ജോര്‍ജ്ഫ്‌ളോയ്ഡ് തരുന്ന പാഠം


അമേരിക്കന്‍ സംസ്ഥാനമായ മിനിസോട്ടയിലെ മിനിയപൊളീസ്‌നഗരത്തില്‍ മെയ്25നുണ്ടായ അത്യന്തം മനുഷ്യത്വഹീനമായ കൊലപാതകം ലോകവന്‍ശക്തിരാഷ്ട്രത്തെ അറുതിയില്ലാത്ത അക്രമപരമ്പരയിലേക്ക് തള്ളിവിട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ആറുരാത്രികളിലായി രാജ്യത്തെ നിരവധിനഗരങ്ങള്‍ അക്രമികളുടെ പിടിയിലായിക്കഴിഞ്ഞു. ജോര്‍ജ്ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനായ പൗരനെ വെള്ളക്കാരനായ പൊലീസുദ്യോഗസ്ഥന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധാഗ്നിയാണ് ഇന്ന് ആ രാജ്യത്തെ കടുത്ത പ്രതിന്ധിയിലാഴ്ത്തിയിരിക്കുന്നത്. കോവിഡ്-19 ഏറ്റവുംകൂടുതല്‍ മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്ത (1,06000) അമേരിക്കയില്‍ വ്യാപിക്കുന്ന പ്രക്ഷോഭം എല്ലാനിലക്കും ആശങ്കയുയര്‍ത്തുന്നതാണ്. അഭിമാനംസംരക്ഷിക്കാതെ ജീവിച്ചിരുന്നിട്ടെന്തുകാര്യമെന്നാണ് ‘ബ്ലാക്‌ലിവ്‌സ് മാറ്റര്‍’ ( കറുത്തവരുടെ ജീവനും പ്രസക്തിയുണ്ട്) എന്ന പ്രസ്ഥാനക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം ! മുഖമറപോലും വേണ്ടെന്നുവെച്ചാണ് പതിനായിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിഷേധയല അമേരിക്കയില്‍നിന്നും ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. കഴിഞ്ഞദിവസം ഇസ്രാഈല്‍പട്ടാളം കൊലപ്പെടുത്തിയ ഓട്ടിസബാധിതനായ യുവാവും ജോര്‍ജിനെ തന്നെയാണ് ഓര്‍മിപ്പിക്കുന്നത്. ഇത് ലോകത്തെയും വിശേഷിച്ച് മോദികാലഇന്ത്യയെയും പലതും പഠിപ്പിക്കുന്നുണ്ട്. 33കോടി ജനസംഖ്യയുള്ള അമേരിക്കയില്‍ ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്ക് ഏകദേശം തുല്യമായ 13ശതമാനമാണ് കറുത്തവര്‍ഗക്കാരുടെ സംഖ്യ.
ഒരു മോഷണവുമായി ബന്ധപ്പെട്ട് റോഡില്‍ നടത്തിയ പരിശോധനക്കിടെയാണ് ഡെറെക് ഷോവിന്‍ എന്ന പൊലീസുദ്യോഗസ്ഥന്‍ ജോര്‍ജിനുനേരെ മനുഷ്യമനസ്സിലെ മരവിപ്പിക്കുന്ന ക്രൂരത കാട്ടിയത്. ബലപ്രയോഗത്തിലൂടെ പിടികൂടി വിലങ്ങണിയിച്ച ജോര്‍ജിനെ കൈവിലങ്ങണിയിക്കാനായി ശ്രമിക്കുമ്പോള്‍ ജോര്‍ജ് കുതറിയതിനെതുടര്‍ന്ന് അയാളുടെകഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തിപ്പിടിച്ചതാണ് ദാരുണമായ മരണത്തിലേക്കെത്തിച്ചത്.’എന്നെ വിടൂ, എനിക്ക് ശ്വാസം കിട്ടുന്നില്ല’ എന്ന ആ 46കാരന്റെ മരണരോദനം കേള്‍ക്കാന്‍ നൂറ്റാണ്ടുകള്‍പഴക്കമുള്ള വര്‍ണവെറിയുടെ കാക്കിധാരിക്ക് കഴിയാതിരുന്നതില്‍ അല്‍ഭുതമില്ല. ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയും ഇതിനകം ലോകത്തിനുമുമ്പാകെ തരംഗമായിക്കഴിഞ്ഞു. രാജ്യത്തിന്റെ ഏറ്റവുംവലിയ ഭരണാധികാരി ഡൊണാള്‍ഡ്ട്രംപിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ വികൃതമനസ്സിനുള്ളിലെ വംശീയവിദ്വേഷത്തെയാണ് തുറന്നുകാട്ടിയിരിക്കുന്നത്. ‘കവര്‍ച്ചയുണ്ടായെങ്കില്‍ വെടിവെപ്പുമുണ്ടാകും’ എന്ന ട്രംപിന്റെ പ്രതികരണമാണ് സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ‘പൊലീസ്‌സേനയില്‍ വ്യവസ്ഥാപിതമായ വംശീയതയില്ലെ’ ന്നാണ് ട്രംപിന്റെ ഉപദേശകന്‍ ഇന്നലെ ന്യായീകരിച്ചത് !
കഴിഞ്ഞരാത്രി അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിലേക്കുവരെ സമരാഗ്നി അലയടിച്ചെത്തുകയുണ്ടായി. വൈറ്റ്ഹൗസ് കോമ്പൗണ്ടിലെ ചാപ്പലിന് (ചെറുപള്ളി) തീയിട്ടു. പ്രസിഡന്റ് ട്രംപിന് വൈറ്റ്ഹൗസിലെ ബങ്കറിലേക്ക് (ഒളിയിടം) മാറേണ്ടിവന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നല്ലൊരു ശതമാനം വെള്ളക്കാരും ഇതില്‍പങ്കുകൊള്ളുന്നുണ്ട്. യുദ്ധസമാനമായ അന്തരീക്ഷത്തെയാണ് ആ രാജ്യവും ഭരണകൂടവും അഭിമുഖീകരിക്കുന്നത്. അമേരിക്കയില്‍ വെള്ളക്കാരുടെ കറുത്തവര്‍ഗക്കാര്‍ക്കെതിരായ വംശീയാധിക്ഷേപവും കൊലപാതകങ്ങളും പതിവുള്ളതാണെങ്കിലും ഭരണാധികാരി അതിനെ ന്യായീകരിച്ച് രംഗത്തുവന്നിട്ടുള്ളത് ഇതുപോലെ ഒന്നുമാത്രമാണ്. പ്രശ്‌നം കൈവിടുന്നുവെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഭരണകൂടം കൊലപാതകിയെ അറസ്റ്റുചെയ്തിട്ടുണ്ട്. കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ചുമത്തണമെന്നും ഇനിയൊരിക്കലും കറുത്തവര്‍ക്കെതിരെ അതിക്രമം ഉണ്ടാകരുതെന്നുമാണ് ‘ബ്ലാക്‌ലിവ്‌സ് മാറ്റര്‍’ പോരാളികള്‍ ആവശ്യപ്പെടുന്നത്.
അമേരിക്കയുടെ എഴുതപ്പെട്ട ചരിത്രം തന്നെ വെട്ടിപ്പിടുത്തത്തിന്റെയും വംശീയതയുമാണെന്ന് ഏവര്‍ക്കുമറിയാവുന്ന സത്യം മാത്രമാണ്. പ്രസിഡന്റായിരുന്ന എബ്രഹാംലിങ്കണാണ് കറുത്തവര്‍ഗക്കാരെ അടിമകളാക്കിവെക്കുന്നനിയമം ആ രാജ്യത്തെ ഭരണഘടനയില്‍നിന്ന് എടുത്തുകളഞ്ഞത്. ജനാധിപത്യത്തെക്കുറിച്ച ഏറ്റവും നല്ല നിര്‍വചനം ലോകത്തിന് സമ്മാനിച്ചതും ലിങ്കണായിരുന്നു. ട്രംപിനുമുമ്പ് അധികാരത്തിലിരുന്ന ബറാക്ഹുസൈന്‍ ഒബാമ ആഫ്രിക്കന്‍ വംശജനായ അമേരിക്കക്കാരനായിരുന്നു. പ്രസിഡന്റായിരുന്നില്ലെങ്കില്‍ തനിക്കും ഇതേഗതി വരുമായിരുന്നുവെന്നാണ് ഒബാമ പറയുന്നത്. എത്ര മര്യാദക്കാരനായിരുന്നാലും കറുത്ത തൊലിയുള്ളവന് സമൂഹത്തിലും അധികാരരംഗങ്ങളിലും അനുഭവിക്കേണ്ടിവരുന്നത് കൊടിയ വിവേചനമാണെന്ന് നിരവധിസംഭവങ്ങള്‍ ആ രാജ്യത്തുനിന്ന് ലോകത്തിനുമുമ്പില്‍ ഇട്ടുതന്നിട്ടുണ്ട്. പൊലീസുകാരുടെ മര്‍ദനത്തില്‍ പ്രതിവര്‍ഷം ആയിരത്തിലൊരാള്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2014ല്‍ പതിനെട്ടുകാരനായ മൈക്കിള്‍ ബ്രൗണ്‍ കൊല്ലപ്പെട്ടതും പൊലീസുകാരായ വെള്ളക്കാരാലായിരുന്നു.
ഇതിനൊക്കെ കാരണമെന്തെന്ന് ശരാശരി ഇന്ത്യക്കാരന് ആലോചിച്ച് തലപുണ്ണാക്കേണ്ട ഒരു കാര്യവുമില്ല. കറുത്ത നിറമുള്ളവനും തവിട്ടുനിറമുള്ളവനും തമ്മിലാണ് വികസിതമെന്നഭിമാനിക്കുന്ന പാശ്ചാത്യ-യൂറോപ്യന്‍ നാടുകളിലെ പോരാട്ടമെങ്കില്‍ ഇവിടെ നൂറുകണക്കിന് ജാതികളും ഉപജാതികളും മതവിശ്വാസികളും തമ്മിലാണ് ജീവന്മരണപോരാട്ടം. ഉന്നതകുലജാതരെന്ന് മേനിനടിക്കുന്ന ചിലരിന്നും ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന കീഴാളരെയും പിന്നാക്കക്കാരെയും മതന്യൂനപക്ഷങ്ങളെയും അധികാരത്തിന്റെയും സമ്പത്തിന്റെയും കാല്‍മുട്ടുകള്‍കൊണ്ട് ഞെക്കിക്കൊന്നുകൊണ്ടിരിക്കുന്നു. കോവിഡ്കാല ലോക്ക്ഡൗണിന്റെ പേരില്‍ രാജ്യത്ത് മരണപ്പെട്ടവരിലധികവും പിന്നാക്കകീഴാളരാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്നതടക്കമുള്ള നൂറുകണക്കിന് വംശീയാക്രമണങ്ങളിലൂടെയും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലൂടെയും കൊല്ലപ്പെട്ടതും മുസ്‌ലിംകളായിരുന്നു. താടിവെച്ചതുകൊണ്ട് മുസ്്‌ലിമാണെന്ന ്കരുതിയാണ് മര്‍ദിച്ചതെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് ഇന്ത്യയിലെ പൊലീസുദ്യോഗസ്ഥരാണ്. മിനിയപ്പൊളീസിലെയും, കലാപകാരികള്‍ക്കൊപ്പം അഴിഞ്ഞാടിയ ഗുജറാത്തിലെയും ഡല്‍ഹിയിലെയും പൊലീസുകാരും തമ്മില്‍ വംശീയവെറിയുടെകാര്യത്തില്‍ വലിയ അന്തരമൊന്നുമില്ലെന്നര്‍ത്ഥം.

SHARE