരിട്ട മുഖ്യമന്ത്രിയുടെ ജൂണ്‍ ഒന്നിലെ വാര്‍ത്താസമ്മേളനമായിരുന്നു അത്. മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെയും പൊള്ളവാഗ്ദാനങ്ങളൊന്നും നടപ്പാകാന്‍ പോകുന്നില്ലെന്നായിരിക്കാം ജനങ്ങളെ പോലെ ദേവിക എന്ന ഒന്‍പതാം ക്ലാസുകാരിയും ഒരു പക്ഷേ ചിന്തിച്ചിരിക്കുക. അല്ലെങ്കില്‍ മുഖ്യമന്ത്രി ജൂണ്‍ ഒന്നിന് ദിവസങ്ങള്‍ക്കുമുമ്പുതന്നെ മേല്‍സഹായപദ്ധതിയെക്കുറിച്ച് ആലോചിക്കാനും ആവിഷ്‌കരിക്കാനും പ്രഖ്യാപിക്കാനും നിര്‍ലോഭം സമയം കണ്ടെത്തുമായിരുന്നുവല്ലോ.
തനിക്കും ഓണ്‍ലൈന്‍ പഠന ക്ലാസില്‍ പങ്കെടുക്കാനാകാത്തതിലെ സങ്കടം സഹിക്കാന്‍ കഴിയാത്തതിനാലാണ് കൂട്ടുകാര്‍ ക്ലാസിനെക്കുറിച്ച് വിശദീകരിക്കുന്നതുകേട്ട ശേഷം ദേവിക തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് മണ്ണെണ്ണക്കുപ്പിയുമായി തിങ്കളാഴ്ച അവസാനമായി കയറിപ്പോയത്. വീട്ടില്‍ ടി.വി ഉണ്ടായിട്ടും കേടായതിനാലാണ് ദേവികക്ക് സര്‍ക്കാരിന്റെ ഡിജിറ്റല്‍സംവിധാനത്തിലെ ക്ലാസില്‍ പങ്കെടുക്കാനാകാതെ വന്നത്. മൊബൈലില്‍ ഇന്റര്‍നെറ്റ് ഇല്ലാതിരുന്നതും കാരണമായി. കോവിഡ്-19ന്റെ ലോക്ക്ഡൗണ്‍ കാരണം ജോലിക്കുപോകാന്‍ കഴിയാതെ വരുമാനമില്ലാതായതിനാലാണ് പിതാവ് ബാലകൃഷ്ണന് ടി.വി നന്നാക്കാന്‍കഴിയാതെ വന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. പഠിക്കാന്‍ സൗകര്യമില്ലാത്ത കാര്യം വീട്ടുകാരോടും തലേന്ന് സ്‌കൂളില്‍ചെന്നും ദേവിക പരാതിപ്പെട്ടതാണ്. എന്നിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാനോ പരിഹാരം കണ്ടെത്താനോ കഴിയാതിരുന്നത് വിദ്യാഭ്യാസവകുപ്പിന്റെയും പരോക്ഷമായി മുഖ്യമന്ത്രിയുടെയും വീഴ്ചയായേ കാണാനാകൂ.
‘സമഗ്രശിക്ഷാ കേരള’ കേരളത്തിലെ 45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളിലെ 2,61,784 കുടുംബങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത് മെയ് പകുതിയോടെയാണ്. എന്നിട്ടും രണ്ടാഴ്ചയായിട്ടും ഇതിന് പരിഹാരം കാണാതെ കൊട്ടിഘോഷിച്ച് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ വിദ്യാഭ്യാസവകുപ്പുകളും സര്‍ക്കാരും ദേവികയോടും സംസ്ഥാനത്തെ ഹതഭാഗ്യരായ ഇതരവിദ്യാര്‍ത്ഥികളോടും ജനങ്ങളോടും മറുപടി പറഞ്ഞേതീരൂ. ഇത്രയും കുട്ടികള്‍ക്ക് പഠനസൗകര്യമില്ലെങ്കില്‍ അതൊരുക്കിക്കൊടുക്കാന്‍ തദ്ദേശസ്ഥാപനങ്ങളടക്കം തയ്യാറായിരുന്നു. കോവിഡ്കാലത്ത് ആളുകളെ ക്വാറന്റീനിലേക്കയക്കാനും അവര്‍ക്ക് സൗജന്യമായി ഭക്ഷണംനല്‍കാനും കഠിനാധ്വാനംചെയ്ത പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരും നന്മനിറഞ്ഞനാട്ടുകാരുമുള്ള നാടാണ് കേരളമെങ്കില്‍ വെറുംരണ്ടരലക്ഷത്തോളം കുട്ടികള്‍ക്ക് ടി.വിയോ മൊബൈല്‍ സൗകര്യമോ ഏര്‍പെടുത്തിക്കൊടുക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമായിരുന്നു. എം.എല്‍.എമാരെ അതിന് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. അങ്ങനെയെങ്കില്‍ ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങി സഹപാഠികളെല്ലാം ആഹ്ലാദിച്ചിരിക്കുമ്പോള്‍ സങ്കടപ്പെട്ടിരിക്കാന്‍മാത്രം ലക്ഷക്കണക്കിന് ദേവികമാരുടെ കുടുംബങ്ങള്‍ക്ക് കഴിയേണ്ടിവരില്ലായിരുന്നു. കെ.എസ്.എഫ്.ഇയെ സഹായത്തിന് ഏല്‍പിക്കാന്‍ മുഖ്യമന്ത്രികാണിച്ച ആര്‍ജവം എന്തുകൊണ്ട് മുന്‍കൂട്ടി ഉണ്ടായില്ല? മലപ്പുറത്തെ അമ്പതിനായിരത്തോളം കുട്ടികള്‍ക്ക് പഠനത്തിന് സൗകര്യം ഇല്ലാതിരുന്നിട്ടും ദേവികയടക്കമുള്ളവരെ പട്ടികയിലുള്‍പെടുത്തിയിട്ടും അവരെ ഫോണില്‍ വിളിച്ചെങ്കിലും ആശ്വസിപ്പിക്കാനും കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കാനും കഴിയാത്തതെന്തുകൊണ്ടായിരുന്നു? ടി.വിയിലും മറ്റും മുഖ്യമന്ത്രിയും വിദ്യാഭ്യാസവകുപ്പുമന്ത്രിമാരും പറയുന്ന കാര്യങ്ങള്‍ കൂട്ടുകാരില്‍നിന്ന് കേട്ട് വിധിയെ പഴിച്ചിരിക്കാനേ ദേവികക്ക് കഴിഞ്ഞിരിക്കുകയുള്ളൂ. അന്നന്ന് എടുക്കുന്ന ക്ലാസുകള്‍ പിന്നീടും കേള്‍ക്കാമെന്ന് മന്ത്രി വിശദീകരിച്ചത് ദേവികയുടെ ശ്രദ്ധയിലേക്കെത്തിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ ആ കുരുന്നു ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ? എല്ലാംകഴിഞ്ഞ് പ്രതിഷേധമുയര്‍ന്നപ്പോള്‍ സമരക്കാരെ പൊലീസിനെക്കൊണ്ട് തല്ലിച്ചതക്കുന്നരീതി ഒരു ജനാധിപത്യഭരണകൂടത്തിന് ഭൂഷണമായില്ല. എം.എസ്.എഫ് പ്രവര്‍ത്തകരെ നടുറോട്ടിലിട്ട് പൊതിരെ തല്ലുന്ന പൊലീസിന്റെ ദൃശ്യങ്ങള്‍ പിണറായി സര്‍ക്കാരിന്റെ വികൃതവിദ്യാഭ്യാസനയത്തെയാണ്് തുറന്നുകാട്ടിയത്. തങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്യും. ആരുണ്ട് ചോദിക്കാനെന്ന ധാര്‍ഷ്ട്യമാണ് പൊലീസിനെക്കൊണ്ട് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് ആസ്പത്രിയിലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കേരളത്തിലെ ജനസംഖ്യയുടെ 11 ശതമാനമാണ് പട്ടികജാതി-വര്‍ഗ ജനസംഖ്യ. ഇവരില്‍ 80 ശതമാനത്തിലധികവും കഴിയുന്നത് രണ്ടുംമൂന്നും സെന്റ് കോളനികളിലാണ്. പലയിടത്തും വൈദ്യുതിപോലുമില്ല. പാലക്കാട്ടെയും വയനാട്ടിലെയും ഇടുക്കിയിലെയും മറ്റും മഹാഭൂരിപക്ഷം ദലിത്‌വിദ്യാര്‍ത്ഥികളും ഈ ഓണ്‍ലൈന്‍കാലത്ത് പഠനത്തില്‍നിന്ന് പുറത്താണ്. ആദിവാസികളും ദലിത്കുടുംബങ്ങളും അടക്കം കേരളത്തില്‍ ലക്ഷങ്ങളാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കഴിയുന്നത്. പുറംമോടിക്ക് സി.പി.എമ്മുകാരും ഇടതുപക്ഷമെന്ന് അഭിമാനിക്കുന്നവരും കാട്ടിക്കൂട്ടുന്ന മേനിനടിപ്പുകള്‍ കേരളത്തിലെ ദലിതുകളിലും മറ്റും എത്തുന്നില്ലെന്നതാണ് സത്യം. അതിന്റെ ഏറ്റവുംവലിയ ദൃഷ്ടാന്തമാണ് ചുമര്‍തേക്കാത്ത കുടിലില്‍കഴിയുന്ന ദേവികയുടെ കുടുംബത്തിന്റേത്. വെറുതെയല്ല ഇന്നലെ ഹൈക്കോടതിപോലും ദേവികയുടെ മരണത്തില്‍ നടുക്കംപ്രകടിപ്പിച്ചത്. ഇനി രണ്ടുമാസത്തിനുശേഷമാകും സാധാരണ ക്ലാസുകള്‍ തുടങ്ങുന്നതെന്നുപറയുന്ന മുഖ്യമന്ത്രിക്ക് അതുവരെ എങ്ങനെയാണ് രണ്ടരലക്ഷം കുട്ടികളുടെ പഠനം സാധ്യമാക്കാനാകുക എന്നത് ചോദ്യചിഹ്നമാണ്. ഓരോ വാര്‍ഡുകളിലും ഒട്ടനവധി നിര്‍ധനകുട്ടികളുണ്ടായിരിക്കെ അവര്‍ക്കെല്ലാമായി പഠനകേന്ദ്രം എന്നത് എത്രകണ്ട് അപ്രായോഗികമാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കമ്പ്യൂട്ടറിനെയും ഡിജിറ്റല്‍ വിദ്യാഭ്യാസത്തെയും എന്തിനേറെ ‘വിക്ടേഴ്‌സ്’ ചാനലിനെപോലും ആദ്യകാലത്ത് തള്ളിപ്പറഞ്ഞവരാണ് ഇപ്പോള്‍ അവയുടെയെല്ലാം വക്താക്കളാകുന്നതും നിര്‍ധനരെ മരണക്കയങ്ങളിലേക്ക് തള്ളിവിടുന്നതുമെന്നത് വിചിത്രമായിരിക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ-ഡിജിറ്റല്‍ വിപ്ലവത്തിന് വിത്തുപാകിയ മുസ്്‌ലിംലീഗിന്റേതടക്കമുള്ള മന്ത്രിമാരെ വര്‍ഗീയതയുടെ കെട്ടകണ്ണിലൂടെ അപഹസിച്ചവരും ’90കളില്‍ പുതിയ തലമുറയുടെ വിദ്യാഭ്യാസാവകാശത്തെ ചോരയില്‍മുക്കി കൊലക്കുകൊടുത്തവരും വിദ്യാഭ്യാസം വരേണ്യരുടെ മാത്രമാകരുതെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞതില്‍ അത്രയെങ്കിലും ആശ്വസിക്കാം.

SHARE